scorecardresearch
Latest News

അടിമുടി ക്‌ളീഷെ; ‘പൂവൻ’ റിവ്യൂ: Poovan Movie Review & Rating

Poovan Movie Review & Rating:കുറെയധികം പതിവ് നിർമിതികളിലൂടെ പോകുന്ന സിനിമയാണ് ‘പൂവൻ’. ഒരു ലൈറ്റ് ഹാർട്ടഡ് എന്റർടൈൻമെന്റ് ആക്കാൻ നോക്കി പരാജയപ്പെട്ട സിനിമ

RatingRatingRatingRatingRating
Review, Poovan Movie, Antony Varghese

Poovan Movie Review & Rating: സവിശേഷ സ്വഭാവ വിശേഷങ്ങളുള്ള ഒരു പൂവൻ കോഴി കാരണം ഉറക്കവും സ്വാസ്ഥ്യവും നഷ്ടപെടുന്ന ഒരു ചെറുപ്പക്കാരൻ, അയാളുടെ ചുറ്റുമുള്ള നിത്യജീവിത കാഴ്ചകൾ… കൗതുകമുണ്ടാക്കുന്ന കഥാഗതിയാണ് ഒറ്റ കേൾവിയിൽ ‘പൂവന്റേത്’. വിനീത് വാസുദേവന്റെ ആദ്യ ചിത്രം പറയാൻ ശ്രമിക്കുന്നത് റോ-റസ്റ്റിക്ക് ജീവിതങ്ങൾ എന്ന് സമകാലിക മലയാള സിനിമ കുറച്ച് കാലമായി പതിവ് ശൈലിയിൽ അടയാളപ്പെടുത്തിയ കുറച്ച് മനുഷ്യരിലൂടെയാണ്. ഇവരുടെ പ്രണയം, പരിഭവം, ആശയക്കുഴപ്പങ്ങൾ എന്നിവയിലൂടെ കഥ മുന്നോട്ട് നീങ്ങുന്നു. സാധാരണം, സ്വാഭാവികം എന്നൊക്കെ വിളിക്കാവുന്ന കുറച്ചധികം കാഴ്ചകളിലൂടെ സിനിമ തുടങ്ങിയവസാനിക്കുന്നു.

സിനിമയെ പറ്റിയുള്ള വിശകലനങ്ങളും ആസ്വാദനങ്ങളും തുടങ്ങിയ കാലത്തോളം പഴക്കമുമുണ്ട് ‘ക്‌ളീഷേ’ എന്ന വാക്കിന്. മനുഷ്യർ തമ്മിലുള്ള സംസാരങ്ങളിലും എഴുത്തിലും ഒരു സിനിമയുണ്ടാക്കിയ അനുഭവത്തെ കുറിച്ച് പറയാൻ ഇത് പോലെ ലളിതവും ശക്തവുമായ വേറെ വാക്കുണ്ടോ എന്ന് സംശയമാണ്. ‘പൂവൻ’ അടിമുടി ഒരു ക്‌ളീഷെയാണെന്ന് പറയാം. സിനിമയിലെ കഥാപാത്രങ്ങൾ, ക്യാമറ, പ്രണയം, ഹാസ്യം, അഭിനയം, നിർമിതിയൊക്കെ കുറെ പതിവ് ശൈലികളെ അതേപടി പിന്തുടർന്നു. ഇതുണ്ടാക്കുന്ന മടുപ്പ് സിനിമയുടെ ആദ്യം മുതൽ അവസാനം വരെയുണ്ട്.

വളരെയടുത്ത് താമസിക്കുന്ന കുറച്ച് വീടുകളിൽ ഒന്നിലേക്ക് യാദൃശ്ചികമായാണ് ഒരു കോഴിക്കുഞ്ഞു കടന്നു വരുന്നത്. വളർന്നു വരും തോറും ഉടമകൾക്കൊഴികെ അവിടെ താമസിക്കുന്ന ഓരോരുത്തർക്കും വലിയ ബുദ്ധിമുട്ടുകൾ ഇതുണ്ടാക്കുന്നു. ഈ ബുദ്ധിമുട്ടുകൾക്കിടയിൽ കുറെ ജീവിത കാഴ്ചകളും ജീവിത ഗന്ധിയായ കഥാപാത്രങ്ങളും വന്നു പോകുക എന്നതായിരുന്നു സംവിധായകന്റെ ലക്ഷ്യം. പക്ഷേ ആ ലക്ഷ്യത്തെ ആസ്വാദ്യമായ രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ സിനിമ പരാജയപ്പെട്ടു. നിത്യ ജീവിതത്തിലെ കുറച്ച് കാഴ്ചകൾ എന്ന നിലയിൽ സ്വഭാവികമായി അവതരിപ്പിച്ച രംഗങ്ങൾ മുഴുവനും അസ്വഭാവികമായി തോന്നി.

ഉറക്കം നഷ്ടപ്പെടുന്ന, സ്വാസ്ഥ്യം നഷ്ടപെടുന്ന, പ്രണയം നഷ്ടപെടുന്ന കുറച്ച് മനുഷ്യരാണ് ഈ സിനിമയിലെ മുഖ്യ കഥാപാത്രങ്ങൾ. അവരൊക്കെ അനുഭവിക്കുന്ന സംഘർഷങ്ങൾ ഡോക്യുമെന്റ് ചെയ്യാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്. ആ ശ്രമം വളരെയധികം ആമേച്വർ ആയി പലയിടങ്ങളിലും അനുഭവപ്പെട്ടു.

നന്മ, ഫീൽ ഗുഡ്, സ്ലൈസ് ഓഫ് ലൈഫ് സിനിമകൾക്ക് ഇവിടെ വളരെയധികം ആസ്വാദകരുണ്ട്. ഈ ആസ്വാദകർ ആഗ്രഹിക്കുന്നത് യാതൊരു തലത്തിലും അലോസരപ്പെടുത്താത്ത സിനിമാ കാഴ്ചയാണ്. ഇതിനോട് ചേർന്ന് നിൽക്കുന്നുവെന്ന തോന്നൽ വൻ തരംഗമായ പാട്ടിലൂടെയും മറ്റു പരസ്യങ്ങളിലൂടെയും ‘പൂവൻ’ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ആ ഒരനുഭവം സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർക്ക് ഉണ്ടാകുന്നില്ല. മാത്രവുമല്ല, ഇത്തരം സിനിമകളുടെ പതിവ് ശീലങ്ങൾ അന്ധമായി അനുകരിക്കലായി ‘പൂവൻ’ പലപ്പോഴും മാറി. ക്ലൈമാക്സ്‌ എത്തുമ്പോൾ എന്ത്‌ പറയണം എന്നറിയാതെ അവസാനിപ്പിച്ചത് പോലെയും തോന്നി.

ആന്റണി വർഗീസിന് പതിവ് കലിപ്പൻ കഥാപാത്രങ്ങളുടെ ശേഷിപ്പ് മറ്റു കഥാപാത്രങ്ങളിലേക്ക് മാറുമ്പോഴും കാണാം. ഇത് ഉപേക്ഷിച്ചു കളയൽ അയാളിലെ നടന്റെ വളർച്ചക്ക് വലിയ അനിവാര്യതയായി തോന്നുന്നു. മറ്റു താരങ്ങളുടെ സംഭാഷണങ്ങളും അഭിനയ രീതിയുമൊക്കെ പതിവ് പാറ്റേണുകളെ പിന്തുടരുന്നത് കൊണ്ട് തന്നെ പുതുമയൊന്നും തോന്നിയില്ല.

കുറെയധികം പതിവ് നിർമിതികളിലൂടെ പോകുന്ന സിനിമയാണ് ‘പൂവൻ’. ഒരു ലൈറ്റ് ഹാർട്ടഡ് എന്റർടൈൻമെന്റ് ആക്കാൻ നോക്കി പരാജയപ്പെട്ട സിനിമ എന്നും പറയാം. പുതിയ സിനിമാ ആസ്വാദന ഭാഷയിൽ ഓ ടി ടി മെറ്റീരിയൽ ആയും ടെലിഫിലിം നിർമിതിയായും മാറിയ മറ്റൊരു മലയാള സിനിമ.

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Poovan movie review rating antony varghese peppe