scorecardresearch

Salute Movie Review & Rating: ദുൽഖർ സൽമാൻ തിളങ്ങുന്ന ഒരു ശരാശരിചിത്രം; 'സല്യൂട്ട്' റിവ്യൂ

Salute Malayalam Movie Review & Rating: ചിത്രം പറയുന്ന വിഷയം എക്കാലവും പ്രസക്തമായ ഒന്നാണ്

Salute Malayalam Movie Review & Rating: ചിത്രം പറയുന്ന വിഷയം എക്കാലവും പ്രസക്തമായ ഒന്നാണ്

author-image
Dhanya K Vilayil
New Update
Salute, Salute review, Salute movie review, Salute rating

Salute Malayalam Movie Review & Rating: പൊലീസുകാരുടെ ജീവിതവും കേസന്വേഷണവുമൊക്കെയായി ബന്ധപ്പെട്ട് മലയാളത്തിൽ ഒരുപിടി ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്, റോഷൻ ആൻഡ്രൂസ് തന്നെ സംവിധാനം ചെയ്ത 'മുംബൈ പൊലീസ്' ഉൾപ്പെടെ. ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കിയ പുതിയ ചിത്രവും ഒരു കേസന്വേഷണത്തെ ചുറ്റിപ്പറ്റിയാണ് മുന്നോട്ട് പോവുന്നത്.

Advertisment

ഒറ്റവാക്കിൽ വിശേഷിപ്പിച്ചാൽ അരവിന്ദ് കരുണാകരന്‍ (ദുൽഖർ സൽമാൻ) എന്ന പോലീസുകാരന്റെ സത്യാന്വേഷണമാണ് 'സല്യൂട്ട്'. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനും ജേഷ്ഠനുമായ അജിത് കരുണാകരൻ ആണ്, പൊലീസ് സേനയിൽ ചേരാൻ അരവിന്ദിന് പ്രചോദമാവുന്നത്. ചേട്ടനെ ഹീറോയായി കാണുന്നയാളാണ് അരവിന്ദ്. എന്നാൽ, ചേട്ടനും ടീമിനുമൊപ്പം ഒരു കൊലപാതക കേസിന്റെ അന്വേഷണത്തിൽ പങ്കാളിയാവേണ്ടി വന്നതോടെ തന്റെ ജോലിയിലെ ധാർമ്മികതയെ കുറിച്ച് അരവിന്ദിനു തന്നെ ആശയക്കുഴപ്പം തോന്നി തുടങ്ങുന്നു. സ്വന്തം മനസാക്ഷി കുറ്റപ്പെടുത്തി തുടങ്ങിയപ്പോൾ അഞ്ചുവർഷത്തേക്ക് ശബളമില്ലാത്ത അവധിയിൽ പ്രവേശിക്കുകയാണ് അരവിന്ദ്. തന്റെ ഭൂതകാലത്തിൽ നിന്നും ഒളിച്ചോടുന്ന അയാളിലേക്ക് നിയോഗം പോലെ ആ പഴയ കേസ് വീണ്ടുമെത്തുകയാണ്.

രണ്ടു വർഷങ്ങൾക്കു ശേഷം, ജീവിതം മാറ്റിമറിച്ച ആ പഴയ കേസിന്റെ ചുരുളഴിക്കാൻ എസ് ഐ അരവിന്ദ് കരുണാകരൻ മടങ്ങി വരുന്നിടത്തു നിന്നുമാണ് 'സല്യൂട്ടി'ന്റെ കഥ തുടങ്ങുന്നത്. പൊലീസുകാരുടെ ജീവിതവും കേസന്വേഷണവുമൊക്കെയാണ് 'സല്യൂട്ട്' പറയുന്നതെങ്കിലും പതിവു പൊലീസ് ചിത്രങ്ങളുടെ ചട്ടക്കൂടിലല്ല ചിത്രം ഒരുക്കിയിരിക്കുന്നത്.

'നുണകൾ- സത്യം- നീതി' എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. അതുതന്നെയാണ് ചിത്രത്തിന്റെ രത്നചുരുക്കവും. പരസ്പരവിരുദ്ധമായി നിൽക്കുന്ന നുണകൾക്കും സത്യത്തിനുമിടയിൽ നിന്ന് നിയമത്തിന്റെയും സിസ്റ്റത്തിന്റെയും നൂലാമാലകളിൽ പെട്ടുപോയ ഒരു നിരപരാധിയ്ക്ക് നീതി ഉറപ്പാക്കാനായി അരവിന്ദ് പോരാടുകയാണ്.

Advertisment

അരവിന്ദ് എന്ന സത്യാന്വേഷിയായ പൊലീസ് ഓഫീസറായി ദുൽഖർ തിളക്കമാർന്ന പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ആശയക്കുഴപ്പമുള്ള ഒരു പൊലീസുകാരന്റെ മാനറിസങ്ങളൊക്കെ തന്നാലാവും വിധം ദുൽഖർ കഥാപാത്രത്തിന് നൽകിയിട്ടുണ്ട്. എന്നിരുന്നാലും, ദുൽഖറിന് വെല്ലുവിളി ഉയർത്തുന്ന കഥാപാത്രമൊന്നുമല്ല അരവിന്ദൻ. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ദുൽഖറിന്റെ നായിക. പൊതുവേ സ്ക്രീൻ സ്‌പെയ്സ് കുറവാണെങ്കിലും ഉള്ള സീനുകളിൽ കാഴ്ചക്കാരുടെ ശ്രദ്ധ കവരാൻ ഡയാനയ്ക്ക് സാധിച്ചിട്ടുണ്ട്.

മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ അയ്യപ്പൻ, ദീപക് പറമ്പോൽ, ഇന്ദ്രൻസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. കഥാപാത്രങ്ങൾക്ക് കൃത്യമായ ഡീറ്റെയ്‌ലിംഗിൽ നൽകുന്നതിൽ ചിത്രം പരാജയപ്പെടുകയാണ്. അതുകൊണ്ടുതന്നെ, ചിത്രം പൂർത്തിയാവുമ്പോൾ ദുൽഖറിന്റെ കഥാപാത്രമല്ലാതെ, മറ്റാരും പ്രേക്ഷകരുടെ മനസ്സിൽ ബാക്കിയാവണമെന്നില്ല. ചേട്ടനും അനിയനും തമ്മിലുള്ള സംഘർഷങ്ങൾ പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിക്കാനും തിരക്കഥയ്ക്ക് സാധിക്കുന്നില്ല.

publive-image

പതിഞ്ഞ താളത്തിലാണ് ചിത്രത്തിന്റെ കഥ തുടങ്ങുന്നത്. യഥാർത്ഥ കൊലയാളിയെ തേടിയുള്ള അരവിന്ദിന്റെ യാത്രകൾ രണ്ടാം പകുതിയെ ഒന്ന് ചടുലമാക്കുന്നുണ്ടെങ്കിലും ആ ആകാംക്ഷ അധികനേരം നിലനിർത്താൻ അണിയറപ്രവർത്തകർക്ക് കഴിയുന്നില്ല.

ചിത്രം പറയുന്ന വിഷയം എക്കാലവും പ്രസക്തമായ ഒന്നാണ്. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണത്തിൽ രാഷ്ട്രീയക്കാർ സമ്മർദ്ദം ചെലുത്തുമ്പോൾ അതെത്രത്തോളം ഗുരുതരമായ ക്രമക്കേടുകളിലേക്കാണ് നയിക്കുന്നതെന്ന് സല്യൂട്ട് കാണിച്ചു തരുന്നു. നിരപരാധികൾ ഫ്രെയിം ചെയ്യപ്പെടുന്നത് എങ്ങനെയെന്നും ആദ്യപകുതിയിൽ കൃത്യമായി സംവിധായകൻ കാണിച്ചു തരുന്നു. എന്നാൽ, വെറുതെ പറഞ്ഞും കാണിച്ചും പോവുന്നതിലപ്പുറത്തേക്ക് പ്രേക്ഷകരിലേക്ക് വിഷയത്തെ ആഴത്തിൽ പതിപ്പിക്കാൻ തിരക്കഥയ്ക്കു സാധിക്കുന്നില്ല. തിരക്കഥയിലെ ഇത്തരം പാളിച്ചകളാണ് സല്യൂട്ടിനെ ഒരു ശരാശരി കാഴ്ചാനുഭവമായി പരിമിതപ്പെടുത്തുന്നത്. എല്ലാതരം കാഴ്ചക്കാരെയും തൃപ്തിപ്പെടുത്തുന്ന ചിത്രമല്ല 'സല്യൂട്ട്'. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിർമ്മിച്ച സല്യൂട്ട് സോണി ലിവിലാണ് സ്ട്രീം ചെയ്യുന്നത്.

Dulquer Salmaan Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: