Petta Quick Review: സിനിമാ പ്രേമികൾ സ്നേഹിക്കുന്ന ആ പഴയ രജനീകാന്തിനെ തിരിച്ചു നൽകുന്ന ചിത്രമാണ് ‘പേട്ട’. പ്രേക്ഷകരെ സംതൃപ്തരാക്കാൻ ‘പേട്ട’യ്ക്ക് കഴിയുന്നുണ്ട്. ‘ശിവാജി’യിൽ നമ്മൾ മുൻപു കണ്ട രജനീകാന്തിനെയാണ് ‘പേട്ട’ ഓർമ്മപ്പെടുത്തുന്നത്.
രജനീകാന്തെന്ന സൂപ്പർതാരം ഒരു നല്ല നടൻ കൂടിയാണെന്ന കാര്യത്തിൽ സംശയമില്ല, എന്നാൽ അതിലും പ്രധാനമാണ് അദ്ദേഹം ഒരു അത്ഭുതപ്പെടുത്തുന്ന എന്റർടെയിനർ കൂടിയാണെന്നത്. ‘എന്തിരനു’ ശേഷം രജനീകാന്തിന്റെ സിഗ്നേച്ചർ സ്റ്റൈലിൽ എന്തോ ഒരു മിസ്സിംഗ് അനുഭവപ്പെട്ട പ്രേക്ഷകർക്ക് ‘പേട്ട’ തലൈവരെ തിരിച്ചു നൽകുകയാണ്. രജനീകാന്തിന്റെ അപ്പീൽ നന്നായി അറിയാവുന്ന അറിയാവുന്ന മികച്ച സംവിധായകരിൽ ഒരാളായ കാർത്തിക്കിന് ആരാധകർ ഏറെ സ്നേഹിക്കുന്ന ആ തലൈവരെ തിരിച്ചു നൽകാൻ സാധിക്കുന്നുണ്ട്.
വളരെ ലളിതമായൊരു കഥയാണ് ‘പേട്ട’ പറയുന്നതെങ്കിലും ചിത്രത്തിലുടനീളം ഒരു കാർത്തിക് സുബ്ബരാജ് ടച്ച് നിറഞ്ഞു നിൽപ്പുണ്ട്. ആദ്യപകുതിയിൽ നിറയുന്നത് തലൈവർ മുഹൂർത്തങ്ങളും മാജിക്കും തന്നെയാണ്. ഒരു ഹോസ്റ്റലിൽ വാർഡനായി ചേരുന്ന കാലി പതിയെ ക്യാമ്പസിലെ ഏറ്റവും കൂളായ വ്യക്തിയായി മാറുന്നു. പ്രായം മറയ്ക്കാൻ ശ്രമിക്കാതെയുള്ള കാലിയും മംഗളവും (സിമ്രാൻ) തമ്മിലുള്ള പ്രണയ രംഗങ്ങൾ ഹൃദയസ്പർശിയാണ്.
Read more: ‘പേട്ട’യിലെ രജനിക്ക് സേതുപതി വില്ലന്‍; തോക്കേന്തി പോര് പ്രഖ്യാപിച്ച് ‘ജിത്തു’
എന്നാൽ ചിരിയും കളിയുമായി നടക്കുന്ന കാലിയെന്ന വ്യക്തിയ്ക്ക് ഇരുണ്ടൊരു വശം കൂടിയുണ്ടെന്ന സൂചനകൾ കഥ തരുന്നുണ്ട്. രണ്ടാം പകുതിയിൽ വന്നു പോകുന്ന ഫ്ളാഷ്ബാക്കിൽ ആ കഥ ഇതൾ വിരിയുകയാണ്. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ പറഞ്ഞു പോകുന്ന ഒന്നാം പകുതി വെച്ചുനോക്കുമ്പോൾ, രണ്ടാം പകുതിയിൽ അൽപ്പം വലിച്ചു നീട്ടൽ അനുഭവപ്പെടും, എങ്കിലും എളുപ്പത്തിൽ ക്ഷമിക്കാവുന്ന മുഷിപ്പേ രണ്ടാം പകുതിയുണ്ടാക്കുന്നുള്ളൂ. ചിത്രത്തിന്റെ വേഗത തിരിച്ചുപിടിക്കാനും മനോഹരമായ രീതിയിൽ തന്നെ കഥ അവസാനിപ്പിക്കാനും സംവിധായകന് സാധിക്കുന്നുണ്ട്.
ചിത്രത്തിലെ താരം എന്നു പറയുന്നത് രജനീകാന്ത് തന്നെ. ആത്മവിശ്വാസത്തോടെ നൃത്തം ചെയ്യുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്ന രജനീകാന്തിനെ കണ്ടിരിക്കുന്നത് തന്നെ എന്തു സന്തോഷമാണ്. അവസാനമായി അത്തരമൊരു അനുഭവം സമ്മാനിച്ചത് ‘ശിവാജി’ എന്ന ചിത്രമായിരുന്നു. മറ്റു താരങ്ങളും അവരുടെ ഭാഗങ്ങൾ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ഒരു സൂപ്പർസ്റ്റാറിനു വേണ്ടി നിർമ്മിക്കപ്പെട്ടൊരു സിനിമയിൽ മികവോടെ നിൽക്കാൻ കഴിയുക എന്നത് ഏറെ ചലഞ്ചിംഗ് ആയൊരു കാര്യമായിട്ടു കൂടി ശശികുമാർ, വിജയ് സേതുപതി, ബോബി സിൻഹ, തൃഷ എന്നിവരെല്ലാം ഭംഗിയോടെ, അനായാസേന തന്നെ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നവാസുദ്ദീൻ സിദ്ദീഖിയാണ് ചിത്രത്തിൽ നല്ല രീതിയിൽ ഉപയോഗിക്കപ്പെടാതെ പോയൊരു അഭിനേതാവ്, ചില ഭാഗങ്ങളിൽ അദ്ദേഹം അപ്രത്യക്ഷനായി പോവുന്നുണ്ടെങ്കിലും ഇക്കാര്യങ്ങളെ കുറിച്ച് കൂടുതൽ ആലോചിക്കാൻ സമയം തരാതെയാണ് സിനിമയുടെ പോക്ക്.
Read more: ‘പേട്ട’ പൊളിക്കാൻ രജനീകാന്ത്, ഒപ്പം സിമ്രാനും; പോസ്റ്റർ റിലീസ് ചെയ്തു
ഗൃഹാതുരത്വത്തിനെ ഉണർത്തുന്നു എന്നതാണ് പേട്ട മുന്നോട്ടു വെയ്ക്കുന്ന മറ്റൊരു നല്ല കാര്യം. ഇടയ്ക്കിടെ രജീകാന്തിന്റെ കഥാപാത്രം കേൾക്കുന്ന പഴയ കാല തമിഴ് ഗാനങ്ങൾക്കൊപ്പം അനിരുദ്ധ് രവിചന്ദ്രന്റെ പശ്ചാത്തലസംഗീതവും ഗൃഹാതുരത്വത്തെ ഉണർത്തുന്നുണ്ട്. ചിത്രത്തിൽ നിരവധി രജനീകാന്ത് ചിത്രങ്ങളുടെ റഫറൻസ് വരുന്നുണ്ട്. ‘മുത്തു’, ‘ബാഷ’, ‘ശിവാജി’ എന്നു തുടങ്ങി നമ്മൾക്കൊരിക്കലും മറക്കാനാവാത്ത നിരവധിയേറെ ചിത്രങ്ങളുടെ പരാമർശങ്ങൾ വരുന്നുണ്ട്.
‘പേട്ട’ ഒരു തലൈവർ ചിത്രമാണ്. ഒരിക്കലും ബോറടിപ്പിക്കില്ല എന്നതിനാൽ തന്നെ വീണ്ടും വീണ്ടും പോയി കാണാൻ കൊതിപ്പിക്കുന്ന ഒരു ചിത്രമാവുകയാണ് ‘പേട്ട’.