ക്യാംപസ് പശ്ചാത്തലമാക്കി നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. ആ കൂട്ടത്തിലേക്കാണ് വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത ‘സകലകലാശാല’ എന്ന ചിത്രവും എത്തിയിരിക്കുന്നത്. പേരു കൊണ്ട് 1987ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ‘സര്‍വ്വകലാശാല’യെയാണ് സകലകലാശാല ഓര്‍മിപ്പിക്കുന്നത്. ‘സര്‍വ്വകലാശാല’ പറഞ്ഞത് 80കളിലെ ക്യാംപസ് ജീവിതമാണെങ്കില്‍ പുതിയ കാലത്തെ ക്യാംപസിനെ അടയാളപ്പെടുത്തുന്നു എന്ന അവകാശവാദത്തോടെയാണ് ‘സകലകലാശാല’ എത്തിയിരിക്കുന്നത്.
ഒരു എഞ്ചിനീയറിംഗ് കോളേജും അവിടുത്തെ വിദ്യാര്‍ത്ഥികളുടെ ജീവിതവും തമാശകളും പ്രണയവും സൗഹൃദവും പിന്നെ കുറച്ച് ‘കാര്യപ്പെട്ട കാര്യങ്ങളു’മാണ് ‘സകലകലാശാല’ ഒരുക്കിയ വിഭവങ്ങള്‍. കോളേജിലെ മിടുക്കനായ വിദ്യാര്‍ത്ഥിയാണ് അക്കു എന്ന അക്ബര്‍ (നിരഞ്ജ്). ശാസ്ത്രമേളകളില്‍ അക്കുവിന്റെ കണ്ടുപിടിത്തങ്ങളാണ് ക്യാംപസിന്റെ അഭിമാനം കാത്തു സൂക്ഷിക്കുന്നത്. ഇക്കുറി നടക്കുന്ന ശാസ്ത്രമേളയിലേക്ക് അക്കുവിനോട് ഇത്തരത്തിലൊരു കണ്ടുപിടിത്തം നടത്താന്‍ പ്രിന്‍സിപ്പലച്ചന്‍ (ഷമ്മി തിലകന്‍) ആവശ്യപ്പെടുകയും അതനുസരിച്ച് അക്കുവും കൂട്ടുകാരായ ജിമ്മി (ധര്‍മ്മജന്‍), കണ്ണന്‍ (ഗ്രിഗറി) എന്നിവരും ചേര്‍ന്ന് ഒരു കണ്ടുപിടിത്തം നടത്തുകയും ഇത് കോളേജിന് ഒന്നാം സമ്മാനം നേടിക്കൊടുക്കുകയും ചെയ്യുന്നു. അക്കുവിന്റെ അറിവോ സമ്മതമോ ഇല്ലാതെ കോളേജിലെ വിദ്യാര്‍ത്ഥിയും അക്കുവിനോട് പ്രണയം സൂക്ഷിക്കുകയും ചെയ്യുന്ന മുംതാസ് (മാനസ) താന്‍ അവതാരകയായ ടെലിവിഷന്‍ ചാനലില്‍ ഇത് സംപ്രേക്ഷണം ചെയ്യുന്നു. അത് അക്കുവിന്റെ ജീവിതം കീഴ്‌മേല്‍ മറിയ്ക്കുകയാണ്. അവിടെ നിന്നാണ് കഥ വികസിക്കുന്നത്.
തുടക്കത്തില്‍ ക്യാംപസിലെ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ പോകുന്ന ചിത്രം പിന്നീട് വളരെ ഗൗരവമായ ഒരു വഴിത്തിരിവിലേക്കാണ് എത്തുന്നത്. ‘ബഡായി ബംഗ്ലാവ്’ എന്ന ഹിറ്റ് പ്രോഗ്രാമിന്റെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയും, മുരളി ഗിന്നസുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മോശമല്ലാത്ത ഒരു കഥ ഒരുക്കാന്‍ സാധിച്ചിട്ടുണ്ട് ഇവര്‍ക്ക്. പക്ഷേ തിരക്കഥയിലെ പാളിച്ചകള്‍ സിനിമയ്ക്ക് വലിയ വെല്ലുവിളിയായി.
തമാശകളെന്നാല്‍, പ്രത്യേകിച്ച് ക്യാംപസ് തമാശകളെന്നാല്‍ സ്ത്രീവിരുദ്ധതയും, പെണ്‍കുട്ടികളുടെ ‘തേപ്പും’ മാത്രമാണെന്ന് വിശ്വസിക്കുന്ന, അതു തന്നെ പറഞ്ഞു വയ്ക്കുന്ന പല ക്യാംപസ് ചിത്രങ്ങളിളുടെ ശ്രേണിയില്‍ തന്നെയാണ് ‘സകലകലാശാല’യുടേയും സ്ഥാനം. ഇതിന് പുറകെ വരുന്ന ‘തേപ്പ്’ പാട്ട് എന്ന പതിവും ‘സകലകലാശാല’ തെറ്റിച്ചില്ല. സന്ദര്‍ഭങ്ങളും തമാശകളുമെല്ലാം മലയാള സിനിമ പല തവണ കണ്ടും കെട്ടും മടുത്താണ്.
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നിരഞ്ജ്, മാനസ എന്നിവര്‍ രണ്ടു പേരും തുടക്കകാരാണ് എന്നത് കൊണ്ട് തന്നെ അതിന്റെ പോരായ്മകള്‍ അവരുടെ അഭിനയത്തില്‍ കാണാം. ഗാനരംഗങ്ങള്‍ ഇരുവരും നന്നായി അവതരിപ്പിച്ചിട്ടുണ്ട്.
പതിവ് തെറ്റിക്കാതെ ഒരു മാറ്റവുമില്ലാത്ത തന്റെ സ്ഥിരം പാട്ടേര്‍ണിലുള്ള ഡയലോഗുകളുമായി ഹരീഷ് കണാരനും ചിത്രത്തിലുണ്ട്. ഒരു പ്രത്യേക തരം കഥാപാത്രങ്ങളില്‍ ഒരു കലാകാരനെ തുടര്‍ച്ചയായി കാണുന്നത് മടുപ്പുളവാക്കും എന്നതാണ് ഹരീഷ് കണാരനെ സംബന്ധിച്ച് ഈ ചിത്രത്തില്‍ പറയാനാവുക. എന്നാല്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി ഇതു വരെ കാണാത്ത ഒരു ഗെറ്റപ്പില്‍ വന്നു അത്ഭുതപ്പെടുത്തുന്നു. അത് തന്നെയാണ് ഈ ചിത്രത്തിലെ പുതുമയും ട്വിസ്റ്റും. ജോസഫ് അന്നംകുട്ടി ജോസും സാനിയ ഇയ്യപ്പനും അതിഥി വേഷങ്ങളിലുണ്ട്.
കേള്‍ക്കാന്‍ ഇമ്പമുള്ളവയാണ് എബി ടോം സിറിയക്കിന്റെ പാട്ടുകള്‍; പ്രത്യേകിച്ച് കാര്‍ത്തിക് ആലപിച്ച പ്രണയഗാനം. മനോജ് പിള്ളയാണ് ഛായാഗ്രഹണം, എഡിറ്റിംഗ് റിയാസും കലാസംവിധാനം സഹസ് ബാലയും നിർവ്വഹിച്ചിരിക്കുന്നു.
പ്രത്യേകിച്ച് ഒന്നും പ്രതീക്ഷിക്കാതെ, രണ്ടു മണിക്കൂര്‍ ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെറുതേ കണ്ടിരിക്കാവുന്ന സിനിമയാണ് ‘സകലകലാശാല’.