/indian-express-malayalam/media/media_files/uploads/2022/03/oruthee-review.jpg)
Oruthee Malayalam Movie Review & Rating: ഒരിടവേളയ്ക്ക് ശേഷം നവ്യ നായർ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് 'ഒരുത്തീ'. ഏറെ നായികാപ്രാധാന്യത്തോടെയാണ് വികെ പ്രകാശ് 'ഒരുത്തീ' ഒരുക്കിയിരിക്കുന്നത്. സാധാരണക്കാരിയായ വീട്ടമ്മയുടെ അസാധാരണമായൊരു കഥയാണ് ചിത്രം പറയുന്നത്. യഥാർത്ഥ സംഭവത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് സംവിധായകൻ ഈ ചിത്രം ഒരുക്കിയത്.
കൊച്ചിയിൽ ഫെറി സർവ്വീസിൽ കണ്ടക്ടറായി ജോലി ചെയ്യുകയാണ് രാധാമണി. മക്കളും ഭർത്താവിന്റെ അമ്മയും അടങ്ങുന്ന ചെറിയ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും ഒറ്റയ്ക്ക് ചുമലിലേറ്റുന്നവൾ, എല്ലായിടത്തും പ്രസരിപ്പോടെ ഓടിയെത്തുന്നവൾ. കുഞ്ഞുകുട്ടി പരാധീനതകൾക്കിടയിലും സന്തോഷത്തോടെ ജീവിക്കുന്ന രാധാമണിയുടെ ജീവിതത്തിലേക്ക് ഒരു ദശാസന്ധിയിൽ ഒന്നിനു പിറകെ ഒന്നായി പ്രശ്നങ്ങളെത്തുകയാണ്. അഴിക്കാൻ ശ്രമിക്കുന്തോറും മുറുകുന്ന ആ പ്രശ്നങ്ങൾക്കിടയിൽ പെട്ടുള്ള രാധാമണിയുടെ നെട്ടോട്ടമാണ് 'ഒരുത്തീ' പറയുന്നത്.
കഷ്ടപ്പാടുകളിലൂടെയും അപമാനങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും ഭീതികളിലൂടെയും നിവൃത്തിക്കേടുകളിലൂടെയുമൊക്കെ കടന്നുപോയി ഒടുവിൽ ചുറ്റുമുള്ള അനീതികളെ ചുട്ടെരിക്കാൻ തീ പോലെ ആളിക്കത്തുകയാണ് രാധാമണി.
ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തുമ്പോൾ, രണ്ടാമൂഴക്കാരിയുടെ പതർച്ചയോ ടെൻഷനോ ഒന്നും നവ്യയിൽ കാണാൻ കഴിയുന്നില്ല. വളരെ പക്വതയോടെയും പാകതയോടെയും കയ്യടക്കത്തോടെയും വീടും ജോലിയുമെല്ലാം ഒന്നിച്ച് കൊണ്ടുപോവുന്ന ഒരു സ്ത്രീയുടെ ജീവിതത്തെ നവ്യ സ്ക്രീനിൽ വരച്ചിടുന്നുണ്ട്. ഏറെ ശാരീരിക അധ്വാനം കൂടി ആവശ്യപ്പെട്ട കഥാപാത്രമാണ് രാധാമണി. ക്ലൈമാക്സിനു മുൻപുള്ള നവ്യയുടെ ചെയ്സിംഗ് സീനൊക്കെ ശ്വാസമടക്കി പിടിച്ചു മാത്രമേ പ്രേക്ഷകർക്ക് കണ്ടിരിക്കാനാവൂ.
മികച്ച നടിക്കുള്ള ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ഫിലിം അവാര്‍ഡ് 2020, 12-ാമത് ഭരത് മുരളി ചലച്ചിത്ര അവാര്‍ഡ് 2020, ഗാന്ധിഭവന്‍ ചലച്ചിത്ര അവാര്‍ഡ് 2020 എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ ഒരുത്തീയിലൂടെ ഇതിനകം നവ്യയെ തേടിയെത്തി കഴിഞ്ഞു. ആ അവാർഡുകളെല്ലാം എത്രത്തോളം അർഹിക്കുന്നു നവ്യയെന്ന് സിനിമ കണ്ടിറങ്ങുമ്പോൾ പ്രേക്ഷകർക്കും ബോധ്യമാവും.
പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന വിനായകനാണ് തിയേറ്ററിൽ കയ്യടി നേടുന്ന മറ്റൊരു താരം. സൂപ്പർ ഹീറോ പരിവേഷമൊന്നുമില്ലാതെ, വളരെ റിയലിസ്റ്റാക്കായി തന്നെ ഒരു പൊലീസുകാരന്റെ ജീവിതം വിനായകൻ സ്ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട്. മുകുന്ദൻ, കെ പിഎസി ലളിത, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, അരുണ്‍ നാരായണ്‍ എന്നിവരുടെ കഥാപാത്രങ്ങളും മികവു പുലർത്തി. നവ്യയുടെ മകനായി അഭിനയിച്ച ആദിത്യനും പ്രേക്ഷകരുടെ ഇഷ്ടം കവരും.
/indian-express-malayalam/media/media_files/uploads/2022/03/Navya-Nair.jpg)
നവ്യയെന്ന അഭിനേത്രിയ്ക്ക് ഗംഭീരമായ വരവേൽപ്പാണ് വികെപി ഒരുത്തീയിലൂടെ നൽകിയത്. ജിംഷി ഖാലിദിന്റെ ഛായാഗ്രഹണമാണ് എടുത്തുപറയേണ്ട മറ്റൊരു ഘടകം. കൊച്ചിയെ പശ്ചാത്തലമാക്കി മലയാളസിനിമയിൽ ഏറെ ചിത്രങ്ങളുണ്ടായിട്ടുണ്ട്. അത്രയേറെ പ്രേക്ഷകർക്ക് സ്ക്രീനിൽ കണ്ട് സുപരിചിതമായ കൊച്ചി നഗരത്തിലേക്ക് ക്യാമറ ഫോക്കസ് ചെയ്യപ്പെടുമ്പോഴും അതിലെവിടെയോ ഒരു പുതുമ ഫീൽ ചെയ്യിപ്പിക്കാൻ ജിംഷി ഖാലിദിന് കഴിയുന്നുണ്ട്. ഗോപി സുന്ദറിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ലിജോ പോളിന്റെ എഡിറ്റിംഗും രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈനും ചിത്രത്തോട് നീതി പുലർത്തുന്നുണ്ട്. തകര ബാന്റ് രചിച്ച ഒരു ഗാനവും ചിത്രത്തിലുണ്ട്.
ഒരു യഥാർത്ഥ സംഭവത്തിന്റെയും സമകാലിക പ്രസക്തിയുള്ള ചില സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് എസ് സുരേഷ് ബാബു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസറാണ് 'ഒരുത്തീ' നിർമ്മിച്ചിരിക്കുന്നത്. കുടുംബപ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിയുന്ന 'ഒരുത്തീ' തിയേറ്ററിൽ പോയി കാണേണ്ട ഒരു ചിത്രമാണ്. സ്ത്രീ കേന്ദ്രീകൃതമായ ചിത്രങ്ങൾ മലയാളത്തിൽ കൂടുതലായി ഉണ്ടാവാൻ വികെപിയുടെ ഒരുത്തീയും സംവിധായകർക്ക് ഒരു പ്രചോദനമാവട്ടെ എന്നാശംസിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us