Pathinettam Padi Full Movie Review in Malayalam: സാമ്പ്രദായിക വിദ്യഭ്യാസ രീതികളുടെ പൊള്ളത്തരങ്ങളും വിദ്യഭ്യാസ മേഖലയിലെ കീഴ്‌വഴക്കങ്ങളെയുമെല്ലാം പ്രമേയമാക്കുകയാണ് ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത ‘പതിനെട്ടാം പടി’ എന്ന ചിത്രം. ക്ലാസ്സ് മുറികളിലെ വിദ്യാഭ്യാസരീതി ഓരോ കുട്ടിയ്ക്കും സമ്മാനിക്കുന്നത് എന്താണ്, പാഠപുസ്തകങ്ങൾക്ക് അപ്പുറമുള്ള ലോകത്തെ അഭിമുഖീകരിക്കാൻ സ്കൂൾ വിദ്യാഭ്യാസം കുട്ടികളെ പ്രാപ്തരാക്കുന്നുണ്ടോ? വർഷങ്ങളായി പലരും പലയാവർത്തി ചോദിച്ച ഒരു ചോദ്യത്തിനുള്ള ഉത്തരം തന്നെയാണ് ‘പതിനെട്ടാം പടി’യെന്ന ചിത്രവും തേടുന്നത്.

സമകാലിക വിദ്യഭ്യാസരീതികൾക്ക് ഒരു ബദൽ എന്ന് വിശേഷിപ്പിക്കാവുന്ന ‘സ്കൂൾ ഓഫ് ജോയ്’ എന്ന സ്ഥാപനം നടത്തുന്ന അശ്വിൻ വാസുദേവ് (പൃഥ്വിരാജ്) എന്ന കഥാപാത്രത്തിൽ നിന്നുമാണ് സിനിമ തുടങ്ങുന്നത്. ‘സ്കൂൾ ഓഫ് ജോയ്’ എന്ന വുഡൻ ബോർഡിലെഴുതിയ അക്ഷരങ്ങൾക്കു പിറകിലെ കഥ അന്വേഷിച്ചെത്തിയവർക്കു മുന്നിൽ അശ്വിൻ വാസുദേവ് തന്റെ കഥ പറയുകയാണ്. ആ കഥയിൽ രണ്ടു സ്കൂളുകളും അവിടുത്തെ ഗ്യാങ്ങുകളും ദീർഘവീക്ഷണമുള്ള ചില മനുഷ്യരും അധ്യാപകരുമൊക്കെ കഥാപാത്രങ്ങളായി എത്തുകയാണ്.

തിരുവനന്തപുരം നഗരത്തിലെ രണ്ടു പ്രധാന സ്കൂളുകൾ, പാവപ്പെട്ടവരുടെ മക്കൾ പഠിക്കുന്ന മോഡൽ സ്കൂളും പണക്കാരുടെ മക്കൾ മാത്രം പഠിക്കുന്ന ഇന്റർനാഷണൽ സ്കൂളും. സമൂഹത്തിൽ പ്രത്യക്ഷത്തിൽ കാണാവുന്ന പണമുള്ളവൻ/ ഇല്ലാത്തവൻ തുടങ്ങിയ ദ്വന്ദ്വങ്ങളുടെ പ്രതിഫലനം തന്നെയാണ് ആ സ്കൂളുകളും. ഒരേ പ്രായത്തിൽ രണ്ടു വ്യത്യസ്ത ജീവിതരീതികളിൽ, സൗകര്യങ്ങളിൽ, സംസ്കാരങ്ങളിൽ ജീവിക്കുന്നവർ. അവർക്ക് പൊതുവായിട്ടെന്തെങ്കിലും ഉണ്ടെങ്കിൽ, അത് പ്രായത്തിന്റേതായ ചോരത്തിളപ്പും വാശിയും മാത്രമാണ്. ക്വട്ടേഷൻ ടീമിനേക്കാളും വാശിയോടെ പരസ്പരം പോരടിക്കുന്ന വിദ്യാർത്ഥികൾ. രണ്ടു സ്കൂളുകളിലും കുട്ടിപ്പടയ്ക്ക് രണ്ടു നേതാക്കളുണ്ട്, മോഡൽ സ്കൂളിൽ അത് അയ്യപ്പനാണെങ്കിൽ ഇന്റർനാഷണൽ സ്കൂളിൽ ആ നേതാവ് അശ്വിനാണ്.

ഒരിക്കലും അവസാനിക്കാത്ത കുടിപ്പകയുടെയും പക പോക്കലുകളുടെയും തുടർച്ചയെന്ന പോലെ നീളുന്ന അടിയും പിടിയുമൊക്കെയാണ് ആദ്യപകുതിയെ മുന്നോട്ട് കൊണ്ടുപോവുന്നത്. ഒരുപറ്റം നവാഗതരായ കുട്ടികൾ, ക്യാമറയ്ക്കു മുന്നിൽ പതർച്ചകളൊന്നുമില്ലാതെ കഥാപാത്രങ്ങളായി പെർഫോം ചെയ്യുന്ന കാഴ്ച തന്നെയാണ് ആദ്യപകുതിയെ രസകരമാക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ആദ്യപകുതിയിൽ നിന്നും വ്യത്യസ്തമാണ് രണ്ടാം പകുതി. സിനിമ മുന്നോട്ടുവെയ്ക്കുന്ന പ്രമേയം കൂടുതൽ കരുത്താർജ്ജിക്കുന്നതും രണ്ടാം പകുതിയിൽ തന്നെ.

സിനിമയുടെ പ്രധാന ആകർഷണം എന്നു വിശേഷിപ്പിക്കാവുന്ന മമ്മൂട്ടിയുടെ സാന്നിധ്യം നല്ല രീതിയിൽ പ്രയോജനപ്പെടുത്താൻ ‘പതിനെട്ടാം പടി’യ്ക്ക് സാധിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ജോൺ എബ്രഹാം പാലക്കൽ എന്ന കഥാപാത്രം ചിത്രത്തിൽ ഏറെ നിർണായകമായ സാന്നിധ്യമാണ്. വേഷത്തിലും നടപ്പിലും സംസാരത്തിലും പെരുമാറ്റത്തിലുമെല്ലാം പ്രത്യേകതകളുള്ള ഒരു കഥാപാത്രമാണ് മമ്മൂട്ടിയുടെ ജോൺ എബ്രഹാം പാലക്കൽ.

അയ്യപ്പനായെത്തിയ അക്ഷയ് രാധാകൃഷ്ണൻ, അശ്വിനായെത്തിയ അശ്വിൻ ഗോപിനാഥ് എന്നിവരുടെ പ്രകടനമാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. തങ്ങളുടെ കഥാപാത്രങ്ങളെ അവിസ്മരണീയമായ രീതിയിൽ രേഖപ്പെടുത്താൻ ഇരുവർക്കും സാധിച്ചിട്ടുണ്ട്. രണ്ടു ഗ്യാങ്ങുകളിലെയും പ്രധാനമുഖങ്ങളായെത്തിയ നവാഗതരും കഴിവു തെളിയിക്കുന്നുണ്ട്. മലയാളസിനിമയിലേക്ക് ഒരുപറ്റം പുതുമുഖങ്ങളെ കൂടെ സമ്മാനിക്കുകയാണ് ‘പതിനെട്ടാം പടി’.

Pathinettam Padi, Pathinettam Padi movie review, പതിനെട്ടാം പടി, Pathinettam Padi review, പതിനെട്ടാം പടി റിവ്യൂ, Pathinettam Padi audience review, Pathinettam Padi public reactions, Pathinettam Padi public ratings, mammootty, മമ്മൂട്ടി, malayalammovies, malayala cinema, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളം, IE Malayalam, ഐ ഇ മലയാളം

പൃഥ്വിരാജ്, അഹാന കൃഷ്ണ, ആര്യ, പ്രിയാമണി, മനോജ് കെ ജയൻ, മാലാ പാർവ്വതി, ബിജു സോപാനം, മണിയൻപ്പിള്ള രാജു, ലാലു അലക്സ്, മുത്തുമണി, നന്ദു, സുരാജ് വെഞ്ഞാറമൂട്, ആര്യ, ഉണ്ണി മുകുന്ദൻ എന്നു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ നിർണായകമായ കഥാപാത്രങ്ങളായി വന്നു പോവുന്നുണ്ട്. നിർമ്മാതാവായ ഷാജി നടേശനും ഒരു കഥാപാത്രമായി ‘പതിനെട്ടാം പടി’യിലുണ്ട്.

സ്കൂൾകാലത്തെ പൈങ്കിളിവത്കരിച്ചില്ല എന്നതു തന്നെയാണ് ‘പതിനെട്ടാം പടി’ സമ്മാനിക്കുന്ന വേറിട്ട കാഴ്ച. കൗമാരത്തിന്റെ ചോരത്തിളപ്പിൽ നിന്നും ജീവിതത്തിന്റെ നാഴികക്കല്ല് എന്നു വിശേഷിപ്പിക്കാവുന്ന പതിനെട്ടാം വയസ്സിലേക്കുള്ള/പടിയിലേക്കുള്ള പാകപ്പെടലിന്റെ യാത്രയാണ് ഒരർത്ഥത്തിൽ ചിത്രം. പ്രായം,​ അനുഭവങ്ങൾ, തിരിച്ചറിവുകൾ, അറിവു കൈവരിക്കൽ- പലപ്പോഴും എന്താണ് പ്രായം നമ്മളിൽ ഉണ്ടാക്കുന്ന മാറ്റമെന്ന് അന്വേഷിക്കാതെയും അറിയാതെയും കടന്നുപോവുന്ന മനുഷ്യരുടെ പരിണാമത്തിലേക്കാണ് തിരക്കഥ ശ്രദ്ധ ചെലുത്തുന്നത്. അത്തരമൊരു തിരക്കഥയെ ഒരു എന്റർടെയിനർ എന്ന ഴോണറിലേക്കു കൊണ്ടുവരാൻ തിരക്കഥാകൃത്ത് നടത്തിയ ശ്രമം അഭിനന്ദനാർഹമാണ്. തിരക്കഥാകൃത്തും സംവിധായകനും ഒരാൾ തന്നെയായതും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ടെന്ന് വേണം പറയാൻ.

Read more: ചെറിയ ഇടവേളയ്ക്ക് ശേഷം പ്രിയാ മണി വീണ്ടും മലയാളത്തില്‍

‘പതിനെട്ടാം പടി’യെ സംബന്ധിച്ച് എടുത്തുപറയേണ്ട മറ്റു രണ്ടു ഘടകങ്ങൾ, അതിന്റെ ക്യാമറയും ആക്ഷനും തന്നെയാണ്. സുദീപ് ഇളമൺ ആണ് ഛായാഗ്രാഹകൻ. കെച്ച കെംപക്‌ഡേ, സുപ്രീം സുന്ദര്‍ എന്നിവർ ചേർന്നൊരുക്കിയ ആക്ഷൻ കൊറിയോഗ്രാഫിയും മികവു പുലർത്തുന്നു.

വിദ്യാലയങ്ങളുടെ നാല് ചുവരുകള്‍ക്കുള്ളിൽ നിന്നല്ല, മറിച്ച് സമൂഹത്തിൽ നിന്നുമാണ് ഒരാൾ വിദ്യ ആര്‍ജ്ജിക്കുന്നത് എന്ന ആശയമാണ് ‘പതിനെട്ടാം പടി’ മുന്നോട്ടു വയ്ക്കുന്നത്. ജീവിതത്തിന്റെ നല്ലൊരു കാലഘട്ടം വിദ്യഭ്യാസത്തിനു വേണ്ടി സ്കൂളുകളിലും കോളേജുകളിലുമൊക്കെ ചെലവഴിച്ച വ്യക്തികൾക്ക്, അവിടെ പഠിച്ച പാഠങ്ങൾ എത്രത്തോളം ജീവിതത്തിൽ ഉപകാരപ്പെട്ടിട്ടുണ്ട് എന്നൊരു സ്വയം വിശകലനം നടത്താനും ‘പതിനെട്ടാം പടി’ കാരണമായേക്കാം.

Read more: Pathinettam Padi Movie Release: മലയാളസിനിമ വളരണം എന്ന മമ്മൂട്ടിയുടെ ആഗ്രഹവും അനുഗ്രഹവുമാണ് ‘പതിനെട്ടാം പടി’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook