/indian-express-malayalam/media/media_files/ynNzJzWND0Le4scbHh9s.jpeg)
Pardise Movie Review: വളരെ ശാന്തവും സ്വച്ഛവുമായ തുടക്കമാണ് 'പാരഡെയ്സി'ന്റേത്. ഒന്നിച്ചുള്ള ജീവിതത്തിന്റെ അഞ്ചാം വാർഷികം ശ്രീലങ്കയിൽ ആഘോഷിക്കനെത്തുന്ന കേശവും അമൃതയും സന്തോഷത്തിലും ജീവിതം മെച്ചപ്പെടാൻ പോകുന്നതിന്റെ ആവേശത്തിലുമാണ്. പരസ്പരം മനസിലാക്കുന്ന, പ്രണയിക്കുന്ന അവർ 2022 ലെ ശ്രീലങ്കൻ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് അവിടെയെത്തുന്നത്. വിദൂര കാഴ്ചകളും കഥകളും മാത്രമായിരുന്ന കലാപം മെല്ലെ മെല്ലെ അവരുടെ ജീവിതത്തിന്റെ ഗതി ആകെ മാറ്റുന്നു. പ്രസന്ന വിതനാഗേയുടെ മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ പുറത്തിറങ്ങിയ 'പാരഡൈസ്' മലയാളത്തിൽ അധികം സംസാരിക്കാത്ത, സമകാലിക ശ്രീലങ്കൻ രാഷ്ട്രീയത്തേ പറ്റി പറയുന്ന സിനിമയാണ്.
കലാപകലുഷിതമായ നഗരം 'പാരഡൈസിൽ' ഒരു പ്രതീകമാണ്... മിസ്റ്റർ ആൻഡ് മിസിസ് അയ്യരിൽ കണ്ടത് പോലെ അത് രണ്ട് പേർക്കിടയിലെ ഇഴയടുപ്പത്തെ കുറിച്ച് പറയുന്നതിനുള്ള പശ്ചാത്തലമാണ്. കലാപത്തിനിടയിൽ ഇവർ താമസിക്കുന്നിടത്ത് നടന്ന മോഷണമാണ് കഥയെ വഴി തിരിച്ചു വിടുന്നത്. പച്ചപ്പും പ്രണയവും രാത്രിയും കലഹങ്ങളിലേക്കും തിരിച്ചറിവുകളിലേക്കും കഥ വഴി മാറുന്നു.
കേശവും അമൃതയും ഒന്നിച്ചു ജീവിക്കുന്ന പ്രണയികളിൽ നിന്ന് കലഹിക്കുന്ന ദമ്പതികളായി മാറുന്നു. തനിക്ക് ചുറ്റുമുള്ള സാമൂഹിക ജീവിതത്തോട് ദയവില്ലാത്ത കേശവും കലാപം ഉള്ളിലെ എമ്പതിയെ പൂർണമായി ഉയർത്തിയ അമൃതയും രണ്ട് പ്രതീകങ്ങളാണ്. കേശവ് കലാപത്തെയും ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങളെയും അടിച്ചമർത്തുന്ന സിസ്റ്റത്തിന്റെ പ്രതിനിധിയാവുമ്പോൾ അമൃത അതിനെതിരെ യുദ്ധം ചെയ്യുന്ന അടിസ്ഥാന ജനാവിഭാഗത്തിന്റെ ഭാഗമാവുന്നു. ആണും പെണ്ണും ഭരണകൂട ഭീകരതയും അതിനെതിരെ പോരാടുന്നവരും എന്നൊക്കെയുള്ള ദ്വന്ദ്വങ്ങളിൽ എതിർ ധ്രുവങ്ങളിലേക്ക് ഇവർ വളരുന്നു.
വളരെ മൃദുവായി ചെറിയ നിമിഷങ്ങലൂടെയാണ് സിനിമ ഈ ദൂരങ്ങളിലേക്ക് വളരുന്നത്. രാജീവ് രവിയുടെ ക്ലോസിൽ നിന്ന് മിഡ് ഷോട്ടിലേക്കും പിന്നീട് ലോങ്ങ് ഷോട്ടിലേക്കുമുള്ള ക്യാമറ ചലനങ്ങൾ സിനിമയുടെ തിരക്കഥക്കും സംവിധാനത്തിനുമൊപ്പം ഈ ദൂരത്തെ അടയാളപ്പെടുത്തുന്നു. വളരെ കൃത്യമായി ദർശനയുടെ അമൃതയുടെ നോട്ടത്തിലൂടെ കഥ സഞ്ചരിക്കുന്നതിലൂടെയാണ് സിനിമ ഏത് പക്ഷത്തിലൂടെയാണ് കഥ പറയുന്നതെന്നു കാണിച്ചു തരുന്നത്.
രാമായണത്തിന്റെ നാടാണ് ലങ്ക. രാമായണമാണ് സിനിമ ഉപയോഗിച്ച മറ്റൊരു പ്രതീകം. മാനും രാവണനും സീതയും ഒക്കേ പുനർവ്യാഖ്യാനം ചെയ്യപ്പെടുകയും പൊളിച്ചെഴുതപ്പെടുകയും ചെയ്യുന്നു. ഇതും വളരെ മൃദുവായി തുടങ്ങി പതിഞ്ഞ താളത്തിൽ തുടർന്ന് തീവ്രമായി അവസാനിക്കുന്നു. രാമന്റെ തേരിൽ ഒറ്റക്ക് വന്ന് സീത ഹനുമാനെ കൊന്ന ജൈന രാമായണം അടക്കം ഇവിടെ പരാമർശിക്കുന്നു. ശ്യാം ഫെർണാണ്ടോ, മഹേന്ദ്ര പേരേര എന്നിവരുടെ ശക്തമായ അഭിനയം വിശ്വസനീയമായ രീതിയിൽ കഥയെ കൊണ്ട് പോയി. റോഷന്റെയും ദർശനയുടെയും ഒപ്പം ഈ ഭാഗങ്ങളിലൊക്കെ സിനിമയുടെ തീവ്രത അവർ ഉയർത്തുന്നുണ്ട്.
മണിരത്നത്തിന്റെ മദ്രാസ് ടോക്കീസ് ആണ് കേരളത്തിലടക്കം 'പാരഡൈസ്' വിതരണം ചെയ്യുന്നത്. അദ്ദേഹത്തിന്റെ തന്നെ 'രാവണ'നെയും 'കന്നത്തിൽ മുത്തമിട്ടാലെ'യും ഒക്കെ പരോക്ഷമായി ഈ സിനിമയിലെ ചില ദൃശ്യങ്ങൾ ഓർമിപ്പിച്ചു. മലയാളത്തിലെ മഞ്ഞയും രാമ രാവണനും ഒഴിച്ച് നിർത്തിയാൽ പൊതുവെ ശ്രീലങ്കൻ വിഷയങ്ങൾ പ്രധാന വിഷയമായ സിനിമകൾ കുറവാണ്. ഇടക്ക് വരുന്ന ചില പാസ്സ് ബൈ റെഫറൻസുകൾ ഒഴിച്ച് നിർത്തിയാൽ മലയാള സിനിമ അധികം സ്പർശിക്കാത്ത വിഷയം ആണിത്.
സ്ലോ ബേൺ സിനിമയാണ് 'പാരഡൈസ്.' ഒരു ടിപ്പിക്കൽ ഓഫ് ബീറ്റ് സിനിമയുടെ എല്ലാ സ്വഭാവവും ഓരോ ഫ്രെയിമിലും സിനിമ വളരെ ബോധപൂർവ്വം തന്നേ നില നിർത്തുന്നുണ്ട്. ക്ലൈമാക്സിനടുത്തെത്തുമ്പോൾ സട്ടിലിട്ടി വിട്ട് പെട്ടന്ന് ലൗഡ് ആവുന്നതും കാണാം. ഇതുണ്ടാക്കുന്ന അവിശ്വസനീയതയും ഡോക്യുമെന്റെഷൻ സ്വഭാവവുമെല്ലാം വളരെ എളുപ്പത്തിലുള്ള കാഴ്ചയെ അസാധ്യമാക്കുന്നു. തീയറ്ററിലെ ലഘുവായ കാഴ്ച പ്രതീക്ഷിക്കുന്നവർക്ക് ഒന്നും തന്നെ പാരഡിസ് നൽകുന്നില്ല.
രാമായണത്തേ, ശ്രീലങ്കയുടെ സമകാലിക ജീവിതത്തെ, ഇരയും വേട്ടക്കാരനും തമ്മിലുള്ള ബന്ധത്തെ ഒക്കെ അടയാളപ്പെടുത്തുന്ന തീർത്തും വ്യത്യസ്തവും അപൂർവവുമായ പരീക്ഷണമാണ് 'പാരഡൈസ്.'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.