Rekha Movie Review & Rating: പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം, ബലാത്സംഗം, അനുമതി മാനിപുലേറ്റ് വാങ്ങൽ ഒക്കെ ഇപ്പോഴും വലിയ രീതിയിലുള്ള ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്നുണ്ട് നമ്മുടെ സമൂഹത്തിൽ. അനുവാദം മാനിപുലേറ്റ് ചെയ്തുണ്ടാക്കുക എന്നത് സമൂഹത്തിനോ ഒരു പരിധി വരെ നിയമ സംവിധാനത്തിനോ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുക, വിശ്വാസ വഞ്ചന പലരീതിയിൽ നടത്തുക ഒക്കെ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ പെടുമോ ഇല്ലയോ എന്ന സംശയം പേറുന്ന ഭൂരിപക്ഷം ഇവിടെ നിലനിൽക്കുന്നുണ്ട്. സ്ത്രീകളോട് രാഷ്ട്രീയ ശരി പുലർത്തുന്നുവെന്ന് അവകാശപ്പെടുമ്പോഴും മലയാള സിനിമ ഈ വിഷയത്തെ പറ്റി അധികം സംസാരിച്ചു കാണാറില്ല. ജിതിൻ ഐസക് തോമസിന്റെ ‘രേഖ’ പ്രാഥമികമായി അടയാളപ്പെടുത്തപ്പെടുന്നത്, ചർച്ചയാവുന്നത് ഒക്കെ ഈ വിഷയത്തെ വളരെ നേരിട്ട് സമീപിച്ചത് കൊണ്ടാണ്.
രേഖ സാങ്കേതികമായി ഒരു റിവഞ്ച് ഡ്രാമയാണ്. ടൈറ്റിൽ കഥാപാത്രം തന്നെയടക്കം പലരെയും ക്രൂരമായി പറ്റിച്ച ഒരാളെ തേടി ചെന്ന് പ്രതികാരം ചെയ്യുന്നു. ചേസിങ്, പ്രതിസന്ധികൾ, തിരിച്ചറിവ്, ഫൈറ്റ് ഒക്കെ വളരെ സിനിമാറ്റിക് ആയി വന്നു പോകുന്നു. ഇരുട്ടിന്റെ, വെളിച്ചത്തിന്റെ സട്ടിൽ ആയ സംഭാഷണങ്ങളുടെയും ഒക്കെ സാധ്യതകൾ പരിമിതികൾക്കുള്ളിൽ നിന്നും സിനിമ ഭംഗിയായി ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ട്. വളരെ തീവ്രമായി മനുഷ്യരെ നിയന്ത്രിക്കുന്ന വികാരമാണ് പ്രതികാരം. ഈ അവസ്ഥയെ സിനിമ നന്നായി വരച്ചു കാണിക്കുന്നു. എനിക്കുറങ്ങണം എന്നാണ് രേഖ അർജുനോട് പറയുന്നത്. രേഖയുടെ ആ മാനസികാവസ്ഥയെ സിനിമ നന്നായി തന്നെ അടയാളപ്പെടുത്തുന്നുണ്ട്. തിയേറ്റർ കാഴ്ച പ്രൊമോഷൻ സംഘത്തിന്റെ അനാസ്ഥ കാരണം സാധ്യമല്ല എന്നൊരു ആരോപണം രേഖയിലെ പ്രധാന താരമായിരുന്ന വിൻസി അലോഷ്യസ് പറഞ്ഞിരുന്നു. വളരെ കുറച്ചു തിയേറ്ററുകളിൽ വളരെ കുറച്ചു ഷോകൾ മാത്രമാണ് രേഖക്ക് ഉണ്ടായിരുന്നത്. സാങ്കേതികപരമായും സൗന്ദര്യ ശാസ്ത്ര പരമായും തിയേറ്റർ കാഴ്ച കുറച്ചു കൂടി അർഹിച്ചിരുന്ന സിനിമയായിരുന്നു ‘രേഖ’.
സിനിമയുടെ കണ്ടന്റിലേക്ക് മടങ്ങി വന്നാൽ സ്ത്രീകളെ ചുറ്റിപ്പറ്റി സമൂഹം ഉണ്ടാക്കിയ കുറെ ഇമേജുകളുണ്ടെന്നും അതനുസരിച്ചാണ് ചുറ്റുമുള്ളവർ പെരുമാറുക എന്നും പറയാറുണ്ട്. നല്ല സ്ത്രീ / മോശം സ്ത്രീ, വഴങ്ങുന്നവൾ / വഴങ്ങാത്തവൾ എന്നൊക്കെയുള്ള ചില ബോധ്യങ്ങൾ എല്ലാ സ്ത്രീകൾക്ക് ചുറ്റുമുണ്ടാവും. രേഖ ആ ബോധ്യത്തെ കുറിച്ച് കൂടി പറഞ്ഞു കൊണ്ടാണ് വ്യത്യസ്തമാവുന്നത്. സദാചാര ബോധ്യത്തോടെ വരുന്ന മെമ്പർ മുതൽ നിസ്സഹായതകളെ ചൂഷണം ചെയ്യാനുള്ള സാധ്യത തിരയുന്ന കണ്ണൻ മാമൻ വരെയുള്ള കഥാപാത്രങ്ങളെ സിനിമ കൃത്യമായി പ്ലേസ് ചെയ്യുന്നുണ്ട്. ‘ നോട്ട് ഓൾ മെൻ’ എന്നൊരു മുൻകൂർ ജാമ്യം സിനിമ ഇക്കാര്യത്തിൽ ആദ്യം മുതൽ അവസാനം വരെ എവിടെയും പറയുന്നില്ല. സെക്സിലെ കണ്സന്റ് പോലെ തന്നെ ഈ വിഷയവും സൂക്ഷ്തമയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. അത് രേഖ ചെയ്തിട്ടുണ്ട്.
രേഖയായി വിൻസി അലോഷ്യസും അർജുനായി ഉണ്ണി ലാലുവും ഭംഗിയായി തന്നെ സിനിമയെ ലിഫ്റ്റ് ചെയ്യുന്നുണ്ട്. പുതുമുഖങ്ങളും അല്ലാത്തതുമായ സഹതാരങ്ങൾ സിനിമയെ വളരെ സ്വാഭാവികമായ കാഴ്ചയാക്കി മാറ്റുന്നു. സാങ്കേതിക പരമായും ഘടനപരമായും സിനിമാട്ടോഗ്രാഫിയും എഡിറ്റിങ്ങുമെല്ലാം സിനിമക്ക് ഒരു പ്രത്യേക താളം നൽകുന്നുമുണ്ട്. ഇടക്ക് കയറി വരുന്ന രണ്ട് പാട്ടുകൾ മാത്രമാണ് സിനിമയിൽ നിന്ന് മാറി നിന്നത്.
റിവഞ്ച് ഡ്രാമയിൽ റിവഞ്ച് ചെയ്യുന്ന വിധം വളരെ പ്രധാനപ്പെട്ട ഒന്നാണ്. വളരെ നല്ല രീതിയിൽ തുടങ്ങിയ സിനിമ ഇടക്ക് വച്ച് ഗതി മാറി പോകുന്നതും അവിടെ വച്ചാണ്. രേഖ പ്രതികാരം ചെയ്യുന്നത് പ്രണയ പൂർവമാണ്. അത് വരെ ഇല്ലാതിരുന്ന കോംപ്രമൈസിങ് മോഡ് സിനിമക്ക് വരുന്നത് അവിടെ വച്ചാണ്. വളരെ ശക്തമായി നിർമ്മിക്കപ്പെട്ട കഥാപാത്രം ഒട്ടും യുക്തിഭദ്രമായി തോന്നാത്ത സന്ദർഭത്തിൽ വില്ലനോട് പ്രണയം തുളുമ്പുന്ന അവസ്ഥയിൽ ആയി പോകുന്നത് വിചിത്രമായി തോന്നി. കുറച്ച് സിദ്ധാന്തപരമായി പറഞ്ഞാൽ സിനിമ അവിടെ മുതൽ കൃത്യമായി ആൺനോട്ടത്തിലേക്ക് മാറുന്നു. കുറച്ചൊക്കെ സൗന്ദര്യ ശാസ്ത്ര പരമായ കാരണങ്ങൾ ഇതിനു പിന്നിലുണ്ട്. ബ്രൂട്ടൽ റിവഞ്ച് ഒക്കെ ശ്രദ്ധിച്ചു സമയമെടുത്ത് ചെയ്യേണ്ട ഒന്നാണ്. പക്ഷെ അതിനപ്പുറം അത്രയും പ്രണയമൊന്നും സിനിമയുടെ അവസാനം ആവശ്യമില്ലായിരുന്നു. അത് വരെ പറഞ്ഞതിനെ മറിച്ചിട്ടു കൊണ്ടാണ് സിനിമ അവസാനിക്കുന്നത്. ആൺ നോട്ടങ്ങൾക്കെതിരെ സംസാരിച്ചു കൊണ്ട് അതിലേക്ക് ചുരുങ്ങി പോയ സിനിമ എന്ന് വേണമെങ്കിൽ പറയാം രേഖയെ കുറിച്ച്.