Fahadh-Nikhila Vimal Starrer Njan Prakashan Movie Review: ഒരു സിനിമയില്‍ നിന്നും മറ്റൊന്നിലേക്കെത്തുന്ന ഇടവേളകളില്‍ സ്വയം നവീകരിക്കുകയും, ഒരു കഥാപാത്രത്തില്‍ നിന്നും മറ്റൊരു കഥാപാത്രത്തിലേക്ക് അനായാസം പരകായപ്രവേശം നടത്തുകയും, എല്ലാ മലയാളികളും ഒരുപോലെ ഇഷ്ടപ്പെടുകയും ചെയ്യുന്ന നടനാണ് ഫഹദ് ഫാസില്‍. ഒരു നടനെന്ന നിലയിലുള്ള ഫഹദിന്റെ വളര്‍ച്ചയ്ക്ക് സാക്ഷ്യമാണ് അദ്ദേഹത്തെ തേടിയെത്തുന്ന വ്യത്യസ്ഥമായ കഥാപാത്രങ്ങള്‍.

ന്യൂജനറേഷന്‍ സിനിമകള്‍ക്കിടയിലും ഗ്രാമീണതയേയും അതിന്റെ സൗന്ദര്യത്തേയും ചേര്‍ത്തു പിടിക്കുന്ന കുടുംബ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയസംവിധായകന്‍ സത്യന്‍ അന്തിക്കാടും ഫഹദ് ഫാസിലും ‘ഒരു ഇന്ത്യന്‍ പ്രണയ കഥ’ എന്ന ചിത്രത്തിനു ശേഷം വീണ്ടും കൈകോര്‍ത്ത ചിത്രം ഞാന്‍ പ്രകാശന്‍ തിയേറ്ററുകളില്‍ എത്തി. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ട് കെട്ട് വീണ്ടും ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

അത്യാഗ്രഹം, അസൂയ, കുശുമ്പ്, പാരവെപ്പ്, പരദൂഷണം പറച്ചില്‍ എന്നീ സ്വഭാവ ഗുണങ്ങള്‍ക്ക് പുറമേ പണിയെടുക്കാതെ പണക്കാരനാകണം എന്ന ആഗ്രഹവുമായി നടക്കുന്ന ഒരു ശരാരശി മലയാളി യുവാവാണ് പ്രകാശന്‍ (ഫഹദ് ഫാസില്‍). തന്റെ പേരിന് പരിഷ്‌കാരം പോരെന്ന് തോന്നി ഗസറ്റില്‍ പരസ്യം ചെയ്ത് പേര് പി.ആര്‍ ആകാശ് എന്നാക്കി മാറ്റുകയും ചെയ്തു. പ്രകാശന്റെ വീട്ടില്‍ പ്രകാശനൊഴികെ മറ്റെല്ലാവരും എന്തെങ്കിലും തൊഴില്‍ ചെയ്യുന്നവരാണ്. ഒരു നഴ്‌സിങ് ഡിഗ്രിയും ആവശ്യത്തിലധികം ദുരാഗ്രവും മാത്രമാണ്, സ്‌കൂള്‍ മാഷിന്റെ മകനായ പ്രകാശന് കൈമുതലായുള്ളത്.

 

പണക്കാരിയാണെന്നു കരുതി പ്രണയിക്കുകയും പിന്നീട് അതല്ലെന്ന് മനസിലാകുന്നതോടെ പ്രകാശന്‍ ഉപേക്ഷിച്ചു കളയുകയും ചെയ്ത സലോമി (നിഖില വിമല്‍) എന്ന പെണ്‍കുട്ടി ഒരു ദിവസം വീണ്ടും അപ്രതീക്ഷിതമായി അയാളുടെ ജീവിതത്തിലേക്കെത്തുന്നു. ജര്‍മനിയില്‍ മൂന്നു ലക്ഷം രൂപ ശമ്പളത്തില്‍ ജോലി കിട്ടിയ സലോമി യാത്ര പറയാനാണ് പ്രകാശനെ തേടിയെത്തുന്നത്. ഇതറിഞ്ഞ പ്രകാശന്‍ വീണ്ടും സലോമിയുമായി അടുക്കാന്‍ ശ്രമിക്കുകയും ആ ശ്രമം വിജയിക്കുയും ചെയ്യുന്നു. പിന്നീട് അപ്രതീക്ഷിതമായി കിട്ടുന്ന ഒരു തിരിച്ചടിയില്‍ പ്രകാശന്റെ ജീവിതം കീഴ്‌മേല്‍ മറിയുകയാണ്.

പതിഞ്ഞ താളത്തില്‍ ശ്രീനിവാന്റെ നരേഷനോടെ ആരംഭിക്കുന്ന ആദ്യ പകുതി പിന്നീടങ്ങോട്ട് തമാശകളും രസകരമായ കഥാസന്ദര്‍ഭങ്ങളുമായി പ്രേക്ഷകരെ ശരിക്കും രസിപ്പിക്കുന്നുണ്ട്. രണ്ടാം പകുതിയിലേക്ക് കടക്കുന്നതോടെ അല്പം മെലോഡ്രാമയ്ക്കുള്ള സാധ്യതയുണ്ടായിരുന്നെങ്കിലും അതിന് വഴികൊടുക്കാതെ നല്ല രീതിയില്‍ തന്നെ കൈകാര്യം ചെയ്യാന്‍ സംവിധായകനും തിരക്കഥാകൃത്തിനും സാധിച്ചു. സത്യന്‍ അന്തിക്കാട് സിനിമകളുടെ സ്ഥിരം വഴിപിടിച്ചാണ് രണ്ടാം പകുതി മുന്നോട്ട് പോകുന്നത്.

Read More: ചിരി സദ്യയ്ക്ക് ഒരുങ്ങിക്കോളൂ; ഫഹദ് മാനറിസങ്ങളുമായി ‘ഞാന്‍ പ്രകാശന്‍’ ടീസര്‍

Fahadh-Nikhila Starrer Njan Prakashan Movie Review: ‘സന്ദേശം’ ഉള്‍പ്പെടെ യുവാക്കളുടെ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്ന നിരവധി ചിത്രങ്ങള്‍ ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയിട്ടുണ്ട്. ആ ലിസ്റ്റിലേക്ക് പ്രകാശന്‍ കൂടി ചേരുകയാണ്. അതേസമയം ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ ചിത്രങ്ങളുടെയെല്ലാം കൈമുതലായ അരാഷ്ട്രീയത പ്രകാശനിലും കാണാം. എളുപ്പത്തില്‍ അഴിമതി നടത്തി പണക്കാരനാകാന്‍ പ്രകാശന്‍ കണ്ടെത്തുന്ന മാര്‍ഗങ്ങളില്‍ ഒന്ന് രാഷ്ട്രീയ പ്രവേശനമായിരുന്നു.

പ്രകാശനായുള്ള ഫഹദ് ഫാസിലിന്റെ പ്രകടനം അങ്ങേയറ്റം സ്വാഭാവികമായിരുന്നു. അതേസമയം ഒരു ‘ഗജ ഫ്രോഡ്’ ആയി മാറാനുള്ള ശ്രമത്തിനിടയില്‍ നാച്വറല്‍ ഭാവങ്ങള്‍ അല്പം കൂടിപ്പോയോ എന്നും തോന്നാം. എങ്കിലും പല രംഗങ്ങളിലും പണ്ടത്തെ മോഹന്‍ലാലിനെ ഫഹദ് ഓര്‍മിപ്പിച്ചു. പ്രത്യേകിച്ച് ഫഹദ് ഫാസില്‍-ശ്രീനിവാസന്‍ കോംബോ സീനുകള്‍ പഴയ മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോംബോ സീനുകളോട് സാമ്യം തോന്നിക്കും വിധത്തിലായിരുന്നു.

Read More: ഫഹദ് മോഹന്‍ലാലിനെ ഓര്‍മ്മിപ്പിക്കുന്നു: സത്യന്‍ അന്തിക്കാട്

ലവ് 24X7, അരവിന്ദന്റെ അതിഥികള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നിഖില വിമലാണ് ചിത്രത്തില്‍ സലോമിയായി എത്തിയത്. വളരെ രസകരമായി നിഖില സലോമിയ കൈകാര്യം ചെയ്തു. ഡയലോഗ് ഡെലിവിറിയെല്ലാം വളരെ മനോഹരമായിരുന്നു.

njan prakashan, njan prakashan review, comedy movie, njan prakashan movie review, njan prakashan critics review, njan prakashan comedy movie, njan prakashan audience review, njan prakashan public review, fahadh faasil, nikhila vimal, anju kurian, srrenivasan, malayalam movies, malayalam cinema, entertainment, movie review, ഞാന്‍ പ്രകാശന്‍, ഞാന്‍ പ്രകാശന്‍ റിവ്യൂ, ഞാന്‍ പ്രകാശന്‍ നിരൂപണം, ഞാന്‍ പ്രകാശന്‍ സിനിമാ റിവ്യൂ, ഞാന്‍ പ്രകാശന്‍ സിനിമാ നിരൂപണം, ഞാന്‍ പ്രകാശന്‍ ഫഹദ് ഫാസില്‍, ഞാന്‍ പ്രകാശന്‍ സത്യന്‍ അന്തിക്കാട്, ഫഹദ് ഫാസില്‍ പുതിയ ചിത്രം, ഞാന്‍ പ്രകാശന്‍ റേറ്റിംഗ്, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍

ഏറെക്കാലത്തിനു ശേഷം ശ്രീനിവാസന്റെ മനോഹരമായ തിരക്കഥമാത്രമല്ല, പ്രകടനം കൂടിയാണ് ‘ഞാന്‍ പ്രകാശ’നിലെ ഗോപാല്‍ജി എന്ന കഥാപാത്രം. സമീപ കാലങ്ങളില്‍ സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍ ഇന്നസെന്റ് ചെയ്തുകൊണ്ടിരുന്ന കഥാപാത്രമാണ് ഇത്തവണ ശ്രീനിവാസന്‍ ചെയ്തത്.

ഷാന്‍ റഹ്മാന്റെ സംഗീതം ചിത്രത്തിന്റെ സ്വഭാവത്തോട് ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു. പശ്ചാത്തല സംഗീതവും ഗാനങ്ങളും സിനിമയ്ക്ക് കൂടുതല്‍ സൗന്ദര്യം നല്‍കി. പാലക്കാടിന്റെ ഗ്രാമീണ സൗന്ദര്യവും കൊച്ചിയുടെ നഗര ഭംഗിയും പകര്‍ത്തുന്നതില്‍ എസ്. കുമാറിന്റെ ക്യാമറ ചിത്രത്തിന് മാറ്റേകി.

ഏറെക്കുറേ പ്രഡിക്ടബിള്‍ ആയൊരു പ്ലോട്ടില്‍ നിന്നും സൗന്ദര്യമുള്ള, ചിരിക്കാനും ആസ്വദിക്കാനും സാധിക്കുന്ന ഒരു സിനിമയാണ് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒരുക്കിയെടുത്തിരിക്കുന്നത്. സാരോപദേശ കഥകളെന്നും, ഗ്രാമത്തിന്റെ നന്മ പറയുന്ന കഥകളെന്നുമൊക്കം പറയുമ്പോളും, നന്മയും സ്‌നേഹവും വിരളമായ കാഴ്ചകളാകുന്ന കാലത്ത് എവിടെയൊക്കെയോ ആര്‍ക്കൊക്കെയോ പ്രതീക്ഷകള്‍ നല്‍കുന്ന ചിത്രങ്ങള്‍ തന്നെയാണ് സത്യന്‍ അന്തിക്കാടിന്റേത്. ‘ഞാന്‍ പ്രകാശന്‍’ ഒരു ക്ലീന്‍ ഫാമിലി എന്റര്‍ടെയ്‌നറാണ്. ഈ ക്രിസ്മസ് അവധിക്കാലം ആഘോഷിക്കുന്നത് പ്രകാശനൊപ്പം തന്നെയായിരിക്കും.

Read More: സത്യന്‍ അന്തിക്കാടിന്റെ കൈയ്യൊപ്പുള്ള ഫഹദ് ഫാസില്‍ ചിത്രം: ഞാന്‍ പ്രകാശന്റെ ഫസ്റ്റ് ലുക്ക്‌

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook