Dileep Starrer My Santa Movie Review: കുട്ടികൾ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രങ്ങൾ മലയാളസിനിമയിൽ താരതമ്യേന കുറവാണ്. എന്നാൽ അത്തരമൊരു കഥയാണ് സംവിധായകൻ സുഗീത് ‘മൈ സാന്റ’ എന്ന ചിത്രത്തിലൂടെ പറയുന്നത്. കുട്ടികളെയും കുടുംബപ്രേക്ഷകരെയും ലക്ഷ്യം വയ്ക്കുന്ന ‘മൈ സാന്റ’ ഈ ക്രിസ്മസ് നാളിൽ തിയറ്ററുകളിൽ എത്താൻ എന്തുകൊണ്ടും അനുയോജ്യമായൊരു ചിത്രമെന്നു പറയാം. ക്രിസ്മസ് കാലവും സാന്താ ക്ലോസുമൊക്കെയായി അടിമുടി ഒരാഘോഷത്തിന്റെ മൂഡാണ് ചിത്രം സമ്മാനിക്കുന്നത്.
ദിലീപാണ് ചിത്രത്തിൽ സാന്റയായി എത്തുന്നതെങ്കിലും ‘മൈ സാന്റ’ അടിമുടി ബേബി മാനസ്വി എന്ന ബാലതാരത്തിന്റെ ചിത്രമാണ്. ഒരു ഏഴുവയസുകാരിയ്ക്ക് സാന്റായോടുള്ള സ്നേഹത്തിന്റെയും അവളുടെ സ്വപ്നങ്ങളുടെയും കഥയാണ് ‘മൈ സാന്റാ’ പറയുന്നത്. ഒപ്പം രണ്ടു കുട്ടികൾ തമ്മിലുള്ള നിസ്വാർത്ഥമായ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കഥ കൂടി ചിത്രം പറയുന്നുണ്ട്.
ചെറുപ്പത്തിൽ ഒരു വാഹനാപകടത്തിൽ അച്ഛനെയും അമ്മയെയും മുത്തശ്ശിയെയും നഷ്ടപ്പെട്ടവളാണ് ഐസ എലിസബത്ത് എന്ന രണ്ടാം ക്ലാസുകാരി. മുത്തശ്ശനൊപ്പമാണ് അവളുടെ താമസം. മുത്തശ്ശനും വളർത്തുപൂച്ച ഏലിയാമ്മയും സ്നേഹമുള്ള അയൽക്കാരും സ്കൂളും പ്രിയകൂട്ടുകാരി അന്ന തെരേസുമൊക്കെയാണ് അവളുടെ ലോകം. ദൈവത്തിന് കത്തെഴുതുന്ന, ഒരുപാട് സ്വപ്നങ്ങൾ കാണുന്ന ഒരു വായാടിക്കുട്ടിയാണ് ഐസ.
മുത്തശ്ശന്റെ കഥകളിൽനിന്ന് ഐസയുടെ മനസ്സിൽ കയറിക്കൂടിയ കഥാപാത്രമാണ് സാന്റാ. എവിടെയോ സാന്റാ ക്ലോസ് ജീവിച്ചിരിക്കുന്നുവെന്നും ഒരിക്കൽ കൈനിറയെ സമ്മാനങ്ങളുമായി തന്നെ കാണാൻ സാന്റ വരുമെന്നുമാണ് അവളുടെ പ്രതീക്ഷയും കാത്തിരിപ്പും. അന്ന് ക്രിസ്മസ് പാപ്പയോട് ചോദിക്കാൻ ചില ആഗ്രഹങ്ങളും അവൾ കാത്തുവച്ചിട്ടുണ്ട്. ഒടുവിലൊരു ക്രിസ്മസ് രാത്രിയിൽ അവൾ ആഗ്രഹിച്ചതുപോലെ സാന്റാ ഐസയെ കാണാൻ എത്തുകയാണ്. ആ രാത്രി മുഴുവൻ അവളുടെ സ്വപ്നങ്ങൾക്ക് സാന്റാ കൂട്ടുനടക്കുന്നു.
ആദ്യപകുതി പൂർണമായും മാനസ്വി ഷോ ആണെന്ന് പറയാം. ഒട്ടും ബോറടിപ്പിക്കാതെ സിനിമയെ മുന്നോട്ടുകൊണ്ടുപോവുന്നത് ഈ മിടുക്കിക്കുട്ടിയുടെ നൈസർഗികമായ അഭിനയമാണ്. ദിലീപിനൊപ്പമുള്ള സീനുകളിലും മാനസ്വി കസറുന്നുണ്ട്. ഐസയെന്ന കഥാപാത്രത്തെയും സ്വപ്നങ്ങളെയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതിലാണ് ആദ്യ പകുതിയുടെ ഫോക്കസ്.
ഇന്റർവെല്ലിന് പത്തുമിനിറ്റ് മുൻപാണ് ദിലീപിന്റെ കഥാപാത്രത്തിന്റെ എൻട്രി. കുട്ടിപ്രേക്ഷകരെ കയ്യിലെടുക്കാനുള്ള നർമ മുഹൂർത്തങ്ങളും തമാശകളുമൊക്കെയായാണ് ദിലീപിന്റെ സാന്റാ എത്തുന്നത്. കഥാപാത്രം ആവശ്യപ്പെടുന്ന ഹീറോ സ്വഭാവത്തിന് അപ്പുറം താരപരിവേഷമൊന്നും ദിലീപിന്റെ കഥാപാത്രത്തിന് നൽകാതെയിരിക്കാൻ സംവിധായകൻ സുഗീത് ശ്രമിച്ചതും ചിത്രത്തിനും ഗുണകരമായി വന്നിട്ടുണ്ട്. ഐസയുടെയും സാന്റായുടെയും യാത്ര, ഒരു മാന്ത്രികക്കഥ പോലെ കണ്ടിരിക്കാം.
ഐസയുടെ കൂട്ടുകാരി അന്നയായി എത്തുന്ന ദേവനന്ദയും പ്രേക്ഷകരുടെ ഇഷ്ടം കവരുന്ന കഥാപാത്രമാണ്. സായികുമാർ, സിദ്ദിഖ്, അനുശ്രീ, സണ്ണി വെയ്ൻ, ധർമജൻ, മഞ്ജു, ഇന്ദ്രൻസ്, ഷാജോൺ, ഇർഷാദ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഷൈൻ ടോം ചാക്കോ, അജു വർഗീസ്, അനശ്വര രാജൻ എന്നിവരും ചിത്രത്തിൽ അതിഥി താരങ്ങളായി എത്തുന്നുണ്ട്.
ഒതുക്കത്തോടെയാണ് ആദ്യപകുതിയുടെ സഞ്ചാരമെങ്കിൽ രണ്ടാം പകുതിയിൽ അൽപ്പം ലാഗിങ്ങ് അനുഭവപ്പെടുന്നുണ്ട്. ആവർത്തിച്ചു വരുന്ന ചില ഫ്രെയിമുകളും ചിത്രം തീർന്നെന്നു തോന്നുന്നിടത്തുമുള്ള ചില വലിച്ചുനീട്ടലുകളും രസംകൊല്ലിയാവുന്നു. ഒന്നു കൂടെ കൃത്യതയോടെ എഡിറ്റ് ചെയ്തെടുത്തിരുന്നെങ്കിൽ ഒരിടത്തുപോലും പ്രേക്ഷകരെ ബോറടിപ്പിക്കാതെ മുന്നോട്ടുപോവാൻ ചിത്രത്തിനു സാധിക്കുമായിരുന്നു. കണ്ടില്ലെന്നു നടിക്കാവുന്ന ഈ പോരായ്മകൾ മാറ്റി നിർത്തിയാൽ, ഹൃദയത്തെ തൊടുന്ന ഒരു ഫീൽ ഗുഡ് ചിത്രം തന്നെയാണ് ‘മൈ സാന്റ’.
കുട്ടികളെയും കുടുംബപ്രേക്ഷകരെയുമാണ് സംവിധായകൻ ചിത്രത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ചിത്രത്തിന്റെ മേക്കിങ്ങിൽനിന്നു വ്യക്തമാവും. വളരെ കളർഫുൾ ആയ രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മഞ്ഞിൽ വിറച്ചുനിൽക്കുന്ന ഊട്ടിയുടെ പശ്ചാത്തലം കൂടിയാവുമ്പോൾ ചിത്രം കൂടുതൽ ആകർഷകമാകുകയാണ്. ഫൈസൽ അലിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വിദ്യാസാഗറിന്റെ സംഗീതത്തിലൊരുങ്ങിയ ഗാനങ്ങളും മികവു പുലർത്തുന്നുണ്ട്.
Read more: ഇപ്പോൾ തിയേറ്ററുകളിലുള്ള പ്രധാന ചിത്രങ്ങളുടെ റിവ്യൂ; ഒറ്റനോട്ടത്തിൽ