Nizhal Nayanthara Kunchako Boban Malayalam Movie Review: അപ്പു ഭട്ടതിരിയുടെ പേര് മലയാളി കേൾക്കാൻ തുടങ്ങിയിട്ട് പത്തു വർഷമായി. ഒട്ടേറെ മികച്ച സിനിമകളുടെ എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ച ഈ ചെറുപ്പക്കാരനു മികച്ച എഡിറ്റര്‍ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്. മലയാള സിനിമാ ലോകത്തെ നവഭാവുകത്വത്തിനു ചുക്കാന്‍ പിടിക്കുന്നവരില്‍ ഒരാളായ അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന ആദ്യ ചലച്ചിത്രം, മലയാളത്തില്‍ അധികം കാണാത്ത, തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര അഭിനയിക്കുന്ന ചിത്രം – ‘നിഴലിനെ’ ശ്രദ്ധേയമാക്കുന്ന കാര്യങ്ങള്‍ ഏറെയാണ്.
കോവിഡ് മഹാമാരി മൂലം അടഞ്ഞ കിടന്ന തിയേറ്ററുകള്‍ ഇപ്പോള്‍ വിഷു ചിത്രങ്ങള്‍ ആഘോഷിക്കുകയാണു. അതില്‍ തന്നെ വ്യത്യസ്ത തരത്തിലുള്ള ത്രില്ലറുകൾ പ്രദർശനത്തിനെത്തി എന്നതും എടുത്തു പറയേണ്ടതാണ്. പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും കഥാപാത്രങ്ങളുടെ സവിശേഷതകൾ കൊണ്ടും അഭിനേതാക്കളുടെ തികച്ചും വ്യത്യസ്തമായ വേഷങ്ങൾ കൊണ്ടും വിഷു റിലീസ് ചിത്രങ്ങള്‍ ഒന്നിനോടൊന്നു മത്സരിക്കുന്ന കാഴ്ചയാണ് കാണുന്നത്.
നിഗൂഢതകള്‍ നിറഞ്ഞ കഥ, ത്രില്ലർ സ്വഭാവമുള്ള ആഖ്യാനം, നായികാ കഥാപാത്രം എന്ന സാമാന്യ പ്രയോഗത്തിനും അപ്പുറം ശക്തമായ സ്ത്രീ കഥാപാത്രം എന്നിങ്ങനെ ‘നിഴല്‍’ മുന്നോട്ട് വയ്ക്കുന്ന വ്യത്യസ്തകൾ പലതുണ്ട്.
Read Here: Nizhal on Amazon Prime Video:’നിഴല്‍’ ആമസോണ്‍ പ്രൈമില്‍
നിധി എന്ന കുട്ടി പറയുന്ന ഒരു കഥയിൽ നിന്നും, അവനെ ചുറ്റി നിൽക്കുന്ന നിഗൂഢമായ ഒന്ന് ജോണ്‍ ബേബി എന്ന ജുഡീഷ്യൽ മജിസ്ട്രേറ്റിലേക്ക് (കുഞ്ചാക്കോ ബോബന്) എത്തുകയും, അയാൾ തന്റെ ജിജ്ഞാസ കൊണ്ടാകണം അതിന്മേൽ ഒരന്വേഷണം നടത്തുകയും ചെയ്യുന്നു. ഷർമിള (നയന്‍താര) ആദ്യം തന്റെ കുട്ടിയെ സംരക്ഷിക്കാൻ ശ്രമിക്കുകയും പിന്നീട് ജോണ്‍ ബേബിയോട് സഹകരിക്കുകയും ചെയ്യുന്നു. ഒരു മുങ്ങി മരണത്തിന്റെ സാധ്യതകളിലേക്കാണ് നിധിയുടെ കഥ വിരൽ ചൂണ്ടുന്നത്. സാഹചര്യങ്ങളെ ബന്ധിപ്പിച്ചു നടക്കുന്ന ആ അന്വേഷണം ത്രില്ലിംഗ് ആയ രീതിയിലാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഥയിൽ കുട്ടി പറയുന്ന സൂചനക്ക് അനുസരിച്ച് പുറപ്പെട്ടു പോകുന്ന ജോണ്‍ അതിലെ യാഥാർഥ്യങ്ങളുമായി കൂട്ടിമുട്ടുന്നുണ്ട്. മാനസികമായി ജോണിനും നിധിക്കും ഇടയിൽ സംഭവിക്കുന്ന ഏതോ നിഗൂഢ പ്രേരണയുടെ ഫലമായി അവരുടെ രണ്ടു പേരുടെയും ലക്ഷ്യം ഒന്നിലേക്ക് എന്ന തോന്നൽ ഉണ്ടാകുന്നു.
ഹോളിവുഡ് സിനിമകൾ പരീക്ഷിച്ചു കഴിഞ്ഞ ഒരു തീമായി പറയാമെങ്കിലും മലയാളത്തിൽ ഒരുപക്ഷേ ആദ്യമായാണ് ‘നിഴലി’ലെ പ്രമേയം അവതരിപ്പിക്കപ്പെടുന്നത്. കഥാപാത്രത്തിന് അനുയോജ്യമായ ഗൗരവ സ്വഭാവം നല്കാന് നയൻതാര ശ്രമിക്കുമ്പോള്‍ അതൊരു സാധാരണ അഭിനയം മാത്രമായി തോന്നുന്നില്ല. എന്നാൽ കുഞ്ചാക്കോ ബോബന് തന്റെ സാധാരണ അഭിനയമികവിനും അപ്പുറം മജിസ്ട്രേറ്റ് വേഷത്തിൽ പ്രത്യേകിച്ചൊരു അസാധ്യമായ കഴിവ് പുറത്തെടുത്തു എന്ന് പറയാൻ സാധിക്കില്ല. എങ്കിലും പ്രേക്ഷകനെ കയ്യിലെടുക്കാൻ ഇരുവർക്കും കഴിഞ്ഞു എന്നത് ശ്രദ്ധേയമായ കാര്യമാണ്. ബാലതാരമായി അഭിനയിക്കുന്ന കുട്ടിയും കഥാപാത്രത്തിന് അനുയോജ്യമായ രീതിയിൽ അഭിനയം കാഴ്ചവെക്കുന്നുണ്ട്. നോട്ടത്തിലും സംഭാഷണത്തിലും ആ പ്രത്യേകത വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും.
എസ് സജീവാണ് ‘നിഴലി’ന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സിനിമയുടെ സസ്പെൻസ് നിലനിര്‍ത്തുന്ന തിരക്കഥ, തങ്ങളെ പിന്തുടരുന്ന ഒരു നിഗൂഢതയ്ക്കൊപ്പം സഞ്ചരിക്കുന്ന കഥാപാത്രങ്ങളെ പിന്തുടരുന്നു. പ്രേക്ഷകനെ ഒരു വിധത്തിലും വിരസമാക്കാതെ അവസാനത്തെ സീൻ വരെ പിടിച്ചിരുത്താൻ പോന്ന ദൗത്യം സംവിധായകൻ യഥാവിധി പൂർത്തിയാക്കിയിട്ടുണ്ട്. ഇന്റർവെല്ലിന് ശേഷം കഥാഗതിക്ക് കാര്യമായ മാറ്റമുണ്ടാകുന്നുണ്ട്. ആദ്യ പകുതി കുട്ടി പറയുന്ന കഥയെ കേന്ദ്രീകരിച്ചിട്ടുള്ള പ്രാഥമിക അന്വേഷണമാണെങ്കിൽ രണ്ടാം പകുതി അതീന്ദ്രിയ അനുഭവങ്ങളുടെ സ്വഭാവത്തിലൂടെ കടന്നു പോകുന്നു. തിരക്കഥാകൃത്തും അണികളും ഒരുപാട് പുസ്തകങ്ങൾ ഇതിനു വേണ്ടി റഫർ ചെയ്തിട്ടുണ്ട് എന്ന് തീർച്ചയാണ്. അതീന്ദ്രീയമായ ഇത്തരം തോന്നലുകൾ അധികരിച്ചു കൊണ്ടുള്ള ഒട്ടേറെ പുസ്തകങ്ങൾ ഇന്ത്യയിൽ ലഭ്യമാണ്. കേരളത്തിൽ നടന്ന ചില കൊലപാതകങ്ങളുടെ കേസ് അന്വേഷണത്തിൽ പങ്കെടുത്ത പോലീസ് ഓഫീസർമാരുടെ ഓർമ്മക്കുറിപ്പുകളിലും പ്രസ്തുത അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തിരക്കഥക്ക് അവലംബം ഇത്തരം കാര്യങ്ങൾ കൂടിയുണ്ട് എന്ന് അനുമാനിക്കാം.
മരണവും പുനർജന്മവും അധികാരികമാക്കിയ നിരവധി സിനിമകളും വന്നിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ഒന്ന് 1989 ൽ പുറത്തിറങ്ങിയാ ‘Manika, une vie plus tard’ എന്ന ചലച്ചിത്രമാണ്. ഇന്ത്യൻ കോടതികളിൽ ഇതിനെ ആധാരമാക്കി കേസുകൾ നടന്നിട്ടുള്ളതായും രേഖകളുണ്ട്.
കുട്ടി പറയുന്ന സ്ഥലങ്ങളുടെ സൂചന അനുസരിച്ച് കഥ പറയുന്നത്, ശാന്തി ദേവി എന്ന പുനർജന്മമാണ് താൻ എന്നു വിശ്വസിച്ചിരുന്ന, ഇന്ത്യയിൽ ജീവിച്ചിരുന്ന സ്ത്രീയുടെ കഥയുമായി ബന്ധപ്പെടുത്താം. പക്ഷേ ഇതെല്ലാം താൻ കേൾക്കുന്ന കഥകൾക്ക് അനുസരിച്ച് മനസ്സ് രൂപപ്പെടുത്തുന്നവയാണ് എന്നതാണ് യാഥാർത്ഥ്യം. ‘മണിച്ചിത്രത്താഴ്’ സിനിമയിലെ നാഗവല്ലി സ്വഭാവം തന്നെ, സംവിധായകൻ ഉദ്ദേശിച്ചിട്ടില്ല എങ്കിലും.
‘നിഴലി’നെ ശ്രദ്ധേയമാക്കുന്നത് ബാക്ക്ഗ്രൗണ്ട് മ്യൂസിക്കാണ്. പെട്ടെന്ന് ഞെട്ടിക്കാൻ പോകുന്ന ഫീൽ പലപ്പോഴും അതു തരുന്നുണ്ട്.
ഒരു കൊമേഴ്സ്യൽ ത്രില്ലറിനെ അക്കാദമികമായി വിലയിരുത്തേണ്ട കാര്യമില്ല എങ്കിലും അതിനുള്ള സാധ്യതകൾ കാണാതിരിക്കാനാവില്ല. എല്ലാ കഥകളുടെയും ‘ഇൻസ്പിരേഷൻ,’ കാതലുള്ള ചില വിഷയങ്ങളിൽ നിന്നാണല്ലോ.
മാസ്റ്റര്‍ ഐസിന് ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ,ആദ്യ പ്രസാദ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ദീപക് ഡി മേനോന് ക്യാമറയും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. അപ്പു ഭട്ടതിരിരിയും അരുണ്‍ ലാലുമാണ് എഡിറ്റിംഗ്. അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്, നാരായണ ഭട്ടതിരി ടൈറ്റില്‍ ഡിസൈന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍. പ്രൊഡക്ഷന്‍ ഡിസൈന്‍ സുഭാഷ് കരുണ്‍, ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് ഡിക്സണ്‍ പൊഡുത്താസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് രാജീവ് പെരുമ്പാവൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്ണന്.
ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകന് ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.