/indian-express-malayalam/media/media_files/uploads/2023/06/Nalla-Nilavulla-Rathri-Movie-Review.jpeg)
Nalla Nilavulla Rathri Movie Review
Nalla Nilavulla Rathri Movie Review: വളരെ വിശദവും സൂക്ഷ്മവുമായ കഥാപാത്രങ്ങളുടെ അവതരണം, ഒരുപാട് അടരുകളിലൂടെ കടന്നു പോകുന്ന കഥയുടെ ഗതി വിഗതികൾ, കാന്തല്ലൂർ മുതൽ ഷിമോഗ വരെ നീളുന്ന ദുരൂഹത, ത്രില്ലർ സിനിമകളെ അടയാളപ്പെടുത്താവുന്ന ഭൂമിക നൽകുന്ന സാദ്ധ്യതകൾ… മർഫി ദേവസിയുടെ 'നല്ല നിലാവുള്ള രാത്രി' തുടക്കത്തിൽ ഒരു ത്രില്ലറിന്റെ സ്വഭാവത്തിലേക്ക് നല്ല ഒതുക്കത്തോടെ വന്ന സിനിമയായിരുന്നു. പിന്നീട് മലയാളത്തിൽ അത്ര സുപരിചിതമല്ലാത്ത സ്‌ളാഷർ സിനിമയുടെയും (slasher movies) കുറച്ചൊക്കെ സർവൈവൽ ത്രില്ലറിന്റെയും സ്വഭാവത്തിലേക്ക് സിനിമ മാറുന്നു. ഇതോടെ അത് വരെ തുടർന്ന താളം കൈമോശം വരികയും സ്‌ളാഷർ സിനിമയുടെ സ്വഭാവത്തിലേക്ക് എത്താതിരിക്കുകയും ചെയ്യുന്നു. നല്ല പ്രതീക്ഷ തന്നു തുടങ്ങി പിന്നീട് എവിടെയും എത്താതെ അവസാനിച്ച സിനിമകളുടെ കൂട്ടത്തിലേക്ക് 'നല്ല നിലാവുള്ള രാത്രി'യും ചേരുന്നു.
ഒരു ത്രില്ലർ സിനിമക്ക് ഒട്ടും ചേരാത്ത കാവ്യത്കമായ പേരാണ് 'നല്ല നിലാവുള്ള രാത്രി.' ചെമ്പൻ വിനോദ്, ഗണപതി, ബിനു പപ്പു, ജിനു ജോസഫ്, ബാബുരാജ്, റോണി, സജിൻ ചെറുകയിൽ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. സാന്ദ്ര തോമസ് ആറു വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ് സിനിമക്ക് പിന്നിലെ മറ്റൊരു കൗതുകം. വളരെ മിനിമൽ ആയ അഭിനേതാക്കളെ കൊണ്ട് വളരെ മിനിമൽ ആയ രീതിയിൽ കഥ പറയുന്ന മാതൃകയാണ് തിരക്കഥകൃത്തുക്കളിൽ ഒരാൾ കൂടിയായ സംവിധായകൻ ചെയ്തിട്ടുള്ളത്. സിനിമക്ക് ഉണ്ടാവണം എന്ന് കരുതുന്ന നിറങ്ങളോ ഉപകഥകളുടെ ആകർഷണീയതയോ ഒന്നും സിനിമക്കില്ല. ഹാസ്യം, പ്രണയം തുടങ്ങിയ യാതൊരു ഡീവിയേഷനും കഥക്ക് സംഭവിക്കുന്നില്ല. ഇത് മലയാളത്തിൽ ത്രില്ലർ സിനിമകളിൽ പോലും അധികം കാണാത്ത പരീക്ഷണമാണ്. ആദ്യ ഭാഗങ്ങളിൽ സിനിമയുടെ താളത്തെ കൃത്യമായി പ്രേക്ഷകരിൽ എത്തിക്കാൻ ഈ സമീപനത്തിന് സാധിച്ചിട്ടുണ്ട്.
