Pranaya Vilasam Movie Review & Rating: കവിയും എഴുത്തുകാരനുമായ കൽപ്പറ്റ നാരായണൻ ഒരിക്കൽ പ്രണയത്തെ കുറിച്ച് പറഞ്ഞ മനോഹരമായ ആ വാക്യം ഏതാണ്ടിങ്ങനെയാണ്, “എന്തുകണ്ടിട്ടാണ് നീ അവളെ പ്രേമിച്ചത് എന്നു ചിലർ ചോദിക്കും. അതിനു കാരണം നമ്മൾ മാത്രം അവളെ കണ്ടൊരു കാഴ്ചയുണ്ട് എന്നതാണ്. ഈ കാഴ്ച തന്നെയാണ് പ്രണയിനിയെ സന്തോഷിപ്പിക്കുന്ന കാര്യവും. മറ്റൊരാളുടെ മുന്നിലുമല്ലാത്തൊരു ഞാൻ, ഇതാ പ്രണയസന്ദർഭത്തിൽ ഉണ്ടായിരിക്കുന്നു. മറ്റൊരാളുടെ കണ്ണിലും നാം ആ വിധം പ്രത്യക്ഷപ്പെടുകയുമില്ല. അതുകൊണ്ടാണ് പ്രണയിനികൾക്കിത്രമാത്രം ഉല്ലാസം ഉണ്ടാവുന്നത്.” ആ വാക്കുകളുടെ സ്വത്വത്തെ ആത്മാവിലേറ്റുന്ന ചിത്രമാണ് നിഖിൽ മുരളി സംവിധാനം ചെയ്ത ‘പ്രണയവിലാസം’.
എല്ലാറ്റിനും സൗന്ദര്യം കൂട്ടുന്ന, ജീവിതത്തിനു പുതിയ ഉണർവ്വേകുന്ന പ്രണയത്തെ കുറിച്ചു തന്നെയാണ് ‘പ്രണയവിലാസ’വും പറയുന്നത്. പക്ഷേ നായികയുടെയും നായകന്റെയും മാത്രം പ്രണയത്തിലേക്കല്ല സംവിധായകൻ ഫോക്കസ് ചെയ്യുന്നത്. പല കാലങ്ങളിൽ, പല കഥാപാത്രങ്ങളിലൂടെ, പ്രണയത്തിന്റെ വിവിധ തലങ്ങളിലേക്ക് ആണ് ‘പ്രണയവിലാസം’ പ്രേക്ഷകരെ കൂട്ടികൊണ്ടുപോവുന്നത്.
അത്യാവശ്യം വായ്നോട്ടമൊക്കെയായി നടക്കുന്ന ചെറുപ്പക്കാരനാണ് സൂരജ്. വില്ലേജ് ഓഫീസറായ രാജീവിന്റെയും വീട്ടമ്മയായ അനുവിന്റെയും ഏക മകൻ. കോളേജിലെ ആസ്ഥാന ഗായകനായ സൂരജിന് ഒരു ഗേൾഫ്രണ്ടുമുണ്ട്. അതിനിടയിൽ അച്ഛൻ രാജീവ് തന്റെ ആദ്യപ്രണയത്തിലെ നായികയെ വീണ്ടും കണ്ടുമുട്ടുകയാണ്. രാജീവനെന്ന മധ്യവയസ്കനെ മനസ്സുകൊണ്ട് മകനോളം തന്നെ ചെറുപ്പമാക്കി മാറ്റുകയാണ് ആ പ്രണയം. പരസ്പരം വലിയ അടുപ്പമൊന്നും പ്രകടിപ്പിക്കാത്ത, വാശിയ്ക്ക് ഒരു കുറവുമില്ലാത്ത അച്ഛനും മകനും അടിമുടി പ്രണയത്തിൽ കുളിച്ചു നിൽക്കുന്ന ആ വീട്ടിൽ തന്റേതായ സന്തോഷങ്ങളുമായി അമ്മ അനുവും ജീവിതം തള്ളിനീക്കുന്നുണ്ട്. അതിനിടയിൽ സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങൾ സൂരജിനെയും രാജീവിനെയും ഒന്നുലയ്ക്കുന്നു. കോമഡി ട്രാക്കിൽ മുന്നോട്ടു പോയികൊണ്ടിരുന്ന ചിത്രം വൈകാരികമായി പ്രേക്ഷകരുമായി കണക്റ്റായി തുടങ്ങുന്നതും അവിടം മുതലാണ്.
അച്ഛനും മകനുമായി തകർക്കുകയാണ് മനോജ് കെ യുവും അർജുൻ അശോകനും. രണ്ടാം പകുതിയെ മുന്നോട്ട് നയിക്കുന്നതിൽ ഇവർ തമ്മിലുള്ള കെമിസ്ട്രി ഏറെ ഗുണം ചെയ്തിട്ടുണ്ട്. ശ്രീധന്യ, അനശ്വര രാജൻ, മമിത ബൈജു, മിയ, ഹക്കീം ഷാ, ശരത് സഭ, ഉണ്ണിമായ നാലപ്പാടം എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ചിട്ടുണ്ട്.
ജ്യോതിഷ് എം,സുനു എ വി എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ ട്വിസ്റ്റുകളിലൂടെയാണ് സഞ്ചരിക്കുന്നത്. ഇന്റർവെല്ലിനോട് അനുബന്ധിച്ചുവരുന്ന ട്വിസ്റ്റ് ഇതുമൊത്തം പ്രണയമാണല്ലോ എന്നൊരു മുഷിച്ചിൽ തോന്നിപ്പിക്കുമെങ്കിലും രണ്ടാം ഭാഗത്തെ കയ്യടക്കത്തോടെ സമീപിച്ച് ചിത്രത്തിന്റെ രസച്ചരട് വീണ്ടെടുക്കുന്നുണ്ട് തിരക്കഥാകൃത്തുകൾ. വളരെ സൂക്ഷ്മതയോടെ ചിത്രം പറഞ്ഞുപോവുന്ന ചില കാര്യങ്ങൾ ബന്ധങ്ങളെ ‘ടേക്കൺ ഫോർ ഗ്രാന്റഡായി’ എടുക്കുന്നതിലെ പ്രശ്നങ്ങളെയും വിവാഹേതര ബന്ധങ്ങൾ, സ്ത്രീകളുടെ പ്രണയം എന്നിവയെ സമൂഹം നോക്കി കാണുന്നതിലെ ഇരട്ടത്താപ്പിനെയും തുറന്നു കാണിക്കുന്നുണ്ട്.
സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ഷിനോസ് ആണ്. ഒരു പ്രണയചിത്രത്തിനു യോജിക്കുന്ന രീതിയിൽ നിറപ്പകിട്ടേറിയതാണ് ഓരോ ഫ്രെയിമുകളും. ബിനു നെപ്പോളിയനാണ് എഡിറ്റിംഗ് നിർവ്വഹിച്ചത്. ചിത്രത്തിലെ പാട്ടുകളാണ് എടുത്തുപറയേണ്ട മറ്റൊരു ഘടകം. സുഹൈല്‍ കോയ, മനു മഞ്ജിത്, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ ആണ് സംഗീതം നൽകിയിരിക്കുന്നത്. മനസ്സു തൊടുന്ന ഗാനങ്ങളാൽ സമ്പന്നമാണ് ചിത്രം. ‘അനുരാഗ കരിക്കിൻ വെള്ള’മൊക്കെ പകർന്ന ആ വൈബിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവാൻ പ്രണയവിലാസത്തിനു സാധിക്കുന്നുണ്ട്.
സമീപകാലത്ത് മലയാളത്തിലുണ്ടായ പ്രണയചിത്രങ്ങളുടെ കൂട്ടത്തിൽ വേറിട്ടുനിൽക്കും പ്രണയവിലാസം എന്നതിൽ തർക്കമില്ല. കാരണം, ചിത്രത്തിന്റെ വേറിട്ട ട്രീറ്റ്‌മെന്റ് തന്നെ. ഇടയ്ക്ക് ചിരിപ്പിച്ചും മനസ്സു തൊടുന്ന മുഹൂർത്തങ്ങൾ സമ്മാനിച്ചും പ്രേക്ഷകരുടെ ഇഷ്ടം കവരാൻ ചിത്രത്തിനു കഴിയുന്നുണ്ട്. മനസ്സിലിപ്പോഴും കെടാത്ത പ്രണയം സൂക്ഷിക്കുന്നവർക്കുള്ളിൽ ചിത്രം കണ്ടിറങ്ങിയാലും പ്രണയമഴ പെയ്തുകൊണ്ടേയിരിക്കും. മറ്റാരും കാണാത്ത അഴകിൽ നിങ്ങളെ കണ്ട, ആഴത്തിൽ മനസ്സു തൊട്ട ആ പ്രണയിതാവിന്റെ ഓർമകളിലേക്ക് ‘പ്രണയവിലാസം’ നിങ്ങളെ കൂട്ടികൊണ്ടുപോവും.