scorecardresearch
Latest News

Meow Movie Review & Rating: ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇഷ്ടം കവർന്നും ‘മ്യാവൂ’; റിവ്യൂ

Meow Malayalam Movie Review & Rating: കുടുംബപ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന, തിയേറ്റർ അനുഭവം ആവശ്യപ്പെടുന്ന ചിത്രമാണ് ‘മ്യാവൂ’

RatingRatingRatingRatingRating
Meow Movie Review & Rating: ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇഷ്ടം കവർന്നും ‘മ്യാവൂ’; റിവ്യൂ

Meow Malayalam Movie Review & Rating: യുഎഇയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച മനോഹരമായ ഒരു കുടുംബചിത്രമാണ് ലാൽജോസിന്റെ ‘മ്യാവൂ’. ‘അറബിക്കഥ’, ‘ഡയമണ്ട് നെക്ലേസ്’, ‘വിക്രമാദിത്യന്‍’ എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ക്ക് ശേഷം ലാല്‍ജോസിനുവേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതിയ ചിത്രം കൂടിയാണ് ‘മ്യാവൂ’.

പിതാവിന്റെ ബിസിനസ് ഏറ്റെടുത്ത് വർഷങ്ങളായി യുഎഇയിൽ താമസമാക്കിയിരിക്കുകയാണ് ദസ്തകീർ (സൗബിൻ ഷാഹിർ). ഭാര്യ സുലുവും (മംമ്ത) മൂന്നുമക്കളും ഒരു സുന്ദരി പൂച്ചയും ഡ്രൈവർ ചന്ദ്രനും തന്റെ കടയിലെ ജീവനക്കാരും അവരെ ചുറ്റിപ്പറ്റിയുള്ള വിശേഷങ്ങളും നിറയുന്നതാണ് ദസ്തകീറിന്റെ ലോകം.

ദസ്തകീറിന്റെ മുൻകോപവും സുലുവിന്റെ വാശിയുമൊക്കെ ചേർന്ന് അൽപ്പം കലുഷിതമായ കുടുംബാന്തരീക്ഷത്തിൽ നിന്നുമാണ് ‘മ്യാവൂ’വിന്റെ കഥ ആരംഭിക്കുന്നത്. ഒരു സാഹചര്യത്തിൽ ദസ്തകീറിനെയും മക്കളെയും വിട്ട് വീട് വിട്ടിറങ്ങുകയാണ് സുലു. ഒന്നിച്ചുതിന്നാൽ തമ്മിൽ വെറുത്തുപോവുമെന്ന തോന്നുന്ന ഘട്ടത്തിൽ, വിവാഹജീവിതത്തിൽ നിന്നും സുലു ഒരു ബ്രേക്ക് എടുക്കുന്നു. അതോടെ ദസ്തകീറിന്റെ ജീവിതം കൂടുതൽ പ്രശ്നങ്ങൾ നിറഞ്ഞതാവുന്നു.

ജീവിതാനുഭവങ്ങൾ പരുവപ്പെടുത്തിയ, അടിമുടി മാറിപ്പോവുന്ന ചില മനുഷ്യരുണ്ട് നമുക്കു ചുറ്റും. ദസ്തകീറും അത്തരമൊരാളാണ്. അയാളിൽ, അയാൾ പോലും മറന്നു തുടങ്ങിയ മറ്റൊരാളുണ്ട്. ഒരുകാലത്ത് ജീവിതം ആഘോഷമാക്കിയ, കൂട്ടുകാർ ദസ്തെവിസ്കി എന്നു വിളിച്ചിരുന്ന ദസ്തകീർ. ഒരപകടത്തെ തുടർന്ന് അയാൾ മറ്റൊരാളായി പരിവർത്തനപ്പെടുന്നു. മനോബലത്തിനായി, ജീവിതം തിരിച്ചുപിടിക്കാനായി അയാൾ വിശ്വസിയാവുന്നു. എന്നാൽ, രൂപത്തിൽ നിന്നും വേഷത്തിൽ നിന്നുമൊക്കെ ഒരാളുടെ വിശ്വാസസംഹിതയെ വായിച്ചെടുക്കുന്ന ലോകത്തിന് മുന്നിൽ അയാൾ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നുമുണ്ട്.

ജീവിതപ്രാരാബ്ധങ്ങൾ കൊണ്ട് നട്ടം തിരിയുന്ന, സംഘർഷങ്ങളിൽ ചിലപ്പോൾ ആടിയുലയുന്ന സമാധാനം പലപ്പോഴും ഒരു മരുപ്പച്ച മാത്രമായി പോവുന്ന ദസ്തകീർ എന്ന മനുഷ്യന്റെ നിസ്സഹായതകളെയും മാനറിസങ്ങളെയുമെല്ലാം സൗബിൻ മികവോടെ അവതരിപ്പിച്ചിട്ടുണ്ട്. താരതമ്യേന സ്ക്രീൻ സ്പെയ്സ് കുറവാണെങ്കിലും, സുലു എന്ന കഥാപാത്രത്തിനെ അടയാളപ്പെടുത്തി പോവാൻ മംമ്തയ്ക്ക് കഴിയുന്നുണ്ട്.

എന്തിനും ഏതിനും ദസ്തകീറിന്റെ നിഴലായി നടക്കുന്ന ചന്ദ്രേട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഹരിശ്രീ യൂസഫ് ആണ് പ്രകടനം കൊണ്ട് ഇഷ്ടം കവരുന്ന മറ്റൊരു നടൻ. സൗബിന്റെ മക്കളായി എത്തിയ കുട്ടികളും സലിം കുമാറിന്റെ ഉസ്താദ് കഥാപാത്രവും അസർബൈജാൻ സ്വദേശിയായ വേലക്കാരി പെൺകുട്ടിയുമെല്ലാം ശ്രദ്ധ കവരുന്നുണ്ട്. ആദ്യമധ്യാന്തം സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സുന്ദരിയായ പൂച്ചയും പ്രേക്ഷകരുടെ ഇഷ്ടം കവരും.

വേരുകൾ നഷ്ടപ്പെട്ട്, പ്രിയപ്പെട്ടവരിൽ നിന്നകന്ന്, പലദേശക്കാർക്കിടയിൽ ജീവിതം കെട്ടിപ്പടുക്കുന്ന പ്രവാസികൾക്ക് ‘മ്യാവൂ’ കൂടുതൽ ഹൃദ്യമാവുമെന്നതിൽ സംശയമില്ല. പ്രവാസജീവിതങ്ങളെ സ്പർശിക്കുന്ന ഒരുപിടി മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ട്. പ്രവാസി മലയാളിയായ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തൂലിക പ്രവാസജീവിതക്കാഴ്ചകളെ മനോഹരമായി തന്നെ വരച്ചുകാട്ടുന്നു. ദേശമോ അതിർത്തികളോ മതമോ ഒന്നും നോക്കാതെ ചേർത്തുപിടിക്കുന്ന സൗഹൃദങ്ങളുടെ ഊഷ്മളക്കാഴ്ചയും കൂടിയാണ് മ്യാവൂ സമ്മാനിക്കുന്നത്.

തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ലയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അജ്മല്‍ സാബുവിന്റെ ക്യാമറക്കാഴ്ചകൾ യുഎഇ കാഴ്ചകളെ മിഴിവോടെ ഒപ്പിയെടുത്തിട്ടുണ്ട്. ജസ്റ്റിന്‍ വര്‍ഗ്ഗീസ്സിന്റെ പാട്ടുകളും ഹൃദയസ്പർശിയാണ്.

കുടുംബചിത്രങ്ങളുടെ ചേരുവ വിജയകരമായി പലയാവർത്തി പരീക്ഷിച്ചിട്ടുള്ള ലാൽ ജോസ് ഇത്തവണയും തന്റെ പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല. കുടുംബപ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന, തിയേറ്റർ അനുഭവം ആവശ്യപ്പെടുന്ന ചിത്രമാണ് ‘മ്യാവൂ’. അൽപ്പം ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇഷ്ടം കവർന്നും ഈ ‘മ്യാവൂ’ നിങ്ങളുടെ ഹൃദയം കവരും.

Read more reviews:

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Meow malayalam movie review rating