scorecardresearch
Latest News

Night Drive Review: ഒരു ത്രില്ലിങ് റൈഡ്; ‘നൈറ്റ് ഡ്രൈവ്’; റിവ്യൂ

Night Drive Malayalam Movie Review & Rating: വൈശാഖ് എന്ന സംവിധായകനിലുള്ള പ്രേക്ഷക പ്രതീക്ഷകൾ നിലനിർത്തുന്ന ചിത്രമാണ് ‘നൈറ്റ് ഡ്രൈവ്’.

RatingRatingRatingRatingRating
Night Drive Review: ഒരു ത്രില്ലിങ് റൈഡ്; ‘നൈറ്റ് ഡ്രൈവ്’; റിവ്യൂ

Night Drive Malayalam Movie Review & Rating: മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും വച്ച് ‘പോക്കിരിരാജ’, ‘പുലിമുരുഗൻ’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ വൈശാഖിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘നൈറ്റ് ഡ്രൈവ്’. റോഷൻ മാത്യു, അന്ന ബെൻ തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രം ഒരു രാത്രിയിലുണ്ടാകുന്ന സംഭവങ്ങളാണ് പറയുന്നത്.

കേരളത്തിലെ ഒരു പ്രധാന ചാനലിലെ ന്യൂസ് ആങ്കറും പ്രൊഡ്യൂസറുമാണ് റിയ (അന്ന ബെൻ). റിയയുടെ കുട്ടിക്കാലം മുതലുള്ള സുഹൃത്താണ് ജോർജി (റോഷൻ മാത്യു). വിദേശത്ത് ജോലിക്കായി ശ്രമിക്കുന്ന ജോർജി നാട്ടിൽ യൂബർ ഓടിക്കുകയാണ്. ഇരുവരും പ്രണയത്തിലാണ്. റിയയുടെ പിറന്നാൾ രാത്രി ഇരുവരും കൂടി ഒരു ‘നൈറ്റ് ഡ്രൈവ്’ പോകാൻ തീരുമാനിക്കുന്നു. ആ യാത്രക്കിടയിൽ ഒരു അപകടമുണ്ടാകുന്നു. സംസ്ഥാന രാഷ്ട്രീയത്തെ തന്നെ പിടിച്ചുലയ്ക്കാൻ പോന്ന, സംസ്ഥാനത്തെ ടൂറിസം മന്ത്രിയുമായി ബന്ധപ്പെട്ട, റിയ തന്നെ പുറത്ത് കൊണ്ടുവന്ന ഒരു സംഭവത്തിന് ആ അപകടവുമായി ബന്ധമുണ്ട്. തുടർന്ന് ആ അപകടവും അതിലൂടെ വിവാദമായ സംഭവവും റിയയുടെ തലയിൽ കെട്ടിവക്കാനുള്ള ശ്രമങ്ങളും മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നു. ഇതെല്ലാം അറിയുന്ന ജോർജി അത്തരം ശ്രമങ്ങളെ പരാജയപ്പെടുത്താനും റിയയെ രക്ഷിക്കാനും നടത്തുന്ന ശ്രമങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

വൈശാഖിന്റെ ‘പുലിമുരുഗൻ’, ‘മധുരരാജ’ എന്നീ അവസാന രണ്ട് മാസ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്‌തമായ ചിത്രമാണ് ‘നൈറ്റ് ഡ്രൈവ്’. കുറച്ചൂടെ റിയലിസ്റ്റിക്കായാണ് ചിത്രമൊരുക്കിയിരിക്കുന്നത്. അതേസമയം, വൈശാഖ് എന്ന സംവിധായകനിലുള്ള പ്രേക്ഷകരുടെ പ്രതീക്ഷകൾ നിലനിർത്തുന്നുമുണ്ട്. ആദ്യം മുതൽ അവസാനം വരെ രസച്ചരട് പൊട്ടാതെ ഒട്ടും തന്നെ ലാഘടിപ്പിക്കാതെ വളരെ എൻഗേജിങ്ങയാണ് സിനിമ പുരോഗമിക്കുന്നത്. ചെറിയ നർമ്മമുഹൂർത്തങ്ങളടങ്ങിയ ആദ്യ ഭാഗവും ചെറിയ ട്വിസ്റ്റുകളുമായി ത്രില്ലിങ് അനുഭവം നൽകുന്ന, വൈശാഖ് സിനിമകളിൽ പ്രതീക്ഷിക്കാവുന്ന സംഘടന രംഗങ്ങളുമെല്ലാമുള്ള രണ്ടാം ഭാഗവും ‘നൈറ്റ് ഡ്രൈവി’നെ എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന സിനിമയാക്കി മാറ്റുന്നുണ്ട്.

ഇതിന് അഭിലാഷ് പിള്ളയുടെ തിരക്കഥയും കയ്യടി അർഹിക്കുന്നു. ഒരേ സീനിന് ശേഷവും തവണയും അടുത്തതെന്ത് എന്ന ചിന്ത പ്രേക്ഷകന് സമ്മാനിക്കാൻ തിരക്കഥയ്ക്ക് കഴിയുന്നുണ്ട്. ഒട്ടും തന്നെ വലിച്ച് നീട്ടാതെ കഥയെ വളരെ കൃത്യതയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. സമകാലികപ്രസക്തിയുള്ള ഒരു വിഷയം വച്ച് കഥപറഞ്ഞു എന്നതും ചിത്രത്തെ പ്രേക്ഷകരിലേക്ക് കൂടുതൽ അടുപ്പിക്കുന്ന ഘടകമാണ്.

റോഷൻ മാത്യുവിന്റേയും അന്ന ബെന്നിന്റെയും പ്രകടനമാണ് എടുത്ത് പറയേണ്ട ഒന്ന്. ജോർജിയെ റോഷനും റിയയെ അന്ന ബെന്നും ഏറ്റവും മികച്ചതാക്കി. വളരെ സൗമ്യനായ ജോർജി എന്ന കഥാപാത്രത്തിന് ഇടയ്ക്കുണ്ടാവുന്ന ട്രാൻസിഷൻ ഒക്കെ റോഷൻ ഗംഭീരമാക്കിയിട്ടുണ്ട്. മാസ് ആക്ഷൻ രംഗങ്ങളും തനിക്ക് വഴങ്ങുമെന്ന് റോഷൻ തെളിയിക്കുന്നുണ്ട്.

മാധ്യമ പ്രവർത്തകയായ റിയ എന്ന കഥാപാത്രത്തെ വളരെ മനോഹരമായാണ് അന്ന ബെന്നും അവതരിപ്പിച്ചിരിക്കുന്നത്. ഇന്ദ്രജിത്തിനും സിദ്ധീഖിനും ഒപ്പമുള്ള രംഗങ്ങളിൽ അന്ന കയ്യടി നേടുന്നുണ്ട്. പ്രതിസന്ധിഘട്ടങ്ങളിൽ പ്രതീക്ഷയുടെ ഒരു നറുവെട്ടം കാണുമ്പോൾ കഥാപാത്രത്തിനുണ്ടാകുന്ന മാറ്റങ്ങളും എല്ലാം ഗംഭീരമായാണ് അന്ന അവതരിപ്പിക്കുന്നത്. ‘കപ്പേള’ എന്ന ചിത്രത്തിന് ശേഷം ഒന്നിക്കുന്ന റോഷൻ-അന്ന കോംബോ ‘നൈറ്റ് ഡ്രൈവിലും നന്നായി വർക്ക് ചെയ്തിട്ടുണ്ട്.

ബെന്നി മൂപ്പൻ എന്ന പൊലീസ് കഥാപാത്രമായി ഇന്ദ്രജിത്തും ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. ദൃശ്യത്തിന് ശേഷം പൊലീസ് വേഷത്തിൽ ഷാജോണും ഒരിക്കൽ കൂടി രാഷ്ട്രീയക്കാരനായി സിദ്ധീഖും തിളങ്ങുന്നുണ്ട്. നടൻ കലേഷും അലക്‌സാണ്ടർ പ്രശാന്തും ശ്രദ്ധേയപ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. അമ്മിണി അയ്യപ്പൻ എന്ന കഥാപാത്രത്തെ ശ്രീവിദ്യയും മികച്ചതാകുന്നു. അതേസമയം, രൺജി പണിക്കരുടെ കഥാപാത്രത്തിന് കാര്യമായ സ്‌പേസ് ലഭിക്കാതെ പോകുന്നുണ്ട്. സോഹൻ സീനുലാൽ, സുധീർ കരമന, ഷാജു ശ്രീധർ, മുത്തുമണി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മനോഹരമായ രാത്രി ദൃശ്യങ്ങളൊരുക്കി ‘നൈറ്റ് ഡ്രൈവി’നെ കൂടുതൽ ആസ്വാദ്യകരമാക്കാൻ ഷാജി കുമാറിന്റെ ക്യാമറയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തെ കൂടുതൽ ത്രില്ലിങ് ആക്കുന്നതിൽ രഞ്ജിൻ രാജിന്റെ സംഗീതവും നിർണായക പങ്കുവഹിക്കുന്നു. ക്‌ളൈമാക്‌സ് രംഗത്തിലെ പശ്ചാത്തലസംഗീതം എടുത്ത് പറയേണ്ട ഒന്നാണ്.

കേവലം രണ്ട് മണിക്കൂർ മാത്രം ദൈർഘ്യമുള്ള, വളരെ ലൈറ്റായി തുടങ്ങി പതിയെ ചെറിയ ട്വിസ്റ്റുകളും ആകാംഷ നിറഞ്ഞ രംഗങ്ങളുമായി ഒരു ത്രില്ലിങ് റൈഡിന്റെ അനുഭൂതി നൽകുന്ന കുഞ്ഞുചിത്രമാണ് ‘നൈറ്റ് ഡ്രൈവ്’.

Also Read: Pada Movie Review & Rating: ശക്തമായ രാഷ്ട്രീയ ചിത്രം; പട റിവ്യൂ

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Night drive malayalam movie review rating