scorecardresearch
Latest News

Naradan Review: ചില മാധ്യമ വര്‍ത്തമാനങ്ങള്‍; ‘നാരദൻ’ റിവ്യൂ

Naradan Movie Review & Rating: എൻഗേജിങ് ആയ രണ്ടാം ഭാഗവും ക്ളൈമാക്സുമാണ് ചിത്രത്തിന്റെ കരുത്ത്

RatingRatingRatingRatingRating
Naradan Review: ചില മാധ്യമ വര്‍ത്തമാനങ്ങള്‍; ‘നാരദൻ’ റിവ്യൂ

Naradan Movie Review & Rating: ‘മായാനദി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത നാരദൻ തിയേറ്ററുകളിൽ എത്തി. അടുത്ത കാലത്തായി നിരന്തരം വിമർശനങ്ങൾക്ക് വിധേയമാകുന്ന ചാനൽ ന്യൂസ്‌റൂമുകളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്ന ചിത്രമാണിത്. ധാർമ്മികത നഷ്ടപ്പെടുന്ന മാധ്യമപ്രവർത്തനവും ചാനലുകൾ തമ്മിലുള്ള മത്സരവും ചാനലുകള്‍ക്കുള്ളിലെ പ്രശ്നങ്ങളും മാധ്യമങ്ങൾ നടത്തുന്ന പരസ്യ വിചാരണകളും തുറന്നു കാട്ടാന്‍ ശ്രമിക്കുകയാണ് ‘നാരദൻ’.

ചന്ദ്രപ്രകാശ് എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. മുതിർന്ന മാധ്യമ പ്രവർത്തകനായ ചന്ദ്രപ്രകാശ് ‘ന്യൂസ് മലയാളം’ എന്ന പ്രമുഖ ചാനലിലെ പ്രൈം ടൈം അവതാരകനാണ്. ചാനലിന്‍റെ റേറ്റിങ് നിലനിർത്തുന്ന ‘ന്യൂസ് ട്രാക്ക്’ എന്ന ജനപ്രിയ പ്രോഗ്രാം നയിക്കുന്നത് കൊണ്ട് തന്നെ ചാനലിന്‍റെ മുഖമായാണ് ചന്ദ്രപ്രകാശിനെ കണക്കാക്കുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം, മറ്റൊരു ചാനൽ ഒരു പ്രധാന വാർത്ത ബ്രേക്ക് ചെയ്യുകയും മറ്റൊരു ബ്രേക്കിങ് വാർത്ത നൽകാൻ അയാൾക്ക് മേൽ എഡിറ്ററിൽ നിന്ന് വലിയ സമ്മർദ്ദമുണ്ടാകുന്നു ചെയ്യുന്നു. തുടർന്ന് ചന്ദ്രപ്രകാശ് ന്യൂസ് മലയാളത്തിൽ നിന്ന് രാജി വെക്കുകയാണ്.

ഇതേ സമയം തന്നെ ഒരു കോർപറേറ്റ് ഗ്രൂപ്പ് ആരംഭിക്കുന്ന ‘നാരദ ന്യൂസ്’ എന്ന പുതിയ ചാനലിന്‍റെ ചീഫ് എഡിറ്റർ പദവിയിലേക്കുള്ള ഓഫർ അയാൾക്ക് ലഭിക്കുന്നു. ആ ഓഫർ ഏറ്റെടുക്കുന്ന ചന്ദ്രപ്രകാശിനെ പിന്നീട് കാണുന്നത് തെറ്റിൽ നിന്ന് വലിയ തെറ്റുകളിലേക്ക് നീങ്ങുന്ന, നന്മ വറ്റിയ മാധ്യപ്രവർത്തകനായാണ്. ഒന്നാമതാകുക എന്ന ലക്ഷ്യം മാത്രമേയുള്ളു അയാൾക്ക് മുന്നിൽ. അതിനായി എന്ത് ചെയ്യാനും, എങ്ങനെ വാർത്തകൾ സൃഷ്ടിക്കാനും, അയാൾ തയ്യാറാണ്. ഇത് പല പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നുണ്ട്. തുടർന്നുണ്ടാകുന്ന സംഭവികാസങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.

വളരെ പതിയെ നീങ്ങുന്ന ആദ്യ ഭാഗമാണ് ചിത്രത്തിന്റേത്. ‘ന്യൂസ് മലയാളം’ എന്ന റേറ്റിങ് കൂടിയ ചാനലും, ന്യൂസ് 24 x 7 എന്ന സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന ചാനലും തമ്മിലുള്ള വ്യത്യാസങ്ങളും അവർ തമ്മിൽ നടക്കുന്ന മത്സരങ്ങളുമായി അതങ്ങനെ മുന്നോട്ട് പോകുന്നു. എന്നാൽ ചന്ദ്രപ്രകാശ്, സിപി ആയി മാറുന്നിടത്ത് ‘നാരദൻ’ കൂടുതൽ വേഗതയാർജ്ജിക്കുന്നുണ്ട്. വളരെ എൻഗേജിങ് ആയ രണ്ടാം ഭാഗവും മാധ്യമങ്ങളുടെ രീതികളിലെ ശരി തെറ്റുകൾ വിചാരണ ചെയ്യപ്പെടുന്ന കോടതി രംഗം ഉൾപ്പെടുന്ന ക്ളൈമാക്സുമാണ് ചിത്രത്തിന്‍റെ കരുത്ത്.

‘വൈറസ്’ ഇറങ്ങി മൂന്ന് വർഷത്തിന് ശേഷം ‘നാരദനു’മായി എത്തുന്ന ആഷിഖ് അബു എന്ന സംവിധായകന് പ്രേക്ഷക പ്രതീക്ഷകൾ നിലനിർത്താൻ സാധിച്ചിട്ടുണ്ട്. ഓരോ തവണയും മേക്കിങ്ങിൽ പുതുമ കൊണ്ടു വരാൻ ശ്രമിക്കുന്ന ആഷിഖ്, ഈ ചിത്രത്തിൽ നടത്തിയ ശ്രമങ്ങളും വിജയിച്ചിട്ടുണ്ട്. ചന്ദ്രപ്രകാശിൽ നിന്ന് സിപിയിലേക്കുള്ള ടോവിനോയുടെ മാനസികമായ മാറ്റങ്ങളൊക്കെ മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. മറ്റ് ചിത്രങ്ങൾ പോലെ വളരെ കളർഫുൾ ആയ ക്യാൻവാസിലാണ് ആഷിഖ് ‘നാരദ’നും ഒരുക്കിയിരിക്കുന്നത്.

സമീപ കാലത്ത് കേരളത്തിൽ കോളിളക്കം സൃഷ്‌ടിച്ച യഥാർത്ഥ സംഭവങ്ങളെ കോർത്തിണക്കി കൊണ്ടാണ് ഉണ്ണി ആർ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാധ്യമങ്ങളുടെ അകകാഴ്ചകൾ അതിന്‍റെ സ്വാഭാവികത ഒട്ടും തന്നെ പോകാതെ അവതരിപ്പിച്ചതും പഴയ മാധ്യമപ്രവർത്തകൻ കൂടിയായ ഉണ്ണി ആറിന്റെ തിരക്കഥയുടെ കൂടി മികവ് തന്നെയാണ്.

‘മിന്നൽ മുരളി’യിലൂടെ സൂപ്പർ ഹീറോയായി പ്രേക്ഷകർക്ക് മുന്നിലെത്തിയ ടൊവിനോ ‘ഗ്രേ ഷേഡു’ള്ള കഥാപാത്രമായാണ് ‘നാരദനി’ൽ എത്തുന്നത്. ന്യൂസ് മലയാളത്തിന്‍റെ അവതാരകനിൽ നിന്ന് ‘നാരദ ന്യൂസി’ന്റെ ചീഫ് എഡിറ്ററിലേക്കുള്ള ചന്ദ്രപ്രകാശിന്‍റെ വേഷപ്പകർച്ച ഗംഭീരമാണ്. ശരിയുടെ പക്ഷത്ത് നിന്ന് മാധ്യമ ചർച്ചകളെ നയിക്കുന്ന ന്യൂസ് റൂമിലെ മടുപ്പ്, ക്ലബ്ബിൽ പോയി മറ്റു മാധ്യമ പ്രവർത്തകരുമായി സംസാരിച്ചും, രണ്ടടിച്ചും തീർക്കുന്ന ചന്ദ്രപ്രകാശിൽ നിന്നും ന്യൂസ് റൂമിൽ ഇരുന്ന് അലറുന്ന, തനിക്ക് എന്തും പറയാമെന്ന് അഹങ്കരിക്കുന്ന, മറ്റൊരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന് യാതൊരു വിലയും നൽകാത്ത, ലാഭത്തിന് വേണ്ടി ചാനൽ മുതലാളിമാരുമായി തർക്കിക്കുന്ന എന്തിനെയും തന്‍റെ വരുതിയിലാക്കാമെന്ന് കരുതുന്ന സിപി എന്ന ചീഫ് എഡിറ്ററിലേക്ക് അനായാസമായാണ് ടൊവിനോ മാറുന്നത്. രൂപത്തിൽ മാത്രമായി ഒതുങ്ങുന്ന മാറ്റമല്ലയിത്.

ആവിഷ്ക്കാര സ്വാതന്ത്ര്യം ആരുടേയും മേൽ കുതിരകയറാനുള്ള ലൈസനസാണെന്ന് ധരിക്കുന്ന, ചാനൽ ചർച്ചകളിലിരിക്കുന്നവരുടെ വാക്കുകൾ വളച്ചൊടിക്കുന്ന സംസ്‌കാരവും, ദേശീയതയും, പുട്ടിന് പീര പോലെ ചേർക്കുന്ന വർത്തമാനകാലത്തെ ഒരു മാധ്യമപ്രവർത്തകനുമായി ഈ കഥാപാത്രത്തിന് സാമ്യം തോന്നിയാലും തെറ്റ് പറയാൻ സാധിക്കില്ല.

Read Here: ‘നാരദ’ന്റെ തിരക്കു കാരണം ‘ഭീഷ്മപർവ്വം’ ഒഴിവാക്കേണ്ടി വന്നു: ഉണ്ണി ആർ സംസാരിക്കുന്നു

Naaradhan, Naaradhan Official Trailer, Aashiq Abu, Tovino Thomas, Anna Ben , Indrans , Renji Panicker, Sharaf U Dheen , നാരദൻ, ടൊവിനോ, ആഷിഖ് അബു, IE Malayalam
‘നാരദ’നിൽ ടൊവിനോ തോമസ്

പ്രദീപ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷറഫുദ്ദീനും ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഷാക്കിറ മുഹമ്മദ് എന്ന അഭിഭാഷക കഥാപാത്രമായി എത്തുന്ന അന്ന ബെന്നിന് ചിത്രത്തിന്‍റെ ആദ്യ ഭാഗത്തിൽ ഒന്നും ചെയ്യാനില്ലെങ്കിലും ക്‌ളൈമാക്‌സിലെ കോടതി രംഗത്തിലെ തകർപ്പൻ പ്രകടനത്തിലൂടെ അന്ന കയ്യടി നേടുന്നുണ്ട്. ക്ളൈമാക്സിൽ മാത്രം എത്തുന്ന ഇന്ദ്രൻസും രൺജി പണിക്കരും മികച്ചുനിന്നു. ഇന്ദ്രൻസ് സമീപകാലത്തെ ഫോം നിലനിർത്തുമ്പോള്‍, രൺജി പണിക്കർ താൻ പണ്ടെഴുതിയ പോലുള്ള കിടിലൻ രംഗങ്ങളുമായാണ് കളം നിറയുന്നത്. മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്ന റാപ്പർ ഫെജോയും കയ്യടി നേടുന്നുണ്ട്.

ന്യൂസ് മലയാളത്തിന്‍റെ എഡിറ്ററായി ജോയ് മാത്യുവും ശ്രദ്ധേയ പ്രകടനം നടത്തുന്നത്. ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ലുക്ക് മാൻ, തുടങ്ങിയവരും ചിത്രത്തിൽ എത്തുന്നുണ്ടെങ്കിലും കാര്യമായ സ്‌പേസ് ലഭിക്കാതെ പോകുന്നുണ്ട് ഇവരുടെ കഥാപാത്രങ്ങൾക്ക്.

ജാഫര്‍ സാദിഖിന്‍റെ ഛായാഗ്രഹണം മികച്ചതാണ്. ചാനൽ ഡെസ്കും ഫ്ലോറും ഉൾപ്പെടെ ന്യൂസ് റൂമുകളെയും കൊച്ചി നഗരത്തെയും മനോഹരമായി തന്നെയാണ് ജാഫർ പകർത്തിയിരിക്കുന്നത്. യഥാർത്ഥ ചാനൽ ഫ്ലോറുകളോട് കിടപിടിക്കുന്ന തരത്തിൽ ചിത്രത്തിലെ സെറ്റൊരുക്കിയ ആര്‍ട്ട് ഡയറക്ടർ ഗോകുല്‍ ദാസും കയ്യടി അർഹിക്കുന്നു. ഡി.ജെ ശേഖറിന്‍റെ പശ്ചാത്തല സംഗീതം ചിത്രത്തോട് കൂടുതൽ ചേർന്ന് നിൽക്കുന്നതാണ്. സൈജു ശ്രീധരൻ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം.

വർത്തമാനകാല മാധ്യമങ്ങൾക്ക് മേലുള്ള പൊതുവിമർശനങ്ങളെ തുറന്നുകാട്ടുന്ന, ചാനലുകൾ തമ്മിലുള്ള അനാരോഗ്യപരമായ മത്സരവും പറയുന്ന, മാധ്യമങ്ങളിലെ ശരി തെറ്റുകൾ വിചാരണ ചെയ്യുന്ന ഒരു ത്രില്ലിങ് അനുഭവം നൽകുന്ന ചിത്രമാണ് ‘നാരദൻ’.

Also Read: Bheeshma Parvam Movie Review & Rating: ഒരു ക്ലാസ് മാസ് പടം; ഭീഷ്മപർവ്വം റിവ്യൂ

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Naradan malayalam movie review rating tovino thomas