Rakshit Shetty 777 Charlie Movie review and Rating: കന്നഡ താരം രക്ഷിത് ഷെട്ടിയേയും ഒരു നായക്കുട്ടിയേയും പ്രധാന കഥാപാത്രങ്ങളാക്കി മലയാളിയായ കിരൺരാജ് സംവിധാനം ചെയ്ത ‘777 ചാര്‍ലി’ എന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി എത്തിയിരിക്കുന്ന ചിത്രം ഒരു യുവാവിന്റെയും നായകുട്ടിയുടെയും സ്നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും കഥ പറയുന്ന ഫീൽ ഗുഡ് സിനിമയാണ്.
“നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ ഒരു നായ നിങ്ങളുടെ ജീവിതത്തിലേക്ക് വരും, നിങ്ങളുടെ ഹൃദയം കവരും, എല്ലാം മറ്റും,” പ്രശസ്തമായ ഈ വരികളിൽ നിന്നാണ് ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. തന്നിലേക്ക് തന്നെ ഒതുങ്ങിക്കൂടി, ജീവിതം ആസ്വദിക്കാൻ മറന്ന് ജീവിക്കുന്ന വളരെ പരുക്കനായ യുവാവാണ് ധർമ. ഒരു ദിവസം അയാൾ താമസിക്കുന്ന, നായകള്‍ക്ക് പ്രവേശനമില്ലാത്ത ഹൗസിംഗ് കോളനിയിലേക്ക് അവിചാരിതമായി ഒരു നായ കടന്നുവരുകയാണ്. പതിയെ അത് അയാളുടെ ജീവിതത്തിന്റെയും ഭാഗമാകുന്നു. സ്വയം ഏകാന്തതയിൽ തളച്ചിട്ട് വീട് – ജോലി ചെയ്യുന്ന ഫാക്ടറി – വീട് അതിനിടയിൽ സ്ഥിരം കഴിക്കുന്ന ഇഡലി, ബിയർ, സിഗരറ്റ്എന്നിങ്ങനെയുള്ള റുട്ടീൻ രീതികളുമായി, മറ്റൊരു മനുഷ്യരോടും യാതൊരു ബന്ധവും പുലർത്താതെ കഴിയുന്ന ധർമയ്ക്ക് ആദ്യം ആ നായകുട്ടി ഒരു പൊല്ലാപ്പാകുന്നുണ്ടെങ്കിലും തനിക്ക് ലഭിക്കാത്ത സ്നേഹവും കരുതലും ആ നായക്കുട്ടിയിൽ കാണുന്നതോടെ അയാൾ അതിനെ പതിയെ സ്നേഹിച്ചു തുടങ്ങുകയാണ്. ഇതോടെ അയാളുടെ ജീവിതവും ആകെ മാറുകയാണ്. പിന്നീടങ്ങോട് ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥവികസിക്കുന്നത്.
വളർത്തുമൃഗങ്ങൾ ഒരാളുടെ ജീവിതത്തിലുണ്ടാകുന്ന സ്വാധീനവും അവയ്ക്ക് മനുഷ്യരോടുണ്ടാകുന്ന ആത്മബന്ധവും വ്യകതമായി കാണിക്കുന്ന ‘777 ചാർളി’, നായകളിൽ ജനിതക വൈകല്യങ്ങൾക്കും മറ്റു രോഗങ്ങൾക്കും കാരണമാകുന്ന ഇൻബ്രീഡിങ് എന്നിവയ്ക്കെതിരെ ബോധവത്കരണം നൽകുകയും വളർത്തുമൃഗങ്ങളെ ദത്തെടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. സമ്മർദ്ദഘട്ടങ്ങളിൽ ഉൾപ്പെടെ മനുഷ്യന്റെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് വളർത്തുമൃഗങ്ങൾ സഹായിക്കുന്നു എന്നും ചിത്രം കാണിച്ചുതരുന്നു.
Rakshit Shetty 777 Charlie Movie review and Rating
ധർമയായി രക്ഷിത് ഷെട്ടി ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. നായകുട്ടിക്ക് ഒപ്പമുള്ള കോംബിനേഷൻ രംഗങ്ങൾ എല്ലാം വളരെ മനോഹരമാണ്. ഒരു യഥാർത്ഥ വളർത്തുനായയും യജമാനനും തമ്മിലുള്ള കെമിസ്ട്രി വളരെ വ്യകതമായി തന്നെ കാണാൻ കഴിയും. ചാർളി ആയെത്തുന്ന ലാംബ്രോഡർ ഇനത്തിൽ പെടുന്ന പെൺനായയും പ്രേക്ഷകരുടെ ഇഷ്ടം കവരും. ആക്ഷൻ കൊണ്ടും കണ്ണുകളിലെ എക്സ്പ്രെഷൻസ് കൊണ്ടും വിസ്മയിപ്പിക്കുന്നുണ്ട് ചാർളി. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥയായി എത്തുന്ന സംഗീത ശൃംഗരിയും മൃഗഡോക്ടറായി എത്തുന്ന രാജ് ഷെട്ടിയും, ബോബി സിംഹയും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കിയിട്ടുണ്ട്.
ഒരു നായയെ പ്രധാനകഥാപാത്രമാക്കി യാതൊരു നാടകീയതയും തോന്നാതെ എത്രയും മനോഹരമായി ചിത്രമൊരുക്കിയതിന് സംവിധായകൻ കിരൺ രാജ് അഭിനന്ദനമർഹിക്കുന്നു. ചിത്രത്തിലെ പ്രധാനരംഗങ്ങളിൽ എല്ലാം സംവിധായകൻ എടുത്ത എഫർട്ട് കാണാൻ കഴിയും. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ അൽപം രസിപ്പിച്ചും കരയിച്ചും എൻഗേജിങ് ആയാണ് ചിത്രം മുന്നോട്ട് പോകുന്നത്. എന്നാൽ ചിത്രത്തിന്റെ ദൈർഘ്യം അവിടെ കല്ലുകടിയാകുന്നുണ്ട്. ഏകദേശം രണ്ടേമുക്കാൽ മണിക്കൂറാണ് സിനിമയുടെ ദൈർഘ്യം.

അരവിന്ദ് എസ് കശ്യപ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ചാർളിയുടെ കുസൃതികളും അവരുടെ യാത്രയിൽ ഷിംലയുടെയും ലഡാക്കിന്റെയും ഭംഗിയും മനോഹരമായി തന്നെ അരവിന്ദിന്റെ ക്യാമറ പകർത്തിയിട്ടുണ്ട്. ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് ചിത്രത്തിലെ എടുത്ത് പറയേണ്ട മറ്റൊരു ഘടകം. സിനിമയുടെ മൊത്തത്തിലുള്ള മൂഡ് നിലനിർത്തുന്നതിൽ പ്രധാനപങ്കു വഹിക്കുന്നുണ്ട് ഗാനങ്ങൾ. മനു മഞ്ജിത് വരികൾ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് നോബിൻ പോളാണ്. പരംവഹ് സ്റ്റുഡിയോയുടെ ബാനറിൽ ജി.എസ്. ഗുപ്തയും രക്ഷിത് ഷെട്ടിയും ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ മലയാളം പതിപ്പ് വിതരണം ചെയ്യുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്.
കാണുന്നവരുടെ കണ്ണുനനയിക്കുന്ന ഒരു ഫീൽ ഗുഡ് ചിത്രമാണ് ‘777 ചാർളി’. മൃഗങ്ങളെ സ്നേഹിക്കുന്നവർക്കും വളർത്തുമൃഗങ്ങൾ ഉള്ളവർക്കും ഒരു മികച്ച അനുഭവമായിരിക്കും ഈ സിനിമ.
Read Here: Dear Friend, Kochal, 777 Charlie, Ante Sundaraniki: ഇന്ന് തിയേറ്ററിലെത്തുന്ന ചിത്രങ്ങൾ