Minnal Murali Movie Review: ഗോവർധന പർവതം കുടയായ് ചൂടിയ ശ്രീകൃഷ്ണൻ, ജന്മനാ ലഭിച്ച കവചകുണ്ഡലങ്ങളാൽ അഭേദ്യനും അജയ്യനുമായ കർണൻ, ലങ്കാദഹനം നടത്തിയ ഹനുമാൻ തുടങ്ങി ഒട്ടനവധി അമാനുഷിക നായകർക്കും മുത്തശ്ശി കഥകളിൽ നിന്നറങ്ങി വന്നിരുന്ന വിചിത്ര രൂപികളായ രാത്രിചരന്മാർക്കും യാതൊരു പഞ്ഞവുമില്ലാത്ത നാടാണ് ഭാരതം. എന്നിട്ടും ഇന്നലെ മാത്രം പൊട്ടിമുളച്ച അമേരിക്കൻ സൂപ്പർഹീറോസ് ലോകമെമ്പാടുമുള്ള സ്വീകരണമുറികളെ കീഴടക്കുന്നത് നോക്കി അതിശയിച്ചു നിൽക്കാനേ നമുക്ക് കഴിഞ്ഞിരുന്നുള്ളൂ. ഇന്ത്യക്കാർക്കെന്താ സൂപ്പർ ഹീറോസ് പാടില്ലേ? എന്ന് ചിന്തിച്ചിടത്തു നിന്നാണ് അജൂബ, ശക്തിമാൻ, മിസ്റ്റർ ഇന്ത്യ, റാവൺ, ക്രിഷ്, ഫ്ലയിങ് ജാട്ട് തുടങ്ങിയ ഉത്തരേന്ത്യൻ അതിമാനുഷരുടെ പിറവി.
ഒടുവിൽ, അതിമോഹങ്ങളൊന്നുമില്ലാത്ത മലയാളി സൂപ്പർ ഹീറോ ആരാധകർക്ക് മരുഭൂമിയിൽ കിട്ടിയ മരുപ്പച്ച പോലെ സാക്ഷാൽ സൂപ്പർ സ്റ്റാർ രജനികാന്ത് റോബോയായി അവതരിച്ചു. അപ്പോഴും മുണ്ടു മടക്കി കുത്തി നെഞ്ചു വിരിച്ചു നിൽക്കുന്ന, മലയാളി പൊതു ബോധത്തെ തൃപ്തിപെടുത്തുന്ന ഒരു അതിമാനുഷൻ വരില്ലേ എന്ന ചോദ്യം അവശേഷിച്ചു. ആ ചോദ്യത്തിനുള്ള ഉത്തരമാണ് അരുൺ അനിരുദ്ധ്, ജസ്റ്റിൻ മാത്യു എന്നിവരുടെ കഥയ്ക്ക് ബേസിൽ ജോസഫ് തിരശീലയിൽ നൽകിയിരിക്കുന്ന ദൃശ്യാവിഷ്കാരം. ടോവിനോ തോമസ് ടൈറ്റിൽ റോളിൽ വരുന്ന ‘മിന്നൽ മുരളി’ അത് കൊണ്ട് തന്നെ ഡിസി- മാർവെൽ പ്രപഞ്ചത്തിലെ അനുദിനം പെരുകി വരുന്ന കടുത്ത സൂപ്പർ ഹീറോ ആരാധകർക്കുള്ള ക്രിസ്തുമസ് – പുതുവത്സര സമ്മാനമാണ്.
മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി നെറ്റ്ഫ്ളിക്സും ജിയോ മാമിയും (മുംബൈ അക്കാദമി ഓഫ് ദി മൂവിങ് ഇമേജ്) ചേർന്ന് സംഘടിപ്പിച്ച വേൾഡ് പ്രീമിയറിലാണ് മിന്നൽ മുരളി കണ്ടത്. സിനിമ തുടങ്ങുന്നതിനു മുൻപ് കാണികളെ അഭിസംബോധന ചെയ്ത ബേസിൽ ജോസഫും ടോവിനോ തോമസും പറഞ്ഞത് വിമർശനത്തിന്റെ കൂരമ്പുകൾ തത്കാലം ഒരു വശത്തേക്ക് മാറ്റി വയ്ക്കുക എന്നിട്ടു പോപ്കോണും കൊറിച്ചു രസിച്ചിരുന്നു കാണുക എന്നാണ്. പോപ്പ് കോൺ കോംപ്ലെമെന്ററി ആയി കിട്ടിയത് കൊണ്ട് അക്ഷരാത്ഥത്തിൽ അത് തന്നെയാണ് ഞാൻ ചെയ്തതും. ഒറ്റ വാക്കിൽ പറഞ്ഞാൽ തുടക്കം മുതൽ ഒടുക്കം വരെ പൊട്ടാതെ വലിച്ചു കെട്ടിയൊരു രസച്ചരടാണ് മിന്നൽ മുരളി.
ചിത്രത്തിന്റെ വിശദാംശങ്ങൾ ഇരുപത്തി നാലാം തീയതി വരെ വെളിപ്പെടുത്തരുതെന്നു സ്പെഷ്യൽ സ്ക്രീനിങ്ങിനു വന്ന എല്ലാവരോടും നെറ്റ്ഫ്ലിക്സ് അഭ്യർത്ഥിച്ചിരുന്നതു കൊണ്ട് കഥയുടെ ഉള്ളടരുകളിലേക്ക് കടക്കുന്നില്ല. എങ്കിലും സിനിമയിൽ എടുത്തു പറയേണ്ട ഒരു ഘടകം കഥാപത്രങ്ങളുടെയും കഥാ പരിസരങ്ങളുടെയും തികച്ചും സ്വാഭാവികവും ജൈവികവുമായ പരിണാമമാണ്. ഇത് വരെ ഇന്ത്യൻ സിനിമയിലിറങ്ങിയ ഒട്ടു മിക്ക സൂപ്പർ ഹീറോ ചിത്രങ്ങളും വിദേശ സിനിമകളുടെ വികൃതാവിഷ്കാരങ്ങളായതിനു പ്രധാന കാരണം ഹോളിവുഡ് സിനിമകളുടെ കഥാപരിസരങ്ങൾ എതാണ്ട് അതേ പടി പകർത്തി, പാതി വെന്ത പരുവത്തിലുള്ള കഥാപാത്രങ്ങളെ രണ്ടാം കിടയെന്നോ അല്ലെങ്കിൽ മൂന്നാം കിടയെന്നോ (മാർവെൽ-ഡിസി നിലവാരവുമായി താരതമ്യം) പറയാവുന്ന സ്പെഷ്യൽ എഫക്ട്സ് വേണ്ടിടത്തും വേണ്ടാത്തിടത്തും ഒക്കെ കുത്തി നിറയ്ക്കുന്നതാണെന്ന് തോന്നിയിട്ടുണ്ട്. ഇവിടെയാണ് മിന്നൽ മുരളി ടാഗ്ലൈൻ സൂചിപ്പിക്കുന്നത് പോലെ അക്ഷരാർത്ഥത്തിൽ ഒരു ദേശി സൂപ്പർ ഹീറോ ആവുന്നത്. ഒരു പക്ഷേ, മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം ആരുടെ മുൻപിലും ‘ദാ ഞങ്ങളുടെ നാട്ടിൽ നിന്നുള്ള ഒരു ഫാന്റസി ചിത്രം’ എന്ന് ആത്മവിശ്വാസത്തോടെ പറയാവുന്ന ഒന്ന്.

കുറുക്കൻമൂല എന്ന ചിത്രത്തിലെ സാങ്കല്പിക ഭൂമിക ഒരു മധ്യവർഗ മലയാളിയുടെ കാഴ്ച ശീലങ്ങളെ പിൻപറ്റിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കുറുക്കൻമൂലയിൽ കൊടും വില്ലന്മാരേയോ അസാധ്യ നന്മ മരങ്ങളെയോ കണ്ടില്ല, കണ്ടത് സ്നേഹവും, പകയും, സഹനുഭൂതിയും, ഭീതിയും, കാമവുമൊക്കെയുള്ള കുറെ സാധാരണ മനുഷ്യരെ ആണ്. ഈ സാധാരണക്കാരുടെ ജീവിത പരിസരങ്ങളിൽ സംഭവിക്കുന്ന ചില അസാധാരണ സംഭവങ്ങളും, സാഹചര്യങ്ങൾ എങ്ങനെയാണ് ചിലരെ നായകന്മാരായി വാഴിക്കുകയും മറ്റു ചിലരെ പ്രതിനായകരായി നടതള്ളുകയും ചെയ്യുന്നതെന്ന് കഥാ കൃത്തുക്കൾ മനോഹരമായി കുറിച്ചിട്ടത് ബേസിൽ കയ്യടക്കത്തോടെ ആവിഷ്കരിച്ചിട്ടുണ്ട്.
അമേരിക്കയിൽ പോവാൻ കച്ച കെട്ടി നടക്കുന്ന മുൻ കാമുകിയോട് അല്പം കുശുമ്പ് മനസ്സിൽ സൂക്ഷിക്കുന്ന തയ്യൽക്കാരൻ ജെയ്സണിൽ നിന്ന് മിന്നൽ മുരളിയിലേക്കുള്ള പരകായ പ്രവേശം ടോവിനോ ഗംഭീരമാക്കി. സൂപ്പർ ഹീറോ കോസ്റ്റ്യൂമിൽ മിന്നൽ മുരളി സ്ക്രീനിൽ വന്നപ്പോൾ തിയേറ്ററിൽ നിലയ്ക്കാത്ത കരഘോഷങ്ങളോടെയാണ് പ്രേക്ഷകർ വരവേറ്റത്. ഹരിശ്രീ അശോകൻ, പി.ബാലചന്ദ്രൻ, ബൈജു സന്തോഷ് എന്നിവർ തങ്ങളുടെ വേഷം ഭദ്രമാക്കിയപ്പോൾ, രാജേഷ് മാധവൻ കോമഡി രംഗങ്ങളിൽ മികച്ചു നിന്നു. അൽപ്പം നെഗറ്റീവ് ടച്ചുള്ള പോലീസ് കോൺസ്റ്റബിളിന്റെ വേഷത്തിൽ അജു വർഗീസ് തിളങ്ങി. നായികയായെത്തിയ ഫെമിന ജോർജിന് കാര്യമായ് ഒന്നും ചെയ്യാനുള്ള സ്പേസ് ഉണ്ടായിരുന്നില്ല എന്നത് അല്പം നിരാശപ്പെടുത്തി. എന്നാൽ ചിത്രത്തിലെ സർപ്രൈസ് പാക്കേജ് മറ്റൊരു കഥാപാത്രമാണ്. ഒരുപക്ഷെ സിനിമ ഇറങ്ങിയത്തിനു ശേഷം വരുന്ന നിരൂപണങ്ങളിൽ ഏറ്റവും പ്രശംസ കിട്ടാൻ പോവുന്നതും ഇതേ കഥാ പാത്രത്തിനായിരിക്കും. തത്കാലം കൂടുതൽ പറയാൻ മുതിരുന്നില്ല, കാത്തിരുന്നു കാണുക.

Minnal Murali Movie Review:
ടെക്നിക്കലി ചിത്രം ഗംഭീരമാണ്. സമീർ താഹിറിന്റെ ക്യാമറയും സുഷിന് ശ്യാമിന്റെ പശ്ചാത്തല സംഗീതവും മികച്ചു നിന്നു. ലിവിങ്സ്റ്റൺ മാത്യുവിന്റെ എഡിറ്റിംഗും നന്ന്. ഒരു സൂപ്പർ ഹീറോ ചിത്രത്തിന്റെ നെടുംതൂണെന്നു വിശേപ്പിക്കാവുന്നതു വിഷ്വൽ എഫക്ട്സ് ആണ്. പല ഹോളിവുഡ് ചിത്രങ്ങളെയും ശരാശരിയിലും താഴെ നിൽക്കുന്ന കാഴ്ച്ചാനുഭവമാക്കുന്നതും പലപ്പോഴും ഇതേ VFX ന്റെ അതിപ്രസരമാണ്- ഉദാഹരണം മാൻ ഓഫ് സ്റ്റീൽ (2013). അതേസമയം ഇന്ത്യൻ സിനിമകളുടെ കാര്യത്തിൽ വില്ലനാവാറുള്ളത്, മുൻപ് സൂചിപ്പിച്ചതു പോലെ യാതൊരു നിലവാരവും പുലർത്താത്ത സിജിഐ (കമ്പ്യൂട്ടർ ജനറേറ്റഡ് ഇമേജറി) ആണ്. പ്രധാന കാരണം ബഡ്ജറ്റിന്റെ പരിമിതി തന്നെ. ഈ രണ്ടു കാര്യങ്ങൾ പരിഗണിക്കുമ്പോൾ, ചില ചെറിയ ക്ലിഷേകൾ ഒഴിച്ച് നിർത്തിയാൽ മിന്നൽ മുരളിയെ മനോഹരം എന്ന് തന്നെ വിശേഷിപ്പിക്കണം. എപ്പോൾ എവിടെ, എത്ര അളവിൽ വിഷ്വൽ എഫക്ട്സ് സ്ക്രീനിൽ സന്നിവേശിപ്പിക്കണമെന്നു കാണിച്ച ഔചിത്യത്തിനും മിതത്വതിനും ചിത്രത്തിന്റെ സംവിധായകൻ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ഇനി ഗ്രാഫിക്സിന്റെ നിലവാരത്തെ പറ്റിയാണ് ചോദ്യമെങ്കിൽ, ക്ലൈമാക്സിലെ വിഷ്വൽ എഫക്ട്സും വ്ലാഡ് റിംബർഗ് ചിട്ട പെടുത്തിയ സംഘട്ടനവും ഇന്ത്യൻ നിലവാരത്തിനുമപ്പുറം ലോക നിലവാരം പുലർത്തുന്നു എന്ന് പറഞ്ഞാൽ തെല്ലും അതിശയോക്തി ആവില്ല. അല്പമെകിലും പരാതിയുള്ളത് സാധാരണക്കാരനിൽ നിന്നും സൂപ്പർ ഹീറോയിലേക്കുള്ള പരിണാമത്തിനിടയിലും അതിനു ശേഷവും തമാശക്കുണ്ടായിരുന്ന സ്പേസ് പൂർണമായും പ്രയോജനപ്പെടുത്താനായില്ല എന്നത് മാത്രമാണ് .
ആയിരത്തി അഞ്ഞൂറ് മുതൽ മൂവ്വായിരത്തഞ്ഞൂറ് കോടി വരെ നിർമാണച്ചെലവുള്ള ഒരു മാർവെൽ ചിത്രവുമായി കേവലം മുപ്പത്തഞ്ചു കോടി ബജറ്റ് മാത്രമുള്ള ഒരു കൊച്ചു ചിത്രത്തെ (ആപേക്ഷികമായി) ഒരു നിമിഷത്തേക്കെങ്കിലും താരതമ്യം ചെയ്യാൻ പ്രേക്ഷകർ മുതിരുന്നുണ്ടെങ്കിൽ അതു തന്നെയാണ് മിന്നൽ മുരളിക്ക് കിട്ടാവുന്ന ഏറ്റവും മികച്ച അംഗീകാരം. പലവിധ പ്രതിസന്ധികൾക്കിടയിലും ചിത്രം നിർമിക്കാൻ ധൈര്യം കാണിച്ച സോഫിയ പോൾ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. തിയേറ്ററിൽ സിനിമ കണ്ട ഒരാളെന്ന നിലക്ക്, പ്രേക്ഷകർ അർഹിച്ചിരുന്ന മികച്ച തിയേറ്റർ അനുഭവം നഷ്ടമായി എന്ന് തോന്നി. എങ്കിലും ഒരു തുടർച്ചക്കുള്ള സൂചന നിലനിർത്തിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നത് എന്നത് ശുഭകരമാണ്.
(ലേഖകൻ: ആനന്ദ് ബാബു)
Read more reviews: