scorecardresearch
Latest News

Oru Thathvika Avalokanam Movie Review & Rating: ചിരിയും ചിന്തയുമായി ‘ഒരു താത്വിക അവലോകനം’; റിവ്യൂ

Oru Thathvika Avalokanam Malayalam Movie Review & Rating: ജോജു ജോർജിന്റെ മറ്റൊരു മികച്ച പ്രകടനമാണ് ‘ഒരു താത്വിക അവലോകന’ത്തിലും കാണാവുന്നത്

RatingRatingRatingRatingRating
Oru Thathvika Avalokanam Movie Review & Rating: ചിരിയും ചിന്തയുമായി ‘ഒരു താത്വിക അവലോകനം’; റിവ്യൂ

Oru Thathvika Avalokanam Malayalam Movie Review & Rating: നവാഗതനായ അഖിൽ മാരാർ രചനയും സംവിധാനവും നിർവഹിച്ച ‘ഒരു താത്വിക അവലോകനം’ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ‘സന്ദേശം’ എന്ന ചിത്രത്തിലെ ശങ്കരാടിയുടെ, ‘താത്വികമായൊരു അവലോകനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്’ എന്ന ഡയലോഗിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പേരിട്ടിരിക്കുന്ന ചിത്രം ‘സന്ദേശം’ പോലൊരു രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയാണ്. അടുത്തിടെ കേരളത്തിൽ ഉണ്ടായിട്ടുള്ള പല രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെയും ആക്ഷേപഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ചിത്രമാണിത്

ശങ്കർ (ജോജു ജോർജ്), നന്ദു (നിരഞ്ജൻ) എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ഭരണകക്ഷിയായ പാർട്ടിയിലെ ഒരു നേതാവിന്റെ പണക്കൊതിക്ക് മുന്നിൽ കീഴടങ്ങാത്തതിന്റെ പേരിൽ ജീവിതം തന്നെ ദുരിതത്തിലായ ആളാണ് ശങ്കർ. അതേപാർട്ടി കാരണം ഏറെ ആഗ്രഹിച്ചിരുന്ന പിഎസ്‌സി പരീക്ഷ എഴുതാൻ കഴിയാതെ പോയ യുവാവാണ് നന്ദു. ഇവർ രണ്ടുപേരും ചേർന്ന് നാട്ടിലെ മൂന്ന് മുഖ്യധാര പാർട്ടികൾക്കെതിരെ പൊരുതുന്നതും അതിനിടയിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയുമാണ് ‘ഒരു താത്വിക അവലോകന’ത്തിന്റെ കഥ പുരോഗമിക്കുന്നത്.

ഇതിനിടയിൽ, ഡൽഹിയിൽ നിന്ന് കേരളത്തിലൊരു ഓപറേഷനുമായി വരുന്ന രണ്ട് തീവ്രവാദികളിലൂടെയും അവരുടെ തലവന്മാരിലൂടെയും പ്രദേശത്തെ മൂന്ന് രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളിലൂടെയുമെല്ലാം സിനിമ സഞ്ചരിക്കുന്നുണ്ട്.

ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരിൽ ചിരി നിലനിർത്താൻ അഖിൽ മാരാർ എന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട്. സമകാലിക രാഷ്ട്രീയ സംഭവങ്ങളെ സർക്കാസ്റ്റിക് ആയി അവതരിപ്പിച്ചു കൊണ്ടാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്. പ്രധാന പാർട്ടികളെയും അതിലെ നേതാക്കളെയും സോഷ്യൽമീഡിയ ട്രോളുന്ന പല കാര്യങ്ങളും ചിത്രത്തിൽ കാണാം.

മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ പൊള്ളയായ നയങ്ങളെയും നിലപാടുകളുയുമെല്ലാം
വിമർശിക്കാനും തുറന്നുകാണിക്കാനും ‘ഒരു താത്വിക അവലോകനം’ ശ്രമിക്കുന്നുണ്ട്. ചിത്രത്തിലൂടനീളം രാഷ്ട്രീയപാർട്ടികളെയും നേതാക്കളെയും വിമർശിക്കുമ്പോഴും സിനിമയുടെ അവസാനം ജനാധിപത്യത്തിന്റെ പവറും അതിന്റെ പ്രാധാന്യവും വ്യക്തമാക്കാനും സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്.

ചിത്രത്തിൽ ഒരു പോരായ്മായി തോന്നിയത് ചില സംഭവങ്ങൾ പറഞ്ഞുപോകുന്നതിന് കുറെ സാഹചര്യങ്ങൾ കഥയ്ക്കുള്ളിൽ അധികമായി ഉണ്ടാക്കി എന്നതാണ്. തീവ്രവാദികളുടെ കേരള ഓപ്പറേഷൻ പോലും കഥയുമായി ബന്ധമില്ലാതെ പുറത്ത് നടക്കുന്ന മറ്റെന്തോ സംഭവമായി അനുഭവപ്പെടുന്നുണ്ട്. അതുപോലെ മൂന്ന് രാഷ്ട്രീയ പാർട്ടികളെയും വിമർശിക്കുന്നുണ്ടെങ്കിലും കൂടുതൽ വിമർശനം ഒരു പാർട്ടിയിലേക്ക് മാത്രം ഒതുങ്ങുന്നുവോ എന്ന സംശയവും ചിത്രം നൽകുന്നുണ്ട്.

