Sara’s Malayalam Movie Review & Rating: ഇന്ത്യയിൽ ഒരു ദിവസം ശരാശരി 73,787 കുട്ടികൾ ജനിക്കുന്നു എന്നാണ് അടുത്തിടെയുള്ള കണക്കുകളിൽ ഒന്നിൽ സൂചിപ്പിക്കുന്നത്. രാജ്യത്തെ ജനസംഖ്യ പെരുപ്പത്തിന്റെ കണക്കുകൾ അവിടെ നിൽക്കട്ടെ, ഇതിൽ എത്ര സ്ത്രീകൾ മാനസികമായും ശാരീരികമായും ഒരു കുട്ടിയ്കായി പൂർണ്ണമായും സജ്ജമായ മനസ്സോടെ ഗർഭധാരണവും ഗർഭകാലവുമൊക്കെ സ്വീകരിച്ചിട്ടുണ്ടാവും, ആസ്വദിച്ചിട്ടുണ്ടാവും? നല്ലൊരു പങ്കും ‘ആക്സിഡന്റൽ പ്രഗ്നൻസി’കളോ (അപ്രതീക്ഷിതമായി സംഭവിക്കുന്ന) സമൂഹത്തിന്റെയോ കുടുംബാംഗങ്ങളുടെയോ ചിലപ്പോൾ പങ്കാളിയുടെ തന്നെയോ സമ്മർദ്ദത്തിന്റെ ഫലമോ ആവാം. ഇപ്പോഴും സമൂഹം വേണ്ട ഗൗരവത്തോടെ ചർച്ച ചെയ്തിട്ടില്ലാത്ത ഒരു വിഷയത്തെ കുറിച്ചാണ് ജൂഡ് ആന്റണിയുടെ ‘സാറാസ്’ സംസാരിക്കുന്നത്.
‘ഓം ശാന്തി ഓശാന,’ ‘ഒരു മുത്തശ്ശി ഗദ’ എന്നിങ്ങനെ രണ്ടേ രണ്ടു ചിത്രങ്ങൾ മാത്രമാണ് മലയാളികൾക്ക് സമ്മാനിച്ചതെങ്കിലും പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്ന പേരുകളിൽ ഒന്നാണ് ജൂഡ് ആന്റണി. ആ പ്രതീക്ഷയ്ക്കൊത്ത നിലവാരം ഈ ചിത്രത്തിലും കാത്തു സൂക്ഷിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ജൂഡിന്റെ മുൻചിത്രങ്ങളെ പോലെ തന്നെ, ഒരു സ്ത്രീപക്ഷ സിനിമയാണ് ‘സാറാസും.’
Sara’s Malayalam Movie Review & Rating
സമൂഹം അടിച്ചേൽപ്പിക്കുന്ന ‘സ്റ്റീരിയോടൈപ്പ്’ വേഷങ്ങളിൽ പെട്ട് അസ്വസ്ഥരാവുന്ന എത്രയോ പെൺകുട്ടികളുടെ പ്രതീകമാണ് അന്ന ബെന്നിന്റെ സാറ. പ്രമേയം തന്നെയാണ് ചിത്രത്തിന് കരുത്തേകുന്നത്, ഒപ്പം കഥാപാത്രത്തിന്റെ ആത്മാവ് ഉൾകൊണ്ടുള്ള അന്നയുടെ പ്രകടനം കൂടിയാവുമ്പോൾ ചിത്രം പ്രേക്ഷകരുമായി ആഴത്തിൽ സംവദിക്കുന്നു. ‘ഹെലന്’ ശേഷം അന്ന വീണ്ടും ഒരു ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.
പുതിയ കാലത്തെ ഒരു ശരാശരി മലയാളി പുരുഷന്റെ പ്രതീകമാണ് നായകനായി എത്തുന്ന സണ്ണി വെയ്ൻ. പുരോഗമ ആശയങ്ങൾ ഉയർത്തി പിടിക്കുമ്പോഴും ചുറ്റുമുള്ള സമൂഹം പലപ്പോഴും അയാളെ സ്വാധീനിക്കുന്നുണ്ട്. അന്ന, സണ്ണി വെയ്ൻ കോമ്പിനേഷനും ചിത്രത്തിന് ആകമാനം ഒരു പുതുമ സമ്മാനിക്കുന്നുണ്ട്.
മല്ലിക സുകുമാരന്‍, സിദ്ദിഖ്, പ്രദീപ് കോട്ടയം, അജു വർഗീസ്, സിജു വിത്സൺ, സ്രിന്റ, വിജയകുമാർ, വിനീത് ശ്രീനിവാസൻ തുടങ്ങിയ താരങ്ങൾക്കൊപ്പം താരതമ്യേന പുതുമുഖങ്ങളായ ടി വി അവതാരക ധന്യ വര്‍മ്മ, ‘കളക്ടര്‍ ബ്രോ’ പ്രശാന്ത് നായര്‍, സംവിധായകരായ ജിബു ജേക്കബ്, അന്ന ബെന്നിന്റെ പിതാവ് കൂടിയായ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, വൈറൽ താരം വൃദ്ധി വിശാൽ എന്നിവരും എത്തുന്നുണ്ട്. സ്ക്രീനിലും അച്ഛൻ, മകൾ കോമ്പിനേഷനിലെത്തി പ്രേക്ഷകരുടെ ഇഷ്ടം കവരുന്നുണ്ട് അന്നയും ബെന്നി പി നായരമ്പലവും. സാറയുടെ അപ്പനെ പോലൊരു അപ്പനെ പെൺകുട്ടികൾ കൊതിക്കും.
ലോക്ക്ഡൗൺ ടൈമിൽ കഥ തേടി താൻ ഫേസ്ബുക്കിൽ ഇട്ട ഒരു പോസ്റ്റിൽ നിന്നുമാണ് ഈ സിനിമയുടെ കഥാതന്തു ലഭിച്ചതെന്ന് ജൂഡ് ചിത്രത്തിന്റെ തുടക്കത്തിൽ പറയുന്നുണ്ട്. പൂർണമായും കോവിഡിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ചിത്രീകരിച്ച ചിത്രമാണിത്. എന്നാൽ നിയന്ത്രണങ്ങൾക്കിടയിലും പരിമിതമായ സാഹചര്യങ്ങളിൽ, വളരെ കുറച്ച് കഥാപാത്രങ്ങളിലൂടെ, പ്രമേയത്തിന്റെ അന്തസത്ത ചോർന്നു പോവാതെ ആവിഷ്കരിക്കാൻ അണിയറപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്.

നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത്. കാഴ്ചയെ സമ്പന്നമാക്കുന്നതാണ് നിമിഷിന്റെ ഓരോ ഫ്രെയിമുകളും. അക്ഷയ് ഹരീഷിന്റേതാണ് കഥ. ‘ക്ലാസ്സ്മേറ്റ്സ്’ അടക്കം മലയാളത്തിലെ അനേകം ഹിറ്റുകള്‍ സമ്മാനിച്ച ശാന്ത മുരളിയും പി.കെ. മുരളീധരനുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ‘ലൂസിഫര്‍,’ ‘മാമാങ്കം’ മുതലായ സിനിമകളിലൂടെ ശ്രദ്ധേയനായ മോഹന്‍ദാസ് പ്രൊഡക്ഷന്‍ ഡിസൈനും റിയാസ് ഖാദർ എഡിറ്റിംഗും വസ്ത്രാലങ്കാരം സമീറ സനീഷും നിർവ്വഹിച്ചിരിക്കുന്നു.
വലിയ ഗിമ്മിക്കുകളോ സ്റ്റണ്ട് സീനുകളോ ഒന്നുമില്ലാതെ വളരെ സ്വാഭാവികമായി പതിഞ്ഞ താളത്തിൽ പുരോഗമിക്കുന്ന, അണിയറപ്രവർത്തകർ തന്നെ അവകാശപ്പെടുന്നതുപോലെ ഒരു ചെറിയ ചിത്രമാണ് ‘സാറാസ്.’ ചിത്രം മുന്നോട്ടു വയ്ക്കുന്ന വിഷയം വളരെ ശക്തമാണ്. തുല്യതയെ കുറിച്ചും സ്ത്രീപക്ഷവിഷയങ്ങളെ കുറിച്ചുമെല്ലാം പഴയതിലും ശക്തമായി സംസാരിച്ചു കൊണ്ടിരിക്കുന്ന മലയാളസിനിമയിലേക്ക് കാലഘട്ടത്തിന്റെ അനിവാര്യതയായൊരു ചർച്ചാവിഷയം കൂടി ഇട്ടുകൊടുക്കുകയാണ് സംവിധായകൻ ഈ ചിത്രത്തിലൂടെ. ഇതുവ രെ നമ്മുടെ പെൺകുട്ടികൾ തുറന്നു സംസാരിച്ചു തുടങ്ങാൻ ധൈര്യപ്പെട്ടിട്ടില്ലാത്ത, സമൂഹം വേണ്ടത്ര ചർച്ച ചെയ്തിട്ടില്ലാത്ത ഈ വിഷയത്തിൽ കൂടുതൽ ചർച്ചകളും സംവാദങ്ങളുമുണ്ടാവാൻ ‘സാറാസ്’ ഒരു നിമിത്തമാവുമെന്ന് പ്രതീക്ഷിക്കാം.
Read Here: Cold Case Review & Rating: നിഗൂഢതകളുടെ യുക്തിയും യുക്തിരാഹിത്യവും; ‘കോൾഡ് കേസ്’ റിവ്യൂ