scorecardresearch
Latest News

Nna Thaan Case Kodu Movie Review & Rating: പ്രേക്ഷകരെ കുഴിയിൽ വീഴ്ത്തില്ല, രസകരം ഈ സറ്റയർ; ‘ന്നാ താൻ കേസ് കൊട്’ റിവ്യൂ

Nna Thaan Case Kodu Movie Review & Rating: ഇതുവരെ മലയാളികൾ കണ്ടു പരിചരിച്ച കുഞ്ചാക്കോ ബോബനെ ഈ ചിത്രത്തിൽ എവിടെയും കാണാനാവില്ല, രൂപത്തിലും ഭാവത്തിലും സംസാരഭാഷയിലും ശരീരഭാഷയിലുമെല്ലാം അയാൾ രാജീവനാണ്!

RatingRatingRatingRatingRating
Nna Thaan Case Kodu Movie Review & Rating: പ്രേക്ഷകരെ കുഴിയിൽ വീഴ്ത്തില്ല, രസകരം ഈ സറ്റയർ; ‘ന്നാ താൻ കേസ് കൊട്’ റിവ്യൂ

Kunchacko Boban’s Nna Thaan Case Kodu Movie Review & Rating: കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ തിയേറ്ററുകളിലെത്തി. ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ ഒരു സോഷ്യോ- പൊളിറ്റക്കൽ ഡ്രാമയാണ് ചിത്രം. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ രസിപ്പിക്കുന്ന ദൃശ്യവിരുന്നാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്.

കാസർക്കോടാണ് ചിത്രത്തിന്റെ പശ്ചാത്തലം. അല്ലറ ചില്ലറ മോഷണങ്ങളൊക്കെ നടത്തുകയും പലയാവർത്തി പൊലീസ് പിടിയിലാവുകയും ചെയ്ത ആളാണ് കഥാനായകനായ കൊഴുമ്മൽ രാജീവൻ. ഹോസ്‌ദുർഗിൽ നടക്കുന്ന ഒരു മോഷണത്തിനിടെ പൊലീസിൽ നിന്ന് രക്ഷപ്പെട്ടോടുന്ന രാജീവൻ ചെന്നെത്തുന്നത് ചിമേനിയിൽ ആണ്. ആ നാട്ടിൽ കണ്ടുമുട്ടിയ ഒരു പെൺകുട്ടിയുമായി അയാൾ പ്രണയത്തിലാവുകയും അവൾക്കൊപ്പം ജീവിച്ചുതുടങ്ങുകയും ചെയ്യുന്നു.

മോഷണമെല്ലാം നിർത്തി മനസമാധാനത്തോടെ ജീവിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി രാജീവന്റെ മേൽ ഒരു മോഷണകുറ്റം ആരോപിക്കപ്പെടുകയാണ്. ആ​ കേസിൽ താൻ നിരപരാധിയാണെന്ന് തെളിയിക്കാൻ രാജീവൻ നടത്തുന്ന നിയമപോരാട്ടമാണ് ചിത്രം. വിചിത്രമെന്നു തോന്നുന്ന ആ കേസിന് പോകപോകെ വലിയ രാഷ്ട്രീയമാനങ്ങൾ കൈവരികയാണ്. ഇന്നാട്ടിലെ നിയമ വ്യവസ്ഥിതിയോടാണ് സാധാരണക്കാരനായ രാജീവൻ പോരാടുന്നത്.

ഒരു കോർട്ട്റൂം ഡ്രാമ കൂടിയാണ് ‘ന്നാ താൻ കേസ് കൊട്’. എന്നാൽ ഒട്ടും ബോറടിപ്പിക്കുന്നില്ല കോടതി മുറിയിലെ രംഗങ്ങളൊന്നും. സാഹചര്യങ്ങൾക്ക് അനുസൃതമായ തമാശകളും നർമ്മമുഹൂർത്തങ്ങളുമൊക്കെ ധാരാളമുണ്ട് ചിത്രത്തിൽ. കാസർഗോഡ് ഭാഷയെ വളരെ ബുദ്ധിപരമായി തന്നെ ചിത്രത്തിലേക്ക് കൊണ്ടുവരാനും സംവിധായകനു സാധിച്ചിട്ടുണ്ട്.

ഇതുവരെ മലയാളികൾ കണ്ടു പരിചരിച്ച കുഞ്ചാക്കോ ബോബനെ ഈ ചിത്രത്തിൽ എവിടെയും കാണാനാവില്ല. രൂപത്തിലും ഭാവത്തിലും സംസാരഭാഷയിലും ശരീരഭാഷയിലുമെല്ലാം അയാൾ രാജീവനാണ്!, ഒരിടത്തുപോലും രാജീവൻ കുഞ്ചാക്കോ ബോബനെ ഓർമ്മിപ്പിക്കുന്നേയില്ല!

കുഞ്ചാക്കോ ബോബനും മജിസ്ട്രേറ്റായി എത്തിയ നടനും പൊലീസുകാരും വക്കീലന്മാരും മുതൽ സ്ക്രീനിൽ വന്നുപോവുന്ന വളരെ ചെറിയ കഥാപാത്രങ്ങൾ വരെ കാഴ്ച വയ്ക്കുന്ന സ്വാഭാവികമായ അഭിനയമാണ് സിനിമയുടെ ഭംഗി. കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയ ഗായത്രി ശങ്കറും തന്റെ കഥാപാത്രത്തെ മികവോടെ അവതരിപ്പിച്ചിട്ടുണ്ട്. ഒട്ടേറെ പുതുമുഖങ്ങളെയും ചിത്രത്തിൽ കാണാം. ഇത്രയും വൈവിധ്യമാർന്ന മുഖങ്ങളെ കണ്ടെത്തി സ്ക്രീനിലെത്തിച്ചതിന് സംവിധായകനും കാസ്റ്റിംഗ് ഡയറക്ടറായ രാജേഷ് മാധവനും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.

ആൻഡ്രോയിഡ് കുഞ്ഞപ്പനും കനകം കാമിനി കലഹവും കഴിഞ്ഞ് ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലേക്ക് എത്തുമ്പോൾ തന്റെ ക്രാഫ്റ്റിനെ കുറച്ചുകൂടി ബ്രില്ല്യന്റായി ഉപയോഗിച്ചിരിക്കുകയാണ് സംവിധായകൻ രതീഷ്. സ്ക്രീനിൽ നിശബ്ദമായി കാണിച്ചുപോവുന്ന ചില വിഷ്വലുകൾ പോലും ഓർത്തോർത്ത് ചിരിക്കാൻ പ്രേക്ഷകർക്ക് അവസരമൊരുക്കുന്നുണ്ട്. സിനിമയിലെ കാലത്തെ കാണിക്കാൻ പെട്രോൾ വിലയെ ഒരു സൂചകമായി ഉപയോഗിച്ച രീതിയെല്ലാം ചിരിയുണർത്തും. കഥാഗതിയുടെ വികാസം, കഥാപാത്രങ്ങളുടെ രൂപീകരണം, തിരക്കഥ, സ്വാഭാവികമായ സംഭാഷണം എന്നിവയെല്ലാം ചിത്രത്തിന്റെ പ്ലസ് ആണ്. ആദ്യ പകുതി വച്ചുനോക്കുമ്പോൾ രണ്ടാം പകുതിയിൽ അൽപ്പം ലാഗ് ഫീൽ ചെയ്യുന്നുണ്ട് എന്നതുമാത്രമാണ് ഒരു പോരായ്മയായി തോന്നിയത്.

എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിളയും കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രാകേഷ് ഹരിദാസ് ഒരുക്കിയ ദൃശ്യങ്ങളും വൈശാഖ് സുഗുണന്റെ മ്യൂസിക്കും മികച്ചുനിൽക്കുന്നു.

ചിത്രത്തിന്റെ പരസ്യവുമായി ബന്ധപ്പെട്ട് ഉയരുന്ന അനാവശ്യ വിവാദങ്ങൾക്ക് ചെവികൊടുത്ത് ചിത്രം ബഹിഷ്കരിച്ചാൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന രസകരമായൊരു ചിത്രത്തിന്റെ തിയേറ്റർ അനുഭവമാണ് നിങ്ങൾക്ക് നഷ്ടമാവുക. എന്തുകൊണ്ട് അത്തരമൊരു പരസ്യമെന്നും ആ പരസ്യവാചകത്തിന് ചിത്രത്തിന്റെ കഥയുമായി എത്രത്തോളം ബന്ധമുണ്ടെന്നും സിനിമ കണ്ടിറങ്ങുമ്പോൾ മനസ്സിലാവും.

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Nna thaan case kodu movie review rating kunchacko boban