scorecardresearch

One Movie Review: ആരും കൊതിക്കും ഇങ്ങനെയൊരു മുഖ്യമന്ത്രിയെ; ‘വൺ’ റിവ്യൂ

One Malayalam Movie Starring Mammootty Review & Rating: അഴിമതിയുടെ മാറാപ്പു പിടിച്ച ഭരണസംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടു വരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്ന കടയ്ക്കൽ ചന്ദ്രൻ എന്ന ഒരു മുഖ്യമന്ത്രിയുടെ കഥയാണ് ‘വൺ’

Mammootty, One, One malayalam movie, One review, One Rating, One malayalam movie review, One online review, One malayalam movie online, Mammootty one, One Full movie watch online, One full movie download, One malayalam movie tamilrockers, one malayalam movie telegram, മമ്മൂട്ടി, വണ്‍, iemalayalam, indian express malayalam, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

One Malayalam Movie Starring Mammootty Review & Rating: വോട്ട് കൊടുത്ത് തങ്ങളുടെ ജനപ്രതിനിധികളെ വിജയിപ്പിക്കുമ്പോൾ ഓരോ വോട്ടറും കാണുന്നൊരു സ്വപ്നമുണ്ട്. സ്വാർത്ഥതാൽപ്പര്യങ്ങൾ ഇല്ലാതെ, ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന, അവരുടെ ക്ഷേമത്തിനായി നിസ്വാർത്ഥസേവനം അനുഷ്ഠിക്കുന്ന നേതാക്കൾ. അത്തരമൊരു സ്വപ്നമാണ് ‘വൺ’ എന്ന ചിത്രവും.

തന്റെ നിലനിൽപ്പ് അവതാളത്തിലാവും എന്നറിഞ്ഞിട്ടും അഴിമതിയുടെ മാറാപ്പു പിടിച്ച ഭരണസംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടു വരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്ന കടയ്ക്കൽ ചന്ദ്രൻ എന്ന ഒരു മുഖ്യമന്ത്രിയുടെ കഥയാണ് ‘വൺ’. ഒപ്പം, രാഷ്ട്രീയത്തിലെ അധികാര വടംവലിയും സമകാലിക അവസ്ഥകളും അഴിമതിയിൽ കുളിച്ചു നിൽക്കുന്ന ജനപ്രതിനിധികളെയും കക്ഷിരാഷ്ട്രീയവും ഭരണം നിലനിർത്തിക്കൊണ്ടുപോകാൻ മുന്നണികൾ നടത്തുന്ന ട്രിപ്പീസ് കളിയുമെല്ലാം തുറന്നു കാട്ടുന്നുണ്ട് ചിത്രം.

ഒരു സുപ്രഭാതത്തിൽ മുഖ്യമന്ത്രിയ്ക്ക് എതിരെ യോദ്ധാവ് എന്ന പേരിലുള്ള ഒരു വ്യാജ പ്രൊഫൈലിൽ നിന്നും അപകീർത്തികരമായ ഒരു ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെടുകയാണ്. അത് ചെയ്ത ചെറുപ്പക്കാരന് അവന്റേതായ ചില കാരണങ്ങളുണ്ട്. മുഖ്യമന്ത്രിയ്ക്ക് എതിരെ പ്രയോഗിക്കാൻ ഒരായുധം കാത്തിരിക്കുന്ന പ്രതിപക്ഷം ആ ഫേസ്ബുക്ക് പോസ്റ്റ്
ആഘോഷമായി ഏറ്റെടുക്കുകയാണ്. എന്നാൽ ഒട്ടും അമാന്തിക്കാതെ വേഗത്തിൽ, ഏറ്റവും മാതൃകാപരമായി തന്നെ മുഖ്യമന്ത്രി അതിനെ കൈകാര്യം ചെയ്യുന്നു. അവിടുന്നങ്ങോട്ടും തുടരുന്ന പ്രശ്നങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.

മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ എന്ന നായകന്റെ ക്യാരക്ടർ സ്കെച്ച് ആണ് ‘വൺ’, ഒപ്പം അയാൾ ആഗ്രഹിക്കുന്ന മാറ്റങ്ങളിലേക്കുള്ള അയാളുടെ യാത്രയുടെ കഥയും ചിത്രം പറഞ്ഞുപോവുന്നു. ഒരു പൊളിറ്റിക്കൽ സിനിമയെന്ന് കേൾക്കുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന വലിയ രാഷ്ട്രീയ കോലാഹലങ്ങളോ വമ്പൻ വിവാദങ്ങളോ ഒന്നും തന്നെ സിനിമ ചർച്ച ചെയ്യുന്നില്ല എന്നത് എടുത്തു പറയണം.

തൂവെള്ള മുണ്ടും ഷർട്ടുമണിഞ്ഞ് മമ്മൂട്ടി സ്ക്രീനിലെത്തുന്ന ആദ്യസീൻ മുതൽ തന്നെ പ്രേക്ഷകരും ഈ മുഖ്യമന്ത്രിയെ ഇഷ്ടപ്പെട്ടു തുടങ്ങും. പുറമെ അൽപ്പം പരുക്കത്തരം തോന്നിപ്പിക്കുന്ന, എന്നാൽ ഉള്ളിൽ നന്മയും സഹാനുഭൂതിയും മനുഷ്യത്വവുമുള്ള കടയ്ക്കൽ ചന്ദ്രന്റെ സ്വഭാവസവിശേഷതകൾ മമ്മൂട്ടിയിലും കണ്ടെത്താമെന്നതിനാൽ ആ കഥാപാത്രത്തിലേക്ക് മമ്മൂട്ടിയെ പ്രതിഷ്ഠിക്കുകയെന്നത് പ്രേക്ഷകർക്കും താരതമ്യേന എളുപ്പമാണ്.

Read More: Biriyani Movie Review: ഇസ്ലാമിക വിമര്‍ശനമല്ല, മത വിമര്‍ശനം; ‘ബിരിയാണി’ റിവ്യൂ

ഹീറോ ആയിരിക്കുമ്പോഴും നിസ്സഹായതയും വൈകാരികതയും എല്ലാം ഒത്തുചേർന്ന ഒരു മനുഷ്യൻ കൂടി ആ മുഖ്യമന്ത്രിയ്ക്ക് അകത്തുണ്ടെന്ന് കാണിച്ചു തരുന്ന കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രം പ്രേക്ഷകരുമായും വൈകാരികമായി കണക്റ്റാവുന്നുണ്ട്. സംശുദ്ധരാഷ്ട്രീയമെന്നത് ഉട്ട്യോപൻ സങ്കൽപ്പമായ ഒരു കാലത്ത്, ജനസേവനത്തിന്റെ യഥാർത്ഥ പൊരുൾ മനസ്സിലാക്കിയ ഒരു ജനപ്രതിനിധി എന്നത് ഓരോ പൗരനും കാണുന്ന ഏറ്റവും ലക്ഷ്വറിയായ സ്വപ്നങ്ങളിൽ ഒന്നാണെന്ന് പറയേണ്ടി വരും. നിലവിലെ രാഷ്ട്രീയ പരിതസ്ഥിതിയിൽ ആ സ്വപ്നം ഒരിക്കലും യാഥാർത്ഥ്യമാകാൻ സാധ്യത ഇല്ലെന്നറിയാമെങ്കിലും സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും അത്തരമൊരു മുഖ്യമന്ത്രിയെ ആഗ്രഹിച്ചുപോവും. അത്രയും ആകർഷണീയമായ രീതിയിലാണ് കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെ തിരക്കഥാകൃത്തുകൾ സൃഷ്ടിച്ചിരിക്കുന്നത്. മമ്മൂട്ടി എന്ന നടന് മലയാളികളുടെ മനസ്സുകളിലുള്ള സ്ഥാനമാവട്ടെ, ആ കഥാപാത്രത്തെ ഒരു പടി മുകളിലേക്ക് ഉയർത്തുക കൂടി ചെയ്യുന്നുണ്ട്.

