scorecardresearch
Latest News

ആത്മാവില്ലാത്ത ഹാസ്യം; ‘മൈ നെയിം ഈസ്‌ അഴകൻ’ റിവ്യൂ: My Name is Azhakan Movie Review & Rating

My Name is Azhakan Movie Review & Rating: ബോഡി ഷെമിങ് മുതൽ പലതിനെയും ആക്ഷേപ ഹാസ്യത്തിനൊപ്പം ചേർന്ന് അവതരിപ്പിക്കാനുള്ള ശ്രമവും കൈമോശം വന്നു പോകുന്നുണ്ട് സിനിമക്ക്

RatingRatingRatingRatingRating
ആത്മാവില്ലാത്ത ഹാസ്യം; ‘മൈ നെയിം ഈസ്‌ അഴകൻ’ റിവ്യൂ: My Name is Azhakan Movie Review & Rating

My Name is Azhakan Movie Review & Rating: 80 കളുടെ അവസാനം മുതൽ 2000 ത്തിന്റെ തുടക്കം വരെ കേരളത്തിൽ മിമിക്രി ട്രൂപ്പുകളും അവരുടെ പരിപാടികളും സജീവമായിരുന്നു. കലാഭവൻ തുടങ്ങി ചെറുതും വലുതുമായ മിമിക്രി അക്കാദമികളും അവയിൽ നിന്നുയർന്നു വന്ന താരങ്ങളും ആൾക്കൂട്ടത്തെ വളരെയധികം ആകർഷിച്ചു പോന്നു. സിനിമയിലും ഈ സംഘങ്ങളിൽ നിന്നുള്ള ആളുകൾ സജീവമായി ഇടപെട്ടു. സിനിമയുടെ മുന്നിലും പിന്നിലും മിമിക്രിയിൽ നിന്ന് വന്ന കലാകാരൻമാർ നിറഞ്ഞു നിന്നു.

മിമിക്രി പശ്ചാത്താലമായ സിനിമകളും ഇപ്പോൾ ആ ഒരു പരിധി വരെ കുറഞ്ഞു. ആ ഒരു പശ്ചാത്തലത്തിൽ വന്ന, ആ കാലത്തെ ഈ ട്രെൻഡിൽ വന്ന സിനിമകളെ അതേ പടി ഓർമിപ്പിക്കുന്ന സിനിമയാണ് ‘മൈ നെയിം ഈസ്‌ അഴകൻ.’ മിമിക്രി ചെയ്യുന്നവരുടെ ജീവിതം, അതിജീവനം തുടങ്ങി ആ സിനിമകളുടെയൊക്കെ പൊതു സ്വഭാവം പേറുന്ന സിനിമയാണ് ബി സി നൗഫൽ സംവിധാനം ചെയ്ത ഈ ചിത്രം. അദ്ദേഹത്തിന്റെ ആദ്യ സിനിമയായ ‘യമണ്ടൻ പ്രേമകഥ’യിലും വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് ടീമിന്റെ സാന്നിധ്യം കൊണ്ട് ഈ നാളത്തെ ഓർമിപ്പിക്കുന്ന എന്തൊക്കെയോ ഉണ്ടായിരുന്നു.

ഹാസ്യ റോളുകളിൽ, ചില സിനിമയിലെങ്കിലും നിരന്തരം ബോഡി ഷേമിങ്ങിനു വിധേയനാകാൻ വരുന്ന നടനാണ് ബിനു തൃക്കാക്കര. ‘അപമാനിച്ചു മതിയായില്ലേ’ എന്ന അദ്ദേഹത്തിന്റെ സംഭാഷണം വലിയ ശ്രദ്ധയും വിമർശനവും ഒക്കെ നേടിയിരുന്നു. ബിനുവിനെ നായകനാക്കി ഒരുക്കുന്ന സിനിമ എന്നത് തന്നെയാണ് ‘മൈ നെയിം ഈസ്‌ അഴകന്റെ’ ഏറ്റവും വലിയ പ്രത്യേകത. താര സ്വഭാവമോ താര ശരീരമോ വലിയ രീതിയിലുള്ള സാന്നിധ്യമോ പോലും സിനിമയിൽ ഇല്ലാത്ത ഒരു നടനെ വച്ചുള്ള സിനിമ വലിയ രാഷ്ട്രീയ ക്ലാസുകൾക്ക് അപ്പുറവും മലയാള സിനിമ പരീക്ഷിക്കാത്ത ഒന്നാണ്. ആ നിലയിൽ തന്നെയാണ് അതിസാധാരണത്വമുള്ള ടൈറ്റിൽ റോളിൽ ബിനു എത്തുന്നത്. ആ കൗതുകം തന്നെയാണ് സിനിമയെ ശ്രദ്ധേയമാക്കുന്നത്. ആ കൗതുകത്തെ സിനിമക്ക് എത്ര കണ്ട് മാർക്കറ്റ് ചെയ്യാൻ സാധിച്ചു എന്നത് മറ്റൊരു വിഷയമാണ്.

ഭാഗികമായി ‘കമിങ് ഓഫ് എജ്’ സിനിമയും ഭാഗികമായി ‘ഫാമിലി ഡ്രാമ’യും ആണ് സിനിമ. അഴകൻ എന്ന മിമിക്ര്യക്കാരന്റെ രണ്ട് പതിറ്റാണ്ട് കാലത്തെ ജീവിതവും അതിലൂടെ അയാളെത്തുന്ന തിരിച്ചറിവുകളും ഒക്കെയാണ് കഥ പറയുന്നത്. അയാളുടെ കുടുംബം ആണ് അയാളെ ആ തിരിച്ചറിവുകളിലേക്ക് എത്തിക്കുന്നത്. വളരെ നിസാരമായ നിത്യജീവിത സംഭവ വികസങ്ങളിലൂടെയാണ് അയാൾ ഓരോ തിരിച്ചറിവുകളിലേക്കും എത്തുന്നത്. ഇതിനൊപ്പം ഒരു കുടുംബത്തിന്റെ കെട്ടുറപ്പിനെയും ആത്മബന്ധത്തെയും ഒക്കെ വരച്ചു കാട്ടുന്നുണ്ട് സിനിമ. ലഘുവായ കഥാ സന്ദർഭങ്ങൾ, ലളിതമായ കഥാഗതി, തികച്ചും കേരളീയമായ ഭൂമിക ഒക്കെയാണ് സിനിമക്കുള്ളത്. സുധി കോപ്പ, ജാഫർ ഇടുക്കി, ജോണി ആന്റണി, ടിനി ടോം, ശരണ്യ, ജോളി ചിറയത്ത്, കൃഷ്ണപ്രഭ എന്നിവരാണ് മറ്റു പ്രധാന റോളുകളിൽ എത്തുന്നത്.

മധ്യവർത്തി ജീവിതത്തിന്റെ സാമ്പത്തികവും വൈകാരികവുമായ അരക്ഷിതത്വങ്ങൾ, തൊഴിലില്ലായ്‍മ ഒക്കെയായിരുന്നു പണ്ട് വന്ന മിമിക്രി പശ്ചാത്തലമുള്ള സിനിമകളുടെ കേന്ദ്ര പ്രമേങ്ങളിൽ ഒന്ന്. ‘മൈ നെയിം ഈസ്‌ അഴക’നിലും അതേ പ്രശ്നങ്ങൾ തന്നെയാണ് അടയാളപ്പെടുത്തപ്പെടുന്നത്. അത്തരം ജീവിതങ്ങൾ ഇപ്പോഴും ഇവിടെ നിലനിൽക്കുന്നുമുണ്ട്. പക്ഷേ ആ നിലനിൽപ്പെന്ന യാഥാർഥ്യത്തിനിടയിൽ വന്ന കാലത്തിന്റെ മാറ്റത്തെ അടയാളപ്പെടുത്താൻ സിനിമ പലയിടങ്ങളിലും പരാജയപ്പെടുന്നത് പോലെ തോന്നി. നമ്മൾ കണ്ട് മറന്നതും അല്ലാത്തതുമായ സിനിമയിലെ പല രംഗങ്ങളും ‘മൈ നെയിം ഈസ്‌ അഴകനി’ൽ ആവർത്തിച്ചു. ഇത് ചില പ്രേക്ഷകരെ എങ്കിലും സിനിമയിൽ നിന്നകറ്റിയേക്കാം. മിമിക്രിക്ക് ചില ചാനലുകളിൽ ഒക്കെ വരുന്ന തുടർച്ചകളെ പറ്റിയൊക്കെ പറഞ്ഞു അപ്പ്ഡേഷനു ശ്രമിക്കുമ്പോഴും സിനിമയുടെ മൊത്തത്തിലുള്ള നിർമിതി 90 കളിലേതാണ്.

വ്യവസ്ഥാപിത സൗന്ദര്യ സങ്കൽപ്പങ്ങളോട് ചേർന്ന് പോകാത്ത ഒരാൾക്ക് അഴകൻ എന്ന് പേരിട്ടതിന്റെ വൈരുധ്യത്തെ കളിയാക്കുന്ന ആളുകളിൽ ഒക്കെയാണ് സിനിമ തുടങ്ങുന്നത്. ആ നിലക്ക് നല്ല സാധ്യതകളും സിനിമക്ക് ഉണ്ടായിരുന്നു. എന്നാൽ ഇടക്ക് എപ്പോഴോ സിനിമ ആ തീമിനെ മറക്കുകയും പിന്നീട് അവസാനം ഓർക്കുകയും ചെയ്തു. സിനിമയുടെ ടൈറ്റിൽ പിന്നീട് ഒരു പ്രാധാന്യവും ഇല്ലാതെയാണ് വന്നു പോകുന്നത്. ബോഡി ഷെമിങ് മുതൽ പലതിനെയും ആക്ഷേപ ഹാസ്യത്തിനൊപ്പം ചേർന്ന് അവതരിപ്പിക്കാനുള്ള ശ്രമവും പിന്നീട് കൈമോശം വന്നു പോകുന്നുണ്ട് സിനിമക്ക്. ഇത്തരം ചില കൈമോശം വരലുകൾ സിനിമയെന്ന രീതിയിൽ ‘മൈ നെയിം ഈസ്‌ അഴക’ന്റെ രസച്ചരടിനെ മുറിച്ചു കളയുന്നു.

പരുക്കനായ അച്ഛൻ ഉള്ളിൽ ഒളിപ്പിച്ച സ്നേഹം തിരിച്ചറിയാതെ പോകുന്ന മക്കൾ മലയാള സിനിമ ഉണ്ടായ കാലം മുതൽ ഇവിടെ പരീക്ഷിക്കുന്ന, നിരന്തരം ആവർത്തിക്കുന്ന ഒരു പ്രമേയമാണ്. ‘മൈ നെയിം ഈസ്‌ അഴകനിൽ’ എത്തുമ്പോഴും ഈ പ്രമേയത്തിന്റെ അവതരണ രീതിയിൽ പുതുമയൊന്നുമില്ല. സംഭാഷണങ്ങൾ പോലും കേട്ട് മടുത്ത രീതിയിൽ ഉള്ളവയാണ്. മനുഷ്യരുടെ കഥ യൂണിവേഴ്സൽ ആണെന്നൊക്കെ അവകാശപ്പെടാം എന്നല്ലാതെ ഈ ആവർത്തന വിരസതക്ക് വേറെ എന്തെങ്കിലും ന്യായം ഉണ്ടെന്ന് തോന്നുന്നില്ല. അപ്പോഴും ജാഫർ ഇടുക്കിയുടെ മികച്ച പ്രകടനം കയ്യടി അർഹിക്കുന്നുവെന്ന് തോന്നി.

ഒരു കാലത്ത് ഹാസ്യവും ഹാസ്യ സിനിമകളും മലയാള സിനിമ വ്യവസായത്തെ വളരെയധികം സഹായിച്ചിരുന്നു. എന്നാൽ മലയാള സിനിമയിൽ ഇപ്പോൾ കാണുന്ന ഹാസ്യത്തിനു പ്രേക്ഷകരെ രസിപ്പിക്കാൻ ആവുന്നില്ല എന്ന പരാതി നിരന്തരം കേൾക്കുന്നുണ്ട്. ‘മൈ നെയിം ഈസ്‌ അഴകനിൽ’ എത്തുമ്പോഴും ഈ വാദം സത്യമാണെന്ന് തോന്നും. ഹാസ്യത്തത്തെ നല്ലവണ്ണം ആശ്രയിക്കുന്ന സിനിമ നൈമിഷികമായി പോലും പ്രേക്ഷകരെ ചിരിപ്പിക്കുന്നില്ല എന്നതാണ് വസ്തുത. ആത്മാവ് നഷ്ടപ്പെട്ട ഹാസ്യം എന്നൊക്കെ അതിനെ വേണമെങ്കിൽ പറയാം.

പരീക്ഷണ ചിത്രം എന്ന നിലയിൽ അനന്തമായ സാധ്യതകൾ ഉണ്ടായിട്ടും ഹ്യൂമർ അടക്കമുള്ള പല യോണറുകൾ പരീക്ഷിച്ചിട്ടും പലപ്പോഴും അതൊക്കെ പ്രേക്ഷരിലേക്ക് എത്തിക്കാൻ പരാജയപ്പെട്ട ഒരു സിനിമയാണ് ‘മൈ നെയിം ഈസ്‌ അഴകൻ.’

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: My name is azhakan movie review rating