Poozhikkadakan Starring Chemban Vinod Jose Review: ‘യാത്രയൊക്കെ സുഖമായിരുന്നോ? റോഡ് ഒക്കെ എങ്ങനെയുണ്ട്?’ – ഈ രണ്ടു ചോദ്യങ്ങളും ചേർത്താണ് ‘പൂഴിക്കടകൻ’ എന്ന സിനിമയുടെ പ്രൊമോഷണൽ പോസ്റ്ററുകളിൽ ഒന്ന് ഇറങ്ങിയത്.  സിനിമ കണ്ടു കഴിയുമ്പോൾ പ്രേക്ഷകന് ഇതിനു ഒരുത്തരം പറയാനാകും – ‘പൂഴിക്കടകൻ’ എന്ന യാത്ര അത്ര സുഖകരമല്ലായിരുന്നുവെന്ന്.

മലയാള സിനിമയിൽ മുൻപ് പല തവണ കണ്ടിട്ടുള്ള ഒരു പ്രമേയത്തിന്റെ ഒട്ടും പുതുമയില്ലാത്ത ആവിഷ്കാരമാണ് നവാഗതനായ ഗിരീഷ് നായർ സംവിധാനം ചെയ്ത ‘പൂഴിക്കടകൻ’ എന്ന സിനിമ. ചെമ്പൻ വിനോദ്, ജയസൂര്യ , സുധി കോപ്പ, ധന്യ ബാലകൃഷ്ണ, അലൻസിർ ലോപ്പസ്, മാലാ പാർവ്വതി  എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.  ഉണ്ണി മലയിലിന്റെ കഥ തിരക്കഥയാക്കിയിരിക്കുന്നത് ഗിരീഷും ഹരി പ്രസാദ് കൊലെരിയും ചേർന്നാണ്.

 

ചെമ്പൻ വിനോദ് അഭിനയിക്കുന്ന സാമുവേൽ എന്ന പട്ടാളക്കാരൻ ലീവിനായി തിരികെ തന്റെ നാടായ ചെറുതോണി എന്ന മലയോര ഗ്രാമത്തിൽ എത്തുന്നിടം തൊട്ടാണ് സിനിമ മുന്നോട്ടു പോകുന്നത്. ആ നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള മത്സരവും, ക്വാറി ഉടമകളുടെ സ്ഥലം കൈയേറ്റ ശ്രമങ്ങളും  റോഡുകളുടെ ശോചനീയ അവസ്ഥയുമൊക്കെ ചിത്രം പറഞ്ഞു പോകുന്നു. റോഡിലെ ഒരു കുഴിയിൽ വീണുണ്ടാകുന്ന അപകടത്തിൽപെട്ടു തന്റെ മകൻ മരിക്കുന്നതോടു കൂടി സാമുവേൽ അധികാരപ്പെട്ടവരെ കണ്ടു പരാതി ബോധിപ്പിക്കാൻ ശ്രമിക്കുന്നു. പക്ഷേ രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവരെല്ലാം അഴിമതിക്കാരാണെന്നു മനസിലാക്കുന്നതോടു കൂടി സാമുവേൽ നീതിക്കായി ഒരു ഒറ്റയാൾ പോരാട്ടത്തിനിറങ്ങുന്നു, അതിനു അയാൾക്ക്‌ തന്റേടമുള്ള ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ മൗനസമ്മതവുമുണ്ട്.

ബുള്ളറ്റിൽ കറങ്ങുന്ന, വളരെ കൂളായ, ആദർശധീരനായി എത്തുന്ന ജയസൂര്യ അവതരിപ്പിക്കുന്ന ഈ ഐഎഎസ് കഥാപാത്രത്തിന് തിരുവനന്തപുരത്തു ഒരു മാധ്യമപ്രവർത്തകനെ മദ്യപിച്ചു വണ്ടി ഇടിച്ചു കൊന്ന കേസിൽ ആരോപണവിധേയനായ ഐഎഎസ് ഉദ്യോഗസ്ഥനുമായി സാമ്യം തോന്നുന്നുവെങ്കിൽ തികച്ചും യാദൃശ്ചികമെന്നേ പറയാനാകൂ.

തുടക്കത്തിൽ തന്നെ സാമുവേൽ മരിച്ചു പോയെന്നു തെറ്റിദ്ധരിച്ചു സാമുവേലിന്റെ സുഹൃത്തായ കോശി നാട്ടുകാരെ വിളിച്ചു കൂട്ടുന്ന രംഗമൊക്കെ ഒരു തമാശ എന്ന രീതിയിലാകാം സംവിധായൻ ഉൾപ്പെടുത്തിയിട്ടുണ്ടാവുക എങ്കിലും, പിന്നെ നടക്കാൻ പോകുന്ന കഥയുമായി ഒരു ബന്ധവുമില്ലാത്ത സന്ദർഭങ്ങളൊരുക്കി പ്രേക്ഷകനെ ആശയക്കുഴപ്പത്തിലാക്കാനേ അത്തരം തമാശകൾ സഹായകമായുള്ളൂ. അതുപോലെ തന്നെ ചിത്രത്തിലെ പല കഥാപാത്രങ്ങളും അനാവശ്യമായി എന്ന തോന്നലും സിനിമ കഴിഞ്ഞു ഇറങ്ങുമ്പോൾ പ്രേക്ഷകന് തോന്നാൻ സാധ്യതയുണ്ട്. ബാലു വർഗീസ് ചെയ്യ്ത കഥാപാത്രം അതിലൊന്ന് മാത്രമാണ്. ഓർത്തിരിക്കാൻ പറ്റുന്ന ഒരു സന്ദർഭമോ, അഭിനയ മൂഹൂർത്തമോ, സംഭാഷണമോ ഒന്നും തന്നെയില്ല എന്നുള്ളതും ചിത്രത്തെ വിരസമായ ഒരു അനുഭവമാക്കുന്നു.

Image may contain: 1 person, smiling, text

‘അർജുനൻ സാക്ഷി,’ ‘നിർണായകം’ പോലെയുള്ള സിനിമകളെ ഓർമിപ്പിക്കുന്ന, ദുഷിച്ച ഒരു ഭരണസംവിധാനത്തോട് ഒരു സാധാരണക്കാരന്റെ അസാധാരണ പ്രതികരണം എന്ന പറഞ്ഞു പഴകിയ ആശയത്തെ ഒരു പുതുമയുമില്ലാതെ തണുപ്പൻ മട്ടിൽ ദൃശ്യവത്കരിച്ചിരിക്കുകയാണ് ചിത്രം.

‘ഈ മ യൗ’ പോലെയുള്ള ചിത്രങ്ങളിൽ വളരെ സങ്കീർണ്ണമായ അഭിനയ മുഹൂർത്തങ്ങൾ തന്മയത്വത്തോടെ കൈകാര്യം ചെയ്ത ചെമ്പൻ വിനോദിന് സാമുവേൽ എന്ന ഈ കഥാപാത്രം ഒട്ടും വെല്ലുവിളി ഉയർത്തുന്നതല്ലായെന്നു നിസംശയം പറയാം. സാമുവേലിന്റെ ഭാര്യയായി അഭിനയിച്ച ധന്യ ബാലകൃഷ്ണ എന്ന പുതുമുഖ നടിക്കും കാര്യമായ അഭിനയ മുഹൂർത്തങ്ങളൊന്നും ഇല്ലായിരുന്നു.

റഫീഖ് അഹമ്മദ്, മനു മൻജിത്, സന്തോഷ് വർമ്മ എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ബിജിപാലാണ്. വിജയ് യേശുദാസും ആൻ ആമിയും ചേർന്നു ആലപിച്ചിരിക്കുന്ന ‘പൊൻവെയിലിന് കസവായി’ എന്ന് തുടങ്ങുന്ന ഗാനം വരും ദിവസങ്ങളിൽ മലയാളികളുടെ പ്രിയ ഗാനങ്ങളിൽ ഒന്നാവാൻ സാധ്യതയുണ്ട്.  പശ്ചാത്തല സംഗീതം രഞ്ജിത്ത് മേലേപ്പാട്ട്.

Read Here: ചെമ്പൻ വിനോദ്- ജയസൂര്യ ടീമിന്റെ ‘പൂഴിക്കടകൻ’ നാളെ തിയേറ്ററുകളിലേക്ക്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook