Paapam Cheyyathavar Kalleriyatte Malayalam Movie Review: ശംഭു പുരുഷോത്തമൻ എഴുതി സംവിധാനം ചെയ്ത ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന ചിത്രം അതിന്റെ ട്രെയ്‌ലറിലും പോസ്റ്ററുകളിലും പുലർത്തിയ വ്യത്യസ്തത കൊണ്ട് പ്രേക്ഷകരിൽ ഏറെ ആകാംക്ഷ ഉളവാക്കിയിരുന്നു. ‘ജല്ലിക്കെട്ട്’ സിനിമയിലെ നായിക ശാന്തി ബാലചന്ദ്രൻ, ‘ആനന്ദം’ സിനിമയിലൂടെ ശ്രദ്ധേയനായ അരുൺ കുര്യൻ, വിനയ് ഫോർട്ട്, ടിനി ടോം, അലൻസിയർ ലോപ്പസ്, സ്രിന്റ, മധുപാൽ, ജോളി ചിറയത്ത്, മധുപാൽ, ജെയിംസ് ഇലിയ, അനുമോൾ, അനിൽ നെടുമങ്ങാട് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളികളുടെ കപട സദാചാരബോധത്തെയും വരേണ്യ വർഗ്ഗത്തിന്റെ ആഡംബര ജീവിതത്തെയും ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ വിമർശിക്കാനും നോക്കിക്കാണാനുമാണ് ചിത്രം ശ്രമിച്ചതെങ്കിലും പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്ന കഥാ പരിസരങ്ങളും പാളിപ്പോയ കോമഡികളും വിരസമായൊരു അനുഭവമാണ് മൊത്തത്തില്‍ സമ്മാനിക്കുന്നത്.

ഒരു ക്രിസ്ത്യൻ കുടുംബത്തിൽ നടക്കുന്ന കല്യാണ ഉറപ്പിക്കൽ രംഗത്തിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. അനിൽ കുര്യൻ അവതരിപ്പിക്കുന്ന രോഹനും, ശാന്തി അവതരിപ്പിക്കുന്ന ലിൻഡ എന്ന കഥാപാത്രവും തമ്മിലുള്ള കല്യാണമാണ് നടക്കാൻ പോകുന്നത്. ചിത്രം തുടങ്ങിയധികം വൈകാതെ തന്നെ ഈ കല്യാണം സ്ത്രീധനത്തെ മാത്രം ലക്ഷ്യം വെച്ച് നടത്തുന്നതാണെന്ന് സ്ഥാപിച്ചെടുക്കുന്നുണ്ട് സംവിധായകൻ. രോഹന്റെ ചേട്ടനായി എത്തുന്ന വിനയ് ഫോർട്ടിന്റെ റോയ് എന്ന കഥാപാത്രവും അയാളുടെ അളിയനായി എത്തുന്ന ടിനി ടോം കഥാപാത്രം അലക്സും തങ്ങളുടെ സാമ്പത്തിക ബാധ്യത തീർക്കാൻ കണ്ടെത്തുന്ന വഴിയാണ് ഈ കല്യാണമെന്ന് പെട്ടെന്ന് തന്നെ പ്രേക്ഷകന് മനസിലാക്കി കൊടുക്കുന്നുമുണ്ട്.

Read Here: Trance Movie Review: ധീരമായ പരീക്ഷണം

Paapam Cheyyathavar Kalleriyatte Malayalam Movie Review

കേരളത്തിലെ മധ്യവർഗ-വരേണ്യ-പ്രമാണി വിഭാഗത്തിലുള്ളവർ കല്യാണത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന ആഡംബരങ്ങളെയൊക്കെ ആക്ഷേപിക്കുന്നുണ്ട് ചിത്രം. സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെയും ചിത്രത്തിൽ വേണ്ടുവോളം പരിഹസിക്കുന്നുണ്ട്. ‘നിന്റെ സ്ത്രീധനം എന്റെ സ്ത്രീധനം എന്നൊക്കെ ഉണ്ടോ,’ എന്ന അനിയനോടുള്ള ചേട്ടന്റെ ചോദ്യമൊക്കെ ചിരിയുണർത്തുന്നുണ്ടെങ്കിൽ കൂടി സിനിമ മുന്നോട്ട് പോകും തോറും തമാശകൾ ആവർത്തന വിരസമാവുകയാണ്. മനസമ്മതം നടന്നു കഴിഞ്ഞുള്ള കുടുംബക്കാരുടെ ഒത്തു ചേരൽ ചടങ്ങാണ് ചിത്രത്തിന്റെ ഭൂരിഭാഗവും.

മനസമ്മതം തുടങ്ങുന്നത് മുതൽ തന്നെ നായിക ലിൻഡയ്ക്ക് മാനസിക പ്രശ്നങ്ങളുള്ളതായി കാണിക്കുന്നുണ്ട്. ഈ ഒത്തു കൂടലിനിടയിലേക്ക് ക്ഷണിക്കാതെ വരുന്ന സേവ്യർ (അലൻസിയർ) ഒരു രഹസ്യവുമായാണ് എത്തുന്നത്. തുടർന്ന് രണ്ടു കുടുംബങ്ങളിലും നടക്കുന്ന പല അവിഹിത ബന്ധങ്ങളും പൂർവകാല കള്ളക്കളികളുമെല്ലാം ഓരോന്നായി വെളിവാക്കപ്പെടുകയാണ്. ചുരുക്കത്തിൽ രണ്ടു കുടുംബങ്ങളിലെയും അംഗങ്ങളുടെ രഹസ്യമായ അവിഹിത ബന്ധങ്ങളും, അത് മറച്ചു വെക്കാനുള്ള ശ്രമങ്ങളുമാണ് ചിത്രം പിന്നെ പറയുന്നത്.

മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളായ പ്രണയം, കാമം മുതലായവയെ കുടുംബ മഹിമ, സദാചാരം തുടങ്ങിയ അളവുകോലുകൾ വെച്ച് നിയന്ത്രിക്കുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങളെ രസകരമായി അവതരിപ്പിക്കാനാണ് ചിത്രം ശ്രമിക്കുന്നത്. ഇടയ്ക്ക് ചില പ്രശ്നങ്ങൾ ഗുരുതരവും ഗൗരവകരവുമായി വഴി മാറുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും, ആസ്വാദകരെ പിടിച്ചിരുത്തുന്ന ഘടകങ്ങളൊന്നും ചിത്രത്തിൽ ഇല്ലാതെ പോയത് ചിലപ്പോൾ പ്രേക്ഷകനെ കൊണ്ട് കല്ലെറിയാൻ പ്രേരിപ്പിക്കും.

അവസാനം ഈ രണ്ടു കുടുംബങ്ങളിലെയും പ്രശ്നങ്ങൾ വഷളാവുമ്പോൾ ഈ കാണുന്ന ആഡംബരത്തിലും പ്രഹസനങ്ങളിലും ഒന്നും പെടാതെ മാറി നിൽക്കുന്ന, കഞ്ചാവ് അടിച്ചു കിളിപോയ മധുപാലിന്റെ കഥാപാത്രം ബാക്കിയുള്ളവർക്ക് ഉപദേശം കൊടുക്കുന്നുണ്ട് ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന്, അവിടെ ചിത്രം അവസാനിപ്പിക്കുകയാണ് സംവിധായകൻ. വാർപ്പുമാതൃകകളെയും സദാചാര ബോധങ്ങളെയും തകർക്കാനുള്ള ശ്രമമെന്നവണ്ണം ആവണം ശംഭു പുരുഷോത്തമൻ ഈ ചിത്രം ചെയ്യാൻ തുനിഞ്ഞതെങ്കിലും, ഇതേ ആശയങ്ങൾ കൈകാര്യം ചെയ്ത ‘വെടിവഴിപാട്’, ‘ആഭാസം’ പോലെയുള്ള ചിത്രങ്ങളുടെ നിലവാരം പുലർത്താൻ ശംഭുവിന്റെ തിരക്കഥയ്ക് സാധിച്ചിട്ടില്ല. എല്ലാവരുടെ ഉള്ളിലും കള്ളത്തരം ഉണ്ടെന്നു കാണിക്കാനുള്ള വ്യഗ്രത കഥാപാത്രങ്ങളിലും സന്ദർഭങ്ങളിലും കൃത്രിമത്വം തോന്നിപ്പിക്കുന്നു.

Papam Cheyyathavar Kalleriyatte film, Papam Cheyyathavar Kalleriyatte movie, Papam Cheyyathavar Kalleriyatte movie review, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, Vinay Fortt, വിനയ് ഫോർട്ട്, Srinda, സ്രിന്ദ, Tini Tom, ടിനി ടോം, IE Malayalam, ഐഇ മലയാളം, Indian express malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം

Paapam Cheyyathavar Kalleriyatte Movie Review:  ‘ഫ്രീ ലവ്’ എന്ന പുരോഗമന ആശയമൊക്കെയാണ് ചിത്രം മുന്നോട്ടു വെക്കുന്നത്

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ റിവ്യൂ

വിനയ് ഫോർട്ട്, ടിനി ടോം എന്നിവർക്കാണ് ചിത്രത്തിൽ കൂടുതൽ സ്ക്രീൻ ടൈം ഉള്ളതെങ്കിലും, ചെറിയ വേഷങ്ങളിൽ എത്തിയവർ പോലും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. സ്രിന്റ, ജെയിംസ് ഇലിയ, അനിൽ നെടുമങ്ങാട് എന്നിവരുടെ പ്രകടനം ശ്രദ്ധേയമാണ്. കൊച്ചുകുട്ടികളെ പോലെ നിഷ്കളങ്കമായി പെരുമാറുന്ന, പാട്ടു കേട്ട് ഡാൻസ് കളിക്കുന്ന, വാരി വലിച്ചു തിന്നുന്ന കല്യാണ പെണ്ണായി വന്ന ശാന്തിയുടെ പ്രകടനം നന്നായിരുന്നെങ്കിലും അതിൽ കൂടുതൽ ഒന്നും ചെയ്യാനില്ലാത്തത് ആ കഥാപാത്രത്തെ വിരസമാക്കുന്നുണ്ട്. അനിൽ കുര്യനും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

പ്രശാന്ത് പിള്ളൈ ആണ് ചിത്രത്തിനെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ചുരുങ്ങിയ കഥ പരിസരങ്ങൾ മാത്രം ഉള്ള കഥ ആയതിനാൽ ഛായാഗ്രാഹകൻ ജോമോൻ തോമസിന് അധികം പണിപ്പെടേണ്ടി വന്നിട്ടില്ല. കാർത്തിക് ജോഗേഷാണ് ചിത്രസംയോജനം നിർവഹിച്ചത്. സഞ്ജു എസ് ഉണ്ണിത്താനാണ് ചിത്രത്തിന്റെ നിർമാതാവ്.

ബന്ധങ്ങളുടെയും സദാചാരത്തിന്റെയും കെട്ടുപാടുകൾ ഇല്ലാത്ത ‘ഫ്രീ ലവ്’ എന്ന പുരോഗമന ആശയമൊക്കെയാണ് ചിത്രം മുന്നോട്ടു വെക്കുന്നതെങ്കിലും, മലയാളികൾ ശംഭു പുരുഷോത്തമന്റെയത്ര പുരോഗമിച്ചിട്ടുണ്ടോയെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook