/indian-express-malayalam/media/media_files/uploads/2018/12/Pretham-2-Movie-Review-Jayasurya.jpg)
Pretham 2 Movie Review in Malayalam: ക്രിസ്മസ് അവധിക്കാലത്ത് ഇറങ്ങിയ ചിത്രങ്ങളില്‍ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍, പ്രത്യേകിച്ച് കുടുംബ പ്രേക്ഷകര്‍ 'പ്രേതം 2' എന്ന ജയസൂര്യ ചിത്രത്തിനായി കാത്തിരുന്നത്. ആ പ്രതീക്ഷകള്‍ തന്നെയാണ് ആദ്യ ദിവസം തിയേറ്ററില്‍ കണ്ട തിരക്കിന്റെ അടിസ്ഥാനവും. 'പ്രേതം' 'ഫ്രാന്‍ചെയ്സി'യുടെ ഭാഗമായത് കാരണം ഇതൊരു ഹൊറര്‍ ചിത്രമാണ് എന്നും, അതീന്ദ്രിയമായ എന്തോ ഒരു ശക്തി ഉണ്ടാക്കുന്ന പ്രശ്നത്തെ ജയസൂര്യയുടെ കഥാപാത്രം മെന്റലിസ്റ്റ് ഡോണ്‍ ബോസ്കോ കണ്ടുപിടിച്ചു പരിഹരിക്കുന്നതുമാണ് പ്രമേയം എന്നുമൊക്കെയുള്ള മുന്നറിവുകളോടെയാണ് പ്രേക്ഷകര്‍ പ്രേതം രണ്ടാമനെ കാണാന്‍ എത്തിയതും. രണ്ടാം വരവില്‍ മെന്റലിസ്റ്റ് ജോണ്‍ ഡോണ്‍ ബോസ്‌കോയുടെ സഞ്ചാരം എന്തായിരിക്കും, പ്രേതം കാത്തുവച്ചിരിക്കുന്നത് എന്തൊക്കെയാണ് എന്നറിയാനുള്ള കൗതുകവും ആകാംക്ഷയുമാണ് ചിത്രത്തിന്റെ 'യു എസ് പി' എന്ന് വേണമെങ്കില്‍ പറയാം.
ഹൊറര്‍-പ്രേത സിനിമകള്‍ കഥാപാത്രങ്ങള്‍ എന്ന പോലെ തന്നെ പ്രധാനമാണ് സിനിമയുടെ, അല്ലെങ്കില്‍ കഥയുടെ ലൊക്കേഷന്‍. പരേതതാത്മാവ്, പ്രേതം, അല്ലെങ്കില്‍ അത് പോലെ ഏതെങ്കിലും അതീന്ദ്രിയ ശക്തിയ്ക്ക് വന്നു പാര്‍ക്കാന്‍ പറ്റിയ ഒരു കഥാപരിസമാവണം. 'പ്രേതം' ഒന്നാം ഭാഗത്തില്‍ അത് ഒരു റിസോര്‍ട്ടും പരിസരവുമാണെങ്കില്‍, 'പ്രേതം 2' ല്‍ അത് വരിക്കാശേരി മനയാണ്. വരിക്കാശേരി മനയില്‍ കായകല്പ ചികിത്സയ്‌ക്കെത്തിയതാണ് ജോണ്‍ ഡോണ്‍ ബോസ്‌കോ (ജയസൂര്യ). മനയിലേക്ക് ഷോര്‍ട്ട് ഫിലിം ചിത്രീകരണത്തിനായി എത്തുന്ന അഞ്ച് ഓണ്‍ലൈന്‍ സുഹൃത്തുക്കളിലൂടെയാണ് കഥയുടെ ആദ്യ ഭാഗം മുന്നോട്ടു