/indian-express-malayalam/media/media_files/uploads/2023/08/RDX-review.jpg)
നീരജ്- ഷെയ്ൻ- പെപ്പെ കൂട്ടുക്കെട്ടിന്റെ ആർഡിഎക്സ്
RDX Malayalam Movie Review & Rating: ഓണക്കാലത്തും മറ്റു ഫെസ്റ്റിവൽ സീസണുകളിലുമെല്ലാം കുടുംബത്തോടൊപ്പം തിയേറ്ററിൽ പോയി സിനിമ കാണുന്ന എന്നത് മലയാളികൾ എത്രയോ കാലമായി ശീലിച്ച ഒന്നാണ്. സമീപകാലം വരെ ഓണക്കാലത്ത് വിജയം നേടിയത് ചിരിപ്പടങ്ങളോ കുടുംബചിത്രങ്ങളോ ഒക്കെയാണ്. എന്നാൽ അത്തരം ചിത്രങ്ങൾ പാടെ മറഞ്ഞുപോവുന്ന അവസ്ഥയാണ് മലയാളസിനിമയിൽ കാണാനാവുക. ഇപ്പോൾ മലയാളത്തിൽ പ്രേക്ഷക പ്രീതിയും നിരൂപക പ്രീതിയുമൊക്കെ നേടുന്ന ചിത്രങ്ങളിൽ കൂടുതലായും കാണാനാവുക വയലൻസാണ്. മയക്കുമരുന്നിനെ പോലെയാണ് സിനിമകളിലെ ഈ വയലൻസും. ഒരു പരിധി കഴിഞ്ഞാൽ നോർമൽ ഡോസിൽ നിൽക്കില്ല. ഹെവി ഡോസ് വയലൻസ് തന്നെ നൽകാനുള്ള കിടമത്സരങ്ങൾ ഇന്നത്തെ സിനിമയിൽ കാണാം. ഈ ഓണക്കാലത്തും സ്ഥിതി വ്യത്യസ്തമല്ല, ഈ ഓണത്തിനെത്തിയ മൂന്നു ചിത്രങ്ങളിൽ രണ്ടെണ്ണവും വയലൻസിലൂടെയാണ് കഥ പറയുന്നത്. ഒന്നു ചിരിക്കാനും സന്തോഷിക്കാനുമൊക്കെയായി ഓണക്കാലത്തു കുടുംബസമേതം തിയേറ്ററിലെത്തുന്ന പ്രേക്ഷകർക്കു മുന്നിലേക്കാണ് ഇത്തരത്തിലുള്ള ചിത്രങ്ങൾ സർവ്വ് ചെയ്യപ്പെടുന്നത് എന്നതാണ് ദൗർഭാഗ്യകരമായ കാര്യം.
ആന്റണി വർഗീസ് പെപ്പെയും ഷെയ്ൻ നിഗവും നീരജ് മാധവും കൂടി ചേരുമ്പോൾ തിയേറ്ററിൽ ഇടിയുടെ വലിയ പെരുന്നാൾ ഒരുക്കുകയാണ് 'ആർഡിഎക്സ്: റോബർട്ട് ഡോണി സേവ്യർ'. ഡോണിയും റോബര്‍ട്ടും സഹോദരങ്ങളാണ്. ഉറ്റ ചങ്ങാതി സേവ്യർ. കരാട്ടെയിലും ആയോധന കലകളിലുമെല്ലാം പരിശീലനം നേടിയവർ. റോബർട്ടിന്റെയും ഡോണിയുടെയും പ്രണയങ്ങളും സേവ്യരുമായുള്ള സൗഹൃദവും തല്ലും അതിന്റെ മറുതല്ലും കണക്കു തീർക്കലുകളുമൊക്കെയായി ചെറുപ്പത്തിന്റെ ചോരതിളപ്പിൽ മുന്നോട്ടുപോവുന്ന മൂവർ സംഘം. റോബർട്ടിന്റെ പ്രണയവും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന ചില പ്രശ്നങ്ങളും ഈ മൂവർ സംഘത്തിന്റെ ജീവിതത്തിലും ചില മാറ്റങ്ങൾ കൊണ്ടുവരികയാണ്. എന്നാൽ, നിർണായകമായൊരു ഘട്ടത്തിൽ ഒരേ ലക്ഷ്യത്തോടെ ആ മൂവർ സംഘം വീണ്ടും കൈകോർക്കുന്നു.
