Prithviraj ‘Kuruthi’ Movie Review & Rating: ഒരു ക്രൈം ത്രില്ലർ ചിത്രത്തിന്റെ പരിവേഷം നൽകുന്ന ഒന്നായിരുന്നു ‘കുരുതി’യുടെ ട്രെയിലർ. എന്നാൽ, ‘കുരുതി’ വെറുമൊരു ക്രൈം ത്രില്ലർ മാത്രമല്ല, അതിലുമപ്പുറം ആഴവും പരപ്പുമുള്ള, സാമൂഹികപ്രസക്തിയുള്ളൊരു വിഷയത്തെ ധീരമായി സമീപിക്കുകയാണ് ചിത്രം. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ പിടിച്ചിരുത്തി കൊണ്ടാണ് ‘കുരുതി’യുടെ പ്രയാണം.
ഉൾകാടിനോട് അടുത്തുകിടക്കുന്ന ഒരു മലയോരപ്രദേശത്താണ് ഇബ്രാഹിമിന്റെ താമസം. തികഞ്ഞ വിശ്വാസിയാണ് ആ ചെറുപ്പക്കാരൻ. സഹജീവികളോട് കരുണയും ദയയുമുള്ള ദീനിയായ മനുഷ്യൻ. പ്രായാധിക്യത്താൽ ആരോഗ്യപ്രശ്നങ്ങളുള്ള പിതാവും സഹോദരനുമാണ് അയാൾക്ക് കൂട്ട്. ഒരു ഉരുൾപ്പൊട്ടലിൽ അയാൾക്ക് മകളെയും ഭാര്യയേയും നഷ്ടപ്പെട്ടതാണ്. ഉണങ്ങാത്ത മുറിവുകളും ഉള്ളിൽ കനക്കുന്ന നൊമ്പരവും ഇബ്രാഹിമിനെ മാത്രമല്ല, അയാളുടെ പ്രായമായ പിതാവിനെയും സഹോദരനെയും പൊതിഞ്ഞുനിൽപ്പുണ്ട്.
ശിഥിലമായി പോയ ആ കുടുംബത്തിലേക്ക്, ഒറ്റപ്പെട്ട തുരുത്തുപോലുള്ള വീട്ടിലേക്ക് ഒരു രാത്രി അപ്രതീക്ഷിതമായി രണ്ടുപേർ എത്തുകയാണ്. കൊലയാളിയായ ഒരു ചെറുപ്പക്കാരനും അയാളെ കൈവിലങ്ങുവെച്ച്, ശരീരത്തിൽ പരിക്കുകളുമായി ഒരു പൊലീസുകാരനും. പിൻതുടരുന്ന ശക്തനായൊരു ശത്രുവിൽ നിന്നും അഭയം തേടിയെത്തിയതാണ് അവർ. ആ അപരിചിതർക്ക് അഭയം കൊടുക്കാൻ ഇബ്രാഹിമും കുടുംബവും നിർബന്ധിതരാവുന്നിടത്തുനിന്നാണ് കുരുതിയുടെ കഥ ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് ഉദ്വോഗജനകമായ മുഹൂർത്തങ്ങളിലൂടെയും ചിന്തിപ്പിക്കുന്ന സംഭാഷണങ്ങളിലൂടെയുമാണ് ‘കുരുതി’ പ്രേക്ഷകരെ കൂടെ നടത്തുന്നത്. ‘കുരുതി’യുടെ ടാഗ് ലൈനിൽ പറയുന്നതു പോലെ, ‘കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ’ ഇതിനിടയിലെ സംഘട്ടനമാണ് ചിത്രം.
നവാഗതനായ മനു വാര്യർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥയാണ് കുരുതിയ്ക്ക് കരുത്ത് നൽകുന്നത്. മനുഷ്യത്വവും അവരുടെ ദൈന്യതകളും മതവും വിശ്വാസവും രാഷ്ട്രീയവും സാമുദായിക പ്രശ്നങ്ങളുമെല്ലാം ചിത്രം ചർച്ച ചെയ്യുന്നുണ്ട്. അനീഷ് പള്ള്യാലിന്റേതാണ് തിരക്കഥ. മതത്തിന്റെ, വെറുപ്പിന്റെ രാഷ്ട്രീയം ധീരമായി തുറന്നു കാട്ടുന്നുണ്ട് ചിത്രം. കുരുതിയെ സംബന്ധിച്ച് എടുത്തു പറയേണ്ട ഒരു കാര്യം, ചിത്രം ജഡ്ജ്മെന്റൽ ആവുന്നില്ല എന്നതാണ്. ശരി, തെറ്റ് എന്നിവ എത്രത്തോളം ആപേക്ഷികമാണെന്ന് ‘കുരുതി’ പറഞ്ഞുവയ്ക്കുന്നുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്സ് പോലും അതിനുദാഹരണമാണ്.

അഭിനേതാക്കളുടെ പ്രകടനമാണ് ചിത്രത്തിന്റെ കാതൽ. പൃഥ്വിരാജ്, റോഷന് മാത്യു, മുരളി ഗോപി, ഷൈന് ടോം ചാക്കോ, സ്രിന്ദ, മാമുക്കോയ, മണികണ്ഠന് രാജന്, നവാസ് വള്ളിക്കുന്ന്, സാഗര് സൂര്യ, നാസ്ലെന് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. പൃഥ്വിരാജും റോഷനും സ്രിന്ദയും മുരളി ഗോപിയുമൊക്കെ മത്സരിച്ച് അഭിനയിച്ചപ്പോൾ അത്ഭുതപ്പെടുത്തിയ മറ്റൊരു താരം മാമുക്കോയ ആണ്. ഏറെ നാളുകൾക്ക് ശേഷം മാമുക്കോയയ്ക്ക് ലഭിച്ച ഏറ്റവും കരുത്തുറ്റ കഥാപാത്രമാണ് മൂസ ഖാദർ. നായക പരിവേഷത്തോടെ നിൽക്കുമ്പോഴും ഇത്തരമൊരു കഥാപാത്രത്തെ ഏറ്റെടുക്കാനും ചിത്രം നിർമ്മിക്കാനും ധൈര്യം കാണിച്ച പൃഥ്വി പ്രത്യേകം അഭിനന്ദനമർഹിക്കുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
രാത്രിദൃശ്യങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് അഭിനന്ദൻ രാമാനുജം ആണ്. രാത്രിയുടെ വന്യതയും ഭീതിയും അനുഭവവേദ്യമാക്കുന്ന രീതിയിലാണ് കുരുതിയുടെ മേക്കിംഗ്. അഖിലേഷ് മോഹന്റെ എഡിറ്റിംഗും കഥാസന്ദർഭങ്ങളോട് ചേർന്നു നിൽക്കുന്ന ജേക്സ് ബിജോയുടെ പശ്ചാത്തലസംഗീതവും കൂടിയാവുമ്പോൾ ത്രില്ലിംഗ് ആയൊരു അനുഭവം തന്നെയാണ് ചിത്രം സമ്മാനിക്കുന്നത്. കണ്ടിരിക്കേണ്ട, കാലിക പ്രസക്തിയുള്ളൊരു ചിത്രം തന്നെയാണ് ‘കുരുതി’.
ഇനിയുമെത്ര ചോരപ്പുഴകൾ നീന്തികടന്നാലാണ് മതാന്ധകാരത്തിന്റെ ഇരുൾകാടുകളിൽ വെളിച്ചം വീശുക? കുരുതി കണ്ടു തീരുമ്പോൾ ശേഷിക്കുന്ന ചോദ്യമിതാണ്. ആ ചോദ്യത്തിനുത്തരം ലഭിക്കുന്ന കാലത്ത് ‘കുരുതി’ കളും രക്തച്ചൊരിച്ചിലുകളും അവസാനിക്കുമെന്ന് പ്രത്യാശിക്കാം.