Also Read: Kesu Ee Veedinte Nadhan Movie Review & Rating: ചിരിപ്പിക്കാൻ കഷ്ടപ്പെടുന്ന, പുതുമകളില്ലാത്തൊരു പടം; ‘കേശു ഈ വീടിന്റെ നാഥൻ’ റിവ്യൂ

ജോജു ജോർജിന്റെ മറ്റൊരു മികച്ച പ്രകടനമാണ് ‘ഒരു താത്വിക അവലോകന’ത്തിലും കാണാവുന്നത്. വൈകാരിക രംഗങ്ങളിൽ പ്രേക്ഷകനെയും ഒപ്പം കരയിക്കാൻ കഴിയുന്ന പ്രകടനമാണ് ജോജു കാഴ്ചവെച്ചിരിക്കുന്നത്. മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജനും കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചു.

പാർട്ടി ഏരിയ സെക്രട്ടറി ആയി എത്തുന്ന ഷമ്മി തിലകനും കയ്യടി അർഹിക്കുന്നു. അടിപൊളി കൗണ്ടറുകളുമായി അജു വർഗീസും ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ചിത്രത്തിൽ മറ്റൊരു ശ്രദ്ധേയപ്രകടനം അസീസ് നെടുമങ്ങാടിന്റേതാണ്. കെ.എസ്.ആർ.ടി.സി ബസ് തട്ടിക്കൊണ്ടുപോകുന്ന അസീസിന്റെ ഭ്രാന്തൻ കഥാപാത്രം പ്രേക്ഷകർക്ക് ചിരി സമ്മാനിക്കുന്നതാണ്.

പാർട്ടി നേതാവായി മേജർ രവിയും, തീവ്രവാദിയായി പ്രശാന്ത് അലക്സാണ്ടറും, എസ്.ഐ ആയി ബാലാജി ശർമ്മയും തങ്ങളുടെ കഥാപാത്രങ്ങൾ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. കഥയിൽ വലിയ പ്രാധാന്യമില്ലെങ്കിലും തീവ്രവാദി ഗ്രൂപ്പിന്റെ തലവന്മാരായി എത്തുന്ന പ്രേം കുമാറും മാമുക്കോയയും അത് നന്നായി ചെയ്തിട്ടുണ്ട്.

വിഷ്ണു നാരായണൻ ആണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഒരു ഗ്രാമപ്രദേശത്തെ കവലയും മനോഹരമായി വിഷ്ണു പകർത്തിയിട്ടുണ്ട്. അസീസിന്റെ കഥാപാത്രം ബസ് മോഷ്ടിച്ചു കൊണ്ടുപോകുന്ന രംഗമൊക്കെ വിഷ്വലി വളരെ ഗംഭീരമാണ്. ലിജോ പോളാണ് ചിത്രത്തിന്റെ എഡിറ്റിങ്. ഷാൻ റഹ്മാന്റെ പശ്ചാത്തല സംഗീതം ഹാസ്യ രംഗങ്ങൾക്ക് ഏറെ പഞ്ച് നൽകുന്നതിന് സഹായിച്ചിട്ടുണ്ട്. നേതാക്കന്മാർക്ക് ഒക്കെ രസകരമായ ബാക്ക്ഗ്രൗണ്ട് സ്കോറും ഷാൻ നൽകിയിട്ടുണ്ട്. അതിൽ കാവി നേതാവിന്റെ കഥാപാത്രത്തിന് നൽകിയിരിക്കുന്ന പശ്ചാത്തല സംഗീതമൊക്കെ ഏറെ ശ്രദ്ധേയമാണ്. ഓ.കെ രവിശങ്കർ ഒരുക്കിയിരിക്കുന്ന ഗാനങ്ങളും മനോഹരമാണ് പ്രത്യേകിച്ച് സിനിമയിലെ ടൈറ്റിൽ ഗാനം. യോഹാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ താത്പര്യമുള്ള ആളുകൾക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ‘ഒരു താത്വിക അവലോകനം,’ ചിരിക്കൊപ്പം ചിന്തിക്കാനും പ്രേരിപ്പിക്കുന്ന ഈ ആക്ഷേപഹാസ്യ ചിത്രം കുടുംബത്തോടൊപ്പം തിയേറ്ററിൽ പോയി ആസ്വദിക്കാവുന്ന ചിത്രമാണ്.

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Oru thathvika avalokanam malayalam movie review rating joju george

Best of Express