Yashoda Movie Review & Rating: സാമന്ത റുത് പ്രഭു ഒരു ബ്രാൻഡായി വളർന്നിട്ട് വർഷങ്ങളായി. താരമായി വലിയ ബ്ലോക്ക് ബസ്റ്ററുകളുടെ ഭാഗമായപ്പോഴും ഒരു നടിയെന്ന നിലയിൽ അവർക്ക് ഒരു ദശാബ്ദമായിട്ടും കാര്യമായൊന്നും തെളിയിക്കാനായില്ല എന്നൊരു ആരോപണമുയർന്നു കേൾക്കാറുണ്ട്. നാഗചൈതന്യ അക്കിനേനിയുമായുള്ള വിവാഹം, തുടർന്നുള്ള വേർപിരിയൽ, കൂടാതെ ആരോഗ്യപരമായുള്ള മറ്റു പ്രശ്നങ്ങൾ എന്നിങ്ങനെ സ്വകാര്യ ജീവിതത്തിലേയും ഒരു ‘ലോ’യിലൂടെയാണ് അവർ കടന്നു പോകുന്നത്.
കരിയറിലെയും ജീവിതത്തിലെയും നിർണായകമായ ഈ സമയത്ത് ‘യശോദ’യിലൂടെയും ‘ശാകുന്തള’ത്തിലൂടെയുമൊക്കെ അതിനെ മറികടക്കാനുള്ള ശ്രമത്തിലാണവർ. യാശോദ പോലെ അടിമുടി ആക്ഷൻ ത്രില്ലറായ സിനിമയിലെ ടൈറ്റിൽ കഥാപാത്രം അവർ ഇത് വരെ ചെയ്യാത്ത തരം കഥാപാത്രമാണ്. ബഹുഭാഷാ സിനിമയായത് കൊണ്ട് തന്നെ ഇന്ത്യ മുഴുവൻ സാമന്ത എന്ന ബ്രാന്റിനുള്ള ആരാധകരെ മുഴുവൻ തീയറ്ററിലെത്തിക്കാൻ ‘യാശോദ’ ശ്രമിക്കുന്നുണ്ട്. തന്റെ കരിയറിനെ മറ്റൊരു താളത്തിലെത്തിക്കാനുള്ള സാമാന്തയുടെ ശ്രമം വളരെ പ്രകടമായി തന്നെ സിനിമയിൽ തെളിഞ്ഞു കാണാം. കുറച്ച് അതിശയോക്തികളും അതിഭവുകത്വങ്ങളും സിനിമയെ എവിടെയൊക്കെയോ ബാധിക്കുന്നുണ്ടെങ്കിലും തുടക്കം മുതൽ ഒടുക്കം വരെ സാമന്ത മാത്രം നയിക്കുന്ന സിനിമയാണ് ‘യശോദ.’ മൂല്യമുള്ള ഒരു താരത്തോടൊപ്പം ഒരു നടി കൂടിയായുള്ള അവരുടെ വളർച്ച ‘യശോദ’യിൽ കാണാം.
Yashoda Movie Review & Rating
പുരാണങ്ങളിലെ ശ്രീകൃഷ്ണന്റെ വളർത്തമ്മയാണ് യശോദ. ആ സങ്കല്പത്തിൽ നിന്നാണ് സാമന്തയുടെ കഥാപാത്രവും സിനിമയുടെ പ്രധാന കഥാ പരിസരവുമുരുത്തിരിഞ്ഞു വന്നിട്ടുള്ളത്. പല സാഹചര്യങ്ങളാൽ വാടക ഗർഭധാരണത്തിൽ എത്തിപ്പെട്ട സ്ത്രീകളെ ചികിത്സിക്കുന്ന ആശുപത്രിയാണ് സിനിമയുടെ ഭൂമിക. പണത്തിന്റെയും മറ്റു പല ആവശ്യങ്ങളുടെയും സാഹചര്യം മൂലം വാടക ഗർഭധാരണത്തിലെത്തിക്കുന്ന ഒരു കൂട്ടം സ്ത്രീകളുടെ ഇടയിലേക്ക് യശോദയെന്ന സ്ത്രീയെത്തുന്നതും തുടർന്നവിടെ നടക്കുന്ന ദുരൂഹവും നാടകീയവുമായ സംഭവ വികസങ്ങളിലൂടെയാണ് സിനിമ നീങ്ങുന്നത്. ഇന്ത്യൻ ത്രില്ലറുകളുടെ പൊതു സ്വഭാവമായ രണ്ട് വ്യത്യസ്ത കണ്ണികളെ കൂട്ടി യോജിപ്പിക്കുന്ന രീതി ഹരിയും ഹരീഷും സംവിധാനം ചെയ്യുന്ന’യശോദ’യിലും തുടരുന്നു.സാമന്തയെ പിന്തുണക്കാൻ വരലക്ഷ്മി, ഉണ്ണി മുകുന്ദൻ, മുരളി ശർമ തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്.

ഒരു ആക്ഷൻ ത്രില്ലറാണ് ചിത്രം. ആ ഴോണറിനോട് നീതി പുലർത്താൻ ‘യശോദ’ നന്നായി തന്നെ ശ്രമിച്ചിട്ടുണ്ട്. സാമന്തയുടെ ആക്ഷൻ രംഗങ്ങൾ നല്ല രീതിയിൽ സംവിധാനവും കൊറിയോഗ്രഫിയും ചെയ്തിട്ടുണ്ട്. അതെല്ലാം നന്നായി തന്നെ സാമന്ത പ്രേക്ഷകരിലേക്കെത്തിച്ചിട്ടുണ്ട്. ഹോളിവുഡ് രീതിയെ പിൻപറ്റാതെയും ഇന്ത്യൻ സിനിമകൾ പൊതുവെ ആശ്രയിക്കുന്ന അതിശയോക്തികളിൽ നിന്ന് മാറി നടന്നും ആക്ഷൻ രംഗങ്ങൾ സിനിമയിൽ കാണിക്കുന്നുണ്ട്. ഇന്ത്യൻ സിനിമയിൽ സ്ത്രീ ശരീരത്തെ ഇത്രയധികം യുക്തിഭദ്രമായ രീതിയിൽ ആക്ഷൻ രംഗങ്ങൾക്കായുപയോഗിക്കുന്നത് കാണാറില്ല. ആക്ഷൻ കൊറിയോഗ്രഫി ഇന്ത്യൻ പോപ്പുലർ സിനിമകളിൽ ഈ രീതിയിൽ വളർന്നു വരുന്നത് വ്യത്യസ്തമായ സിനിമകാഴ്ചകളിലേക്ക് വഴിയൊരുക്കിയേക്കാം.
ഒരു കാലത്ത് ഇന്ത്യയിൽ വലിയ വിവാദമായ, വലിയ നിലക്ക് ചർച്ചയായ ഒരു വാർത്തയെ ചുറ്റിപ്പറ്റിയാണ് ‘യശോദ’യുടെ കഥ മുന്നോട്ട് പോകുന്നത്. ഇപ്പോഴധികം ചർച്ചയായില്ലെങ്കിലും ഇന്ത്യൻ മധ്യവർത്തി ജീവിതത്തെ 90 കളുടെ ഒടുക്കം മുതൽ കുറച്ചധികം കാലം ആശങ്കയിലാക്കിയ സംഭവത്തെ സിനിമ സ്പർശിക്കുന്നുണ്ട്. യുക്തികളിൽ നിന്ന് വിട്ടു നിന്ന് കുറച്ചധികം ഭീതിതമായ രീതിയിലാണ് ‘യശോദ’ ചില കാഴ്ചകൾ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ബ്രൂട്ടൽ എന്നൊക്കെ വിളിക്കാവുന്ന തരത്തിലുള്ള ചില രംഗങ്ങൾ സിനിമയിലുണ്ട്. അത്തരം രംഗങ്ങൾ എല്ലാ പ്രേക്ഷകർക്കും ഒരുപോലെ കാണാനും ആസ്വദിക്കാനും പറ്റുമോ എന്നത് സംശയമാണ്. അത്തരം കാഴ്ച്ചകളെ അതിജീവിക്കാനായാൽ ‘അഡ്രിനാലിൻ റഷ്’ ഉയർത്തുന്ന രംഗങ്ങൾ സിനിമയിലുണ്ട്.
മാതൃത്വമാണ് സ്ത്രീയുടെ പൂർണത, മുഖത്തെയും ശരീരത്തെയുമല്ല മനസ്സിനുള്ളിലുള്ള എന്തോ ആണ് യഥാർത്ഥ സൗന്ദര്യം എന്നൊക്കെയുള്ള പൊതുബോധങ്ങളെ ചിലയിടങ്ങളിലെങ്കിലും മുറുകെ പിടിക്കുന്നുണ്ട് സിനിമ. സറോഗസി, വിവാഹേതര ഗർഭധാരണം തുടങ്ങിയ വിഷയങ്ങളെ കുറിച്ചും ഇങ്ങനെയുള്ള അവസ്ഥയിലൂടെ കടന്നു പോകുന്നവരുടെ പ്രണയത്തെ കുറിച്ച് പോലും വാചാലമാകുന്ന സിനിമ ചിലയിടങ്ങളിൽ ഇതിനു നേരെ വിപരീതമായ മൂല്യ ബോധത്തെ ആശ്രയിക്കുന്നു എന്നത് വിചിത്രമായി തോന്നാം. ഇത്തരം കാര്യങ്ങളിൽ സംവിധായകർക്കും തിരക്കഥാകൃത്തിനും പലപ്പോഴും ആശയ വൈരുധ്യവും ആശയ കുഴപ്പവുമൊക്കെ ഉള്ളതായി തോന്നി. നല്ല സ്ത്രീ /ചീത്ത സ്ത്രീ ദ്വന്ദങ്ങളെ അവതരിപ്പിക്കുന്ന രീതിയിൽ ഇതേ ആശയക്കുഴപ്പം തെളിഞ്ഞു കാണാം.
സാമന്ത എന്ന നടിയുടെയും താരത്തിന്റെയും ബ്രാന്റിന്റെയും വളർച്ച തെളിഞ്ഞു കാണാവുന്ന സിനിമയാണ് ‘യശോദ.’ വളരെ മൃദുവായി, ‘വൾനറബിൾ’ ആയി നിൽക്കുന്ന യശോദ ചിലയിടങ്ങളിൽ ധൈര്യമുണ്ടാവണമെങ്കിൽ ആണാകണമെന്ന നിർബന്ധമില്ലെന്ന് പറഞ്ഞു മാസ്സ് ഹീറോയിൻ ആവുന്നുണ്ട്. ആക്ഷൻ രംഗങ്ങൾ കൊണ്ടും അവർ സിനിമയെ ഒറ്റക്ക് ചുമലിലേറ്റുന്നുണ്ട്. സിനിമയുടെ എല്ലാ ആശയക്കുഴപ്പങ്ങളേയും അപൂർണതകളെയും മറികടക്കുന്ന സാമന്തയെ കാണാൻ ‘യശോദ’ക്ക് കയറാം.