Monster Mohanlal Movie Review & Rating: മോഹൻലാലിൽ നിന്നും എന്താണ് ഇപ്പോൾ മലയാള സിനിമ പ്രതീക്ഷിക്കുന്നത്? മോഹൻലാൽ ചിത്രങ്ങൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നവരിൽ പ്രധാനമായും മൂന്നു വിഭാഗമാണുള്ളത്. ഒന്ന്, താരത്തിന്റെ ഫാൻസ് സമൂഹം തന്നെയാണ്, ഇറങ്ങുന്ന പടങ്ങളുടെ കലാമൂല്യത്തേക്കാളും എന്റർടെയിന്റ്മെന്റ് വാല്യൂവിനേക്കാളും അവർക്ക് പ്രധാനം സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്ന അവരുടെ സൂപ്പർസ്റ്റാറും ആഘോഷമാക്കാനുള്ള മാസ് ഡയലോഗുകളും കോടി ക്ലബ്ബ് റെക്കോർഡുകളുമൊക്കെയാണ്. രണ്ടാമത്തെ വിഭാഗം, മോഹൻലാൽ എന്ന നടനിലെ പ്രതിഭയുടെ ആരാധകരാണ്. ക്രൗഡ് പുള്ളറായി നിറഞ്ഞു നിൽക്കുമ്പോഴും ഒരു രംഗത്തിലെങ്കിലും വിസ്മയിപ്പിക്കുന്ന ലാൽ മാജിക്കിന്റെ ബഹിർസ്ഫുരണങ്ങൾ കണ്ടാൽ സന്തോഷിക്കുന്നവർ. മൂന്നാമത്തേത്, എപ്പോഴും സൂപ്പർസ്റ്റാർ ഇമേജിൽ മാത്രം മോഹൻലാൽ എന്ന താരത്തെ നോക്കി കാണാൻ ഇഷ്ടപ്പെടുന്നവർ. ഈ മൂന്നു വിഭാഗങ്ങളെയും തൃപ്തിപ്പെടുത്തുക എന്നതാണ് മോഹൻലാൽ എന്ന നടൻ നേരിടുന്ന പ്രധാന വെല്ലുവിളി.
മലയാള സിനിമയിൽ നിൽക്കാവുന്നതിന്റെ ഏറ്റവും ഔന്നിത്യത്തിൽ നിൽക്കുമ്പോഴും, നിരന്തരം പോളിഷ് ചെയ്ത് മുന്നോട്ടു പോവുകയെന്നത് അഭിനേതാവെന്ന നിലയിൽ മുന്നോട്ടുള്ള യാത്രയിൽ നിർണായകമാണ്. ആ രീതിയിൽ വേറിട്ടൊരു ചുവടുവെപ്പിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്ന് ബോധ്യപ്പെടുത്തുകയാണ് ഇന്ന് തിയേറ്ററുകളിലെത്തിയ ‘മോൺസ്റ്റർ’ എന്ന ചിത്രവും. പല കുറി കണ്ട മോഹൻലാൽ ഭാവങ്ങളുടെ, കഥാപരിസരങ്ങളുടെ, കഥാപാത്രസൃഷ്ടികളുടെ തുടർച്ച മാത്രമാണ് ഈ ചിത്രം.
കഥയിലേക്ക് വന്നാൽ, ഷീ ടാക്സി ഡ്രൈവറാണ് ഭാമിനി (ഹണി റോസ്). ഒരു ദിവസം, ഭാമിനി എയർപോർട്ടിൽ നിന്നും ലക്കി സിംഗ് എന്ന യാത്രക്കാരനെ പിക്ക് ചെയ്യുന്നു. ടർബൻ (പഞ്ചാബികളുടെ തലയിൽ കെട്ട്) കെട്ടി, കയ്യിലൊരു ബാഗുമായി എത്തുന്ന ലക്കി സിംഗിനെ ഒരു സന്ദർഭത്തിൽ സ്വന്തം ഫ്ളാറ്റിലേക്കും ക്ഷണിക്കാൻ ഭാമിനി നിർബന്ധിതയാവുന്നു. ഭർത്താവിനും മകൾക്കുമൊപ്പം സമാധാനപൂർണമായ ജീവിതം നയിക്കുന്ന ഭാമിനിയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഇടിച്ചു കയറി വരുന്ന ലക്കി സിംഗ് യഥാർത്ഥത്തിൽ ആരാണ്? എന്താണ് അയാളുടെ വരവിന്റെ ഉദ്ദേശം? ‘മോൺസ്റ്റർ’ പറയുന്നത് ലക്കി സിംഗിന്റെ വരവിനു പിന്നിലെ ആ ഉദ്ദേശത്തിന്റെ കഥയാണ്.
ഇൻട്രോ സീൻ മുതൽ അങ്ങോട്ട് അൽപ്പം ഓവറല്ലേ ഇയാളെന്ന് പ്രേക്ഷകരെ കൊണ്ട് തോന്നിപ്പിക്കുന്ന ലക്കി സിംഗ് ആദ്യകാഴ്ചയിൽ പ്രേക്ഷകർക്ക് ദഹിക്കാൻ അൽപ്പം ബുദ്ധിമുട്ടുള്ള കഥാപാത്രമാണ്. എന്നാൽ ക്രമേണ കഥയുടെ പ്ലോട്ട് തന്നെ മാറി മറിയുന്നതോടെ, പാത്രസൃഷ്ടിയ്ക്ക് അതാവശ്യമായിരുന്നു എന്ന് ബോധ്യപ്പെടുത്തുകയാണ് ചിത്രം. എന്നിരുന്നാലും, ഇതു വരെ സ്ക്രീനിൽ കണ്ടതിനപ്പുറം പുതിയതൊന്നും മോഹൻലാലിൽ പ്രേക്ഷകർക്ക് കാണാനാവില്ല.
ഹണി റോസിന്റെ ഭാമിനി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥയുടെ സഞ്ചാരം. ഒരർത്ഥത്തിൽ ഭാമിനിയുടെ കഥയാണ് ‘മോൺസ്റ്റർ’ എന്നു തന്നെ പറയാം. ആദ്യം മുതൽ അവസാനം വരെ ഇത്രത്തോളം പ്രാധാന്യത്തോടെ ഒരു കഥാപാത്രത്തെ ഹണി റോസ് അവതരിപ്പിക്കുന്നതും ഒരുപക്ഷേ ഇതാദ്യമാവാം. ഭാമിനിയെ മികവോടെ തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഹണി. സുദേവ് നായർ, ജോണി ആന്റണി, ലക്ഷ്മി മാഞ്ചു എന്നിവരും ശ്രദ്ധ നേടുന്ന പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ആക്ഷൻ സീനുകളിലെ ലക്ഷ്മി മാഞ്ചുവിന്റെ പ്രകടനവും എടുത്തു പറയണം. ലെന, സിദ്ദിഖ്, ഗണേഷ് കുമാര്, കൈലാസ്, ഇടവേള ബാബു, ബിജു പപ്പൻ, സാധിക, അഞ്ജലി നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
എട്ടു മാസങ്ങൾക്കു ശേഷം നേരിട്ട് തിയേറ്ററുകളിൽ എത്തുന്ന മോഹൻലാൽ ചിത്രം കൂടിയാണ് മോൺസ്റ്റർ. പ്രേക്ഷകർക്ക് പെട്ടെന്ന് പിടി കിട്ടാത്ത രീതിയിലാണ് ഉദയ്കൃഷ്ണ തിരക്കഥയെ കൊണ്ടു പോവുന്നത്. ജിജ്ഞാസയുണ്ടാക്കുന്ന കഥാസന്ദർഭങ്ങളും ട്വിസ്റ്റുകളും നിരവധി ചോദ്യങ്ങളും ബാക്കി വച്ചാണ് കഥ പുരോഗമിക്കുന്നതും. ബോറടിപ്പിക്കാതെ ക്ലൈമാക്സ് വരെ കൂടെ നടത്തിക്കുക എന്ന ഉദ്യമത്തിൽ ‘മോൺസ്റ്റർ’ വിജയിച്ചിട്ടുണ്ട്.
‘പുലിമുരുകനു’ ശേഷം വൈശാഖ്- ഉദയ്കൃഷ്ണ- മോഹൻലാൽ ടീം വീണ്ടും കൈകോർത്തിരിക്കുകയാണ് ‘മോൺസ്റ്ററി’ൽ. ‘പുലിമുരുകനിൽ’ നിന്നും ‘മോൺസ്റ്ററി’ലേക്ക് എത്തുമ്പോൾ സ്ത്രീവിരുദ്ധ ജോക്കുകൾ, ദ്വയാർത്ഥ പ്രയോഗങ്ങൾ എന്നിവയൊക്കെ താരതമ്യേന ചിത്രത്തിൽ കുറവാണ് താനും. എന്നിരുന്നാലും, ട്രീറ്റ്മെന്റിലും സമീപനങ്ങളിലുമൊക്കെ ചില അപകടങ്ങളും കള്ളനാണയങ്ങളും ഒളിഞ്ഞിരിക്കുന്ന ചിത്രം കൂടിയാണ് ‘മോൺസ്റ്റർ.’
മലയാള സിനിമ ഇതുവരെ പറയാത്ത രീതിയിൽ ചില വിഷയങ്ങൾ പറയാൻ ശ്രമിക്കുന്ന ചിത്രമെന്ന് അണിയറപ്രവർത്തകർ തന്നെ അവകാശപ്പെടുമ്പോഴും, സെൻസിറ്റീവായ ആ വിഷയങ്ങളെ വളരെ അപക്വമായാണ് സമീപിച്ചിരിക്കുന്നത് എന്ന് പറയാതെ വയ്യ. കഥയിൽ പുതുമ കൊണ്ടു വരാനായി മാത്രം എൽജിബിടിക്യു സമൂഹവുമായി ബന്ധപ്പെട്ട ഉള്ളടക്കത്തെ ഉപയോഗിക്കുന്ന രീതിയോട് എത്ര മേൽ യോജിക്കാനാവും? ചിത്രത്തിന്റെ നിർണായക മുഹൂർത്തങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണെങ്കിലും ഈ പ്രശ്നബാധിത സമീപനം കണ്ടില്ലെന്നു നടിക്കാനാവില്ല. ‘മോൺസ്റ്റർ’ ഉപരിപ്ലവമായി സ്പർശിച്ചു പോവുന്ന ആ വിഷയങ്ങൾ, അതിലുമേറെ ഗൗരവപരവും മനുഷ്യത്വപരവുമായ സമീപനം ആവശ്യപ്പെടുന്നതാണ് എന്നതിൽ സംശയമില്ല.