scorecardresearch
Latest News

Pranaya Meenukalude Kadal Movie Review: കേട്ടു മടുത്ത കഥ, മികച്ച ദൃശ്യാനുഭവം: ‘പ്രണയമീനുകളുടെ കടൽ’ റിവ്യൂ

Vinayakan Starrer Pranaya Meenukalude Kadal Movie Review: സ്രാവ് വേട്ടക്കാരൻ ഹൈദരായിട്ടാണ് വിനായകന്‍ എത്തുന്നത്‌. ബീവാത്തുമ്മയുടെ വിശ്വസ്തനാണ് ഹൈദർ – സംവിധായകന്റെ ഭാഷയിൽ പറഞ്ഞാല്‍ ബീവാത്തുമ്മയുടെ അനുസരണയുള്ള പൂച്ച

പ്രണയമീനുകളുടെ കടൽ, പ്രണയമീനുകളുടെ കടൽ റിവ്യൂ, പ്രണയമീനുകളുടെ കടൽ വിനായകന്‍, pranayameenukalude kadal, vinayakan, pranayameenukalude kadal review, pranayameenukalude kadal movie review, pranayameenukalude kadal film review

Vinayakan Starrer Pranaya Meenukalude Kadal Movie Review: മലയാളത്തിലെ പരിചയസമ്പന്നനായ സംവിധായകന്മാരില്‍ ഒരാളായ കമലിന്റെ ഏറ്റവും പുതിയ ചിത്രമായ ‘പ്രണയമീനുകളുടെ കടൽ’ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു പ്രണയ ചിത്രമാണ്. ‘അനാർക്കലി’, ‘മോസയിലെ കുതിരമീനുകൾ’ എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാള സിനിമ വീണ്ടും ഒരിക്കല്‍ കൂടി ലക്ഷദ്വീപിന്റെ പശ്ചാത്തലത്തില്‍ നിന്നും ഒരു കഥ പറയുന്നു.

ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയില്‍, തകർന്നു കിടക്കുന്ന ഒരു ഉരു നന്നാക്കിയെടുക്കാനായി കോഴിക്കോട് ബേപ്പൂരിൽ നിന്ന് ഒരു സംഘം കപ്പൽ പണിക്കാർ എത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം. ആ കൂട്ടത്തിലുള്ള അജ്മൽ എന്ന ചെറുപ്പക്കാരന് കവരത്തിയിലെ മുസ്ലിം തറവാട്ടുകാരായ അറക്കൽ കുടുംബത്തിലെ ഇളയ സന്തതിയായ ജാസ്മിനോട് ഉണ്ടാവുന്ന പ്രണയവും അനന്തര സംഭവങ്ങളുമാണ് സിനിമയുടെ കാതൽ.

 

Pranaya Meenukalude Kadal Movie Story line: കവരത്തിയുടെ കഥ

അറക്കൽ തറവാട്ടിലെ അധികാര സ്ഥാനം പേറുന്ന ബീവാത്തുമ്മയുടെ പേരക്കുട്ടിയാണ് ജാസ്മിൻ. ബീവാത്തുമ്മയുടെയും അവരുടെ മകൾ സുൽഫത്തിന്റെയും പ്രണയനഷ്ടത്തിന്റെ ഭാരം പേറുന്ന ജാസ്മിന് ദ്വീപ് വിട്ടു പുറത്തു പോവാനുള്ള അനുവാദമില്ല. ദ്വീപിലെ അതിസാഹസികനായ സ്രാവ് വേട്ടക്കാരൻ ഹൈദരായിട്ടാണ് വിനായകന്‍ എത്തുന്നത്‌. ബീവാത്തുമ്മയുടെ വിശ്വസ്തനാണ് ഹൈദർ – സംവിധായകന്റെ ഭാഷയിൽ പറഞ്ഞാല്‍ ബീവാത്തുമ്മയുടെ അനുസരണയുള്ള പൂച്ച.

ദ്വീപിൽ ഉരുപ്പണിക്ക് വരുന്ന അജ്മൽ ആദ്യകാഴ്ചയിൽ തന്നെ ജാസ്മിനുമായി പ്രണയത്തിലാകുന്നു. എന്നാല്‍ ഈ പ്രണയസാഫല്യം ജാസ്മിനെ ദ്വീപിനു പുറത്തേക്കു പോകാന്‍ ഇടയാക്കും എന്ന കാരണത്താല്‍ ജാസ്മിന്‍-അജ്മല്‍ പ്രണയത്തെ ബീവാത്തുമ്മ എതിര്‍ക്കുന്നു.  പ്രണയമീനുകളുടെ കടലില്‍ ഗതി മാറി ഒഴുകുന്നത്‌ ഇവിടം മുതലാണ്.

പുതുമകള്‍ ഒന്നും തന്നെ പ്രത്യേകിച്ച് എടുത്ത് പറയാന്‍ ഇല്ലാത്ത, നമ്മള്‍ കണ്ടു പരിചയിച്ച പ്രണയസന്ദര്‍ഭങ്ങളില്‍ കൂടി തന്നെയാണ് ഇവരുടെ പ്രണയവും പറയപ്പെടുന്നത്‌. അനുവാദമില്ലാതെ തന്നെ കടന്നു പിടിച്ചു ചുംബിക്കുന്ന നായകനെ പ്രണയിക്കുന്ന പഴഞ്ച നായികാസങ്കൽപ്പമൊക്കെ തീര്‍ത്തും മുഷിപ്പിക്കുന്നതാണ്.

Image may contain: 2 people, people smiling, text

Pranaya Meenukalude Kadal Movie Review: കേട്ടു മടുത്ത കഥ, മികച്ച ദൃശ്യാനുഭവം

ലക്ഷദ്വീപ് എന്ന പ്രദേശത്തിന്റെ ഒരു സ്വഭാവം അല്ലെങ്കില്‍ ‘character’ വരച്ചു കാട്ടുന്നതില്‍ സിനിമ വിജയിച്ചിട്ടുണ്ട്. ആ പ്രദേശത്തെ ഭാഷാരീതിയും, സംസ്കാരവും, ഭക്ഷണരീതിയുമെല്ലാം അവതരിപ്പിക്കുന്നതിൽ സംവിധായകൻ ഒരു വലിയ പരിധി വരെ വിജയിച്ചിട്ടുണ്ട് എന്ന് കാണാം.

എന്നാൽ പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത പ്രമേയവും, കണ്ടുമടുത്ത പ്രണയ കാഴ്ചകളും പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഉള്‍ക്കടലിന്റെ ആഴങ്ങൾ ചിത്രീകരിക്കുന്ന രംഗങ്ങളും, ദ്വീപിന്റെ ഏരിയൽ ഷോർട്സുമെല്ലാം മികച്ച ദൃശ്യാനുഭവങ്ങൾ തന്നെയായിരുന്നു. സിനിമയുടെ ക്യാമറ ചലിപ്പിച്ച വിഷ്ണു പണിക്കർ പ്രേത്യക അഭിനന്ദനം അറിയിക്കുന്നു.

അജ്മലായി അഭിനയിച്ച പുതുമുഖം ഗബ്രി ജോസ് സാമന്യം നല്ല പ്രകടനം കാഴ്ച വെച്ചു. ആദ്യമായി മലയാളത്തിൽ അഭിനയിച്ച റിഥി കുമാറും തന്റെ കഥാപാത്രത്തെ പരിക്കുകൾ ഇല്ലാതെ അഭിനയിച്ചു ഫലിപ്പിച്ചു. ബീവാത്തുമ്മയുടെ കഥാപാത്രം ചെയ്ത പദ്മാവതി റാവോയുടേത് മികച്ച സ്ക്രീൻ പ്രെസെൻസ് ആയിരുന്നു. അധികം ആഴമില്ലാത്ത ഒരു കഥാപാത്രമായിരുന്നിട്ടു കൂടി വിനായകൻ തന്റെ അഭിനയ ശൈലി കൊണ്ട് ഹൈദർ എന്ന കഥാപാത്രത്തെ വേറിട്ടതാക്കി. ദിലീഷ് പോത്തനും അൻസാരി എന്ന തന്റെ കഥാപാത്രത്തോട് നീതി പുലർത്തുന്നുണ്ട്.

 

പുരോഗനപരമായ മാറ്റങ്ങൾ ഉൾക്കൊണ്ട് പഴമയുടെ കാഴ്ച ശീലങ്ങളിൽ നിന്നും മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് മലയാള സിനിമ ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അങ്ങനെയുള്ള ഈ അവസരത്തിൽ കണ്ടും കേട്ടും തേഞ്ഞ ഒരു കഥ, ദൃശ്യപരമായി മികച്ച അവതരണം ആണെങ്കില്‍ കൂടി, പ്രേക്ഷകരുടെ മനസ്സില്‍ പതിയുമോ എന്ന് വരും ദിവസങ്ങളിൽ അറിയാം.

വിനായകന്റെ കഥാപാത്രത്തെ കറുത്ത മുത്തായും, അനുസരണയുള്ള പൂച്ചയായും, പട്ടിയുമായുമൊക്കെ സിനിമയിൽ പല തവണ റഫര്‍ ചെയ്യപ്പെടുന്നുണ്ട്. വിനായകൻ ഒരു അഭിമുഖത്തിൽ അദ്ദേഹത്തിന്റെ ഐഡന്റിറ്റിയിൽ നിന്നു കൊണ്ട് മലയാളസിനിമയിൽ സൂപ്പർ താരപദവി ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിലാണെന്നു പറഞ്ഞതായി ഓർക്കുന്നു, അങ്ങനെയുള്ള ശ്രമങ്ങൾക്ക് നേരെയുള്ള ഒരു തിരിച്ചടിയാവും ഇതു പോലെയുള്ള കഥാപാത്രങ്ങൾ എന്ന ഒരു തോന്നലും സിനിമ കണ്ടിറങ്ങുമ്പോള്‍ ബാക്കിയാകും.

Read Here: Asuran Movie Review: ജാതി ജീവനും കൊണ്ടോടിക്കുമ്പോള്‍ തിരിച്ചടിക്കുന്ന ‘അസുരന്‍’

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Pranaya meenukalude kadal movie review rating vinayakan