Manju Warrier Starrer Prathi Poovankozhi Movie Review and Rating: ഉണ്ണി ആറിന്‍റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ്സ് സംവിധാനം ചെയ്ത ‘പ്രതി പൂവന്‍കോഴി’ തിയേറ്ററുകളിലെത്തി. ഉണ്ണി ആറിന്‍റെ തന്നെ നോവലിനെ ആധാരമാക്കി മറ്റൊരു കഥ പറയുകയാണ് സിനിമ. മഞ്ജു വാര്യരുടെ അഭിനയ മികവു കൊണ്ടും റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാന മികവു കൊണ്ടും ‘പ്രതി പൂവന്‍കോഴി’ മികച്ച ഒരനുഭവമായി മാറുന്നു.
യൂ ട്യൂബ് ട്രന്‍ഡിങ്ങ് ലിസ്റ്റില്‍ ചിത്രത്തിന്‍റെ ട്രൈലര്‍ ഒന്നാം സ്ഥാനത്തായിരുന്നു. ക്രിസ്തുമസ്സ് റിലീസ്സുകളില്‍ ഒരുപക്ഷേ ഒരു വന്‍ ഹിറ്റിലേക്ക് നീങ്ങാന്‍ പോകുന്ന ചലച്ചിത്രമെന്ന പ്രതീതി ആദ്യ ദിവസം തന്നെ സൃഷ്ടിക്കാന്‍ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്. ജി ബാലമുരുകന്‍റെ ഛായാഗ്രഹണ മികവാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. ഓരോ ഫ്രൈമിലും ആകാംക്ഷയും ഉദ്വേഗജനകമായ ആവിഷ്കാര സാധ്യതകളും ബാല മുരുകന്‍റെ ക്യാമറ പകര്‍ത്തുന്നുണ്ട്. ഒരു ത്രില്ലര്‍ സ്വഭാവത്തിലൂടെയാണ് ആ വഴിക്കുള്ള ചലച്ചിത്രത്തിന്‍റെ സഞ്ചാരം. ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഗോപീ സുന്ദറാണ്.
Reads Here: ഒരു ഒന്നൊന്നര വില്ലൻ: ‘പ്രതി പൂവൻകോഴി’ യിലെ കഥാപാത്രത്തെക്കുറിച്ച് റോഷൻ ആൻഡ്രൂസ്
റോഷന്‍ ആന്‍ഡ്രൂസ്സ് വില്ലന്‍ വേഷത്തില്‍ എത്തുമ്പോള്‍
‘പ്രതി പൂവന്‍കോഴി’യിലെ ഒരു സസ്പെന്‍സ്, സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസ്സ് തന്നെ ആന്റ്റപ്പന്‍ എന്ന വില്ലന്‍ കഥാ പാത്രമായി ക്യാമറക്ക് മുന്നിലെത്തുന്നു എന്നതാണ്. സംവിധാനത്തില്‍ മാത്രമല്ല അഭിനയത്തിന് വലിയൊരു സാധ്യത തുറന്നിടുന്ന ആന്റപ്പന്‍ എന്ന കഥാപാത്രത്തിലൂടെ എന്ന കഥാപാത്രത്തിലൂടെ നല്ലൊരു നടൻ കൂടിയാണെന്ന് റോഷന്‍ ആന്‍ഡ്രൂസ്സ് തെളിയിക്കുന്നുണ്ട് .
പ്രതി ‘പൂവന്‍കോഴി’ എന്ന സ്ത്രീപക്ഷ സിനിമ
ഇന്ത്യയിലെ പൊതു സാഹചര്യത്തില്‍ നിന്നും ‘പ്രതി പൂവന്‍കോഴി’യെ വിലയിരുത്താന്‍ കഴിയും. തെരുവുകളിലും ബസ്സുകളിലും എന്തിനു സ്വന്തം സുരക്ഷിത സ്ഥാനങ്ങളില്‍ വരെ സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന അരക്ഷിതാവസ്ഥയുടെ ഒരാവിഷ്ക്കാരം ചലച്ചിത്രത്തിലുണ്ട്. ജീവിതത്തില്‍ ഒരു സ്ത്രീയെങ്കിലും ഇത്തരം ഭയപ്പെടുത്തുന്ന ഒരവസ്ഥയിലൂടെ കടന്നു പോകാത്തതായി ഉണ്ടാകില്ല. ഇന്‍ഡ്യന്‍ സമൂഹം അത്രയധികം ആഴത്തില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു കാലഘട്ടത്തില്‍ ‘പ്രതി പൂവന്‍കോഴി’യിലെ സമാനാവിഷ്കാരങ്ങള്‍ പ്രചോദനങ്ങളാണ്. ഇത്തരത്തിലുള്ള സ്ത്രീപക്ഷ സിനിമകള്‍ പൊതുവേ കുറവായ കേരളത്തില്‍ തീര്‍ച്ചയായും സ്ത്രീ ശാക്തീകരണത്തിന്‍റെ പങ്കു പറ്റുന്ന ഇത്തരം പുതു സിനിമകള്‍ പ്രതീക്ഷയാണ്.
‘പ്രതി പൂവന്‍കോഴി’യിലെ സ്ത്രീ ജീവിതം
ഒരു തുണിക്കടയിലെ തൂപ്പുകാരിയായ ഷീബ, റോസ്സമ്മ. മാധുരി എന്നിവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന പുരുഷന്മാര്‍ അവരുടെ ജീവിതത്തില്‍ തന്നെയുണ്ടാക്കുന്ന മാറ്റങ്ങളാണ് സിനിമയുടെ അടിസ്ഥാനം. ആ ജീവിതത്തില്‍ നിന്നും പുതിയ കഥകളും കഥാ പരിസരങ്ങളും ഉണ്ടാകുന്നു. സിനിമ അങ്ങനെയാണ് മുന്നോട്ട് പോകുന്നത്. മാധുരിയായി മഞ്ജു വാര്യരും ഷീബയായി ഗ്രേസ്സ് ആന്‍റണിയും റോസമ്മയായി അനുശ്രീയും വേഷമിടുന്നു. മൂന്നു സ്ത്രീകളും മികച്ച അഭിനയമാണ് കാഴ്ചവയ്ക്കുന്നത്. സിനിമയിലെ വില്ലനായ ആന്റപ്പനെക്കൂടാതെ മറ്റു പുരുഷ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് സൈജുക്കുറുപ്പും അലന്‍സിയറുമാണ്.
Read Here: സ്ത്രീകൾ ജന്മനാ കരുത്തർ, ‘പ്രതി പൂവൻകോഴി’യിലെ കഥാപാത്രങ്ങളും: ഉണ്ണി ആർ
കരുത്തുള്ള സ്ത്രീകള്‍
സമൂഹം നിര്‍മിച്ച കപടമൂല്യങ്ങളില്‍ തൂങ്ങിയാടുന്ന സ്ത്രീകളുടെ ജീവിതത്തെയും അവരുടെ പ്രതിരോധത്തെയും സംവിധായകന്‍ തുറന്നു കാണിക്കുന്നുണ്ട്. മാധുരിയെപ്പോലുള്ള സ്ത്രീ കഥാപാത്രങ്ങളിലൂടെ സമൂഹത്തിന്‍റെ എല്ലാ യാഥാസ്ഥിതികത്വങ്ങള്‍ക്കും അപ്പുറം തങ്ങളുടെ കരുത്ത് പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ്. അവരതില്‍ വിജയിക്കുന്നുമുണ്ട്. കാലം ഈ യാഥാസ്ഥിതിക ചുറ്റുപാടുകളെ തകര്‍ക്കുന്നുവെന്ന് നമുക്ക് കാണാം. ഒരു തൊഴില്‍ സമൂഹം വ്യാപിക്കാന്‍ തുടങ്ങിയതോടെ ഗ്രാമങ്ങളിലും നഗരങ്ങളിലും സ്ത്രീകള്‍ അവരുടെ പാത സ്വയം വെട്ടിത്തെളിച്ച് മുന്നേറാന്‍ തുടങ്ങി. അതിനെ തകര്‍ക്കാന്‍ ഒരാണ്‍ വ്യവസ്ഥയുടെ കൈകടത്തല്‍ പലപ്പോഴായി ഉണ്ടായെങ്കിലും അതിനെ സമര്‍ത്ഥമായി ചെറുക്കാന്‍ സ്ത്രീകള്‍ക്ക് കഴിഞ്ഞു എന്നതാണ് ചരിത്രം. സിനിമയിലെ മൂന്നു സ്ത്രീകളും സാമ്പത്തികമായി കൈവരിച്ച സ്വാതന്ത്ര്യം അവര്‍ക്ക് സ്വയം പ്രതിരോധിക്കാനുള്ള ഒരു മാര്‍ഗ്ഗം ഉണ്ടാക്കിക്കൊടുക്കുന്നുണ്ട്.
കോഴി എന്ന ബിംബം
ഒരു പൂവന്‍ കോഴിയുടെ ഐഡന്‍റിറ്റി അതിന്‍റെ ജൈവിക സ്വഭാവമാണ്. ഒരുതരം വന്യമായ വേട്ടയാടല്‍ സ്വഭാവം അതിനുണ്ട്. മറ്റെല്ലാത്തിനെയും അപേക്ഷിച്ച് ഒരു പൂവന്‍ കോഴിയില്‍ കേന്ദ്രീകൃതമായ അധികാര വിവക്ഷകളുടെ പരിധി മനുഷ്യ സമൂഹത്തില്‍ ആണ്‍ മേല്‍ക്കോയ്മയോട് ചേര്‍ത്തു വായിക്കാന്‍ സാധിയ്ക്കും. പിടക്കോഴിക്ക് സാധ്യമല്ല എന്നു കരുതുന്ന അനവധി അധികാര സാധ്യതകളാണ് പൂവന്‍ കോഴികള്‍ക്ക് നല്കിയിരിക്കുന്നത്. പോരടിക്കുന്ന കോഴികളില്‍ പോലും അതുണ്ട്. ആനകളില്‍ മാത്രമാണെന്ന് തോന്നുന്നു മറ്റൊരു കാഴ്ച ഇതേ രീതിയില്‍ കാണാന്‍ സാധിക്കുന്നത്. ഒരു പൂവന്‍ കോഴിയുടെ സ്വത്വ ബോധത്തിനും രാഷ്ട്രീയത്തിനും മേല്‍ മനുഷ്യസമൂഹത്തെ വലിച്ചു നീട്ടി പരിശോധിച്ചാല്‍ ആ മൃഗീയ വാസന അബോധതലത്തില്‍പ്പോലും ഒളിഞ്ഞിരിക്കുന്നതായി കാണാന്‍ സാധിയ്ക്കും.
ചിക്കിയും ചികഞ്ഞും ജീവിക്കുന്ന പെണ്‍ കോഴികള്‍ക്ക് കാവല്‍ നില്‍ക്കുന്ന മറ്റെന്തിനെയും പ്രതിരോധിക്കുന്ന ജാഗ്രതയില്‍ പോലും പെണ്ണിനെ അതിഭീകരമായി ലൈംഗിക ആസക്തിയോടെ വീണ്ടും വീണ്ടും പീഡിപ്പിക്കുന്ന ഒരു സ്വത്വഗുണവും പൂവന്‍ കോഴിയില്‍ കാണാം. അതു കൊണ്ടു തന്നെയാണ് ഈ ബിംബം മറ്റു സകല ബിംബങ്ങളുടെയും മേല്‍ ചേര്‍ക്കാനും സ്ത്രീപക്ഷരാഷ്ട്രീയവുമായി ചേര്‍ത്തു വായിക്കാനും കഴിയുന്നത്. ഈ സിനിമ പറയാതെ പറയുന്നതും അതു തന്നെയാണ്.