പോകുന്നത്. ഇവര്‍ അഞ്ചുപേരും ഫെയ്‌സ്ബുക്കിലെ ഒരു സിനിമാ ഗ്രൂപ്പിലെ അംഗങ്ങളാണ്. രാമാനന്ദ് കളത്തിങ്കല്‍ (സിദ്ധാര്‍ത്ഥ് ശിവ), തപസ് മേനോന്‍ (അമിത് ചക്കാലയ്ക്കല്‍), ജോഫിന്‍ ടി ജോണ്‍ (ഡെയ്ന്‍ ഡേവിസ്), അനു തങ്കം പൗലോസ് (ദുല്‍ഗ കൃഷ്ണ), നിരഞ്ജന (സാനിയ ഇയപ്പന്‍) എന്നിവര്‍ ആദ്യമായി കണ്ടു മുട്ടുന്നത് വരിക്കാശേരി മനയില്‍ വച്ചാണ്. മനയില്‍ വച്ചുണ്ടാകുന്ന ചില അസ്വാഭവിക സംഭവങ്ങളിലൂടെയാണ് അവിടെ പ്രേത ബാധയുണ്ടെന്ന് തിരിച്ചറിയുന്നത്. പിന്നീട് ആ ആത്മാവിലേക്കും അതിന്റെ ഭൂതകാലത്തേക്കുമുള്ള ജോണിന്റേയും അഞ്ച് സുഹൃത്തുക്കളുടേയും യാത്രയാണ് 'പ്രേതം 2'.
Pretham 2 Movie Review in Malayalam: കൊട്ടാര സദൃശ്യമായ വരിക്കാശ്ശേരി മനയില്‍ അരങ്ങേറുന്ന ഈ പ്രേതകഥ മലയാളത്തിലെ എക്കാലത്തെയും വലിയ പ്രേതസിനിമയായ 'മണിച്ചിത്രത്താഴി'നെ ഓര്‍മ്മിപ്പിക്കുന്നത് സ്വാഭാവികം; ജയസൂര്യയുടെ മെന്റലിസ്റ്റ് ജോണ്‍ ഡോണ്‍ ബോസ്‌കോ, 'മണിച്ചിത്രത്താഴി'ല്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ഡോക്ടര്‍ സണ്ണിയെ ഓര്‍മ്മപ്പെടുത്തുന്നതും. അതുണ്ടെങ്കില്‍ കൂടി, ഒന്നാം ഭാഗത്തിലേതു പോലെ രണ്ടാം ഭാഗത്തിലും ജോണ്‍ എന്ന കഥാപാത്രത്തെ പക്വതയോടെ, കൈയ്യടക്കത്തോടെ അവതരിപ്പിക്കുന്നതില്‍ ജയസൂര്യ വിജയിച്ചു. നോട്ടത്തിലും ഭാവത്തിലും പോലും കഥാപാത്രത്തെ ഉള്‍ക്കൊണ്ടു കൊണ്ടുള്ള അദ്ദേഹത്തിന്റെ അഭിനയം ശ്രദ്ധേയമാണ്.
ചിത്രത്തില്‍ ചൂണ്ടിക്കാണിക്കാവുന്ന പോസിറ്റീവ് ഘടകവും ജയസൂര്യയുടെ പ്രകടനം തന്നെയാണ്. അതിനപ്പുറത്തേക്ക് എടുത്തു പറയാന്‍ ഒരു കഥയോ ശക്തമായൊരു തിരക്കഥയോ 'പ്രേതം 2' നില്ല. വരിക്കാശേരി മനയുടേയും അവിടുത്തെ കുളക്കടവിന്റേയും സൗന്ദര്യം പകര്‍ത്തുക എന്നതാണ് ചിത്രത്തിന്റെ പ്രധാന ഉദ്ദേശ്യം എന്നു പോലും ഒരു ഘട്ടത്തില്‍ തോന്നിയേക്കാം.
പ്രേതമെന്നത് പേരില്‍ മാത്രം ഒതുങ്ങിപ്പോകുന്ന ദയനീയാവസ്ഥയാണ് പിന്നീട്. മെന്റലിസവും ഹൊററും സൈബര്‍ ക്രൈമും ചേര്‍ത്തിണക്കി സിനിമ ഒരുക്കാനുള്ള ശ്രമം പലപ്പോളും പാളിപ്പോകുന്നതായും അനുഭവപ്പെടാം. 'പ്രേതം 2' ഒരു ഹൊറര്‍ ചിത്രമാണെന്ന് തെളിയിക്കാനായി സംവിധായകന്‍ നന്നേ കഷ്ടപ്പെട്ടിട്ടുണ്ട്.
Pretham 2 Movie Review in Malayalam: വിഷ്ണു നാരായണനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. കുളക്കടവിലേക്കുള്ള വഴികളില്‍ മാത്രമാണ് നിഗൂഢതയെ പകര്‍ത്താനുള്ള അവസരം ക്യാമറാമാന് ലഭിച്ചത് എങ്കിലും ഉള്ളത് ഭംഗിയായി പകര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. വി. സാജന്റേതാണ് എഡിറ്റിങ്. ലക്ഷ്യമില്ലാതെ പോകുന്ന ഒരു തിരക്കഥയ്ക്ക് 2 മണിക്കൂര്‍ 13 മിനിട്ട് എന്നത് ഒരല്പം നീളക്കൂടുതല്‍ തന്നെയാണ്. മധുസൂദനന്‍ ആനന്ദിന്റേതാണ് സംഗീതം. ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന് വേണ്ട വിധത്തില്‍ അല്പം ഞെട്ടിക്കുന്ന തരത്തില്‍ തന്നെ പശ്ചാത്തല സംഗീതം ഒരുക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.
സിദ്ധാര്‍ത്ഥ് ശിവയുടേയും ഡെയ്ന്‍ ഡേവിസിന്റെയും കഥാപാത്രങ്ങളുടെ സെന്‍സ് ഓഫ് ഹ്യൂമര്‍ പലപ്പോളും കണ്ടിരിക്കുന്നവരെ ചെറുതല്ലാത്ത രീതിയില്‍ ബോറടിപ്പിക്കാന്‍ സാധ്യതയുണ്ട്. അനാവശ്യമായി തുടക്കം മുതല്‍ ഒടുക്കം വരെ കുത്തി നിറച്ച മോഹന്‍ലാല്‍ ഡയലോഗുകള്‍ വല്ലാതെ അരോചകമായി അനുഭവപ്പെടും.
'പുണ്യാളന്‍ അഗര്‍ബത്തീസ്' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം മുതലാണ് രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിച്ചുള്ള സിനിമാ കൂട്ട് ആരംഭിച്ചത്. പിന്നീട് 'സു സു സുധി വാത്മീകം', 'ഞാന്‍ മേരിക്കുട്ടി' എന്നിങ്ങനെയുള്ള ചിത്രങ്ങളും ഈ കൂട്ടുകെട്ടില്‍ പിറന്നു. ഇതില്‍ പുണ്യാളനും, പ്രേതത്തിനുമാണ് രണ്ടാം ഭാഗം വന്നത്. പുണ്യാളന്റെ ആദ്യ ഭാഗത്തോട് നീതി പുലര്‍ത്താന്‍ രണ്ടാം ഭാഗത്തിന് സാധിച്ചില്ലെന്നതു പോലെ പ്രേതവും രണ്ടാം ഭാഗത്തിലേക്കെത്തിയപ്പോള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല. എങ്കിലും അവധിക്കാല ആഘോഷങ്ങള്‍ക്കിടയില്‍ ഒരു 'ജയസൂര്യ ചിത്രം' കണ്ടേക്കാം എന്ന് കരുതി തിയേറ്ററില്‍ കയറുന്നവര്‍ക്ക് ഒരു ടൈം പാസ് എന്ന നിലയില്‍ കണ്ടിരിക്കാം, പ്രേതം രണ്ടാമനെ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.