പൊതുവെ പ്രസംഗ സീനുകളിൽ ഏറെ മികവു പുലർത്തുന്ന താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. പറയുന്ന ഒരോ വാക്കും പ്രേക്ഷകരുടെ മനസ്സിനെ സ്പർശിക്കുന്ന രീതിയിൽ, അർത്ഥമുൾകൊണ്ട്, കൃത്യമായ മോഡുലേഷനിൽ അവതരിപ്പിക്കാൻ മമ്മൂട്ടിയെ കഴിഞ്ഞേ മറ്റാരുമുള്ളൂ എന്നു തന്നെ പറയാം. ‘വൺ’ എന്ന ചിത്രവും അത്തരത്തിലുള്ള ചില ഹൃദയസ്പർശിയായ സീനുകൾ പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്.

താരസമ്പന്നമാണ് ‘വൺ’. മിക്ക സീനിലും മിന്നിമറയുന്ന ചെറിയ കഥാപാത്രങ്ങൾ പോലും മലയാളികൾക്ക് സുപരിചിതരായ നടീനടന്മാരാണ്. മുരളി ഗോപി, ജോജു ജോർജ്, ജഗദീഷ്, അലൻസിയർ, നിഷാന്ത് സാഗർ, സലിം കുമാർ, നിമിഷ സജയൻ, മാമുക്കോയ, മുകുന്ദൻ, കൃഷ്ണകുമാർ, രശ്മി ബോബൻ, അബു സലീം, നന്ദു, വിവേക് ഗോപൻ, സുധീർ കരമന, ബാലചന്ദ്രമേനോൻ, രഞ്ജിത്ത്, സുദേവ് നായർ, ശങ്കർ രാമകൃഷ്ണൻ. മധു, സുരേഷ് കൃഷ്ണ, ഗായത്രി അരുൺ എന്നിങ്ങനെ ചെറുതും വലുതുമായ റോളുകളിൽ എത്തുന്ന നിരവധി താരങ്ങളെ വണ്ണിൽ കാണാം. മാത്യുവും പുതുമുഖ താരം ഇഷാനി കൃഷ്ണയുമാണ് ചിത്രത്തിലെ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങൾ.

Read More: Aanum Pennum Review: ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ച് മൂന്ന് സ്ത്രീകൾ; ‘ആണും പെണ്ണും’ റിവ്യൂ

ബോബി – സഞ്ജയ് ടീമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇഷ്ടതാരത്തെ മാസ്സായി കാണാൻ ആഗ്രഹിക്കുന്ന മമ്മൂട്ടി ആരാധകരെ നിരാശപ്പെടുത്താത്ത രീതിയിൽ തന്നെയാണ് ബോബിയും സഞ്ജയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിദ്യ സോമസുന്ദരത്തിന്റെ ഛായാഗ്രഹണവും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തോട് നീതി പുലർത്തുന്നുണ്ട്.

പൊളിറ്റിക്കൽ ത്രില്ലർ/ സംഭവ ബഹുലമായ ഒരു രാഷ്ട്രീയ ചിത്രം എന്നൊക്കെയുള്ള അമിത പ്രതീക്ഷകളെ തിയേറ്ററിനു വെളിയിൽ ഉപേക്ഷിച്ച് അകത്തു കയറിയാൽ രണ്ടര മണിക്കൂർ രസകരമായി കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് ‘വൺ’. ഫീൽ ഗുഡ് ആയ, എന്റർടെയിൻ ചെയ്യിക്കുന്ന, ലളിതമായി പറഞ്ഞുപോവുന്ന ഒരു ചിത്രം കണ്ടിരിക്കാൻ ആഗ്രഹമുള്ളവർക്ക് ധൈര്യമായി തിയേറ്ററുകളിലേക്ക് ടിക്കറ്റെടുക്കാം.

Read more: എഴുതുന്ന വാക്കിന്റെ ആത്മാവ് ഉള്‍കൊണ്ട് അഭിനയിക്കുന്ന നടന്‍; മമ്മൂട്ടിയെക്കുറിച്ച് മുരളി ഗോപി

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: One malayalam movie starring mammootty review rating