Latest News

Pushpa Review & Rating: അല്ലുവിന്റെ വിളയാട്ടം; ‘പുഷ്പ’ റിവ്യൂ

Pushpa Review & Rating: രൂപത്തിലും ഭാവത്തിലും മാനറിസത്തിലുമെല്ലാം അടിമുടി പുതുക്കിപണിതൊരു അല്ലു അർജുനാണ് പുഷ്പയിലുള്ളത്

RatingRatingRatingRatingRating
Pushpa, Pushpa Review, Pushpa Movie Review Rating, Pushpa full movie, Pushpa ott, Pushpa movie Review, Pushpa Rating, Pushpa Malayalam Review, Pushpa Response, Pushpa Latest, Allu Arjun, Rashmika Mandanna, Fahadh Faasil, പുഷ്പ, പുഷ്പ റിവ്യൂ, Review, Release, റിവ്യൂ, അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്മിക മന്ദാന

Allu Arjun’s Pushpa Movie Review Rating: കൊള്ളക്കാർ/ കള്ളക്കടത്തുകാർ- അവരെ വിടാതെ പിൻതുടരുന്ന പൊലീസ്. ഒടുങ്ങാത്ത ചെയ്സിംഗിന്റെ കഥ പറയുന്ന നിരവധി ചിത്രങ്ങൾ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടുണ്ട്. നായകൻ പൊലീസുകാരനാണെങ്കിൽ കള്ളൻ വില്ലനും നായകൻ കള്ളനെങ്കിൽ പൊലീസുകാർ വില്ലന്മാരുമാവുന്ന ദ്വന്ദ്വസമവാക്യങ്ങളുടെ തുടർച്ച തന്നെയാണ് ‘പുഷ്പ’യും. ഇവിടെ നായകൻ പുഷ്പയാണ്, അൽപ്പം ഗ്രേ ഷെയ്ഡിൽ നിൽക്കുന്ന, ഒന്നിനെയും കൂസാത്ത നായകൻ.

കൂടുതലും സ്റ്റൈലിഷ് റോളുകളിൽ പ്രേക്ഷകർ കണ്ടുശീലിച്ച അല്ലു, കാടിന്റെ വന്യത പേറുന്ന പരുക്കൻ മനുഷ്യനായി, പുഷ്പരാജായി പൂണ്ടു വിളയാടുകയാണ് പുഷ്പയിൽ. ഇതുവരെ നമ്മൾ കാണാത്തൊരു അല്ലുവിനെയാണ് പുഷ്പയിൽ കാണാൻ കഴിയുക. ഇടതു തോളിനൽപ്പം ചെരിവും നീട്ടിവളർത്തിയ മുടിയും താടിയും പരുക്കൻ മുഖഭാവവുമായി പുഷ്പ സ്ക്രീനിൽ നിറയുമ്പോൾ സ്റ്റൈലിഷ് സ്റ്റാറായ അല്ലു അർജുനെ പ്രേക്ഷകർ മറന്നുപോവും. അത്രമാത്രം, കഥാപാത്രത്തിലേക്ക് പരകായപ്രവേശം നടത്തിയിട്ടുണ്ട് അല്ലു. രൂപത്തിലും ഭാവത്തിലും മാനറിസത്തിലുമെല്ലാം അടിമുടി പുതുക്കിപണിതൊരു അല്ലു അർജുനാണ് പുഷ്പയിലുള്ളത്.

കോടികൾ വിലമതിക്കുന്ന രക്തചന്ദനത്തിന് പ്രശസ്തമായ ഇടമാണ് ശേഷാചലം കാട്. ചന്ദനമാഫിയയും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലുകൾ പതിവു കാഴ്ചയാണ്. അവിടേക്കാണ്, പുഷ്പരാജ് എന്ന ചെറുപ്പക്കാരൻ അപ്രതീക്ഷിതമായി എത്തിച്ചേരുന്നത്. നൂറുരൂപ ദിവസക്കൂലിയ്ക് ജോലി എടുത്തിരുന്ന പുഷ്പയെ അവിടേക്ക് എത്തിക്കുന്നത്, ചന്ദനക്കടത്തിന്റെ ഭാഗമായാൽ ആയിരം രൂപ ദിവസക്കൂലി ലഭിക്കുമെന്ന മോഹനവാഗ്ദാനമാണ്. ഒരു കൂലിപ്പണിക്കാരനായി ശേഷാചലം കാട്ടിലെത്തുന്ന പുഷ്പയുടെ നിയോഗം പക്ഷേ മറ്റൊന്നായിരുന്നു. ആരെയും കൂസാത്ത അയാളുടെ ചങ്കൂറ്റവും അവസരങ്ങളെ നന്നായി വിനിയോഗിക്കാനറിയുന്ന മിടുക്കും ചന്ദനക്കടത്ത് മാഫിയയുടെ തലപ്പത്ത് അയാളെ എത്തിക്കുന്നു. പുഷ്പ- ദ റൈസ് എന്ന ആദ്യഭാഗത്തിലൂടെ ഒരു കൂലി ജോലിക്കാരനിൽ നിന്നും ചന്ദനക്കടത്ത് മാഫിയ സിൻഡിക്കേറ്റായുള്ള പുഷ്പയുടെ വളർച്ചയുടെയും തേരോട്ടത്തിന്റെയും കഥയാണ് സംവിധായകൻ സുകുമാർ പറയുന്നത്.

മികച്ച മേക്കിംഗ് ആണ് പുഷ്പയുടെ പ്ലസ് പോയിന്റ്. ചന്ദനക്കാടിന്റെ പരിസരവും അവിടുത്തെ ജീവിതരീതിയുമൊക്കെ റിയലിസ്റ്റിക്കായി തന്നെ സംവിധായകൻ പറഞ്ഞുപോവുന്നുണ്ട്. പോളിഷ് ഛായാഗ്രഹകനായ മിറോസ്ലാ കുബേ ബ്രോസേക്കിന്റെ ഫ്രെയിമുകൾ ‘പുഷ്പ’യെ അതിമനോഹരമായൊരു കാഴ്ചാനുഭവമാക്കുന്നു. ദേവീശ്രീ പ്രസാദിന്‍റെ പശ്ചാത്തല സംഗീതവും സിനിമയുടെ മൂഡിനോട് ചേർന്നു പോവുന്നുണ്ട്.

പുഷ്പയായി എത്തുന്ന അല്ലു അർജുൻ തന്നെയാണ് ആദ്യമധ്യാന്തം സിനിമയെ മുന്നോട്ട് നയിക്കുന്ന ശക്തി. മാസ്സ് രംഗങ്ങളിലും ആക്ഷൻ രംഗങ്ങളിലുമെല്ലാം പവർപാക്ക് പെർഫോമൻസ് ആണ് അല്ലു കാഴ്ച വയ്ക്കുന്നത്. തന്റെ കഥാപാത്രത്തിന്റെ മാനറിസങ്ങളിൽ അല്ലു പുലർത്തിയ സൂക്ഷ്മത എടുത്തുപറയാതെ വയ്യ. സംഘട്ടനരംഗങ്ങളിലും നൃത്തരംഗങ്ങളിലും വൈകാരികസീനുകളിലുമെല്ലാം തന്റെ കഥാപാത്രത്തിന്‍റെ പ്രത്യേക മാനറിസങ്ങൾ സൂക്ഷ്മതയോടെ തന്നെ പിന്തുടരുന്നുണ്ട് അല്ലു അർജുൻ. ചുരുക്കി പറഞ്ഞാൽ, അല്ലുവിന്റെ വൺമാൻ ഷോയാണ് ‘പുഷ്പ’.

രശ്മിക മന്ദാനയുടെ ശ്രീവള്ളിയെന്ന നായികാ കഥാപാത്രത്തിന് കഥയുടെ ആദ്യഭാഗത്ത് ലഭിച്ച മുൻഗണന അവസാനത്തിലേക്ക് എത്തുമ്പോൾ നഷ്ടപ്പെടുകയാണ്. രണ്ടാംപകുതിയിലേക്ക് ചിത്രം സഞ്ചരിക്കുമ്പോൾ നായകന്റെ നിഴലിലേക്ക് ഒതുങ്ങുന്ന പതിവു നായികയായി മാറുകയാണ് ശ്രീവള്ളിയും.

