Mikhael Movie Review: ഹനീഫ് അദേനിയെന്ന സംവിധായകന്റെ രണ്ടാമത്തെ ‘മിഖായേൽ’ ഇന്ന് തിയേറ്ററുകളിലെത്തി. ആദ്യ സിനിമയായ ‘ദി ഗ്രേറ്റ്‌ ഫാദര്‍’, മമ്മൂട്ടിയെ വച്ച് സ്റ്റൈലിഷായും മാസായും നിർമ്മിക്കപ്പെട്ട ഒന്നായിരുന്നു. അതിനു ശേഷം പുറത്തു വന്നത് ഹനീഫ് അദേനി രചിച്ച ‘അബ്രഹാമിന്റെ സന്തതികള്‍’ ആയിരുന്നു – സ്റ്റൈലും മാസുമൊക്കെയുള്ള മറ്റൊരു ചിത്രം.

രണ്ടു മമ്മൂട്ടി ചിത്രങ്ങള്‍ കഴിഞ്ഞ് ഹനീഫ് അദേനി എത്തിയിരിക്കുന്നത് യുവനായകന്‍ നിവിന്‍ പോളിയിലാണ്. മുന്‍ ചിത്രങ്ങളില്‍ പരീക്ഷിച്ചു വിജയിച്ച ചേരുവകള്‍ ഒക്കെത്തന്നെയാണ് ‘മിഖായേലി’ലും എന്നത് കൊണ്ട് തന്നെ തിയേറ്ററുകളിലെത്തുന്നവരെ നിരാശരാക്കില്ല ഈ ചിത്രം. ‘ഇമോഷന് ഇമോഷൻ, ഫൈറ്റിന് ഫൈറ്റ്, മാസിനു മാസ്’ എന്നു തുടങ്ങിയ ശരാശരി വാണിജ്യ സിനിമയില്‍ പ്രതീക്ഷിക്കുന്ന എല്ലാം കൃത്യമായി തന്നെ ചേർത്തിണക്കപ്പെട്ടിട്ടുണ്ട് സിനിമയിൽ.

കാവൽ മാലാഖയാവുന്ന ‘മിഖായേൽ’ എന്ന സങ്കൽപ്പം തന്നെയാണ് ആദ്യം മുതൽ അവസാനം വരെ കഥയ്ക്ക് പശ്ചാത്തലമൊരുക്കുന്നത്. നായകന്റെ മാലയുടെ ലോക്കറ്റിലും കാർ ഹാംഗിഗിലും വീടിനകത്തളങ്ങളിൽ വരെ ബിംബങ്ങളായി വിരിയുന്ന ‘മിഖായേൽ’ മാലാഖ, കഥാപാത്രങ്ങളുടെ സംസാരങ്ങളിലും നിരന്തരസാന്നിധ്യമായി കടന്നുവരുന്നു.

മകൾക്കേറ്റ ദുരന്തത്തിനും അപമാനത്തിനും കണക്കു പറയുന്ന അച്ഛനാണ് ‘ഗ്രേറ്റ്ഫാദറി’ലെ നായകനെങ്കിൽ ഇവിടെ സഹോദരിയുടെ കണ്ണീരൊപ്പുന്ന സഹോദരനാണ് നായകൻ. മൈക്കിൾ ജോൺ (മൈക്ക്) എന്ന ജൂനിയർ ഡോക്ടർ, അടികിട്ടുമ്പോൾ തിരിച്ചോടുന്ന, അൽപ്പം വാശിയും ഏകാന്തതയും പെങ്ങളോടുള്ള വാത്സല്യവുമൊക്കെ ഉള്ളിൽ കൊണ്ടു നടക്കുന്ന ഒരു ചെറുപ്പക്കാരനാണ്. ചെറുപ്പത്തിലേ അച്ഛനെ നഷ്ടമായ, അമ്മയോട് മാനസികമായൊരു അകലം സൂക്ഷിക്കുന്ന, അമ്മ മറ്റൊരു വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുമ്പോൾ അത് കണ്ട് മാറി നിൽക്കുന്ന ഒരു മകൻ. പക്ഷേ പെങ്ങൾ ജെന്നിയോടുള്ള വാത്സല്യം കൊണ്ട് ആ വീടിനു ചുറ്റും എപ്പോഴും അവന്റെ സാന്നിധ്യമുണ്ട്. പെങ്ങളുടെ ജീവിതത്തിലുണ്ടാവുന്ന ചില അപ്രതീക്ഷിത സംഭവങ്ങൾ മൈക്കിനെ അവളുടെ കാവാൽ മാലാഖയാക്കി മാറ്റുന്നു. പക വീട്ടലും, അതിന്റെ ചുരുൾ അഴിച്ചെടുക്കലുകളും, ശേഷിക്കുന്നവരുടെ പ്രതികാരവുമൊക്കെയായി മുന്നോട്ടു പോവുകയാണ് കഥ.

മൈക്ക് എന്ന കഥാപാത്രത്തിനോട് നൂറു ശതമാനവും നീതി പുലർത്താൻ നിവിൻ പോളിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കൂടപിറപ്പുകളോട് സ്നേഹവും വാത്സല്യവും കരുതലുമൊക്കെയുള്ള സഹോദരനായി നിവിനെ മുൻപും സിനിമകളിൽ കണ്ടിട്ടുള്ള മലയാളികൾക്ക്, ജെന്നിയുടെ സഹോദരൻ മൈക്കായി നിവിനെ കാണുന്നതും ഇഷ്ടപ്പെടും. മാർഷൽ ആർട്സും ശരീരത്തിന്റെ മർമ്മവും പഠിച്ച ഡോക്ടർ എന്ന ‘മാരക കോമ്പിനേഷനി’ലാണ് നിവിൻ എത്തുന്നത്. പ്രേക്ഷകന്റെ യുക്തിക്കു അപ്പുറം നിൽക്കുന്ന ചില കഥാസന്ദർഭങ്ങളെ സാധൂകരിക്കാൻ ആ ‘മാരക കോമ്പിനേഷന്റെ’ സാധ്യതകൾ സംവിധായകനെ സഹായിക്കുന്നുണ്ടെന്നു പറയാതെ വയ്യ.

മിഖായേല്‍, മിഖായേല്‍ റിവ്യൂ, മിഖായേല്‍ സിനിമാ റിവ്യൂ, മിഖായേല്‍ സിനിമ നിരൂപണം, മിഖായേല്‍ റേറ്റിംഗ്, മിഖായേല്‍ നിവിന്‍ പോളി, മിഖായേല്‍ പ്രേക്ഷക പ്രതികരണം, മിഖായേല്‍ പ്രതികരണം, നിവിന്‍ പോളിയുടെ സിനിമകള്‍, മഞ്ജിമ മോഹന്‍, ഉണ്ണി മുകുന്ദന്‍, ഈ ആഴ്ചത്തെ സിനിമകള്‍, Mikhael, Mikhael review, Mikhael movie review, Mikhael critics review, Mikhael nivin pauly movie, Mikhael audience review, Mikhael public review, nivin pauly, manjima mohan, unni mukundam, malayalam movies, malayalam cinema, entertainment, movie review പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

Mikhael Movie Review

അനിയത്തിയായെത്തുന്ന ജെന്നി എന്ന കഥാപാത്രവും ഏറെ മികവു പുലർത്തുന്നുണ്ട്. വില്ലനായെത്തുന്ന ഉണ്ണിമുകുന്ദന്റെ മാർക്കോയാണ് തിയേറ്ററുകളിൽ കയ്യടികൾ വാരി കൂട്ടുന്ന മറ്റൊരു കഥാപാത്രം. ഫിറ്റ്നെസ്സ് പ്രേമികൾക്ക് മതിയാവോളം കണ്ടാസ്വദിക്കാൻ ഉണ്ണിമുകുന്ദന്റെ മസിൽ ഷോയുമുണ്ട് ചിത്രത്തിൽ. മഞ്ജിമ മോഹൻ, സിദ്ദീഖ്, ശാന്തികൃഷ്ണ, അശോകൻ, കെപിഎസിലളിത, സുരാജ് വെഞ്ഞാറമൂട്, സുദേവ് നായർ, ബാബു ആന്റണി, കലാഭവൻ ഷാജോൺ, വികെ പ്രകാശ്, ജെഡി ചക്രവർത്തി, ബൈജു, വി. ജയപ്രകാശ്, അഞ്ജലി, പറവ ഫെയിം അമൽ തുടങ്ങി വൻതാര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പലയിടത്തും നായകനോളമോ വില്ലനോളമോ പ്രാധാന്യത്തോടെ ജെ ഡി ചക്രവർത്തിയും സ്ക്രീനിൽ നിറയുന്നുണ്ട്.

കഥാപാത്രങ്ങളെയൊക്കെ ഏറെ സ്റ്റൈലിഷ് ആയി തന്നെയാണ് അദേനി ഈ ചിത്രത്തിലും പരിചയപ്പെടുത്തുന്നത്. മാസ് ഡയലോഗുകളും ആക്ഷനും മനോഹരമായ ഫ്രെയിമുകളും സ്റ്റൈലിഷ് ട്രീറ്റ്മെന്റുമൊക്കെയായി തന്റെ സിഗ്നേച്ചർ ശൈലിയിൽ തന്നെയാണ് ഹനീഫ് അദേനി മിഖായേലും ഒരുക്കിയിരിക്കുന്നത്.പുതുമകളേറെയൊന്നും അവകാശപ്പെടാനില്ലെങ്കിലും പ്രേക്ഷകനെ അധികം മടുപ്പിക്കാത്ത മേക്കിംഗിലൂടെയാണ് ‘മിഖായേൽ’ മുന്നോട്ടുപോവുന്നത്.

പഞ്ച് ഡയലോഗുകളാണ് തിയേറ്ററുകളിൽ ഓളമുണ്ടാക്കുന്ന മറ്റൊരു ഘടകം. ‘ഭയം അവസാനിക്കുന്നിടത്ത് ജീവിതം തുടങ്ങും’ തുടങ്ങിയ ആറ്റിക്കുറുക്കിയ ഡയലോഗുകളും സിനിമയെ മാസാക്കുന്നതിൽ നല്ലൊരു പങ്കു വഹിക്കുന്നുണ്ട്. നിരവധിയേറെ കഥാപാത്രങ്ങളും ഫ്ളാഷ് ബാക്ക് സ്റ്റോറിയും ഇന്നലെയും ഇന്നുമെല്ലാം മാറിമാറി വരുന്ന കഥ പറച്ചിൽ രീതിയിലെ അപാകതകൾ ഇടയ്ക്ക് അൽപ്പം മുഷിച്ചിൽ ഉണ്ടാക്കുന്നുണ്ട് എന്നതാണ് തിരക്കഥയുടെ ഒരു പോരായ്മയായി അനുഭവപ്പെട്ടത്.

ഒരു വിഷ്വൽ ട്രീറ്റ് എന്ന രീതിയാലാണ് ‘മിഖായേൽ’ ഒരുക്കിയിരിക്കുന്നത്. മികച്ച ഛായാഗ്രഹണവും എഡിറ്റിംഗും ‘മിഖായേൽ’ കാഴ്ചയെ ഒരു ദൃശ്യാനുഭവമാക്കുന്നു. വിഷ്ണു പണിക്കർ ഛായാഗ്രഹണവും മഹേഷ് നാരായണൻ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനി നിർമ്മിച്ച ഈ ചിത്രം രണ്ടര മണിക്കൂർ തിയേറ്ററുകളിൽ ഓളം സൃഷ്ടിക്കുന്നുണ്ട്. മാസ് സീനുകൾക്ക് പശ്ചാത്തലമാകുന്ന ബി ജി എമ്മും ചിത്രത്തിന് മുതൽക്കൂട്ടാണെന്നു പറയാം. ഗോപി സുന്ദറാണ് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്.

Read more: താരമൂല്യമേറുന്നു; കൈ നിറയെ ചിത്രങ്ങളുമായി നിവിൻ പോളി

‘ഗ്രേറ്റ്ഫാദർ’ പോലെ മാസ്- സ്റ്റൈലിഷ് സിനിമകൾ കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് ‘മിഖായേൽ’ ഇഷ്ടമാകും. സിനിമ കണ്ടിറങ്ങുമ്പോഴും മനസ്സിൽ തങ്ങിനിൽക്കുന്ന അഭിനയമുഹൂർത്തങ്ങളും ആസ്വാദനത്തിന്റെ നിമിഷങ്ങളും കൂടിയാണ് ഒരു സിനിമയിൽ നിന്നും നിങ്ങൾ പ്രതീക്ഷിക്കുന്നതെങ്കിൽ ‘മിഖായേൽ’ അങ്ങനെ ഒന്നും പ്രേക്ഷകനു നൽകിയെന്നു വരില്ല. തിയേറ്ററിൽ നിന്നിറങ്ങി കാർ പാർക്കിംഗ് ഏരിയയിൽ എത്തുമ്പോഴേക്കും പ്രേക്ഷകരുടെ മനസ്സിൽ നിന്നും ‘മിഖായേൽ കഥാപാത്രങ്ങൾ’ മാഞ്ഞു തുടങ്ങും. എന്തെന്നാൽ ‘മിഖായേൽ’ നൂറു ശതമാനവും തിയേറ്റർ ആഘോഷങ്ങൾക്കു വേണ്ടി മാത്രം നിർമ്മിക്കപ്പെട്ടൊരു ചിത്രമാണ്. അതിൽ എല്ലാമുണ്ട് എന്ന് പറയുമ്പോഴും, ഒന്നുമില്ല എന്ന് തോന്നിപ്പിക്കുന്ന തരം ചിത്രം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook