scorecardresearch

പരിക്കുകൾ ഇല്ലാതെയുള്ള പുനരാവിഷ്കാരം; ‘നീലവെളിച്ചം’ റിവ്യൂ: Neelavelicham Movie Review & Rating

Neelavelicham Movie Review & Rating: സാങ്കേതികമായി വിജയിക്കുകയും സൗന്ദര്യ ശാസ്ത്രപരമായി ചിലയിടങ്ങളിലെങ്കിലും ഒറിജിനലിനൊപ്പം നിൽക്കാൻ ബുദ്ധിമുട്ടുകയും ചെയ്ത സിനിമ

Neelavelicham Movie Review, Neelavelicham review, Neelavelicham rating, Neelavelicham ott, Neelavelicham ott release
Neelavelicham Movie Review & Rating

Neelavelicham Movie Review & Rating: അറുപത് വർഷത്തിനടുത്ത് പഴക്കമുള്ള അടിമുടി ക്ലാസ്സിക്‌ ആയ ഒരു സിനിമയെ അതിന് പിന്നിലും മുന്നിലും പ്രവർത്തിച്ച പ്രതിഭകളുടെ അഭാവത്തിൽ പുനസൃഷ്ടിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. പുതിയതായി വരുന്ന ഒരു കൂട്ടം ആളുകളുടെ പ്രതിഭയെ പരീക്ഷിക്കുന്ന ശ്രമമാണത്. ആഷിക്ക് അബുവിന്റെ ‘നീലവെളിച്ചം’ ആ നിലക്ക് വലിയൊരു വെല്ലുവിളിയാണ്. ആ വെല്ലുവിളി ഏറ്റെടുക്കുന്നതിൽ സാങ്കേതികമായി വിജയിക്കുകയും സൗന്ദര്യ ശാസ്ത്രപരമായി ചിലയിടങ്ങളിലെങ്കിലും ഒറിജിനലിനൊപ്പം നിൽക്കാൻ ബുദ്ധിമുട്ടുകയും ചെയ്ത സിനിമയാണിത്.

അസാധ്യമെന്ന് തോന്നിക്കുന്ന ഭാവനയാണ് ബഷീറിന്റെ ‘നീലവെളിച്ചെ’മെന്ന കഥയും അതിൽ നിന്ന് വികസിപ്പിക്കപ്പെട്ട ‘ഭാർഗവി നിലയ’മെന്ന സിനിമയും. ദുരൂഹതകൾ അവശേഷിപ്പിക്കുന്ന, ആളൊഴിഞ്ഞ വീടുകളെ ‘ഭാർഗവി നിലയ’മെന്ന് വിളിക്കാൻ തക്കവണ്ണം മലയാളി ജീവിതത്തിൽ സ്വാധീനം ചെലുത്തിയ സിനിമയാണത്. 1964 ൽ സാങ്കേതിക വിദ്യ നമ്മളെ അതിശയിപ്പിക്കാത്ത കാലത്ത് ഭയത്തെയും കൗതുകത്തെയും വല്ലാത്ത അളവിൽ ഉത്പാദിപ്പിച്ചു ആ സിനിമ. സിനിമയും സാങ്കേതിക വിദ്യയും അടിമുടി മാറിയ ഈ സമയത്ത് ‘നീലവെളിച്ചെ’മെന്ന പേരിൽ ഭാർഗവിയുടെയും എഴുത്തുകാരന്റെയും കഥ വീണ്ടുമെത്തുമ്പോൾ പുതുതായി എന്ത് എന്ന തേടലിൽ തന്നെയാവും ആ സിനിമയുടെ ജയ-പരാജയ സാധ്യതകൾ ഇരിക്കുന്നത്.

അതേ പാട്ടുകൾ, ഏറെക്കുറെ അതേ സംഭാഷണങ്ങൾ, കഥാഗതി ഒക്കെ തന്നെയാണ് ‘നീലവെളിച്ചവും’ പിന്തുടരുന്നത്. കളർ പാറ്റേണുകളുടെ ഉപയോഗം, കളർ ഗ്രെഡിങ്, പശ്ചാത്തല സംഗീതം, സ്വഭാവികമായുണ്ടായ ദൃശ്യ ഭാഷയുടെയും സാങ്കേതിക വിദ്യയുടെയും മാറ്റം ഒക്കെയാണ് ഈ സിനിമയിലെ പ്രകടമായ വ്യത്യാസങ്ങൾ. ഇത്തരം കാര്യങ്ങളിൽ നല്ല ശ്രദ്ധ പതിപ്പിക്കുന്ന സംവിധായകനാണ് ആഷിക് അബു. ചിത്രം പുറത്തിറങ്ങും മുൻപ് കണ്ട പാട്ടുകളിലൊക്കെ കണ്ട ഓരോ ഫ്രയിമിലെയും സൗന്ദര്യം സിനിമയിലുടനീളം കാണാം.

