Praana Movie Review: ‘കെയര്‍ഫുള്‍’ ചിത്രത്തിന് ശേഷം വി.കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് ‘പ്രാണ’. നാല് ഭാഷകളിലായി എടുത്ത ചിത്രത്തിന്റെ മലയാളം പതിപ്പ് ഇന്നു കേരളത്തിലെ തിയേറ്ററുകളില്‍ എത്തി. ഒരൊറ്റ കഥാപാത്രത്തിനെ ചുറ്റിപറ്റി വികസിക്കുന്ന കഥ, ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച സാങ്കേതിക വിദഗ്‌ധരുടെ സാന്നിധ്യം , ‘ലൈവ് സറൌണ്ട് സിങ്ക്’ ശബ്ദവിന്യാസത്തിന്റെ വിനിയോഗം, എന്നീ പ്രത്യേകതകളാല്‍ റിലീസിന് മുന്‍പ് തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു ചിത്രം. കൂടാതെ, മലയാളികള്‍ക്ക് പ്രിയങ്കരിയായ നായിക നിത്യാ മേനന്‍ ചെറിയ ഒരു ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുന്നു (ജെനൂസ് മുഹമ്മദിന്റെ ‘100 ഡേയ്‌സ് ഓഫ് ലവ്’ ആയിരുന്നു അവര്‍ ഏറ്റവും ഒടുവില്‍ നായികയായി എത്തിയ മലയാള ചിത്രം) എന്നതും ‘പ്രാണ’യ്ക്ക് മുതല്‍ കൂട്ടായി.

നേരത്തെ സൂചിപ്പിച്ചത് പോലെ, ഒരു കഥാപാത്രത്തിനു ചുറ്റും കറങ്ങുന്ന ചിത്രത്തില്‍ നായികയും നായകനും സഹനടിയും സഹനടനുമെല്ലാം നിത്യാ മേനന്‍ തന്നെ. താര അനുരാധ എന്ന ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരിയുടെ വേഷമാണ് അവര്‍ ‘പ്രാണ’യില്‍ കൈകാര്യം ചെയ്യുന്നത്.  ഫാസിസ്റ്റ് ഭീകരതയ്‌ക്കെതിരെയും, ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനും, ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനുമെല്ലാമുള്ള മനുഷ്യന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയും നിരന്തരം താര തന്റെ തൂലിക ചലിപ്പിക്കുന്നു. ‘മ്യൂസിക് ഓഫ് ഫ്രീഡം’ എന്ന തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനത്തിന് ശേഷം താര നടത്തുന്ന പത്ര സമ്മേളനത്തോടെയാണ് സിനിമ തുടങ്ങുന്നത്.

Praana Movie Review: സ്വാതന്ത്ര്യത്തെക്കുറിച്ച് എഴുതുന്ന എഴുത്തുകാര്‍ രാജ്യത്ത് നേരിടുന്ന എല്ലാ തരം ഭീഷണികളും താരയും നേരിടുന്നു. പുസ്തക പ്രകാശനത്തിന് ശേഷം രാത്രി ടെലിവിഷനില്‍ വാര്‍ത്ത കാണുന്നതിനിടെയാണ് ‘പ്രേതഭവനം’ എന്നറിയപ്പെടുന്ന വീടിനെ കുറിച്ച് താര അറിയുന്നത്. പ്രേതബാധയുണ്ടെന്ന കാരണം പറഞ്ഞ് ആരും ആ വീട് വാങ്ങാനോ വാടകയ്‌ക്കെടുക്കാനോ തയ്യാറാകുന്നില്ലെന്ന വാര്‍ത്ത കാണുന്ന താര, തന്റെ സുഹൃത്തായ ചാനല്‍ എഡിറ്റര്‍ ശ്രീകുമാറിനെ വിളിച്ച് തനിക്ക് ആ വീട് വേണം എന്ന് ആവശ്യപ്പെടുന്നു. അവിടെ താമസിക്കാനെത്തുന്ന താര, വീടു മുഴുവന്‍ ക്യാമറകള്‍ സ്ഥാപിക്കുന്നു. അവിടെ പ്രേതമില്ലെന്ന് തെളിയിക്കാനുള്ള താരയുടെ ശ്രമങ്ങളുടെ തുടക്കമാണത്. പിന്നീട് താരയ്ക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.

ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാണ് ‘പ്രാണ’. തുടക്കം മുതലേ പേടിപ്പിച്ച് തുടങ്ങുന്നുണ്ട് ചിത്രം. മരണവും മൃതദേഹങ്ങളും ആത്മാവുമെല്ലാം കൊണ്ട് ഭയത്തിന്റെ പ്രതീതി സൃഷ്ടിക്കാന്‍ ആദ്യ പകുതിയില്‍ തന്നെ സംവിധായകന് സാധിക്കുന്നുണ്ട്. ടെക്‌നോളജി ഉപയോഗിച്ച് സിനിമയില്‍ സ്ഥിരമായി പരീക്ഷണങ്ങള്‍ നടത്തുകയും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന സംവിധായകനാണ് വി.കെ പ്രകാശ്. ‘മൂന്നാമതൊരാള്‍’ ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഇത്തരം പരീക്ഷണങ്ങള്‍ക്ക് ഉദാഹരണമാണ്.

praana, praana review, thriller movie, praana movie review, praana critics review, praana thriller movie, praana audience review, praana public review, nithya menen, v k prakash, p c sreeram, resul pookkutty, malayalam movies, malayalam cinema, mollywood news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

‘പ്രാണ’ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം വി കെ പ്രകാശ്, റസൂല്‍ പൂക്കുട്ടി എന്നിവര്‍

ഇത്തരം സിനിമകളെ സംബന്ധിച്ച്, കഥാ പരിസരം മാത്രമല്ല പ്രധാനപ്പെട്ടതാകുന്നത്. കഥ അനാവരണം ചെയ്യപ്പെടുമ്പോള്‍ തന്നെ ശബ്ദ-ദൃശ്യ വിന്യാസങ്ങളിലൂടെ ‘ഭയം’ അനുഭവപ്പെടുത്തുക എന്ന വലിയ വെല്ലുവിളി കൂടെയുണ്ട്. അതിനായി വി കെ പ്രകാശ് ആശ്രയിച്ചിരിക്കുന്നത് രണ്ടു മികച്ച സാങ്കേതികവിദഗ്‌ധരെയാണ് – പി സി ശ്രീറാം എന്ന ക്യാമറമാനും, റസൂല്‍ പൂക്കുട്ടി എന്ന സൗണ്ട് റെക്കോര്‍ഡിസ്റ്റും. ഒരു തരത്തില്‍ പറഞ്ഞാല്‍ ഇവര്‍ ഒരുക്കിയ ദൃശ്യ-ശ്രവ്യ വിരുന്നാണ് ‘പ്രാണ’.

ബോളിവുഡ്, തമിഴ്, തെലുങ്ക്‌, സിനിമകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ മുതിര്‍ന്ന ചായാഗ്രാഹകരില്‍ ഒരാളായ പി സി ശ്രീറാം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാളത്തില്‍ ഒരു സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുന്നത്. ‘കൂടും തേടി’ (1985) ആയിരുന്നു അദ്ദേഹം ഏറ്റവും ഒടുവില്‍ ക്യാമറ ചെയ്ത മലയാള ചിത്രം. ‘ലൈവ് സറൌണ്ട് സിങ്ക് സൗണ്ട്’ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ‘പ്രാണ’യുടെ ശബ്ദവിന്യാസം നടത്തിയിരിക്കുന്നത്. ഓരോ ശബ്ദവും ഏറ്റവും മികവോടെ ഒപ്പിയെടുത്ത്, അവതരിപ്പിച്ചു കൊണ്ട് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി തന്റെ പ്രതിഭ ഒന്ന് കൂടി തെളിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍.

രാത്രി ചിത്രീകരിക്കേണ്ട ഭാഗങ്ങള്‍ രാത്രിയും പകല്‍ വെളിച്ചത്തില്‍ ചിത്രീകരിക്കേണ്ട രംഗങ്ങള്‍ പകല്‍ വെളിച്ചത്തിലുമാണ്  ചിത്രീകരിച്ചിട്ടുള്ളത്. ഈ വ്യത്യാസം തിയേറ്ററിലും പ്രേക്ഷകര്‍ക്ക് അനുഭവപ്പെടാം. പേടി ശരീരത്തിലൂടെ അരിച്ചിറങ്ങുന്നത് അനുഭവിച്ചറിയാന്‍ സാധിക്കും. ബ്രഹ്മ എന്ന പ്രത്യേക തരം മൈക്ക് ഉപയോഗിച്ചാണ് പശ്ചാത്തല ശബ്ദം പകര്‍ത്തിയിരിക്കുന്നത്. രതീഷ് വേഗയുടെ സംഗീതവും മികവ് പുലര്‍ത്തി.

രൂപം കൊണ്ടും ഭാവം കൊണ്ടും സംസാര ശൈലി കൊണ്ടും ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരിയായ അനിതാ നായരെയാണ് നിത്യാ മേനന്റെ കഥാപാത്രം ഓര്‍മ്മിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ ആശയങ്ങളും ആദര്‍ശവും എല്ലാം കൊല്ലപ്പെട്ട ഗൗരി ലങ്കേഷ് ഉള്‍പ്പെടെയുള്ള എഴുത്തുകാര്‍ മുന്നോട്ട് വച്ച പ്രതിഷേധങ്ങളെ ഓര്‍മ്മിപ്പിക്കും. എപ്പോളത്തേയും എന്ന പോലെ നിത്യാ മേനന്‍ എന്ന നടി അനായാസമായി കഥാപാത്രമായി മാറുന്ന കാഴ്ചയാണ് ഇവിടേയും കാണുന്നത്. നാല് ഭാഷകളിലും ഒരേ സമയം ലൈവ് സൗണ്ട് ചേര്‍ന്ന ചിത്രീകരണമാണ് ‘പ്രാണ’യ്ക്ക് വേണ്ടി നടന്നത് എന്നിരിക്കേ, അവരുടെ പ്രയത്നങ്ങളെ അനുമോദിക്കാതെ തരമില്ല.

നമുക്ക് ചുറ്റുമുള്ള പലതരം പേടികളിലേക്കാണ് ‘പ്രാണ’ പ്രേക്ഷകരെ കൂട്ടി കൊണ്ടു പോകുന്നുണ്ട്. പ്രേതം, ആത്മാവ് തുടങ്ങിയ മിത്തുകളോട് അല്ലെങ്കില്‍ സങ്കല്‍പ്പങ്ങളോടുള്ള ഭയമാകാം, നമ്മുടെ സ്വാതന്ത്ര്യത്തിലേക്കും അവകാശങ്ങളിലേക്കും അനുവാദമില്ലാതെ കടന്നു കയറ്റം നടത്തുന്ന സിസ്റ്റത്തോടുള്ള ഭയമാകാം. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനും ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനും കഴിയാതെ വരുമ്പോള്‍ ഇഷ്ടപ്പെട്ട മരണം തിരഞ്ഞെടുക്കാനുള്ള അവകാശത്തിലേക്ക് മനുഷ്യനെ തള്ളി വിടുന്ന, മരണം പലപ്പോളും പ്രതിഷേധമാകുന്ന അവസ്ഥയെ കുറിച്ച് ‘പ്രാണ’ ചിന്തിപ്പിക്കുന്നുമുണ്ട്.

വേറിട്ട സിനിമാ അനുഭവം ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും തിയേറ്ററില്‍ തന്നെ കണ്ടു, അനുഭവിക്കേണ്ട ചിത്രമാണ്‌ ‘പ്രാണ’. ശരാശരി വാണിജ്യ സിനിമാ ചേരുവകള്‍ പ്രതീക്ഷിച്ചു പോകുന്നവരെ ചിലപ്പോള്‍ നിരാശപ്പെടുത്തുകയും ചെയ്യും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook