Mohanlal-Manju Warrier Starrer Odiyan Movie Review: ഈ വര്‍ഷത്തെ ഏറ്റവും വലിയ ചിത്രമാണ് മോഹന്‍ലാല്‍ നായകനായ ‘ഒടിയന്’. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷമാണ് പ്രേക്ഷകന്റെ മുന്നിലേക്ക് ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്ത ആദ്യ ചിത്രം എത്തുന്നത്. ആ കാത്തിരിപ്പിന് മാറ്റ് കൂട്ടാന്‍ അണിയറ പ്രവര്‍ത്തകരുടെ വക വലിയ ഹൈപ്പും ഉണ്ടായിരുന്നു.
ഒരു മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ട ചേരുവകളെല്ലാം വേണ്ട പോലെ ചേര്‍ത്ത ഉത്സവ ചിത്രമാണ് ‘ഒടിയന്’ എന്ന് ചുരുക്കത്തില്‍ പറയാം. ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റും മോഹന്‍ലാല്‍ തന്നെ. ഒടിയന് മാണിക്യന് എന്ന കഥാപാത്രത്തിന്റെ ജീവിതത്തെയും പോരാട്ടങ്ങളെയും ശരീരത്തിലും ഭാവങ്ങളിലും അനായാസമായി ആവാഹിച്ച് മോഹന്‍ലാല്‍ തന്റെ പ്രതിഭ ഒന്ന് കൂടി തെളിച്ച ചിത്രം. പ്രമേയത്തിലും, അവതരണത്തിലും സാങ്കേതിക മികവിലുമെല്ലാം നല്ല നിലവാരം പുലര്‍ത്തിയ ചിത്രത്തിന്റെ ‘മേക്കിംഗില്‍’ അണിയറ പ്രവര്‍ത്തകര്‍ ചെലുത്തിയ ശ്രദ്ധയും കഠിനാധ്വാനവും തെളിഞ്ഞു കാണാം.
വാരാണസിയിലെ സന്യാസതുല്യ ജീവിതത്തിൽ നിന്നും 15 വർഷങ്ങൾക്കു ശേഷം ഒടിയൻ മാണിക്യൻ വീണ്ടും തേങ്കുറിശ്ശിയിലെത്തുന്നത് ചില പഴയ കണക്കുകൾ തീർക്കാനും അവസാന കളിക്ക് കോപ്പു കൂട്ടിക്കൊണ്ടുമാണ്. ഒരു കാലത്ത് ഒടിയന്മാരുടെ ഒടിവേലകൾക്ക് പ്രശസ്തമായ ഗ്രാമമായിരുന്നു തേൻകുറിശ്ശി. ഒടിയനായ ഒരു മുത്തശ്ശന്റെയും ഒടിയൻമാരുടെ തലമുറയ്ക്ക് മുകളിൽ വീണ ശാപം ശിരസ്സിലെടുത്തു വയ്ക്കാൻ ഭയന്ന് നാടു വിട്ടു പോകുന്ന ഒരു അച്ഛന്റെയും മകനായിട്ടാണ് ഒടിയൻ മാണിക്യൻ വളരുന്നത്. കേളകത്ത് തറവാട്ടിലെ കളിക്കൂട്ടുകാരിയായ പ്രഭയ്ക്കും അനിയത്തിയ്ക്കും എപ്പോഴും കാവലായി മാണിക്യനുണ്ട്.
പ്രഭയുടെ മുറച്ചെറുക്കൻ രാവുണ്ണിയുടെ കഴുകൻ കണ്ണുകൾ പ്രഭയ്ക്കും അനിയത്തിക്കും മുകളിൽ പതിയുമ്പോഴൊക്കെ ഒടിയൻ അവിടെ രക്ഷകനാവുന്നു. പ്രണയമെന്നു നിർവ്വചിക്കാനാവാത്തതോ അല്ലെങ്കിൽ അതിനപ്പുറം നിൽക്കുന്നതോ ആയ ഒരു സഹവർത്തിത്വം പരസ്പരം സൂക്ഷിക്കുന്നവരാണ് മാണിക്യനും പ്രഭയും. പ്രഭയുടെ പ്രണയം നേടാൻ രാവുണ്ണി നടത്തുന്ന കടുംകൈകളൊക്കെ തന്നെ ഇരുവരുടെയും ജീവിതത്തിലും അവരുമായി അടുത്തു നിൽക്കുന്നവരുടെ ജീവിതത്തിലുമുണ്ടാക്കുന്ന പ്രതിസന്ധികളും നഷ്ടങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ ആദ്യ പകുതി പറഞ്ഞു പോവുന്നത്. ആ സംഭവവികാസങ്ങളുടെ പരിണാമഗുപ്തിയാണ് ഒടിയനെ വാരാണസി വരെ എത്തിച്ചത്.
കഥയുടെ ‘ബിൽഡപ്പി’ലാണ് ആദ്യ പകുതി ഊന്നൽ നൽകുന്നതെങ്കിൽ രണ്ടാം പകുതിയോടെ ‘ഒടിയ’ന്റെ കഥ പ്രേക്ഷകരെ സ്പർശിച്ചു തുടങ്ങുകയാണ്. ഒടിയന് കടന്നു പോവുന്ന ജീവിതാനുഭവങ്ങളും കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളും വൈകാരികതകളുമൊക്കെയായി പ്രേക്ഷകനെ പൂർണമായും കഥയിലേക്കു പിടിച്ചിരുത്താൻ കഴിയുന്നു എന്നതാണ് സെക്കന്റ് ഹാഫിന്റെ പ്ലസ്.
Read More: ആരാണ് ഒടിയന്?
ഒരു നാടോടിക്കഥയുടെ ഭംഗിയും മിത്തിന്റെയും സൗന്ദര്യവുമൊക്കെ സിനിമയിൽ നിറഞ്ഞു നിൽക്കുമ്പോഴും യാഥാർത്ഥ്യങ്ങളുടെ അരികു പറ്റി കൂടിയാണ് കഥ സഞ്ചരിക്കുന്നത്. ഇരുട്ടിന്റെ രാജാവായ ഒടിയന്റെ നിഴൽ രൂപങ്ങൾക്ക് മുകളിലേക്ക് തേങ്കുറിശ്ശിയിലെ വൈദ്യുതി കാലുകൾ വെളിച്ചം വിതറുന്നതു പോലൊരു തെളിച്ചം കഥയ്ക്കും നൽകാൻ തിരക്കഥാകൃത്തിനു സാധിക്കുന്നുണ്ട്. വള്ളുവനാടന്‍ ചരിത്രത്തിലേക്ക് ആഴത്തില്‍ വേരോടുന്ന കഥയും അതിനു ചേര്‍ന്ന ആഖ്യാന രീതിയും ആറ്റികുറുക്കിയ സംഭാഷണങ്ങളും സിനിമയെ ഹൃദ്യമാക്കി മാറ്റുന്ന ഘടകങ്ങളാണ്. മോഹൻലാൽ വിജയ ചിത്രങ്ങളുടെ ഫോർമുലകള്‍ സ്വാംശീകരിച്ച ചില കഥാപാത്രങ്ങള്‍, സന്ദര്‍ഭങ്ങള്‍, ലാൽ ആരാധകരുടെ അഭിരുചികൾക്ക് അനുസരിച്ച് പരുവപ്പെടുത്തിയ ചില സീനുകൾ എന്നിവ ഒഴിവാക്കിയിരുന്നെങ്കില്‍ സിനിമയ്ക്ക് കുറേക്കൂടി പുതുമയും നിറവും അനുഭവപ്പെട്ടെനെ.
തന്റെ സാന്നിദ്ധ്യം ഒന്ന് കൊണ്ട് മാത്രം സിനിമയിലുള്ള ചില വിരസമായ നിമിഷങ്ങളെക്കൂടി മോഹന്‍ലാല്‍ അവിസ്മരണീയമാക്കുന്നുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, മോഹന്‍ലാല്‍ എന്ന അഭിനേതാവിനേയും താരത്തേയും കൊണ്ട് ഒരു സിനിമയില്‍ എന്തൊക്കെ ചെയ്യിക്കാമോ, അതൊക്കെ സംവിധായകന് ചെയ്യിച്ചിട്ടുണ്ട്. തനിക്ക് കിട്ടിയ ഓരോ നിര്‍ദ്ദേശത്തേയും, അതിന്റെ ഒരംശം പോലും ചോര്‍ന്നു പോകാതെയും, പലപ്പോഴും ‘എന്‍ഹാന്‍സ്’ ചെയ്തുമെല്ലാം മോഹന്‍ലാല്‍ അവതരിപ്പിച്ചിട്ടുമുണ്ട്. കഥാപാത്രത്തെ, അയാളുടെ മാനസികാവസ്ഥയെ, ‘കോണ്ഫ്ലികറ്റു’കളെ, ഒക്കെ തന്റെ ആത്മാവിലേക്കെടുത്ത്, കണ്ണുകള്‍ കൊണ്ട് ‘കണ്‍വേ’ ചെയ്യുന്ന മോഹന്‍ലാലിനെ സിനിമ എന്ന കലയെ സ്നേഹിക്കുന്നവര്‍ക്കാര്‍ക്കും സ്നേഹിക്കാതിരിക്കാന്‍ ആവില്ല. ഒരുപക്ഷേ മോഹന്‍ലാല്‍ ആയതു കൊണ്ട് മാത്രമാവാം ഇത്തിക്കരപ്പക്കിയുടെയും ഒടിയന്റെയും ഒക്കെ അതിമാനുഷികതയും നമുക്ക് കണ്ണടച്ച് സ്വീകരിക്കുന്നത്.

Read More: എന്ത് കൊണ്ട് ‘ഒടിയന്’ മോഹന്‍ലാലിന് പ്രധാനപ്പെട്ടതാകുന്നു?
ചിത്രത്തിലെ നായിക മഞ്ജു വാര്യരാണ്. മഞ്ജുവിന്റെ ‘സിഗ്നേച്ചര്‍ വേഷം’ എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന നാട്ടിന്‍പുറം/തമ്പ്രാട്ടി കഥാപാത്രത്തിലേക്കുള്ള മഞ്ജുവിന്റെ തിരിച്ചു വരവാണ് ‘ഒടിയന്’. പണ്ടത്തെ തമ്പ്രാട്ടിക്കുട്ടി, കുസൃതിക്കാരിയും വായാടിയുമായിരുന്നെങ്കില് ഇന്നത്തെ തമ്പ്രാട്ടി പ്രായത്തിന്റെ പക്വതയും ഗ്രേസും ചേര്‍ന്ന മിതത്വമാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മള് കണ്ടു പരിചയിച്ച, സ്നേഹിച്ച, മഞ്ജുവിന്റെ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയായ കഥാപാത്രത്തില്‍ അഭിനയ സാധ്യതകള്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍ മഞ്ജു എന്ന നടിയ്ക്ക് അത് മുഴുവനായി ഉപയോഗപ്പെടുത്താനായോ എന്ന് സംശയമാണ്. ചെയ്തു ചെയ്തു ശീലിച്ച ഒരു കാര്യമാണെങ്കില്‍ കൂടി വീണ്ടും ചെയ്യുമ്പോള്‍ ആവര്‍ത്തനമാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. രണ്ടാം ഇന്നിംഗ്സില്‍ മഞ്ജു വാര്യര്‍ എന്ന നടിയില്‍ നിന്നും പ്രതീക്ഷിക്കുന്നത് അങ്ങനെയുള്ള ചില പുതുക്കിപ്പണിയലാണ്, നവീകരിക്കലാണ്. ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ കടന്നു സിനിമയില്‍ ഒരിക്കല്‍ കൂടി കാലുറപ്പിച്ച മഞ്ജു വീണ്ടും വീണ്ടും ഉയരങ്ങളിലേക്ക് പോകണം എന്നാണ് ഓരോ മലയാളിയും ആഗ്രഹിക്കുന്നത്. അത് കൊണ്ടാണ് ചെയ്യുന്ന ഓരോ വേഷത്തിലും, എത്തുന്ന ഓരോ സിനിമയിലും ഫ്രെയിമിലും അവര്‍ തിളങ്ങണം എന്നാഗ്രഹിക്കുന്നത്. കാരണം മലയാളിയ്ക്ക് അത്ര മേല്‍ പ്രിയപ്പെട്ടവളാണ് മഞ്ജു വാര്യര്‍.
പ്രണയം കൊണ്ട് മുറിവേറ്റവന് എത്ര മാത്രം അപകടകാരിയാണെന്നതിന് ഉദാഹരണമായി മാറുന്നൊരു കഥാപാത്രമാണ് പ്രകാശ് രാജ് അവതരിപ്പിക്കുന്ന രാവുണ്ണി നായർ. പല കാലത്തായി നമ്മള് കണ്ട മോഹന്‍ലാല്‍ ചിത്രത്തിലെ വില്ലന്‍ കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ട് പ്രകാശ് രാജിന്റെ കഥാപാത്രം. നരെയ്ൻ, ഇന്നസെന്റ്, സിദ്ദീഖ്, നന്ദു, കൈലാഷ് തുടങ്ങിയ താരങ്ങളെല്ലാം കഥാപാത്രങ്ങളോട് നീതി പുലർത്തി. മനോജ് ജോഷി, ശ്രീജയ, സനാ അല്‍താഫ് എന്നിവരുടെ അഭിനയം എടുത്തു പറയേണ്ടതാണ്.

മികവാർന്ന ഛായാഗ്രഹണവും എഡിറ്റിംഗുമാണ് സിനിമയ്ക്ക് ഊർജ്ജം പകരുന്ന മറ്റു രണ്ടു ‘എലമെന്റു’കൾ. സിനിമയിലെ എല്ലാ പ്രധാന രംഗങ്ങളും രാത്രിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. നിഴലും വെളിച്ചവും ചേരുന്ന ആ രംഗങ്ങള്‍ മികവുറ്റതാക്കാന്‍ ക്യാമറമാന് ഷാജി കുമാറിനു സാധിച്ചിട്ടുണ്ട്. സിനിമയുടെ പേസ് പിടിച്ചു പോകുന്ന എഡിറ്റിംഗും മികച്ചു നില്ക്കുന്നു.
കഥാപരിസരത്തോടു നൂറു ശതമാനവും നീതി പുലർത്തുന്ന രീതിയിലാണ് ആർട്ട് ഡയറക്ഷനും ഒരുക്കിയിരിക്കുന്നത്. തേങ്കുറിശ്ശിയെന്ന ഗ്രാമത്തെ പിഴവുകളേറെയൊന്നുമില്ലാതെ ഇന്നലെകളിൽ നിന്നും പുനസൃഷ്ടിച്ചെടുക്കാൻ കലാസംവിധായകന്‍ പ്രശാന്ത് മാധവിനു കഴിഞ്ഞിട്ടുണ്ട്. ഹൃദ്യമായ ഈണങ്ങളും വരികളുമൊക്കെയായി മൂളി നടക്കാൻ കൊതിപ്പിക്കുന്ന എം ജയചന്ദ്രന്റെ പാട്ടുകളുടെ സാന്നിധ്യവും എടുത്തു പറയേണ്ടതാണ്. ‘കൊണ്ടോരാം…’ എന്നു തുടങ്ങുന്ന പാട്ടിന്റെ ചിത്രീകരണവും പ്രസന്റേഷനുമൊക്കെ പുതുമ സമ്മാനിക്കുന്ന കാഴ്ചാനുഭവമാണ്. പീറ്റര്‍ ഹെയിന്റെ ആക്ഷന്‍ സംവിധാനം മോഹന്‍ലാല്‍ ആരാധര്‍ക്ക് വിരുന്നാകും. മോഹന്‍ലാലിന്റെ അസാമാന്യമായ മെയ്വഴക്കത്തെയും ചടുലതയെയും നന്നായി വിനിയോഗിച്ചിട്ടുണ്ട് ആക്ഷന്‍ രംഗങ്ങളില്‍.
വലിയ ഹൈപ്പുള്ള സിനിമകള്‍ അവയെ തന്നെ ഒരു പ്രത്യേക പൊസിഷനില്‍ കൊണ്ട് നിര്‍ത്തും. പ്രേക്ഷകനില്‍ പ്രതീക്ഷ നിറച്ച്, വിടര്‍ന്ന കണ്ണുകളോടെ അവനെ സ്ക്രീനിനു മുന്നില്‍ കൊണ്ട് നിര്‍ത്തും. ഹൈപ്പ് കൊണ്ട് വരുന്ന ഒരു ‘ആപ്പറ്റൈറ്റ്’ അപ്പോള്‍ പ്രേക്ഷകനില്‍ സ്വാഭാവികമായും ഉണ്ടാകും. അതിനെ തൃപ്തിപ്പെടുത്താന്‍ അല്പം പ്രയാസവുമാണ്. ‘ഒടിയ’നും അത്തരത്തില്‍ ഒരു ചിത്രമാണ്. ഒന്നും പ്രതീക്ഷിക്കാതെ പോയാല്‍ മനസ്സ് നിറയ്ക്കും, തിരിച്ചാണെങ്കില്‍ ചിലപ്പോള്‍ നിരാശപ്പെടുത്തും.
Read More: ഒടിയൻ ആദ്യ ഷോ കാണാനെത്തിയപ്പോഴുണ്ടായ അനുഭവം