scorecardresearch

Padavettu Movie Review & Rating: പ്രസംഗവും പഠിപ്പിക്കലുമോ സിനിമ?; 'രാഷ്ട്രീയ ശരി' പറഞ്ഞു പരാജയപ്പെടുന്ന 'പടവെട്ട്', റിവ്യൂ

Padavettu Movie Review & Rating: ബലം പിടിച്ചു കുറെ പാഠങ്ങൾ ട്രെൻഡിനൊപ്പിച്ച് കാണികളിലേക്ക് എത്തിക്കാനുള്ള വ്യഗ്രത കാണാം

Padavettu Movie Review & Rating: ബലം പിടിച്ചു കുറെ പാഠങ്ങൾ ട്രെൻഡിനൊപ്പിച്ച് കാണികളിലേക്ക് എത്തിക്കാനുള്ള വ്യഗ്രത കാണാം

author-image
Aparna Prasanthi
New Update
Padavettu, Padavettu Movie Review, Aishwarya Lekshmi, Padavettu review, Padavettu Malayalam Review, Padavettu movie download, Padavettu Amazon Prime Video

Padavettu Movie Review & Rating: ഇവിടെ കാലങ്ങളായി നിലനിൽക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കിടയിലേക്ക് കയറി വരുന്ന കോർപ്പറേറ്റ് സ്വഭാവമുള്ള പാർട്ടികൾ… മലയാള സിനിമ അധികം സംസാരിച്ചു കണ്ടിട്ടില്ലാത്ത രാഷ്ട്രീയ പരിസരത്തു നിന്നാണ് 'പടവെട്ട്' കഥ പറഞ്ഞു തുടങ്ങുന്നത്. പഞ്ചായത്ത്‌ യോഗങ്ങളും അവിടത്തെ രാഷ്ട്രീയ വടംവലികളും മുപ്പതു കൊല്ലത്തോളമായി മലയാള സിനിമ പറയാറുണ്ട്. പക്ഷേ ഇക്കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ തീർത്തും കോർപ്പറേറ്റ് സ്വഭാവമുള്ള രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലുകൾ കൂടി കടന്ന് വരുമ്പോൾ ശ്രദ്ധേയമായ തുടക്കം കിട്ടുന്നുണ്ട് സിനിമക്ക്. പൊതുവെ ആരും പരീക്ഷിക്കാത്ത കഥാപറച്ചിൽ രീതിയും മേക്കിങ് ശൈലിയുമൊക്കെ എസ്റ്റാബ്ലിഷ് ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട് തുടക്കത്തിൽ സിനിമ. ഒട്ടും ലഘുവല്ലാത്ത രീതിയിൽ തുടങ്ങുന്ന സിനിമയിൽ അടിമുടി ഇരുണ്ട ഒരന്തരീക്ഷം നിലനിൽക്കുന്നു.

Advertisment

ഒരേ സമയം ഒരു രാഷ്ട്രീയ സിനിമയും സർവൈവൽ ത്രില്ലറുമാണ് 'പടവെട്ട്.' കക്ഷി രാഷ്ട്രീയത്തിലൂടെ ഭൂമി, അധികാരം എന്നീ ഗൗരവമുള്ള രാഷ്ട്രീയം വിഷയങ്ങൾ പറയാൻ ശ്രമിക്കുന്നുണ്ട് സിനിമ. അതിനൊപ്പം തന്നെ രവി എന്ന സാധാരണക്കാരന്റെ അതിജീവനത്തെയും സിനിമ പ്രധാന പ്രമേയമാക്കുന്നു. കണ്ണൂരിലെ മാലൂർ എന്ന നാടും രവിയും ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ എന്ന് വേണമെങ്കിൽ പറയാം. ആ നാടും രവിയും പല കാലങ്ങളിൽ കടന്നു പോകുന്ന ബുദ്ധിമുട്ടുകളും അതിൽ നിന്നൊക്കെ അതിജീവിക്കാനുള്ള അവരുടെ പല ശ്രമങ്ങളും പോരാട്ടങ്ങളും അതിനായി അവർ നടത്തുന്ന പടവെട്ടും സിനിമയെ മുന്നോട്ട് നയിക്കുന്നു.

സമാന്തര സിനിമകളും വാണിജ്യ സിനിമകളും തമ്മിൽ ഇപ്പോൾ വലിയ അകലം സൂക്ഷിക്കുന്നത് മലയാള സിനിമയാണ്. തമിഴ്, കന്നഡ, തെലുങ്ക് സിനിമകൾ പല നിലക്ക് പല പരീക്ഷണങ്ങളിലൂടെ ആ ദൂരത്തെ കുറച്ച് കൊണ്ട് വരുന്നുണ്ട്. ഭൂമി, അധികാരം, വർണ വർഗ ലിംഗ വിവേചനം ഒക്കെ പ്രകടമായി പറഞ്ഞു വലിയൊരു വിഭാഗം കാണികളുടെ കയ്യടി ഈ സിനിമകൾ നേടുന്നു. മലയാളത്തിൽ ഇപ്പോഴും വാണിജ്യ സിനിമകൾ അത്തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുന്നത് കുറവാണ്. നടത്തുന്ന പരീക്ഷണങ്ങൾക്ക് പലപ്പോഴും ബലം പിടിച്ചു കുറെ പാഠങ്ങൾ ട്രെൻഡിനൊപ്പിച്ച് കാണികളിലേക്ക് എത്തിക്കാനുള്ള വ്യഗ്രത കാണാം.

ദളിത്‌ രാഷ്ട്രീയവും ഭൂമി പ്രശ്നവും ലിംഗ വിവേചനവുമൊക്കെ പല നിലക്ക് അവതരിപ്പിക്കുമ്പോൾ അവിടെ നീണ്ട പ്രസംഗത്തിന്റെയും പഠിപ്പിക്കലിന്റെയും സ്വഭാവം വരികയും കലയുടെ അംശം നഷ്ടപ്പെട്ടു പോവുകയും ചെയ്യുന്നു. 'പടവെട്ടും' അത്തരം 'രാഷ്ട്രീയ ശരി' പ്രസംഗ രൂപത്തിൽ പഠിപ്പിക്കാൻ ശ്രമിക്കുന്ന സിനിമയാണ്.

Advertisment

തമിഴിൽ സമാന വിഷയങ്ങൾ പ്രമേയമാക്കിയ ധനുഷിന്റെ 'കൊടി,' 'അസുരൻ' എന്നീ സിനിമകൾ വാണിജ്യപരമായി വിജയം നേടുകയും രാഷ്ട്രീയമായി ചർച്ചയാവുകയും ചെയ്ത സിനിമകളാണ്. സംവിധായകൻ വെട്രിമാരന്റെ പല സിനിമകളും അത്തരം സിനിമാ നിർമിതികളുടെ തുടർച്ചയാണ്. പാ രഞ്ജിത്തിന്റെ 'കാല'യും ഈ പ്രശ്നങ്ങൾ അവതരിപ്പിച്ച് വലിയ ചർച്ചയായ ഒന്നാണ്. ആ സിനിമകളുടെ പ്രകടമായ സ്വാധീനവും ചില രംഗങ്ങളുടെ അനുകരണങ്ങളും 'പടവെട്ടിൽ' കാണാം. വൃദ്ധരായ കർഷകർ ആകാശത്തേക്ക് നോക്കുന്ന ഫ്രെയിം 'കത്തി'യിൽ അതേ പടി കണ്ടതാണ്. പക്ഷേ തീർത്തും 'റൂട്ടഡ്' ആയ തമിഴ് സിനിമകൾ കേരളീയ പരിസരത്തിലേക്ക് അത് പോലെ പറിച്ചു നടുന്നത് എളുപ്പമല്ല. പലപ്പോഴും ഒരു കൃത്രിമത്വം കടന്നു വരും. ആ കൃത്വിമത്വം 'പടവെട്ടി'ലെ സംഭാഷണങ്ങളിലും പാത്ര നിർമിതിയിലും കഥഗതിയുടെ മുന്നോട്ട് പോക്കിലും അടിമുടി തെളിഞ്ഞു കാണാം. നാട് തിരിച്ചു പിടിക്കുന്ന കർഷകരും നായകന്റെ മാസും തമ്മിലുള്ള മിക്സിങ് പലപ്പോഴും ശരിയായ അളവിൽ അല്ലാതെ വരുന്നുണ്ട് സിനിമയിൽ. കഥയെ ദൃശ്യ ഭാഷയിലേക്ക് പകർത്തുമ്പോൾ കല നഷ്ടമാവുകയും രാഷ്ട്രീയം മുഴച്ചു നിൽക്കുകയും ചെയ്യുന്നു.

തമിഴിൽ വിജയം കണ്ട അല്ലെങ്കിൽ കലാപരമായി സ്വീധീനം ചെലുത്തിയ സിനിമകൾ മലയാളത്തിൽ പറിച്ചു നടുമ്പോൾ അത് വേരറ്റു പോകാനുള്ള സാദ്ധ്യതകൾ കൂടുന്നു എന്നതിൽ ഉപരി ഇവിടെ സംഭവിച്ചിരിക്കുന്നത് സിനിമയുടെ ആർട്ടും ക്രാഫ്റ്റും നഷ്ടപ്പെടുന്നു എന്നതാണ്. അവിടെ സിനിമയിൽ സ്വാഭാവികമായി വന്നു ചേരുന്ന ഭാവുകത്വം, മുറുകെപ്പിടിക്കുന്ന രാഷ്ട്രീയം എന്നിവ ഇവിടെ ബലം പിടിച്ചു പറയാൻ ശ്രമിച്ചാൽ എന്താകും? അതാണ് ചുരുക്കിപ്പറഞ്ഞാൽ 'പടവെട്ട്‌ .'

നിവിൻ പോളിക്കൊപ്പം ഷൈൻ ടോം ചാക്കോ, ഷമ്മി തിലകൻ, സുധീഷ്, ഇന്ദ്രൻസ്, അതിഥി ബാലൻ, വിജയരാഘവൻ, രമ്യ, സണ്ണി വെയ്ൻ തുടങ്ങീ ഒരുപാട് താരങ്ങൾ സിനിമയിലുണ്ട്. പ്രകടനം കൊണ്ട് പലരും കയ്യടി അർഹിക്കുന്നുണ്ട്. പക്ഷേ ആ കഥാപാത്രങ്ങളിൽ പലരും ശക്തമായ സ്ക്രീൻ പ്രെസെൻസ് ആയി വന്നു പിന്നെ അതിനു തുടർച്ചയില്ലാതെ അപ്രത്യക്ഷരാകുന്നു. പൂർണമായും കണ്ണൂരിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയിൽ കണ്ണൂരിലെ പ്രാദേശിക ഭാഷ ആരുടേയും കൈപ്പിടിയിൽ നിൽക്കുന്നില്ല. ദീപക് ഡി മേനോന്റെ ക്യാമറയും ഗോവിന്ദ് വസന്തയുടെ സംഗീതവും സിനിമയുടെ മൂഡിനെ ലിഫ്റ്റ് ചെയ്യാൻ ശ്രമിക്കുന്നുണ്ട്.

കൂട്ടത്തിൽ മറ്റൊരു കാര്യം കൂടി സൂചിപ്പിക്കേണ്ടതുണ്ട്. സംവിധായകൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എന്നിവർക്കെതിരെ ഉയർന്നു വന്ന ലൈംഗികാതിക്രമ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് 'പടവെട്ട്‌' ഈയടുത്ത് ചർച്ചയിൽ വന്നത്. സിനിമയുടെ റിലീസ് നീണ്ടു പോയതും ഒരുപക്ഷേ ഇതേ കാരണങ്ങൾ കൊണ്ടാവും. സഹപ്രവർത്തകർ കൂടിയായ സ്ത്രീകളിൽ നിന്നാണ് ഈ ആരോപണം ഉയർന്നത്. സിനിമയിലെ സ്ത്രീകഥാപാത്രങ്ങളെ വളരെ ശക്തരായി അവതരിപ്പിക്കാൻ മനഃപൂർവം ശ്രമിച്ച, അതിനുതകുന്ന സംഭാഷണങ്ങളും രംഗങ്ങളും സിനിമയിലേക്ക്, അതിൽ ഒരൽപം കൃത്രിമത്വം വരുമെങ്കിൽ കൂടിയും, കുത്തി ചേർക്കാൻ ശ്രമിച്ചിരുന്നു അണിയറക്കാർ എന്നതും ആരോപണത്തിന്റെ പശ്ചാത്തലത്തിൽ വിരോധാഭാസമായി.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: