Biju Menon Starrer Mera Naam Shaji Public Review, Audience Review: ഒരേ പേരുള്ള മൂന്നുപേർ. തമ്മിൽ ബന്ധമൊന്നുമില്ലാത്ത അവർ യാദൃശ്ചികതകളുടെ തുടർച്ചയെന്നവണ്ണം കണ്ടുമുട്ടുന്നതും അതിനെ തുടർന്നുണ്ടാകുന്ന രസകരമായ ചില സംഭവങ്ങളുമൊക്കെയാണ് നാദിർഷ സംവിധാനം ചെയ്ത ‘മേരാ നാം ഷാജി’എന്ന ചിത്രം പറയുന്നത്.

കോഴിക്കോട് അത്യാവശ്യം ഗുണ്ടായിസമൊക്കെയായി നടക്കുന്ന ആളാണ് ഷാജി ഉസ്മാൻ (ബിജു മേനോൻ). ഭാര്യയ്ക്കും മകൾക്കുമൊപ്പം ഒരു കോളനിയിൽ താമസിക്കുന്ന അയാൾ ഒട്ടുമിക്ക ക്വട്ടേഷൻ പണികളും വിശ്വസ്തതയോടെ ഏറ്റെടുത്തുനടത്തി കൊടുക്കുന്ന ഒരു ‘പ്രസ്ഥാന’മാണ്. കൊച്ചിയിലെ വരാന്‍ പോകുന്ന പ്രാദേശിക ഇലക്ഷനിലെ സ്ഥാനാർത്ഥികളിൽ ഒരാളെ ഒന്നു ഒതുക്കുക എന്ന ക്വട്ടേഷൻ ഏറ്റെടുത്ത് അയാൾ കൊച്ചിയിലേക്കു വരികയാണ്. അതേ സമയത്ത് തന്നെയാണ് സത്യസന്ധനും മര്യാദക്കാരനും കുടുംബസ്ഥനുമൊക്കെയായ തിരുവനന്തപുരത്തുകാരൻ ടാക്സി ഡ്രൈവർ ഷാജി (ബൈജു സന്തോഷ്) ഒരു ട്രിപ്പുമായി ബന്ധപ്പെട്ട് കൊച്ചിയിലേക്ക് വരുന്നത്.

കൊച്ചിയിലാണെങ്കിൽ ഉടായിപ്പ് ഷാജി എന്ന് വിളിപ്പേരുള്ള ഷാജി ജോർജ് (ആസിഫ് അലി) എന്ന ചെറുപ്പക്കാരൻ തന്റെ ചങ്ക് ബ്രോ കുന്തീശനുമൊത്ത് (ധർമ്മജൻ) തരികിട പരിപാടികളുമൊക്കെയായി വിലസി നടക്കുകയാണ്. ഷാജി ഉസ്മാൻ എടുത്ത ക്വട്ടേഷൻ മറ്റു രണ്ടു ഷാജിമാരുടെയും ജീവിതവുമായി ബന്ധപ്പെടുന്നതോടെയാണ് ഷാജിമാരുടെ കഥയ്‌ക്കൊരു ഒഴുക്ക് വരുന്നത്. കുരുക്കുകളുടെ ഒരു കളിയാണ് പിന്നെ, ഇതെല്ലാം എങ്ങനെയാവും അഴിച്ചെടുക്കുക എന്ന കൗതുകമാണ് കഥയെ മുന്നോട്ടു നയിക്കുന്നത്.

കഥാപാത്രങ്ങൾക്കും സംഭവങ്ങൾക്കും പശ്ചാത്തലമൊരുക്കുക എന്ന ജോലിയാണ് ഒന്നാം പകുതിയിൽ തിരക്കഥ ചെയ്യുന്നത്. രണ്ടാം പകുതിയോടെയാണ് സിനിമ എന്റർടെയിനിംഗാവുന്നതും സംഭവങ്ങളെല്ലാം എങ്ങനെ കൂട്ടിയിണക്കപ്പെട്ടിരിക്കുന്നുവെന്ന് പ്രേക്ഷകന് മനസ്സിലായി തുടങ്ങുന്നതും.

അവധിക്കാലം കൊഴുപ്പിക്കാൻ ഉത്സവപ്രതീതിയുള്ള ഒരു ചിരിപ്പടം എന്ന വിശേഷണത്തോടെയെത്തിയ ‘മേരാ നാം ഷാജി’, അത്രകണ്ട് ചിരി ഉണർത്തുന്നില്ലെന്നതാണ് സത്യം. വാട്സ് ആപ്പ് ഫോർവേഡുകളിൽ മലയാളികൾ വായിച്ചു മടുത്ത ഫലിതങ്ങളും പൊടിയ്ക്ക് അശ്ലീലവും  സ്ത്രീവിരുദ്ധ ഡയലോഗുകളുമെല്ലാം നിറച്ച് ചിരിക്കോളൊരുക്കാൻ സംവിധായകനും തിരക്കഥാകൃത്തും ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും കാര്യമായി ഫലിക്കുന്നില്ല. സന്ദർഭോചിതമായി സംഭവിക്കുന്ന ചില തമാശകളും ബൈജുവിന്റെ കൗണ്ടറുകളും മാത്രമാണ് അൽപ്പമെങ്കിലും ചിരിയുണർത്തുന്നത്.

Read more: നിങ്ങൾ കണ്ട ആളല്ല ബൈജു; ബിജു മേനോനും ആസിഫും പറയുന്നു

മൂന്നു ഷാജിമാരുടെയും പ്രകടനം ചിത്രത്തെ ആസ്വാദ്യകരമാക്കുന്നുണ്ട്. ബിജുമേനോന്റെയും ആസിഫിന്റെയും കഥാപാത്രങ്ങൾ ഇരുവരും മുൻപ് ചെയ്ത പല കഥാപാത്രങ്ങളുടെയും ഒരു തുടർച്ചയെന്നേ പറയാനാവൂ, കൂട്ടത്തിൽ ഇതുവരെ കാണാത്ത രീതിയിലുള്ള ഒരു കഥാപാത്രമായെത്തി പുതുമ സമ്മാനിക്കുന്നത് ബൈജുവാണ്. നായികയായെത്തുന്ന നിഖിലയ്ക്ക് അഭിനവപാടവം തെളിയിക്കാൻ​ അധികം അവസരങ്ങളൊന്നും തിരക്കഥയിൽ ഇല്ല. ശ്രീനിവാസൻ, ഗണേഷ് കുമാർ, സാദിഖ്​ എന്നിവരുടെ കഥാപാത്രങ്ങളും നന്നായിരിക്കുന്നു. മൈഥിലി, ജാഫർ ഇടുക്കി, ഭീമൻ രഘു, സാവിത്രി ശ്രീധരൻ, സുരഭി, രഞ്ജിനി ഹരിദാസ്, സുരേഷ് കുമാർ എന്നിവരൊക്കെ കഥയിൽ വന്നു പോകുന്നുവെങ്കിലും ആദ്യാവസാനം ഷാജിമാർക്കു തന്നെയാണ് കഥയിൽ പ്രാധാന്യം.

Read More: Malayalam Actor Biju Menon Interview: ഇമേജിനെ ഭയമില്ല: ബിജു മേനോൻ

നാദിർഷയുടെ തന്നെ മുൻചിത്രങ്ങളായ ‘അമർ​ അക്ബർ ആന്റണി’, ‘കട്ടപ്പനയിലെ ഋത്വിക്റോഷൻ’ എന്നീ ചിത്രങ്ങൾ ഉണ്ടാക്കിയ ഓളം നിലനിർത്താൻ ‘മേരാ നാം ഷാജി’യ്ക്ക് കഴിയുന്നില്ല. പലപ്പോഴായി പലയിടങ്ങളിലായി സംഭവിക്കുന്ന കാര്യങ്ങളെ കോർത്തിണക്കുന്ന രീതി മാത്രമാണ് തിരക്കഥയിൽ എടുത്തുപറയാവുന്നതായി അനുഭവപ്പെട്ടത്. പ്രേക്ഷകരുടെ ഹൃദയത്തെ സ്പർശിക്കുന്ന വൈകാരിക നിമിഷങ്ങൾ ചിത്രത്തിൽ ഇല്ലെന്നു പറയാം. അതുകൊണ്ടുതന്നെ, തിയേറ്ററിലെ ചിരിമുഹൂർത്തങ്ങൾക്കപ്പുറം ‘മേരാ നാം ഷാജി’ ആസ്വാദകനെ സ്പർശിക്കണം എന്നില്ല.

തീർച്ചയായും കണ്ടിരിക്കണം എന്നു നിർദ്ദേശിക്കാവുന്ന ഒരു ചിത്രമല്ല ‘മേരാ നാം ഷാജി’. വലിയ പ്രതീക്ഷകളൊന്നുമില്ലാതെ കയറിയാൽ, ഒരു ഓളത്തിന് കണ്ടിരിക്കാമെന്നു മാത്രം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook