Kalidas Jayaram Starrer Mr. & Ms. Rowdy Review: കാളിദാസ് ജയറാമിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘മിസ്റ്റര്‍ ആന്റ് മിസ് റൗഡി’ ഇന്ന് തിയേറ്ററുകളിലെത്തി. ഒരു നാട്ടിൻപ്പുറത്ത് അല്ലറചില്ലറ കൊട്ടേഷൻ പരിപാടികളുമൊക്കെയായി വലിയ ദിശാബോധമൊന്നുമില്ലാതെ നടക്കുന്ന അഞ്ചു ചെറുപ്പക്കാരുടെയും അവരുടെ ജീവിതത്തിലേക്ക് അവിചാരിതമായി കയറിവരുന്ന ഒരു പെൺകുട്ടിയുടെയും കഥയാണ് ‘മിസ്റ്റർ ആന്റ് മിസ് റൗഡി’.
അനാഥനായ അപ്പുവാണ് (കാളിദാസ് ജയറാം) ക്വട്ടേഷൻ സംഘത്തിന്റെ ലീഡർ. ആസിഫ്, മണിയൻ, പത്രോസ്, ആന്റപ്പൻ എന്നിവരാണ് അപ്പുവിന്റെ ടീം. കുട്ടിക്കാലം ദുർഗുണ പരിഹാരപാഠശാലയിൽ ചെലവഴിക്കേണ്ടി വന്ന അപ്പുവിന്റെയും അവന്റെ കൂട്ടുകാരുടെയും ഏക ആഗ്രഹം അസ്സലൊരു കൊട്ടേഷൻ ടീം കെട്ടിപ്പടുക്കുക എന്നതുമാത്രമാണ്. അതിന് അവർക്കു മുന്നിലുള്ളൊരു വാർപ്പു മാതൃകയാണ് ദുർഗുണപരിഹാര പാഠശാലയിലെ കൂട്ടുകാരനായിരുന്ന, ഇപ്പോൾ കൊച്ചി നഗരത്തിലെ അറിയപ്പെടുന്ന ക്വട്ടേഷൻ നേതാവായ ഡൊമിനിക്. ഡൊമിനിക്കിനെ പോലെ ലക്ഷങ്ങളുടെ ക്വട്ടേഷൻ ലഭിക്കുന്ന ഒരു ‘അധോലോകം’ സ്വപ്നം കാണുകയാണ് അപ്പുവും കൂട്ടുകാരും.
പ്രണയം പൊളിക്കാൻ ക്വട്ടേഷൻ എടുക്കുന്ന അതേ അപ്പുവും ടീമും തന്നെയാണ് സുഹൃത്തിന്റെ പ്രണയസാക്ഷാത്കരത്തിനു വേണ്ടി പെണ്ണിനെ കടത്തികൊണ്ടുവരുന്ന ക്വട്ടേഷനും ഏറ്റെടുക്കുന്നത്. അതിനിടയിലാണ് സദാചാരപോലീസുകാരുടെയും നാട്ടുകാരുടെയും ഇടപെടൽ മൂലം പ്രവീണ എന്ന പെൺകുട്ടി അപ്പുവിന്റെ ജീവിതത്തിലേക്കു കടന്നു വരുന്നത്. അവളൊരു തലവേദനയാകുന്നതും തുടർന്നു വരുന്ന പ്രശ്നങ്ങളുമൊക്കെയാണ് ‘മിസ്റ്റർ ആന്റ് മിസ് റൗഡി’യുടെ രത്നചുരുക്കം. പ്രവീണയായെത്തുന്നത് അപർണ്ണ ബാലമുരളിയാണ്.
വിദ്യഭ്യാസവും ദിശാബോധവും അധികം ലോകവിവരവുമൊന്നുമില്ലാത്ത ഒരു കൂട്ടം ചെറുപ്പക്കാരുടെ അലക്ഷ്യമായ യാത്രയും ഒടുവിൽ വല്ല വിധേനയും ആ ജീവിതവണ്ടി അൽപ്പം ഭേദമായൊരു അവസ്ഥയിൽ കൊണ്ടെത്തിക്കുന്നതിന്റെയും കാഴ്ചയാണ് സിനിമ സമ്മാനിക്കുന്നത്. അതിലപ്പുറം സിനിമയ്ക്ക് പറയാൻ ശക്തമായൊരു തിരക്കഥയൊന്നും അവകാശപ്പെടാനില്ല. ആശയദാരിദ്ര്യം തന്നെയാണ് ‘മിസ്റ്റർ ആന്റ് മിസ് റൗഡി’യെ വിരസമാക്കുന്നത്. ഉള്ളിൽ നന്മയുണ്ടായിട്ടും ജീവിതസാഹചര്യങ്ങൾകൊണ്ട് തല്ലും കുത്തും വെട്ടുമൊക്കെ തൊഴിലായി സ്വീകരിക്കേണ്ടി വരുന്ന വേദനിപ്പിക്കുന്ന ഗുണ്ടകളുടെ രോദനം ഇതാദ്യമായിട്ടല്ലല്ലോ മലയാളികൾ കാണുന്നത്. അതുകൊണ്ടുതന്നെ ഇതിലെന്താണ് പുതുമയുള്ളത് എന്ന് പ്രേക്ഷകർക്ക് തോന്നിയാൽ അവരെ കുറ്റപ്പെടുത്താൻ പറ്റില്ല. വെറുതെ കണ്ടിരിക്കാമെന്നതിന് അപ്പുറം മനസ്സിനെ സ്പർശിക്കുന്ന ഒന്നും ‘മിസ്റ്റർ ആന്റ് മിസ് റൗഡി’ സമ്മാനിക്കുന്നില്ല.
കാളിദാസും അപർണ ബാലമുരളിയും ഗണപതിയും ഷെബിന്‍ ബെന്‍സണും വിഷ്ണു ഗോവിന്ദനുമടങ്ങുന്ന ചെറുപ്പക്കാരുടെ പ്രകടനമാണ് സിനിമ കണ്ടിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുക. മുടിയും താടിയുമൊക്കെ നീട്ടി കട്ട ലോക്കൽ ലുക്കിലാണ് കാളിദാസ് എത്തുന്നത്. കലിപ്പാണ് കക്ഷിയുടെ സ്ഥായിഭാവം എന്ന രീതിയിലുള്ള പ്രകടനങ്ങളാണ് ‘അപ്പു റൗഡി’യുടെ പ്രത്യേകത. ആദ്യാവസാനം കഥാപാത്രത്തിന്റെ തുടർച്ച നിലനിർത്താൻ കാളിദാസിനു കഴിയുന്നുണ്ട്. ദുരിതങ്ങളുടെയും നിസ്സഹായതയുടെയും അങ്ങേ അറ്റത്ത് നിൽക്കേണ്ടി വരുന്ന പെണ്ണാണെങ്കിലും തന്റേടവും ചങ്കൂറ്റവും കൊണ്ട് അപർണയുടെ പൂർണിമ എന്ന കഥാപാത്രം പലപ്പോഴും നായകനേക്കാൾ കരുത്തയാവുന്നുണ്ട്. ടോം ആൻഡ് ജെറിയെ ഓർമ്മിപ്പിക്കുന്ന അപ്പുവിന്റെയും പൂർണിമയുടെയും ബന്ധവും രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. സായ് കുമാർ, വിജയരാഘവൻ, വിജയ് ബാബു, ജോയ് മാത്യു, ശരത്, എസ്തർ അനിൽ, ഷാഹീൻ സിദ്ദീഖ്, മേഘനാഥൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
കോമഡി എന്റർടെയിനർ എന്ന ഴോണറിലാണ് ‘മിസ്റ്റർ ആന്റ് മിസ് റൗഡി’ വരുന്നതെങ്കിലും പലപ്പോഴും തമാശയ്ക്കു വേണ്ടി ചെയ്യുന്ന സീനുകൾ ചിരിയുണർത്തുന്നില്ലെന്നു മാത്രമല്ല, ദയനീയമായി പരാജയപ്പെടുന്നുണ്ട്. മികവു പുലർത്തുന്ന മറ്റൊരു ഘടകം ചിത്രത്തിന്റെ ഛായാഗ്രഹണമാണ്. ഒരു നാട്ടിൻപ്പുറത്തു പോയി വന്ന ദൃശ്യാനുഭവമാണ് പ്രേക്ഷകർക്ക് ലഭിക്കുക. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. മനോഹരമായ പാട്ടുകളും ചിത്രത്തിലുണ്ട്, നജീം അർഷാദും അരുൺ വിജയും ചേർന്ന് ആലപിചച്ച ‘പുതിയ വഴിയിലിനി യാത്രയാണ് ചെറു ജീവിതങ്ങളിലിതിലെ…’ എന്ന ഗാനം ശ്രദ്ധ കവരും. ഗോകുലം ഗോപാലനും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
‘ദൃശ്യ’വും ‘മൈ ബോസു’മൊക്കെ സമ്മാനിച്ച ജീത്തു ജോസഫിന്റെ ചിത്രമെന്ന പ്രതീക്ഷയോടെ സമീപിച്ചാൽ ‘മിസ്റ്റർ ആന്റ് മിസ് റൗഡി’ നിങ്ങളെ നിരാശരാക്കിയേക്കാം. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു എന്റർടെയിനർ അല്ല ചിത്രം.