Muddy Movie Review & Rating: മഡ് റേസിംഗ് പ്രമേയമാക്കി നവാഗതനായ ഡോ. പ്രഗ്ഭൽ എഴുതി സംവിധാനം ചെയ്ത ‘മഡ്ഡി’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. പ്രധാന കഥാപാത്രങ്ങൾ എല്ലാം പുതുമുഖങ്ങളായ ‘മഡ്ഡി’ ഒരു അഡ്വഞ്ചർ ആക്ഷൻ ത്രില്ലർ ഴോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ്. എന്നാൽ, വാഹനപ്രേമികളിൽ പലർക്കും ഹരമായ 4×4 റേസിംഗിന്റെ ആവേശവുമായി എത്തുന്ന ‘മഡ്ഡി’ റേസിംഗിന്റെ ആവേശത്തിൽ കൂടുതലൊന്നും പ്രേക്ഷകന് സമ്മാനിക്കുന്നില്ല.
നഗരത്തിലെ ഒരു എഞ്ചിനീറിംഗ് കോളേജിൽ നടക്കുന്ന മഡ് റേസിൽ നിന്നുമാണ് ‘മഡ്ഡി’യുടെ കഥ ആരംഭിക്കുന്നത്. ആവേശ പോരാട്ടത്തിൽ കാർത്തി, എതിരാളിയായ റേസർ ടോണിയെ തോൽപ്പിക്കുന്നു.
കേരളത്തിലെ ഒരു മലയോരമേഖലയിലാണ് കാർത്തി ജനിച്ചത്. അവിടെ കാർത്തിക്ക് ‘മുത്തു’ എന്നൊരു ചേട്ടനുണ്ട്. കൂപ്പിൽ നിന്നും വലിയ തടികൾ ജീപ്പിൽ കയറ്റി മറ്റൊരിടത്തു കൊണ്ടുപോയി എത്തിക്കുന്ന ജോലിയാണ് മുത്തുവിന്. ചില കുടുംബ വഴക്കുകളുടെ പേരിൽ മുത്തുവും കാർത്തിയും തമ്മിൽ അത്ര രസത്തിലല്ല. അങ്ങനെയിരിക്കെയാണ് കാർത്തിയുടെ നാട്ടിൽ ഒരു മഡ് റേസിംഗ് ടൂർണമെന്റ് വരുന്നത്. അതിൽ പങ്കെടുക്കാനും കോളേജിൽ റേസ് ജയിച്ച ശേഷം കാർത്തി തന്നോട് ചെയ്ത ‘അതിക്രമ’ത്തിനു പകരം വീട്ടാനും ടോണിയും എത്തുന്നു. അതോടെ മുത്തുവും കാർത്തിയും ഒന്നിക്കുന്നു, പിന്നീട് നടക്കുന്ന റേസും അതിനിടയിൽ ഉണ്ടാകുന്ന സംഭവികാസങ്ങളുമാണ് ചിത്രം പറയുന്നത്.
മഡ്ഡിയുടെ ആദ്യ ഭാഗത്തിൽ മുത്തുവിന്റെന്റെയും കാർത്തിയുടെയും ജീവിത പശ്ചാത്തലവും അവർക്കിടയിലെ തർക്കവും ഒക്കെയാണ് കാണിക്കുന്നത്. എന്നാൽ രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോൾ മുത്തുവും കാർത്തിയും ഒന്നിക്കുന്നു, ചിത്രം റേസിംഗിന്റെ ആവേശത്തിലേക്ക് കടക്കുന്നതും ഇവിടെയാണ്.
Muddy Movie Review & Rating: പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഇങ്ങനെയൊരു ചിത്രം ഒരുക്കാൻ ധൈര്യം കാണിച്ച സംവിധായകനെ അഭിനന്ദിക്കുമ്പോഴും ചിത്രത്തെ ആസ്വാദ്യകരമാക്കി അവതരിപ്പിക്കുന്നതിൽ സംവിധായകൻ ഡോ. പ്രഗ്ഭൽ പരാജയപ്പെട്ടിരിക്കുന്നു എന്നു പറയാതെ വയ്യ. ചിത്രത്തിന്റെ ട്രെയിലർ കണ്ട് ഏറെ പ്രതീക്ഷയോടെ തിയേറ്ററിലെത്തുന്നവരെ ‘മഡ്ഡി’ നിരാശപ്പടുത്തും. ഒരു പുതുമുഖ സംവിധായകനിൽ നിന്നും പ്രതീക്ഷിക്കുന്ന ഫ്രഷ്നെസ്സ് ചിത്രത്തിൽ കൊണ്ടുവരാൻ പ്രഗ്ഭലിനു സാധിച്ചിട്ടില്ല. പ്രേക്ഷകന്റെ യുക്തിയ്ക്ക് നിരക്കാത്ത രംഗങ്ങൾ നിരവധിയാണ് ചിത്രത്തിൽ.
ചിത്രത്തിന്റെ തിരക്കഥയും ദുർബലമാണ്. അതിനാടകീയത നിറഞ്ഞ ഡയലോഗുകളാണ് ഏറിയപ്പങ്കും. പാതി മലയാളം സംസാരിക്കുന്ന ടോണി എന്ന കഥാപാത്രത്തിന്റെ വളരെ ഗൗരവത്തിലുള്ള സംഭാഷണങ്ങൾ പോലും പ്രേക്ഷകന് ചിലപ്പോൾ കോമഡി ആയി തോന്നും.
യുവന് കൃഷ്ണ, റിദ്ദാന്‍ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായര്‍ എന്നിവരാണ് മഡ്ഡിയിലെ പ്രധാന അഭിനേതാക്കൾ. യുവൻ കൃഷ്ണ മുത്തു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ കാർത്തിയായി എത്തുന്നത് റിദ്ദാന്‍ കൃഷ്ണയാണ്. തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കാൻ ഇരുവരും ശ്രമിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകർ അതെത്രത്തോളം സ്വീകരിക്കുമെന്ന് കണ്ടറിയണം. വൈകാരിക രംഗങ്ങളിൽ മികവ് കാണിക്കാൻ ഇരുവർക്കും സാധിച്ചിട്ടില്ല. ഇവർക്ക് ശബ്ദം നൽകാൻ ഡബ്ബിങ് ആർട്ടിസ്റ്റുകളെ ആശ്രയിച്ചിരുന്നുവെങ്കിൽ ഒരുപക്ഷെ ഈ പ്രശ്നം പരിഹരിക്കാമായിരുന്നു. അനുഷ സുരേഷ്, ഹരീഷ് പേരാടി, ഐ എം വിജയന്, രഞ്ജി പണിക്കര്‍, സുനില്‍ സുഗത, ശോഭ മോഹന്‍, മനോജ് ഗിന്നസ്, ബിനീഷ് ബാസ്റ്റിൻ, മോളി കണ്ണമാലി, അബു വളയംകുളം, എന്നിവരും ചിത്രത്തിലുണ്ട്.

ചിത്രത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുന്നതും കയ്യടി നേടുന്നതും രഞ്ജി പണിക്കരാണ്. നോഹ എന്ന കഥാപാത്രം രഞ്ജി പണിക്കരുടെ കയ്യിൽ സുരക്ഷിതായിരുന്നു. വളരെ കർക്കശക്കാരനായ, ഫോറസ്ററ് റേഞ്ച് ഓഫീസർമാർ പോലും പേടിക്കുന്ന നോഹയെ മികച്ചതാക്കാൻ രഞ്ജി പണിക്കരിനു കഴിഞ്ഞിട്ടുണ്ട്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും എത്തുന്ന ‘മഡ്ഡി’യുടെ ഛയാഗ്രഹണം കെ ജി രതീഷാണ്. മഡ് റേസിംഗ് രംഗങ്ങൾ കൂടുതൽ ആവേശം നിറഞ്ഞതാക്കാൻ രതീഷിന് സാധിച്ചിട്ടുണ്ട്. ഒരു റേസിംഗ് മത്സരം നേരിട്ട് കാണുന്ന അതേ അനുഭവമാണ് രതീഷിന്റെ ഫ്രെയിമുകൾ സമ്മാനിക്കുന്നത്.
‘രാക്ഷസന്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ സാന്‍ ലോകേഷാണ് ചിത്രത്തിന്റെ എഡിറ്റിങ്. ‘കെജിഎഫ്’എന്ന ചിത്രത്തിന്റെ സംഗീത സംവിധായകന് രവി ബസ്റൂറിന്റെ സംഗീതവും മഡ് റേസിംഗിനെ കൂടുതൽ ആസ്വാദ്യകരമാക്കുന്നതാണ്. എന്നാൽ പല വൈകാരിക രംഗങ്ങളിലെയും പശ്ചാത്തല സംഗീതം അനാവശ്യമാണെന്നു തോന്നും. പികെ 7 ബാനറില്‍ പ്രേമ കൃഷ്ണദാസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
മഡ് റേസിംഗിന്റെ ആവേശം നൽകുന്നുണ്ടെങ്കിലും സാങ്കേതികമായും അല്ലാതെയും ഏറെ പോരായ്മകളുള്ള ചിത്രമാണ് ‘മഡ്ഡി’. 4×4 വാഹനപ്രേമികൾക്കും മഡ് റേസിംഗ് ആരാധകർക്കും നല്ലൊരു കാഴ്ചാനുഭവം ചിത്രമൊരുക്കുന്നുണ്ട്. എന്നാൽ, അതിനപ്പുറം ഓർത്തുവെയ്ക്കാൻ മാത്രമുള്ളതൊന്നും ‘മഡ്ഡി’ സമ്മാനിക്കുന്നില്ല.
Also Read: Sumesh & Ramesh Review Rating: മനസ്സു നിറയ്ക്കുന്ന ഒരു ചിരിപ്പടം; ‘സുമേഷ് & രമേഷ്’ റിവ്യൂ