Nayattu Kunchacko Boban Joju Geroge Nimisha Sajayan Malayalam Movie Review & Rating: കഴിഞ്ഞ വേനലും വിഷുവും കൊവിഡിന്റെ തീവ്ര വ്യാപന സമയമായതിനാല്‍ കേരളത്തിലെ തിയേറ്ററുകള്‍ ഒഴിഞ്ഞു കിടന്നു. അധികം വൈകാതെ പ്രോട്ടോക്കോള്‍ നിലവില്‍ വന്നതോടു കൂടി അവയെല്ലാം അടച്ചിടുകയും ചെയ്തു. എന്നാല്‍ ഒരു വര്‍ഷത്തിനു ഇപ്പുറം വിഷു ചിത്രങ്ങളുടെ ഒരു നീണ്ട നിരയുമായി മലയാള സിനിമ പതിയെ ‘നോര്‍മല്‍സി’ തിരിച്ചു പിടിക്കുകയാണ്. കോവിഡ് വീണ്ടും കൂടുന്ന സാഹചര്യത്തില്‍ എത്രകാലം ഇത് തുടരാന്‍ സാധിക്കും എന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നിരുന്നാലും വമ്പന്‍ റിലീസുകളുടെ രണ്ടാഴ്ചകളാണ് കടന്നു പോകുന്നത്. വ്യത്യസ്തമായ അനേകം കഥകളും കഥാപാത്രങ്ങളുമായി തിയേറ്ററിലും ഒ ടി ടി പ്ലാറ്റ് ഫോമിലും മലയാളം സിനിമ വൈവിധ്യം നിറയ്ക്കുകയാണ്.
മാര്ട്ടിന് പ്രക്കാട്ട് ഒരു നീണ്ട ഇടവേളക്ക് ശേഷം തിരിച്ചു വരുന്നു എന്ന പ്രത്യേകതയാണ് ‘നായാട്ടി’നുള്ളത്. 2015 ല്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘ചാര്‍ളി’ക്ക് ശേഷം സിനിമയില്‍ നിന്നും തീരെ വിട്ടു നിന്ന മാര്ട്ടിന് പ്രക്കാട്ട് നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ‘നായാട്ടി’ലൂടെ തിരിച്ചു വരുന്നത്.
‘നായാട്ടി’ ന്റെ കഥ പലരീതിയില്‍ കേരള സമൂഹം അനുഭവിച്ചു തീര്‍ത്തതാണ്. അടിയന്തരാവസ്ഥയുടെ കാലത്തെ രാജന്, നക്സല്‍ വര്‍ഗ്ഗീസ് തുടങ്ങി ഒടുവിലത്തെ നെടുംകണ്ടം വരെയുള്ള പോലീസ് ലോക്കപ്പ് പീഡനങ്ങളും അതിനെ തുടര്‍ന്നുള്ള നിയമ നടപടികളും ഒടുവില്‍ പ്രതികള്‍ നിയമത്തിന്റെ നൂലാമാലകളുടെ ആനുകൂല്യത്തില്‍ രക്ഷപെട്ടു പോകുന്നതും കേരളം പലവട്ടം സാക്ഷ്യം വഹിച്ചവയാണ്. പല വിധത്തില്‍ ഇത്തരം കഥകള്‍ക്ക് ചലച്ചിത്ര ഭാഷ്യം വന്നിട്ടുണ്ട്. ഇരയുടെയും കുടുമ്പത്തിന്റെയും മാനസികാവസ്ഥകളാണ് അപ്പോഴൊക്കെയും സിനിമകള്‍ക്ക് പ്രമേയമായി മാറിയതെങ്കില് ‘നായാട്ട്’ മറ്റൊരു രീതിയില്‍ ഈ പ്രമേയത്തെ അവതരിപ്പിക്കുകയാണ്.
\Read Here: ഇനി അടുത്ത സിനിമയില്‍ ഞാനില്ലെങ്കില്‍ ഞാന്‍ പ്രശ്നമുണ്ടാക്കും; ‘നായാട്ട്’ ടീമിനോട് മഞ്ജു
അനേകം പിഴവുകളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒരു നിയമ വ്യവസ്ഥയുടെ മുകളില്‍ നിന്നുള്ള നിരീക്ഷണം കൂടിയാണ് ‘നായാട്ട്.’ നിയമ വിരുദ്ധമായ ഒരു അറസ്റ്റും അതിനെ തുടര്‍ന്നുണ്ടാകുന്ന പീഡനവും നിയമത്തിന്റെ മുന്നില്‍ എത്തുകയും തുടര്‍ന്ന് ജീവപര്യന്തം ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന മൂന്നു പോലീസ്സുകാരും, അവരുടെ രക്ഷപ്പെടലും, ജീവിതവും മനുഷ്യത്വവും ഭരണകൂടത്തിന്റെ പിഴവുകളും അടക്കം സിനിമ ഒട്ടേറെ പ്രസക്തമായ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ഷാജി എന്‍ കരുണിന്റെ ‘പിറവി’ മുതല്‍ മലയാള സിനിമയില്‍ സമാനമായ ആശയമുള്ള സിനിമകള്‍ ഉണ്ടായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറം, ‘നായാട്ടി’ന്റെ കാലിക പ്രസക്തി വലുതായി നിലനില്ക്കുന്നു.
‘ജോസഫി’ലൂടെ തന്റെ അഭിനയ ജീവിതത്തിന്റെ തലവര തിരുത്തിക്കുറിച്ച ജോജു ജോര്‍ജ്ജ്, മണിയന് എന്ന കഥാപാത്രത്തിലൂടെ തന്റെ അഭിനയ പാടവത്തിന്റെ മറ്റൊരു വഴക്കമുള്ള തലം പുറത്തെടുക്കുന്നു. ഒരു പോലീസ് ഓഫീസറുടെ ശരീര ഭാഷ മുന്‍പുള്ള ചിത്രങ്ങളിലേതു പോലെ തന്നെ ജോജു ജോര്‍ജ്ജിന് അനായാസം ആവിഷ്ക്കരിക്കാന്‍ സാധിച്ചു. ഉദ്വേഗജനകമായ എല്ലാ സീനുകളും അതിന്റെ ഗൗരവ സ്വഭാവത്തില്‍ തന്നെ അഭിനയിച്ചു ഫലിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ബിജു മേനോന് ചെയ്ത പഴയ പോലീസ് വേഷങ്ങളുടെ ഒരു നേരിയ അംശം ജോജുവില്‍ കാണുന്നെങ്കില്‍ തെറ്റു പറയാന്‍ സാധിക്കില്ല. കേരളത്തിലെ പ്രാന്ത പ്രദേശങ്ങളിലെ സാധാരണ പോലീസ് സ്റ്റേഷനുകളില്‍, അതൃപ്തമായ എന്നാല്‍ വന്യത നിറഞ്ഞതും ഉദാസീനവുമായ ജീവിതം ജീവിച്ചു നടക്കുന്ന ഏതോ യഥാര്‍ത്ഥ പോലീസ്സുകാരനായി കഥാപാത്രം മാറുന്നുണ്ട്.
പ്രവീണ്‍ മൈക്കിള്‍ എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബന് എത്തുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നിന്നും വ്യത്യസ്തമായി പോലീസ് വേഷത്തിലെ കാര്‍ക്കശ്യത്തിലേക്ക് മാറാന്‍ ഒരു പരിധി വരെ കുഞ്ചാക്കോ ബോബന് കഴിയുന്നുണ്ട് . അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു ശ്രദ്ധേയമായ വേഷമായി പ്രവീണ്‍ മൈക്കിള്‍ മാറുമെന്ന് ആരാധകര്‍ക്ക് പ്രതീക്ഷിക്കാം. മലയാള സിനിമയിലെ ഏറ്റവും പുതിയ തലമുറയില്‍ പെട്ട, ഒട്ടേറെ വ്യത്യസ്തതകളുള്ള ഒരു നടി എന്ന നിലയില്‍ നിമിഷ സജയനും വെല്ലുവിളി ഉയര്‍ത്തിയ കഥാപാത്രമാണ് അനിത എന്ന വനിതാ പോലീസ് വേഷം. ഇതു വരെ അഭിനയിച്ച നാടന്‍ കഥാപാത്രങ്ങളില്‍ നിന്നും ഒരു ‘പ്രൊഫഷണല്‍’ വ്യക്തിത്വത്തിലേക്ക് ഉയരാന്‍ ഈ കഥാപാത്രത്തിലൂടെ അവര്‍ക്ക് സാധിച്ചു.
ത്രില്ലര്‍ സ്വഭാവമുള്ള ഒരു സിനിമയായി ‘നായാട്ടി’നെ കാണാന്‍ കഴിയില്ല. കുരുക്കുകള്‍ കെട്ടു പിണഞ്ഞു കിടക്കുന്ന അഡ്മിനിസ്ട്രേഷന് ലോകത്തിന്റെ പക്ഷപാതിത്വങ്ങളെ അതു തുറന്നു കാണിക്കുന്നു. അധികാരം വര്ഗ്ഗപരമാണെന്നും ചൂഷണത്തിന് ഉതകുന്നതാണ് എന്നുമുള്ള സൂചനയും അതിലുണ്ട്.
അന്‍വര്‍ അലിയുടെ രസകരമായ വരികള്‍ക്ക് വിഷ്ണു വിജയിയുടെ സംഗീതത്തില്‍ രൂപപ്പെടുത്തിയ പാട്ടുകള്‍ പ്രത്യേകതകള്‍ നിറഞ്ഞതും കേട്ടിരിക്കാന്‍ രസവുമാണ്. നാടന്‍ ഫോക്ക് സ്വാധീനം പാട്ടിന് അവകാശപ്പെടാന്‍ കഴിയും. മാര്ട്ടിന് പ്രക്കാട്ടിന്റെ സംവിധാനമികവ് മുന്‍ ചിത്രങ്ങളിലേതു പോലെ തന്നെ ‘നായാട്ടി’ലും തിളങ്ങി നില്ക്കുന്നു. ഷൈജു ഖാലിദിന്റെ ക്യാമറ സിനിമയിലെ ജീവിതത്തെ സത്യമെന്ന തോന്നല്‍ ഉണ്ടാക്കുന്ന വിധത്തില്‍ മികച്ചു നിന്നു. ‘ജോസഫി’നു ശേഷം ഷാഹി കബീര്‍ തിരക്കഥ എഴുതിയ ‘നായാട്ട്’ ‘ജോസഫി’നോളം മികച്ചു നില്‍ക്കുന്നുവെന്ന് തിരക്കഥാകൃത്തിന് അഭിമാനിക്കാം.
നവ മലയാള സിനിമയുടെ ഭാവുകത്വമാണ് ‘നായാട്ട്’ തുടരുന്നത് എന്നു പറയാന്‍ സാധിക്കുമോ എന്നറിയില്ല. എന്നാല്‍ രണ്ടായിരമാണ്ടിനു ശേഷമുള്ള സിനിമകളുടെ സ്വഭാവമുണ്ട് താനും. തിരക്കഥയുടെയും സംവിധായകന്റെയും മികവാണ് ചിത്രത്തിന്റെ അടിത്തറ. സൂക്ഷ്മമായ അംശങ്ങളെ തൊട്ടു പോകുന്ന അനേകം സന്ദര്‍ഭങ്ങള്‍ ചിത്രത്തില്‍ ഉള്ളതിനാല്‍ അതൊരു വെല്ലുവിളിയായി മാറേണ്ടതാണ്. എന്നാല്‍ ആ വെല്ലുവിളിയെ മറികടന്നു പോകാന്‍ സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കഴിഞ്ഞു എന്നതാണ് ‘നായാട്ടി’ന്റെ വിജയം. സാങ്കേതിക വിദ്യയിലും അഭിനയത്തിന്റെ സാധ്യതകളും വഴി ‘നായാട്ട്’ അതിന്റെ ചെറിയ പരിമിതികളെ മറികടക്കുന്നുണ്ട്.
രഞ്ജിത്തും പി എം ശശിധരനും ഗോള്‍ഡ് കോയിന് മോഷന്‍ പിക്ച്ചറിന്റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസ് സാധ്യതകള്‍ വരും കോവിഡ് വ്യാപനവും അതിനെ തുടര്‍ന്ന് ഉണ്ടാകാന്‍ സാധ്യതയുള്ള പുതിയ പ്രോട്ടോക്കോളും അനുസരിച്ചിരിക്കും.
Read Here: Chathur Mukham Movie Review: മൊബൈല്‍ ഫോണ്‍ ചതുരത്തിന്റെ നിഗൂഡലോകങ്ങള്; ‘ചതുര് മുഖം’ റിവ്യൂ