ഫഹദിന്റെ കഥാപാത്രമായ ബൻവാർ സിങ് ഷെഖാവത്തിന്റെ മുഖം സ്ക്രീനിൽ തെളിയുമ്പോൾ ലഭിക്കുന്ന കയ്യടി തന്നെയാണ് എന്തുകൊണ്ട് ഫഹദ് ആ സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നുള്ളതിനുള്ള കൃത്യമായ ഉത്തരം. “നായകനെ തടുക്കാന്‍ ആരുമില്ല എന്ന ഘട്ടത്തിലാണ് ഈ കഥാപാത്രത്തിന്‍റെ എന്‍ട്രി. നായകനെ താഴെയിറക്കാന്‍ ഒരാള്‍ വേണം. അതാണ് ആ കഥാപാത്രം. അതിനാല്‍ എനിക്ക് താരപരിവേഷമുള്ള ഒരു നടനെ വേണമായിരുന്നു,” എന്നാണ് ഫഹദിനെ പുഷ്പയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ച് അല്ലു ഒരു അഭിമുഖത്തിൽ പറഞ്ഞത്. സംവിധായകന്റെയും അല്ലുവിന്റെയും ആ നിരീക്ഷണം തെറ്റിയില്ലെന്ന് ഫഹദിന്റെ ആമുഖ സീൻ മുതൽ പ്രേക്ഷകന് മനസ്സിലായി തുടങ്ങും. എന്തും ചെയ്തേക്കാവുന്ന, ഒട്ടും പ്രെഡിക്റ്റ് ചെയ്യാൻ പറ്റാത്ത ഒരു പൊലീസ് ഓഫീസറാണ് ബൻവാർ സിങ് എന്ന് ആദ്യസീനുകളിലൂടെ തന്നെ കൃത്യമായി രേഖപ്പെടുത്താൻ സംവിധായകനും സാധിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ രണ്ടാം പകുതിയിൽ മാത്രം കടന്നുവരുന്ന ബൻവാർ സിങ് യഥാർത്ഥ യുദ്ധം തുടങ്ങാനിരിക്കുന്നേയുള്ളൂ എന്ന സൂചനയാണ് നൽകുന്നത്. പുഷ്പയുടെ ചന്ദനക്കടത്ത് സാമ്രാജ്യം തകർക്കാൻ മാത്രം ശക്തനാണോ ബൻവാർ സിങ്? അതോ, ബൻവാർ സിങ്ങിനെയും തുരത്താൻ പുഷ്പയ്ക്ക് ആവുമോ? ഈ ചോദ്യങ്ങൾ തന്നെയാണ് രണ്ടാം ഭാഗത്തെ പ്രതീക്ഷയോടെ കാത്തിരിക്കാൻ പ്രേക്ഷകന് ആവേശം പകരുന്നത്.

അല്ലു അർജുന്റെ മികച്ച പ്രകടനം, രസകരമായ ഗാനങ്ങൾ, ഗ്രാമീണമായ അന്തരീക്ഷം ഒരുക്കിയതിൽ പുലർത്തിയ ഒർജിനാലിറ്റി എന്നിവയൊക്കെയാണ് ചിത്രത്തിന്റെ പ്ലസ് ആയി എടുത്തു പറയാവുന്ന കാര്യങ്ങൾ. ചിത്രത്തിന്റെ പോരായ്മകളെ കുറിച്ചു പറയുമ്പോൾ, ആദ്യപകുതിയുടെ ചടുലത രണ്ടാം പകുതിയ്ക്ക് ഇല്ലെന്ന് നിരാശയോടെ പറയേണ്ടി വരും. രണ്ടാം പകുതിയിൽ പലയിടത്തും നന്നായി ഇഴച്ചിൽ അനുഭവപ്പെടുന്നുണ്ട്. സിനിമയ്ക്ക് മൂന്നു മണിക്കൂറോളം ദൈർഘ്യം കൂടിയാവുമ്പോൾ ആദ്യപകുതിയുടെ ആവേശം ചോർന്നുപോവുകയാണ്.

എന്നിരിക്കിലും, അല്ലുവിന്റെ മാസ് ആക്ഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവരെ തൃപ്തിപ്പെടുത്തുന്ന ‘പുഷ്പ’ തിയേറ്റർ എക്സ്പീരിയൻസ് ആവശ്യപ്പെടുന്ന ചിത്രമാണ്. പതിവു തെലുങ്കുസിനിമയുടെ അവിശ്വസനീയമായ സംഘട്ടന രംഗങ്ങളും, അതിമാനുഷിക ഹീറോ പരിവേഷവും പുഷ്പയിൽ വലിയ അളവിൽ ഇല്ലെന്നുള്ളതും ആശ്വാസം പകരും.

Read more: കേരളത്തില്‍ നിന്ന് ലഭിക്കുന്ന സ്വീകാര്യതയില്‍ അഭിമാനം; പുഷ്പയുടെ പ്രൊമോഷനുമായി അല്ലു അര്‍ജുന്‍ കൊച്ചിയില്‍

Get the latest Malayalam news and Review news here. You can also read all the Review news by following us on Twitter, Facebook and Telegram.

Web Title: Pushpa movie review rating allu arjun rashmika mandanna fahadh faasil

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express