ആന്റണി പെപ്പെയും ഷെയ്ൻ നിഗവുമാണ് ഡോണിയും റോബർട്ടുമായി എത്തുന്നത്. ഉറ്റ ചങ്ങാതി സേവ്യറായി നീരജ് മാധവും എത്തുന്നു. ആക്ഷൻ രംഗങ്ങളിൽ പവർ പാക്ക്ഡ് പെർഫോമൻസ് കാഴ്ച വയ്ക്കുന്ന കാര്യത്തിൽ പെപ്പെയും ഷെയ്നും നീരജും മത്സരിച്ചു അഭിനയിച്ചിട്ടുണ്ട്. മൂന്നുപേർക്കും തുല്യപ്രാധാന്യത്തോടെയാണ് സംവിധായകൻ കഥാസന്ദർഭങ്ങൾ ഒരുക്കിയിരിക്കുന്നത്. പോൾസൺ എന്ന വില്ലൻ കഥാപാത്രമായി എത്തുന്ന വിഷ്ണു അഗസ്ത്യയുടെ പ്രകടനവും എടുത്തു പറയണം. ലാൽ, ബാബു ആന്റണി, മാല പാർവതി, ഐമ റോസ്മി സെബ്യാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, ബൈജു, സുജിത് ശങ്കർ, നിഷാന്ത് സാഗർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിനിമയുടെ നട്ടെല്ല് എന്നു പറയുന്നത് അതിന്റെ സംഘട്ടന രംഗങ്ങളും ഹെവിയായ പശ്ചാത്തലസംഗീതവുമാണ്. കാഴ്ചക്കാരിലേക്ക് ആവേശം നിറയ്ക്കാൻ സഹായിക്കുന്ന പ്രധാന ഘടകങ്ങളും ഇതുതന്നെ. ഫൈറ്റ് സീനുകളിൽ ശോഭിക്കാൻ പെപ്പെയും ഷെയ്നും നീരജും എടുത്ത കഠിനാധ്വാനവും അതിന്റെ റിസൽറ്റും കാഴ്ചക്കാർക്കും കൃത്യമായി മനസ്സിലാവും. ഒറ്റയിടിയിൽ എതിരാളികളെ പറപ്പിക്കുന്ന പെപ്പെയെ മുൻപും പ്രേക്ഷകർ കണ്ടിട്ടുണ്ട്. എന്നാൽ നീരജിന്റെയും ഷെയ്നിന്റെയും സ്റ്റണ്ട് സീനുകളിലെ പെർഫോമൻസ് ആരെയും അത്ഭുതപ്പെടുത്തും. കരാട്ടെ എന്ന കലയെ ടൂളാക്കി മാറ്റി അതിശയോക്തിയില്ലാതെ തന്നെ ഇരുവരുടെയും സംഘട്ടന രംഗങ്ങൾ ഡിസൈൻ ചെയ്യപ്പെട്ടിട്ടുണ്ട്. ഡാൻസിലെ ഇരുവരുടെയും വഴക്കവും മികവും ഇവിടെ സഹായകരമായിട്ടുമുണ്ട്. നഞ്ചക്ക് ഉപയോഗിച്ചുള്ള നീരജിന്റെ കസർത്തും കയ്യടി നേടുന്നുണ്ട്.
കെ.ജി.എഫ്, ബീസ്റ്റ്, വിക്രം എന്നീ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അൻപറിവാണ് ആർഡിഎക്സിലെ ആക്ഷന്‍ രംഗങ്ങള്‍ക്കു പിന്നിൽ. സാം സി എസാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത്. അലക്സ് ജെ. പുളിക്കലിന്റെ ഛായാഗ്രഹണവും മികവുറ്റതാണ്. സംഘടന രംഗങ്ങളെ ചടുലതയോടെ കാഴ്ചക്കാരിലേക്ക് എത്തിക്കുന്നതിൽ ചമൻ ചാക്കോയുടെ എഡിറ്റിങ്ങും കയ്യടി നേടുന്നു. സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
വെറും തല്ലുപടമാക്കി ഒതുക്കാതെ, അതിലേക്ക് കുടുംബപ്രേക്ഷകരുടെ കൂടെ ഇഷ്ടം കവരാനുള്ള ചില ചേരുവകൾ സംവിധായകൻ നഹാസ് ഹിദായത്തും തിരക്കഥാകൃത്തുക്കളായ ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരും ചേർത്തുവച്ചിട്ടുണ്ട്. വഴിയിൽ കിടന്ന് തല്ലുണ്ടാക്കുന്നവനേക്കാൾ സ്വീകാര്യത, സ്വന്തം കുടുംബത്തെ സംരക്ഷിക്കാനായി തല്ലുണ്ടാക്കുന്നവന് ലഭിക്കുമല്ലോ. പ്രേക്ഷകരെ കഥയിലേക്കും കഥാപാത്രത്തിലേക്കും വൈകാരികമായി അടുപ്പിക്കാൻ ഫാമിലി സെന്റിമെൻസിനെ ഉപയോഗപ്പെടുത്തുക എന്ന പരീക്ഷിച്ചു വിജയിച്ച ആ ഫോർമുല ആർഡിഎക്സും ഉപയോഗിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us