scorecardresearch
Latest News

Pathaam Valavu Movie Review & Rating: സോളമനായി തിളങ്ങി സുരാജ് വെഞ്ഞാറമൂട്; പത്താം വളവ് റിവ്യൂ

പ്രേക്ഷകരിൽ ഒരേസമയം ആകാംഷ നിറയ്ക്കുകയും കണ്ണുകളെ ഈറനണിയിക്കുകയും ചെയ്യുന്ന ചിത്രമാണിത്

RatingRatingRatingRatingRating
Pathaam Valavu Movie Review & Rating: സോളമനായി തിളങ്ങി സുരാജ് വെഞ്ഞാറമൂട്; പത്താം വളവ് റിവ്യൂ

Pathaam Valavu Movie Review & Rating: ‘ജോസഫ്’ എന്ന ചിത്രത്തിന് ശേഷം എം പത്മകുമാര്‍ സംവിധാനം ചെയ്ത ‘പത്താം വളവ്’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ജീവിതമെന്ന യാത്രയിൽ, അതിന്റെ വഴികളിലെ വളവുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളിൽപ്പെട്ട് ജീവിതം കീഴ്മേൽ മറിയുന്ന ചില മനുഷ്യരുണ്ട്. അങ്ങനെ ഒരാളുടെ ജീവിതമാണ് ചിത്രം പറയുന്നത്. പ്രേക്ഷകരിൽ ഒരേസമയം ആകാംഷ നിറയ്ക്കുകയും കണ്ണുകളെ ഈറനണിയിക്കുകയും ചെയ്യുന്ന ചിത്രമാണിത്. കുടുംബബന്ധങ്ങളും കൂട്ടിക്കെട്ടി ഒരു ഇമോഷണൽ ഡ്രാമ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് കേരള മന:സാക്ഷിയെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ചിത്രം.

കൊലക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കുറ്റവാളിയാണ് സോളമൻ, പരോൾ അവസാനിച്ചിട്ടും മടങ്ങിയെത്താത്ത അയാളെ തേടി എസ്ഐ സേതുനാഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പത്താം വളവിലെ വീട്ടിലെത്തുന്നു. എന്നാൽ താൻ കൊലപതാക്കി ആയതിന് പിന്നിൽ അയാൾക്ക് പറയാൻ ഒരു കഥയുണ്ട്. പരോൾ തീർന്നിട്ടും കീഴടങ്ങാത്തതിന് കാരണവും. എന്നാൽ പൊലീസ് അയാളെ പിടികൂടുന്നു, തുടർന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ‘പത്താം വളവി’ന്റെ കഥ മുന്നോട്ട് പോകുന്നത്.

സാധാരണ ത്രില്ലർ സിനിമകളിൽ നിന്ന് വ്യത്യസ്തമായി കുടുംബകഥയെ കൂടി കൂട്ടിക്കെട്ടിയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. മുൻപ് കണ്ടുമറന്ന പാറ്റേണിലുള്ള, പ്രഡിക്റ്റബിളായ കഥയാണെങ്കിലും ഈ വ്യത്യസ്ത ചിത്രത്തിനൊരു ഫ്രഷ്‌നസ് നൽകുന്നു. ഒരേസമയം ത്രില്ലറായും കുടുംബചിത്രമായും ‘പത്താം വളവ്’ അനുഭവപ്പെടുന്നുണ്ട്.

വിവിധ ട്രാൻസിഷനുകളിലൂടെ കടന്നുപോകുന്ന സോളമൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിൽ സുരാജ് കാണിച്ച കയ്യടക്കം ഗംഭീരമാണ്. സുരാജ് വെഞ്ഞാറമൂട് എന്ന നടന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായി സോളമനും അറിയപ്പെടും. സേതുനാഥ് എന്ന കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തുന്ന പ്രകടനമാണ് ഇന്ദ്രജിത് കാഴ്ച്ചവെച്ചിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനായി ജയകൃഷ്ണന്റെ പ്രകടനവും കയ്യടി നേടുന്നുണ്ട്. സോളമന്റെ ഭാര്യയായി അദിതി രവിയുടെയും മകളായി ബാലതാരം കിയാരയുടെയും പ്രകടനവും ശ്രദ്ധേയമാണ്. കുറച്ചു നാളുകൾക്ക് ശേഷം മലയാളത്തിലേക്ക് എത്തിയ അജ്‌മൽ അമീറും പൊലീസ്‌ കഥപാത്രത്തെ മികച്ചതാക്കി. സുധീർ കരമന, സോഹൻ സിനുലാൽ, മേജർ രവി, നന്ദൻ ഉണ്ണി, നിസ്താർ അഹമ്മദ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

രതീഷ് റാമിന്റെ ഛയാഗ്രഹണമാണ് ചിത്രത്തിൽ എടുത്ത് പറയേണ്ട മറ്റൊരു ഘടകം. ഇടുക്കിയുടെ ഭംഗി നന്നായി പകർത്താനും സിനിമയെ നല്ലൊരു കാഴ്ച്ചാനുഭമാക്കി മാറ്റാനും രതീഷിന്റെ സാധിച്ചിട്ടുണ്ട്. ചിത്രത്തിൽ രഞ്‍ജിൻ രാജ് ഒരുക്കിയിരിക്കുന്ന ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ഇമോഷണൽ മൂഡും ത്രില്ലർ മൂഡും നിലനിർത്താൻ ഏറെ സഹായിച്ചിട്ടുണ്ട്.

അതേസമയം, തിരക്കഥയിലെ ചെറിയ പാളിച്ചകളാണ് ചിത്രത്തിന്റെ പോരായ്മായി തോന്നിയത്. സേതുവിന്റെ ഒരു ദിവസവും സോളമന്റെ ജീവിതവും പറയുന്ന ആദ്യ ഭാഗത്തിൽ വളരെ ഇഴച്ചിൽ അനുഭവപ്പെട്ടു. നർമ്മത്തിനായി ചേർത്ത ചില ഡയലോഗുകൾ മുഴച്ചുനില്കുന്നതായി തോന്നി. അഭിലാഷിന്റെ മുൻ ചിത്രം ‘നൈറ്റ് ഡ്രൈവി’ന്റെ മുകളിൽ എത്താൻ ഈ സിനിമയ്ക്ക് സാധിച്ചിട്ടില്ല. പലയിടങ്ങളിലും ശക്തമായ തിരക്കഥയുടെ അഭാവം അനുഭവപ്പെട്ടു.

ഒരു ത്രില്ലർ ചിത്രം എന്നതിനപ്പുറം കുടുംബചിത്രമായും അനുഭവപ്പെടുന്നതിനാൽ എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന ചിത്രമാണ് ‘പത്താം വളവ്’.

Also Read:Meri Awas Suno Movie Review & Rating: ഒരു മെലഡി പോലെ സുന്ദരം; ‘മേരി ആവാസ് സുനോ’ റിവ്യൂ

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Pathaam valavu movie review rating suraj venjaramood indrajith