Purusha Pretham Movie Review & Rating: മരിച്ചവർ ജീവിച്ചിരിക്കുന്നവരെ പഠിപ്പിക്കുന്നു (the dead teach the living) എന്ന ലാർസ് കെപ്ലറിന്റെ വാചകത്തോടെയാണ് സംവിധായകൻ കൃഷാന്ത് ‘പുരുഷ പ്രേതം’ തുടങ്ങുന്നത്. ലാർസ് കെപ്ലറിന്റെ ആ വാക്കുകളെ തന്നെയാണ് ‘പുരുഷ പ്രേതം’ അതിന്റെ അടരുകളിൽ വഹിക്കുന്നത്. സംസ്ഥാന അവാർഡ് ഉൾപ്പടെ ഒട്ടേറെ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ‘ആവാസവ്യൂഹ’ ത്തിന് ശേഷം കൃഷാന്ത് ഒരുക്കുന്ന ചിത്രമാണിത്. ബ്ലാക്ക് ഹ്യൂമർ കൈകാര്യം ചെയ്യുന്ന ‘പുരുഷ പ്രേതം’ സോണി ലിവിലാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
കൊച്ചിയാണ് ചിത്രത്തിന്റെ കഥാപരിസരം. നഗരത്തിലെ ഒരു കൂട്ടം പൊലീസുകാരുടെയും അവരെ വലയ്ക്കുന്ന ചില കേസുകളുടെയും കഥയാണ് ചിത്രം പറയുന്നത്. സൂപ്പർ സെബാസ്റ്റ്യൻ എന്നു വിളിക്കപ്പെടുന്ന എസ് ഐ സെബാസ്റ്റ്യനാണ് (അലക്സാണ്ടർ പ്രശാന്ത്) ചിത്രത്തിലെ കേന്ദ്രകഥാപാത്രം. സർവീസ് വീരസാഹസിക കഥകൾ അൽപ്പം മസാലയൊക്കെ ചേർത്ത് കൊഴുപ്പിച്ചു പറയാനും ആളുകൾക്കിടയിൽ വിലസാനുമൊക്കെ താൽപ്പര്യമുള്ള പൊലീസുകാരനാണ് അയാൾ. സെബാസ്റ്റ്യൻ സാറിന്റെ കഥകൾ അപ്പാടെ വിശ്വസിക്കുകയും അതിന് വീര പരിവേഷം നൽകുകയുമൊക്കെ ചെയ്യുന്ന വിശ്വസ്തനായി ദിലീപെന്ന (ജഗദീഷ്) പൊലീസുകാരനും ആ സ്റ്റേഷനിലുണ്ട്.
സ്റ്റേഷൻ പരിധിയിൽ ഒരു അജ്ഞാത ജഡം കണ്ടെത്തുന്നിടത്തു നിന്നാണ് കഥ തുടങ്ങുന്നത്. അജ്ഞാത മൃതദേഹങ്ങൾ കണ്ടെടുക്കുന്നതും അതിനു പിന്നിലുള്ള നടപടി ക്രമങ്ങളും ശവസംസ്കാരവുമൊക്കെ സെബാസ്റ്റ്യനും ദിലീപിനുമൊന്നും പുതുമയുള്ള കാര്യമല്ല. പതിവുപോലെ ആ മൃതദേഹത്തിന്റെ ഉത്തരവാദിത്വം ദിലീപിലാവുന്നു. മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാലും, പത്രത്തിൽ വാർത്ത നൽകിയിട്ടും ആരും തേടി വരാത്തതിനാലും മൂന്നു ദിവസങ്ങൾക്കു ശേഷം പൊലീസ് മേൽനോട്ടത്തിൽ തന്നെ സംസ്കരിക്കുകയാണ്. എന്നാൽ, തൊട്ടടുത്ത ദിവസം പ്രവാസിയായ സൂസൻ എന്ന സ്ത്രീ (ദർശന രാജേന്ദ്രൻ) സ്റ്റേഷനിലെത്തുന്നു. പത്രത്തിൽ വാർത്ത കണ്ട് എത്തുന്ന സൂസൻ ആ മൃതദേഹം കാണാതായ തന്റെ ഭർത്താവിന്റേതാവാൻ സാധ്യതയുണ്ടെന്നു സംശയിക്കുന്നു. അതോടെ കാര്യങ്ങൾ മറ്റൊരു വഴിയിലേക്ക് ഗതി മാറുകയാണ്. ഒരു പോയിന്റിൽ വച്ച് സൂസനും പൊലീസും തമ്മിലുള്ള പോരിലേക്ക് കാര്യങ്ങൾ എത്തിയതോടെ ആ അജ്ഞാത മൃതദേഹം സെബാസ്റ്റ്യന്റെയും ദിലീപിന്റെയും തലവേദനയായി മാറുന്നു.
ജീവിതത്തിലെ ചില ഇരുണ്ട അവസ്ഥകളെ രസകരമായി, വേറിട്ട ആഖ്യാനരീതിയിൽ സമീപിക്കുന്നിടത്താണ് കൃഷാന്ദിന്റെ പുരുഷ പ്രേതം വ്യത്യസ്തമാവുന്നത്. ആക്ഷേപ ഹാസ്യത്തെ മുൻനിർത്തുമ്പോൾ തന്നെ ഒരു ത്രില്ലർ സ്വഭാവത്തിലാണ് ചിത്രം മുന്നോട്ടു പോവുന്നത്. ഒരു പൊലീസ് സ്റ്റോറിയായും കുറ്റാന്വേഷണ ചിത്രമായും ഹൊറർ ഫിലിമായുമൊക്കെ ‘പുരുഷ പ്രേത’ത്തെ സമീപിക്കാനുള്ള സാധ്യതകൾ സംവിധായകൻ പ്രേക്ഷകന് വിട്ടുതരുന്നുണ്ട്.

അജ്ഞാത മൃതദേഹങ്ങൾക്കു വേണ്ടി സംസാരിക്കുന്ന ചിത്രമെന്നു കൂടി പുരുഷ പ്രേതത്തെ വിശേഷിപ്പിച്ചാലും തെറ്റില്ല. കാരണം പത്രത്തിൽ പ്രത്യക്ഷപ്പെടുന്ന ‘അജ്ഞാത മൃതദേഹം കണ്ടെത്തി’ എന്ന വാർത്തയ്ക്ക് അപ്പുറം അവയ്ക്ക് പിന്നീട് എന്തു സംഭവിക്കുമെന്നോ മൃതദേഹം കണ്ടെത്തിയതിന് ശേഷം പാലിക്കുന്ന നടപടിക്രമങ്ങൾ എന്തൊക്കെയാണെന്നോ തുടങ്ങിയ കാര്യങ്ങളിൽ പലർക്കും വ്യക്തത കാണില്ല. പുരുഷ പ്രേതത്തിലേക്ക് എത്തുമ്പോൾ, പൊതുജനങ്ങൾക്ക് അത്ര പരിചിതമല്ലാത്ത നിയമത്തിന്റെയും നമ്മുടെ സിസ്റ്റത്തിന്റെയും ചില വശങ്ങളെ കൂടിയാണ് ചിത്രം തുറന്നു കാണിക്കുന്നത്. സിസ്റ്റത്തിൽ വന്നു ചേരുന്ന അശ്രദ്ധകളും വീഴ്ചകളുമൊക്കെ എങ്ങനെയൊക്കെയാണ് മനുഷ്യരെ കുഴക്കുന്നതെന്നും ചിത്രം കാണിച്ചു തരുന്നു.
പുരുഷ പ്രേതം എന്ന പേരിനു പിന്നിലുമുണ്ട് ഒരു ചരിത്രം. മൃതദേഹം പരിശോധിക്കുന്ന പ്രക്രിയയെ കൊളോണിയലായി പ്രേത പരിശോധന എന്ന പ്രയോഗം കൊണ്ടായിരുന്നു ഒരു കാലത്ത് പൊലീസ് വിശേഷിപ്പിച്ചിരുന്നത്. 2022 നവംബർ 15ന് ആഭ്യന്തരവകുപ്പ്, ‘പ്രേത പരിശോധന’ എന്ന പ്രയോഗത്തിനു പകരം ശാസ്ത്രീയ പദമായ ‘ഇൻക്വസ്റ്റ്’ എന്ന് മാറ്റിസ്ഥാപിക്കാൻ ഉത്തരവിടുകയായിരുന്നു.
പ്രമേയം കൊണ്ടു മാത്രമല്ല അഭിനേതാക്കളുടെ സ്വാഭാവികമായ പ്രകടനം കൊണ്ടും മികച്ച ആസ്വാദനം സാധ്യമാക്കുന്നുണ്ട് ‘പുരുഷ പ്രേതം’. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാളസിനിമയിൽ രണ്ടര പതിറ്റാണ്ടിലേറെയായി നിറഞ്ഞു നിൽക്കുന്ന അലക്സാണ്ടർ പ്രശാന്തിന്റെ കരിയറിലെ തന്നെ മികച്ച പെർഫോമൻസുകളിൽ ഒന്നാണ് പുരുഷ പ്രേതത്തിലെ സെബാസ്റ്റ്യൻ. വളരെ അനായാസേന തന്നെ ആ കഥാപാത്രത്തെ പ്രശാന്ത് അവതരിപ്പിച്ചിട്ടുണ്ട്. സൂപ്പർ സെബാസ്റ്റ്യനായി തകർക്കുകയാണ് അലക്സാണ്ടർ പ്രശാന്ത്. സമീപകാലത്ത് ജഗദീഷിനെ തേടി നിരവധി പൊലീസ് കഥാപാത്രങ്ങൾ എത്തിയിട്ടുണ്ട്. എന്നാൽ ആ പൊലീസ് കഥാപാത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തനാണ് പുരുഷ പ്രേതത്തിലെ ദിലീപ്. വളരെ കയ്യടക്കത്തോടെയാണ് ആ കഥാപാത്രത്തെ ജഗദീഷ് സമീപിച്ചിരിക്കുന്നത്. ആദ്യം മുതൽ നിഗൂഢതകൾ ഉള്ളിൽ പേറുന്ന കഥാപാത്രമാണ് ദർശന രാജേന്ദ്രന്റെ സൂസൻ. ദേവകി രാജേന്ദ്രന്റെ സുജാതയെന്ന കഥാപാത്രത്തിനും ചിത്രത്തിൽ കൃത്യമായ വളർച്ചയുണ്ട്. ജെയിംസ് ഏലിയ, ജിയോ ബേബി, ഷിൻസ് ഷാൻ, രാഹുൽ രാജഗോപാൽ, ശ്രീജിത്ത് ബാബു, സഞ്ജു ശിവറാം, മാലാ പാർവതി, ഗീതി സംഗീത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു ശ്രദ്ധേയ മുഖങ്ങൾ.
ലീനിയർ രീതിയിലാണ് പുരുഷപ്രേതം കഥ പറഞ്ഞുപോവുന്നത്. എന്നാൽ ആഖ്യാനത്തിൽ കൊണ്ടുവന്ന ചില സമീപനങ്ങൾ ചിത്രത്തിന് നവ ഭാവുകത്വം സമ്മാനിക്കുന്നു. മനു തൊടുപുഴയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് അജിത്ത് ഹരിദാസാണ്. ചിത്രത്തിന്റെ ദൃശ്യങ്ങളും ഫ്രെയിമുകളും ശ്രദ്ധ കവരും. സംവിധായകൻ കൃഷാന്ത് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നത്. സംവിധായകനും ഛായാഗ്രാഹകനും ഒരാൾ തന്നെയാവുമ്പോഴുള്ള ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ആഘോഷം ചിത്രത്തിൽ ഉടനീളം കാണാം. ഇന്റീരിയർ സീനുകളിൽ ഇടയ്ക്ക് വന്നുപോവുന്ന പച്ച, ചുവപ്പ്, നിയോൺ ലൈറ്റുകളുടെ ടോൺ കാഴ്ചയ്ക്കും വേറിട്ട അനുഭവമാവുന്നു. സുഹൈൽ ബക്കറിന്റെ എഡിറ്റിംഗ് സിനിമകാഴ്ചയ്ക്ക് കുറച്ചുകൂടി ആഴം സമ്മാനിക്കുന്നുണ്ട്. ഒരു സാങ്കൽപ്പിക കഥയായി പറഞ്ഞുപോവുമ്പോഴും ഇതൊന്നും വെറും കെട്ടുകഥയല്ലെന്ന് വെളിപ്പെടുത്തുന്ന രീതിയിൽ സ്ക്രീനിൽ തെളിഞ്ഞുവരുന്ന പത്രകട്ടിംഗുകളും മറ്റും പ്രേക്ഷകരുടെ ബോധമണ്ഡലത്തിൽ ആഘാതം ഏൽപ്പിക്കും. അജ്‍മൽ ഹസ്ബുള്ളയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ, കഥ, അഭിനയം, ക്യാമറ, എഡിറ്റിംഗ്, സംഗീതം തുടങ്ങി എല്ലാ തലങ്ങളിലും മികവു പുലർത്തുന്ന ചിത്രമാണ് ‘പുരുഷ പ്രേതം’. കണ്ടു പരിചയിച്ച സിനിമകാഴ്ചകളിൽ നിന്നും വേറിട്ടൊരു ആസ്വാദനം ആഗ്രഹിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഈ ചിത്രം നിങ്ങളെ നിരാശരാക്കില്ല.