/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/uploads/2022/07/pappan-review.jpg)
Suresh Gopi Starrer Paappan Movie Review & Rating: അത്ര വേഗത്തിൽ പ്രവചിക്കാനാവാത്ത ഒരു കഥയും പ്രേക്ഷകരുമായി കണക്റ്റ് ചെയ്യുന്ന വൈകാരിക മുഹൂർത്തങ്ങളൊക്കെയുള്ള വലിയ ബോറടിയില്ലാതെ കണ്ടിരിക്കാവുന്ന ഒരു ഡീസന്റ് ത്രില്ലർ ചിത്രമാണ് സുരേഷ് ഗോപി- ജോഷി ടീമിന്റെ 'പാപ്പൻ'. വലിയ പ്രതീക്ഷകളില്ലാതെ കയറിയാൽ, കണ്ട് ആസ്വദിച്ച് ഇരിക്കാവുന്ന ഒന്ന്.
ഒരു സൂപ്പർസ്റ്റാറിന്റെ ഡ്രൈവർ ദുരൂഹമായ സാഹചര്യത്തിൽ കൊല്ലപ്പെടുന്നിടത്തു നിന്നുമാണ് കഥയാരംഭിക്കുന്നത്. കേസ് അന്വേഷിക്കാനെത്തുന്നത് ക്രിമിനോളജിയിൽ പ്രത്യേക ബിരുദം നേടിയ ഐപിഎസ് ഓഫീസറായ വിൻസി എബ്രഹാമാണ്. കേസന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കേ സമാനമായ രീതിയിൽ വീണ്ടും കൊലപാതകങ്ങൾ അരങ്ങേറുന്നു. സൈക്കോപാത്തായ ഒരു സീരിയൽ കില്ലറിന്റെ സാന്നിധ്യം വിൻസി കണ്ടെത്തുന്നു. മറഞ്ഞിരിക്കുന്ന ആ കൊലയാളിയെ തേടി, കൊലപാതക പരമ്പരയുടെ ചുരുളഴിക്കാനായി പൊലീസ് അലയുകയാണ്.
വിൻസി എബ്രഹാം ഐപിഎസിനെ നീത പിള്ള അവതരിപ്പിക്കുമ്പോൾ വിൻസിയുടെ അപ്പൻ എബ്രഹാം മാത്യു മാത്തൻ എന്ന പാപ്പനായി സുരേഷ് ഗോപിയുമെത്തുന്നു. കരിയറോ ജീവിതമോ വലുതെന്ന ചോദ്യത്തിന് പലപ്പോഴും ജീവിതത്തിലുമുപരിയായ കരിയർ തിരഞ്ഞെടുത്ത കർമ്മനിരതനായ പൊലീസുകാരനാണ് പാപ്പൻ. പൊലീസ് ജീവിതം നൽകിയ മുറിവുകൾ മനസ്സിലും ശരീരത്തിലും പേറി റിട്ടയർ ജീവിതം നയിക്കുന്നയാൾ. വിൻസിയുടെ കണ്ടെത്തലുകൾ പാപ്പന്റെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നതോടെ ചിത്രത്തിന്റെ കഥാഗതി പ്രേക്ഷകന് പ്രെഡിക്റ്റ് ചെയ്യാനാവാത്ത രീതിയിൽ ഉദ്വേഗജനകമാവുന്നുണ്ട്. പ്രേക്ഷകരുടെ സംശയങ്ങൾ പാപ്പനിലേക്കും നീളുന്നു.
സ്ലോ പേസിലാണ് കഥയുടെ സഞ്ചാരം. തീപ്പൊരി ഡയലോഗുകളുമായി സ്ക്രീനിൽ നിറയുന്ന സുരേഷ് ഗോപിയുടെ പൊലീസ് കഥാപാത്രങ്ങൾ പ്രതീക്ഷിച്ച് ആരും ചിത്രത്തിനു കയറേണ്ട. പഴയ ഫയർ ബ്രാൻഡിനെയല്ല, അനുഭവങ്ങൾ കൊണ്ടും പ്രായം കൊണ്ടുമെല്ലാം പക്വതയും തഴക്കവും വന്ന ഒരു മനുഷ്യനാണ് ചിത്രത്തിലെ പാപ്പൻ. തന്റെ ശരികളിൽ തെറ്റും ചില തെറ്റുകളിൽ ശരിയുമുണ്ടെന്ന് വിശ്വസിക്കുന്നയാൾ. ആത്യന്തികമായി മനുഷ്യനിലൊരു മൃഗമൊളിച്ചിരിപ്പുണ്ടെന്ന് ജീവിതം കൊണ്ടാണ് പാപ്പൻ പഠിക്കുന്നത്. അത്ര പെട്ടെന്ന് കാഴ്ചക്കാർക്ക് പിടികൊടുക്കാത്ത പാപ്പൻ എന്ന കഥാപാത്രത്തെ കയ്യടക്കത്തോടെ തന്നെ അവതരിപ്പിച്ചിട്ടുണ്ട് സുരേഷ് ഗോപി.
എന്തിനും ഏതിനും പാപ്പനു കൂട്ടായി മൈക്കിളുമുണ്ട്. ഗോകുൽ സുരേഷാണ് മൈക്കിളിനെ അവതരിപ്പിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള സീനുകളും രസകരമാണ്. നൈല ഉഷ, ചന്തുനാഥ്, വിജയരാഘവൻ, ആശ ശരത്, ഷമ്മി തിലകൻ, ടിനി ടോം, ശ്രീജിത് രവി, കനിഹ, ജനാർദ്ദനൻ, സജിത മഠത്തിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
ഒരു ക്രൈം ത്രില്ലർ മാത്രമല്ല പാപ്പൻ, അതിനപ്പുറം കുടുംബബന്ധങ്ങളും ചിത്രത്തിന്റെ പശ്ചാത്തലമാവുന്നുണ്ട്. പാപ്പനുമായി വിൻസിയ്ക്കുള്ള സ്വരചേർച്ചയും ഇരുവർക്കുമുള്ളിൽ പതിയെ പതിയെ ഉടലെടുക്കുന്ന ആത്മബന്ധവുമൊക്കെയാണ് ഒരു ക്രൈം ത്രില്ലർ എന്നതിനപ്പുറത്തേക്ക് വൈകാരികമായ ആസ്വാദനം കൂടി ചിത്രത്തിനു സമ്മാനിക്കുന്നത്.
അജയ് ഡേവിഡ് കാച്ചപ്പിള്ളിയുടെ ദൃശ്യങ്ങളും ജേക്സ് ബിജോയുടെ പശ്ചാത്തല സംഗീതവും മികച്ചുനിൽക്കുന്നു. ഒരു ക്രൈം ത്രില്ലർ ചിത്രത്തിനു വേണ്ട മുറുക്കം ആർജെ ഷാനിന്റെ തിരക്കഥയിൽ ഇല്ലെന്നതാണ് ഒരു പോരായ്മ. ചിത്രം ക്ലൈമാക്സ് രംഗങ്ങളിലേക്കു എത്തുമ്പോൾ ആദ്യഭാഗങ്ങളിലെ പല സംഭവവികാസങ്ങളും ബിൽഡപ്പും അനാവശ്യമായിരുന്നില്ലേ എന്ന തോന്നലാണ് പ്രേക്ഷകരിൽ ബാക്കിയാവുക. തിരക്കഥയിലെ ഇത്തരം പോരായ്മകളെ പക്ഷേ മേക്കിംഗിലൂടെ മറികടക്കുകയാണ് ജോഷി എന്ന മാസ്റ്റർ ക്രാഫ്റ്റ്മാൻ. വലിയ ബോറടിയില്ലാതെ ഒരു തവണ കണ്ടിരിക്കാനുള്ളതൊക്കെ ചിത്രത്തിലുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.