ഇനി ‘ഭാർഗവി നിലയം’ എന്ന സിനിമയിൽ നിന്നും മാറി ‘നീലവെളിച്ച’മെന്ന സിനിമയിലേക്ക് വന്നാൽ, രണ്ടും പല നിലക്ക് ഒറ്റക്ക് നിൽക്കുന്ന സിനിമകളാണ്. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന പേരിലുള്ള കഥയുടെ, രണ്ട് കാലങ്ങളിൽ രണ്ട് രീതിയിൽ വന്ന ദൃശ്യാവിഷ്ക്കാരങ്ങൾ. പ്രേത ബാധിത വീട്ടിലെത്തുന്ന എഴുത്തുകാരനും അവിടെയുണ്ടെന്ന് കരുതുന്ന ദുർമരണപ്പെട്ട ഭാർഗവി എന്ന സ്ത്രീയുടെ ആത്മാവും തമ്മിലുള്ള സൗഹൃദമാണ് രണ്ട് സിനിമകളെയും വ്യത്യസ്തമായ അനുഭവമാക്കുന്നത്. ‘നീലവെളിച്ച’ത്തിന്റെ ആദ്യ പകുതിയിൽ ടൊവിനോ അവതരിപ്പിക്കുന്ന എഴുത്തുകാരൻ ഈ സൗഹൃദത്തെ മനോഹരമായി, ഒറ്റക്ക്, സ്ക്രീനിലെത്തിക്കുന്നു.

ആദ്യ സിനിമയുടെ പ്രകടമായ റെഫെറെൻസുകൾ ആ സിനിമ കണ്ടവർക്ക് ഓർമ വരും. അതിൽ നിന്ന് പുതുതായി സംഭാഷനങ്ങളോ ചലനങ്ങളോ പോലും കടന്നു വരുന്നില്ല. എന്നാൽ ചിലയിടങ്ങളിൽ സ്വപ്നം പോലുള്ള ദൃശ്യങ്ങൾ കാണാം. ഭാർഗവിയുടെ എൻട്രി, ബോഗൻവില്ലകൾ നിറഞ്ഞ വീട്, റാന്തൽ വിളക്കിന്റെ പ്രകാശത്തിന്റെ ഉപയോഗം, വാതിൽ പാളികളിലൂടെ പരക്കുന്ന നീലവെളിച്ചം, 1960 കൾ എന്ന് വിശ്വസിപ്പിക്കുന്ന വസ്ത്രധാരണം മുതൽ ലാൻഡ്സ്‌കേപ്പിങ് വരെയുള്ള കുറെ കാഴ്ചകൾ ഒക്കെ വ്യത്യസ്തമായ കാഴ്ചനുഭവം പ്രേക്ഷകർക്ക് തരുന്നുണ്ട്. സിനിമ ചില കാഴ്ചകളിലൂടെ തീയറ്ററിൽ അനുഭവിക്കണ്ട ഒന്നാണ് എന്ന പറച്ചിലിനെ ശരിവെക്കുന്ന അനുഭവങ്ങൾ ഈ ഭാഗത്ത്. എണ്ണയില്ലാതെ കരിന്തിരി കത്തിയ വിളക്കിൽ നിന്ന് വന്ന അത്ഭുതകരമായ നീലവെളിച്ചത്തിലാണ് ബഷീർ എഴുതിയ കഥ അവസാനിക്കുന്നത്. സിനിമയിൽ ആ അത്ഭുതത്തെ അതേ പടി ദൃശ്യവത്കരിച്ചിട്ടുണ്ട്. നിറങ്ങളുടെ ശരിയായ ഉപയോഗത്തിന്റെ സൗന്ദര്യം ഈ ഭാഗങ്ങളിൽ കാണാം.