കോളേജ് കാലം മുതലുള്ള നാലഞ്ച് സുഹൃത്തുക്കൾ ചേർന്ന് ഓർഗാനിക് ഫാമിംഗ് മേഖലയിൽ ബിസിനസ് തുടങ്ങുന്നു. അവർക്കിടയിൽ ചില ആശയ കുഴപ്പങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമുണ്ട്. ഇവരുടെ ബിസിനസ് വലുതാകുന്നതിന്റെ ഭാഗമായി മറ്റൊരു സുഹൃത്തിന്റെ നേതൃത്വത്തിൽ ഇവർ ഷിമോഗയിലെ ഒരു എസ്റ്റേറ്റ് ബംഗ്ലാവിൽ എത്തുന്നു. അവർ എത്തിയ നല്ല നിലാവുള്ള രാത്രി അവർ നേരിടേണ്ടി വന്ന ഒട്ടും പ്രതീക്ഷിക്കാത്ത ചില സംഭവവികാസങ്ങളിലൂടെ കഥ മുന്നോട്ട് നീങ്ങുന്നു. മനുഷ്യർക്കുള്ളിലെ അസൂയ, പക, ആർത്തി, മാത്സര്യം, നിസ്സഹായത, നന്മ തുടങ്ങി പല അടരുകളിലൂടെ കഥ മുന്നോട്ട് പോകുന്നു. തുടർന്ന് നടക്കുന്ന വിചിത്രമായ സംഭവങ്ങളിലൂടെ കഥ വികസിക്കുന്നു.
സിനിമയുടെ കഥാഗതി പോലെ തന്നെ സിനിമയുടെ ക്രാഫ്റ്റിനെയും നിലാവുള്ള രാത്രിക്ക് മുന്നേയും പിന്നെയും എന്ന് തന്നെ തിരിക്കാം. ആ രാത്രിക്ക് മുന്നേ 'റോ' ആയി 'ഓർഗാനിക്' ആയി സ്വാഭാവികമായി മുന്നോട്ട് പോയ കഥയിൽ രണ്ടാം പകുതിയിൽ കൃത്രിമത്വം കലരുന്നു. സ്ലാഷർ ഗണത്തിലേക്ക് മാറാനുള്ള സിനിമയുടെ അനാവശ്യമായുള്ള തിടുക്കം ഈ സിനിമയുടെ ഒഴുക്കിനെ തന്നെ തടസപ്പെടുത്തുന്നു. ആ യോനറിനോടുള്ള മലയാളിയുടെ പരിചയ കുറവ്, വളരെ പ്രകടമായ ബ്രൂട്ടൽ വയലൻസ്, ഇംഗ്ലീഷ് സ്ലഷാർ സിനിമകളുടെ നേരിട്ടുള്ള സ്വാധീനം, ആ വാർപ്പ് മാതൃകയെ ഇവിടേക്ക് പറിച്ചു നടുമ്പോൾ ഉള്ള കൃത്രിമത്വം തുടങ്ങി സിനിമ പ്രേക്ഷകരിൽ നിന്ന് ഒരു ഘട്ടം കഴിയുമ്പോൾ പാടെ അകന്നു പോകുന്നു.
സ്റ്റൈലിഷ് സിനിമകൾ ആഗോള തലത്തിൽ പിന്തുടരുന്ന വാർപ്പ് മാതൃകകളെ അത് പോലെ പിന്തുടരുന്ന മറ്റൊരു സിനിമ മാത്രമായി 'നല്ല നിലാവുള്ള രാത്രി' ചുരുങ്ങുന്നു. ക്യാമറ, എഡിറ്റിംഗ്, കളർ ടോൺ തുടങ്ങിയ എല്ലാ മേഖലകളിലും പുലർത്തിയ ഒതുക്കം നിർമിതിയിൽ ഒരു ഘട്ടം കഴിഞ്ഞു പുലർത്താതെ സിനിമ നിരാശപ്പെടുത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.