Oh My Darling Movie Review & Rating: മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ വേറിട്ടൊരു വെള്ളിയാഴ്ച എന്ന് ഈ ദിവസത്തെ വിശേഷിപ്പിക്കാം. എന്തെന്നാൽ, ഒമ്പത് ചിത്രങ്ങളാണ് ഇന്നേ ദിവസം തിയേറ്റർ റിലീസിനെത്തിയിരിക്കുന്നത്. അതിൽ തന്നെ മൂന്നെണ്ണം പൂർണമായും പ്രണയചിത്രങ്ങളാണ്. പ്രണയവിലാസം, ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്നിവ പ്രണയത്തിന്റെ വേറിട്ട തലങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടുപോവുമ്പോൾ, ‘ഓ മൈ ഡാർലിംഗ്’ വളരെ ചെറുപ്പത്തിൽ തന്നെ പ്രേമവും ഗർഭവുമെല്ലാമായി ചില പ്രതിസന്ധികളിലൂടെ കടന്നുപോവുന്ന രണ്ടു കമിതാക്കളുടെ കഥയാണ് പറയുന്നത്. ഒപ്പം, അത്രയേറെ കേട്ടുപരിചയമില്ലാത്ത ചില രോഗാവസ്ഥകളെ കുറിച്ചു കൂടി ചിത്രം സംസാരിക്കുന്നു.
കൊറിയൻ മ്യൂസിക് ബാൻഡായ ബി.ടി.എസിനെ ( ബാങ്‌ടാൻ ബോയ്‌സ്) കുറിച്ച് അറിയാത്ത കൗമാരക്കാരികൾ ഇന്ന് കുറവായിരിക്കുമല്ലോ. കഥാനായിക, ജെനിയും ബിടിഎസിന്റെയും കൊറിയൻ സീരീസുകളുടെയും വലിയൊരു ഫാനാണ്. മൂന്നുവർഷമായി ജോയൽ എന്ന ചെറുപ്പക്കാരനുമായി പ്രണയത്തിലാണ് ജെനി. ബിടെക് കഴിഞ്ഞുനിൽക്കുന്ന ജോയൽ ജോലിയ്ക്കു വേണ്ടിയുള്ള അന്വേഷണത്തിലാണ്. ഇരുവീട്ടുകാരും അറിയാതെ പ്രണയം മുന്നോട്ടു കൊണ്ടുപോവുകയാണ് ജെനിയും ജോയലും. മക്കളെ നല്ല രീതിയിൽ സ്നേഹിക്കുകയും അല്ലല്ലുകളൊന്നുമറിയിക്കാതെ അവരെ വളർത്തുകയും ചെയ്യുന്ന മാതാപിതാക്കളാണ് ഇരുവർക്കുമുള്ളത്. സാവകാശം നോക്കി വീട്ടിൽ വിഷയം അവതരിപ്പിക്കാം എന്നു കരുതിയിരിക്കുന്ന ജെനിയുടെയും ജോയലിന്റെയും പ്രണയത്തിൽ അപ്രതീക്ഷിതമായ ചില സംഭവവികാസങ്ങളുണ്ടാവുന്നു. എടുത്ത തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്ന ജെനിയും മുന്നോട്ട് എന്തെന്ന ആശയക്കുഴപ്പത്തിലാവുന്ന ജോയലും കഥയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവുന്നു.
ബ്രോ ഡാഡി, സാറാസ് എന്നിങ്ങനെ സമീപകാലത്തിറങ്ങിയ പല മലയാളസിനിമകളെയും ഓർമ്മിപ്പിച്ചു കൊണ്ട് കഥയുടെ പ്രയാണം. രണ്ടാം പകുതിയിലെ ട്വിസ്റ്റിലൂടെ ചില മാനസികാവസ്ഥകളെയും നല്ലൊരു ശതമാനം ആളുകൾക്കും പരിചിതമല്ലാത്തൊരു രോഗാവസ്ഥയെ കുറിച്ചും അവബോധം പകരാൻ ചിത്രം ശ്രമിക്കുന്നുണ്ട്. അതുവരെ വളരെ പ്രെഡിക്റ്റബിളായ രീതിയിൽ മുന്നോട്ടുപോവുന്ന ചിത്രം ഇവിടെയാണ് പ്രേക്ഷകരിൽ അൽപ്പമെങ്കിലും ജിജ്ഞാസയുണ്ടാക്കുന്നത്.
നിഷ്കളങ്കമായ ചിരിയും കുട്ടിത്തവുമായി മലയാളികളുടെ ഇഷ്ടം കവർന്ന ബേബി അനിഖ ആദ്യമായി നായികയാവുകയാണ് ഈ ചിത്രത്തിൽ. ജോയലുമായി ആത്മാർത്ഥ പ്രണയം സൂക്ഷിക്കുന്ന ജെനിയെന്ന നായികാ കഥാപാത്രത്തെ തന്നാൽ കഴിയുന്ന രീതിയിൽ കയ്യടക്കത്തോടെ അവതരിപ്പിക്കാൻ അനിഖ ശ്രമിച്ചിട്ടുണ്ട്. എന്നാൽ, മലയാളികളുടെ മനസ്സിൽ പതിഞ്ഞുപോയ ‘കുട്ടി ഇമേജ്’ ചിലയിടങ്ങളിലെങ്കിലും ഒരു പ്രണയനായികയായി അനിഖയെ നോക്കി കാണുന്നതിൽ തടസ്സമാവുന്നുണ്ടെന്ന് പറയാതെ വയ്യ. ബാലതാരമായെത്തി പിന്നീട് നായികയായി മാറിയ പല നടിമാരും തുടക്കക്കാലത്ത് നേരിട്ട അതേ പ്രശ്നം തന്നെയാണ് ഇവിടെ അനിഖയും അഭിമുഖീകരിക്കുന്നത്. കൂടുതൽ ശക്തവും പക്വവുമായ കഥാപാത്രങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും പോകെപ്പോകെ ആ ഇമേജിനെ മറികടക്കുക എന്നുള്ളതു തന്നെയാണ് അനിഖയ്ക്ക് മുന്നിൽ ബാക്കിയാവുന്ന വെല്ലുവിളി. ‘ജോ ആൻഡ് ജോ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ മെൽവിൻ ജി ബാബുവാണ് ചിത്രത്തിലെ നായകൻ. തരക്കേടില്ലാതെ തന്നെ ജോയലിനെ അവതരിപ്പിക്കാൻ മെൽവിനു സാധിച്ചിട്ടുണ്ട്. മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, നന്ദു, ഡെയ്ൻ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തെ സജീവമാക്കുന്ന മറ്റു അഭിനേതാക്കൾ.
ആൽഫ്രഡ് ഡി സാമുവൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനീഷ് കെ ജോയ് ആണ്. ജെനി- ജോയൽ പ്രണയത്തേക്കാളും പ്രേക്ഷകരുടെ മനസ്സു കവരുക ജോയലിന്റെയും ജിനിയുടെയും കുടുംബാന്തരീക്ഷമാവും. പുതിയ കാലത്തിലെ അണുകുടുംബാന്തരീക്ഷത്തെ വലിയ അതിശയോക്തികൾ ഇല്ലാതെ ലാളിത്യത്തോടെ അവതരിപ്പിക്കാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. പല രംഗങ്ങളും പ്രത്യേകിച്ച് കഥാഗതിയ്‌ക്കോ ആസ്വാദനത്തിനോ പ്രത്യേകിച്ചൊന്നും സമ്മാനിക്കാതെ വളരെ പ്ലെയിനായിട്ടാണ് കടന്നുപോവുന്നത്.
കെ പോപ്പ് ആരാധകർക്ക് ആഘോഷിക്കാനായി ഒരു മലയാളം/കൊറിയന്‍ പോപ്പ് ഗാനവും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊറിയൻ ഗായിക ലിന്‍ഡ ക്യുറോ വരികളെഴുതി സംവിധാനം ചെയ്ത ഗാനം ആലപിച്ചിരിക്കുന്നത് ഷാന്‍ റഹ്‌മാനാണ്. ഗാനത്തിന്റെ സംഗീത സംവിധാനം. കെ പോപ്പ് വേള്‍ഡ് ഫെസ്റ്റിവല്‍ ഇന്ത്യ 2022 വിജയികളായ മിക്‌സ്ഡപ്പ് ട്രൂപ്പിന്റെ കൊറിയോഗ്രാഫി ഡാൻസും കൗമാരക്കാരുടെ പ്രിയം കവരും.
കെ പോപ്പ് ഗാനം, അൽപ്പം തമാശ, കുടുംബ ബന്ധങ്ങൾ, സൗഹൃദം, പ്രണയം, മലയാള സിനിമ ഇതുവരെ ചർച്ച ചെയ്യാത്ത ചില രോഗാവസ്ഥകൾ എന്നിങ്ങനെ പലവിധ വിഷയങ്ങൾ ചിത്രം പ്രതിപാദിക്കുന്നുണ്ടെങ്കിലും അവയെ എല്ലാം മുഴച്ചുനിൽക്കാത്ത രീതിയിൽ പ്രധാന കഥയിലേക്ക് സന്നിവേശിപ്പിച്ചെടുക്കുന്നതിലാണ് ചിത്രത്തിന് പാളിച്ചകൾ വന്നിട്ടുള്ളത്. ഒരു തവണ കണ്ടിരിക്കാം എന്നതിലപ്പുറം പ്രേക്ഷകരെ സ്പർശിക്കുന്ന ഒരു ചലച്ചിത്രാനുഭവം സമ്മാനിക്കാൻ ‘ഓ മൈ ഡാർലിംഗി’നു കഴിയുന്നുണ്ടോ എന്നു ചോദിച്ചാൽ, ഇല്ല എന്നാണ് ഉത്തരം.