രണ്ടാം പകുതിയിലേക്കെത്തുമ്പോഴാണു പഴയ ‘ഭാർഗവി നിലയം’ സിനിമ കൂടുതൽ കാവ്യാത്മകമായ അനുഭവമാവുന്നത്. കഥയിൽ നിന്ന് മാറി പ്രണയത്തിന്റെയൊക്കെ സാധ്യതകൾ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ കൂടി സഹായത്തോടെയാണ് ‘ഭാർഗവി നിലയം’ വലുതാക്കിയത്. സംഭാഷണങ്ങൾ അടക്കം ‘നീലവെളിച്ച’ത്തിൽ അത് പോലെ ആവർത്തിക്കപ്പെടുമ്പോൾ ഇവിടെ പക്ഷേ അത് യാന്ദ്രികമായി അനുഭവപ്പെടുന്നു. ‘ആ പൂവ് എന്ത് ചെയ്തു’ എന്ന് തുടങ്ങുന്ന മതിലനപ്പുറവും ഇപ്പുറവും ഉള്ള സീക്വൻസ് ഇപ്പോഴും മലയാളത്തിലെ ക്ലാസ്സിക്‌ പ്രണയ രംഗങ്ങളിൽ ഒന്നായാണ് കരുതപ്പെടുന്നത്. ‘നീലവെളിച്ച’ത്തിൽ ഏറ്റവും യാന്ത്രികമായി ചിത്രീകരിച്ചതായി തോന്നിയത് ആ രംഗമാണ്. സിനിമയുടെ ആത്മാവായ രംഗമാണ് യാതൊരു ചലനവുമില്ലാതെ കടന്നു പോയത്. രണ്ടാം പകുതിയിലെ പല രംഗങ്ങളും അതേ അനുഭവം തന്നു. ടോവിനോയുടെ അസാന്നിദ്ധ്യമുള്ള പല രംഗങ്ങളും സാങ്കേതികമായി മാത്രം മികച്ചു നിന്നപ്പോൾ ടോവിനൊ എഴുത്തുകാരനായി സ്‌ക്രീനിൽ വന്നപ്പോൾ കഥയുടെയും ബഷീറിന്റെ ഉള്ളറിഞ്ഞ എഴുത്തിന്റെയും മുൻസിനിമയുടെയും ആത്മാവുള്ള രംഗങ്ങൾ നിറഞ്ഞു.

പ്രേതാനുഭവം, ഹൊറർ സിനിമ എന്നതിനൊക്കെ അപ്പുറം സൗഹൃദത്തിന്റെ മറ്റൊരു തലം സിനിമയിലുണ്ട്. കനത്ത വിഷാദത്തിലാണ് എഴുത്തുകാരൻ ഭാർഗവി നിലയത്തിൽ എത്തുന്നത്. പ്രണയ നൈരാശ്യത്തെ കുറിച്ചുള്ള മുറിഞ്ഞ ഓർമകളിൽ അയാൾ റൈറ്റേഴ്‌സ് ബ്ലോക്ക്‌ അനുഭവിക്കുന്നു. ആത്മഹത്യ പ്രവണത, ഏകാന്തത ഒക്കെ അയാളെ അലട്ടുന്നുണ്ട്. ഭാർഗവിയിൽ അയാൾ കാണുന്നത് അതിനെ മറികടക്കാൻ ശ്രമിക്കുന്ന സുഹൃത്തിനെ കൂടിയാണ്. അവൾ തിരിച്ചും അങ്ങനെ തന്നെയാണ്. ‘ഇത് വരെ കാണാത്ത സുഹൃത്തെ’, ‘പ്രിയപ്പെട്ട സുഹൃത്തെ’ എന്നൊക്കെയാണ് അവർ പരസ്പരം അഭിസംബോധന ചെയ്യുന്നത്. അയാളെ മരണത്തിൽ നിന്ന് രക്ഷിക്കുകയും അവളുടെ കഥയിലൂടെ ആത്മാവിനു നിത്യശാന്തി നേർന്നു കൊണ്ട് യാത്രയാക്കുകയും ചെയ്യുന്നത് പരസ്പരം സഹായിച്ചു കൊണ്ടാണ്. ഒരുപാട് സാധ്യതകളുണ്ടായിട്ടും ആ ബന്ധത്തെ ഇടക്ക് വച്ച് കൈമോശം വരുത്തിയത് പോലെ തോന്നി. സാങ്കേതിക തികവ് അവകാശപ്പെടാവുന്ന പാട്ടുകൾ ചിലതൊക്കെ കേൾക്കാനും കാണാനും കൗതുകമുണ്ട്. മറ്റു ചിലപ്പോഴൊക്കെ ‘സോൾലെസ്സ്’ എന്ന് തോന്നുന്ന രീതിയിൽ ആ പാട്ടുകളെ കണ്ടു.

നീലവെളിച്ചം, ഭാർഗവി നിലയത്തിനുള്ളിലെ അന്തരീക്ഷം, പരിക്കുകൾ ഇല്ലാതെയുള്ള പാട്ടുകളുടെ പുനരാവിഷ്കാരം, സിനിമയെ ലിഫ്റ്റ് ചെയ്യുന്ന ടോവിനോയുടെ പ്രകടനം, ഫ്രെമുകൾ ഒക്കെ കൂടി കാണാവുന്ന ഒരു സിനിമാനുഭവം തരുന്നുണ്ട് ചിത്രം. ‘നീലവെളിച്ച’ത്തെ ഒറ്റക്ക് കാണുമ്പോൾ… അതായത് ‘ഭാർഗവി നിലയം’ പുനരാവിഷ്കരിക്കുന്ന ചിത്രമെന്ന രീതിയിൽ നോക്കുമ്പോൾ ഒറിജിനൽ ഇപ്പോഴും സമാനതകൾ ഇല്ലാതെ താരതമ്യങ്ങൾക്കെല്ലാമപ്പുറം മികച്ചു നിൽക്കുന്നു.

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Neelavelicham movie review rating