Member Rameshan 9aam Ward Movie Review & Rating: നവാഗതരായ ആന്റോ ജോസ് പെരേര, എബി ട്രീസ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മെമ്പര്‍ രമേശന് ഒൻപതാം വാര്‍ഡ്’ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു നർമ്മചിത്രമാണ്. ചിരിയും ചിന്തയും അൽപ്പം രാഷ്ട്രീയവുമൊക്കെയായി തിയേറ്ററിൽ ചിരിമേളമൊരുക്കുന്നുണ്ട് മെമ്പര്‍ രമേശന്.
മഞ്ഞപ്ര എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ജോലിയ്ക്കൊന്നും പോവാതെ അലസനായി നടക്കുന്ന പതിവ് ക്ലീഷെ ടൈപ്പ് ചെറുപ്പക്കാരനൊന്നുമല്ല ഒ എം രമേശൻ. പെയിന്റു പണിയ്ക്ക് പോയും കിട്ടുന്നതിൽ നിന്നും മിച്ചം വെച്ചും നാളെയ്ക്കായി കരുതിവച്ചുമൊക്കെ കുടുംബം പോറ്റുന്ന സ്നേഹസമ്പന്നനായ മകനും സഹോദരനുമൊക്കെയാണ് രമേശൻ. ഓട്ടോറിക്ഷ തൊഴിലാളിയായ അച്ഛനും അമ്മയും സഹോദരിയുമാണ് രമേശന്റെ കുടുംബം. ഒപ്പം, തൊട്ടയൽ വീട്ടിൽ അവന്റെ പ്രണയിനിയുമുണ്ട്.
വീട്ടുകാരെ ചേർത്തുപിടിക്കുന്നതിനൊപ്പം തന്നെ തന്റെ പ്രണയവും സൗഹൃദങ്ങളും സുഹൃത്തുക്കൾക്കൊപ്പമുള്ള ടൂറുമൊക്കെയായി ജീവിതം അടിച്ചുപൊളിച്ചു ആഘോഷമാക്കി ജീവിക്കുന്നതിനിടെയാണ് രമേശന് ആ ലോട്ടറി അടിക്കുന്നത്. യുവാക്കളുടെ പ്രതിനിധിയായി തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരു അവസരം!
അപ്രതീക്ഷിതമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതോടെ രമേശന്റെ സ്വൈര്യജീവിതം ഇല്ലാതാവുന്നു. പ്രശ്നങ്ങളും പ്രാരാബ്ധങ്ങളും രാഷ്ട്രീയത്തിലെ കുതികാൽവെട്ടലുകളുമൊക്കെ രമേശന്റെ ജീവിതം സംഭവബഹുലമാക്കുന്നു. അഴിമതിയും കൊള്ളയുമൊക്കെ പ്രായോഗിക രാഷ്ട്രീയത്തിന്റെ ഭാഗമാക്കിയ പഴയ തലമുറയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ രമേശനു മുന്നിൽ വെല്ലുവിളിയായി മാറുകയാണ്. രാഷ്ട്രീയത്തിൽ നേരും നന്മയും തിരയുന്ന പുതിയ തലമുറയുടെ പ്രതിനിധിയാണ് രമേശൻ.
ഗ്രാമീണ പശ്ചാത്തലത്തിൽ വളരെ റിയലിസ്റ്റിക്കായി ഒരുക്കിയ ചിത്രമെന്ന് മെമ്പർ രമേശൻ ഒമ്പതാം വാർഡിനെ വിശേഷിപ്പിക്കാം. നിത്യജീവിതത്തിലെ നർമ്മമുഹൂർത്തങ്ങൾക്ക് ഒപ്പം സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെയും അവതരിപ്പിക്കുന്നുണ്ട് സംവിധായകർ കൂടിയായ തിരക്കഥാകൃത്തുകൾ.
നായകനായി എത്തുന്ന അർജുൻ അശോകന്റെ കയ്യിൽ രമേശൻ എന്ന കഥാപാത്രം ഭദ്രമാണ്. ഒരു സാധാരണ ചെറുപ്പക്കാരന്റെ മാനസികാവസ്ഥകളും പ്രതിസന്ധികളിൽ പെടുമ്പോഴുള്ള അങ്കലാപ്പും സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള പരിവർത്തനപ്പെടലുമെല്ലാം സ്വാഭാവികതയോടെ തന്നെ അർജുൻ അവതരിപ്പിച്ചിട്ടുണ്ട്. ഗായത്രി അശോകാണ് അർജുന്റെ നായികയായി എത്തുന്നത്.
രമേശന്റെ അച്ഛനമ്മമാരായി എത്തുന്ന ഇന്ദ്രൻസും സ്മിനു സിജോയുമാണ് പ്രകടനം കൊണ്ട് ശ്രദ്ധ കവരുന്ന മറ്റു രണ്ടു അഭിനേതാക്കൾ. ചെമ്പൻ വിനോദ്, സാബുമോൻ, മാമുക്കോയ, ജോണി ആന്റണി, ശബരീഷ്, രഞ്ജി പണിക്കർ, ബിനു അടിമാലി എന്നിവരും തങ്ങളുടെ റോളുകളിൽ തിളങ്ങിയിട്ടുണ്ട്. സ്ക്രീനിൽ വരുമ്പോഴെ ചിരി പടർത്തുന്ന അഭിനയമാണ് ജോണി ആന്റണി കാഴ്ച വയ്ക്കുന്നത്.
എൽദോ ഐസക്കിന്റെ സിനിമോട്ടോഗ്രാഫിയും പ്രശംസ അർഹിക്കുന്നുണ്ട്. ആദ്യ ഫ്രെയിം മുതൽ കണ്ണിനു കുളിർമ നൽകുന്ന രീതിയിൽ നാട്ടിൻപ്പുറ കാഴ്ചകളെ ഒപ്പിയെടുക്കുന്നുണ്ട് എൽദോയുടെ ക്യാമറക്കണ്ണുകൾ. ദീപു ജോസഫാണ് എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്.
മെമ്പർ രമേശനിലെ ഗാനങ്ങളും മികവു പുലർത്തുന്നു. യൂട്യൂബ് ട്രെൻഡിംഗിൽ വരെ ഇടം പിടിച്ച ‘അലരേ’ എന്നു തുടങ്ങുന്ന ഗാനമൊക്കെ കഥാഗതിയിൽ നല്ല പ്രാധാന്യത്തോടെയാണ് സംവിധായകൻ ഇണക്കി ചേർത്തിരിക്കുന്നത്. മൂളി നടക്കാൻ കൊതിപ്പിക്കുന്ന ഗാനങ്ങളിലൊന്നാണ് ‘അലരേ’. ശബരീഷ് വർമ്മ എഴുതിയ വരികൾക്ക് കൈലാസ് മേനോനാണ് സംഗീതം നൽകിയിരിക്കുന്നത്. ബോബന് ആൻഡ് മോളി എന്റര്റ്റൈന്മെന്സിന്റെ ബാനറില്‍ ബോബനും മോളിയും ചേർന്നാണ് ചിത്രം നിര്‍മ്മിച്ചത്.
പ്രണയം, സൗഹൃദം, കോമഡി എന്നിവയെല്ലാം ചേരുംപടി ചേർന്ന ഒരു കംപ്ലീറ്റ് എന്റർടെയിനറാണ് ചിത്രം. രസച്ചരട് അറുക്കാതെ ആദ്യാവസാനം സിനിമയ്ക്ക് ഒപ്പം പ്രേക്ഷകരെ നടത്താൻ നവാഗതരായ ആന്റോ ജോസ് പെരേരയ്ക്കും എബി ട്രീസയ്ക്കും കഴിയുന്നുണ്ട്. ദ്വയാർത്ഥ പ്രയോഗങ്ങളോ സ്ത്രീവിരുദ്ധ കമന്റുകളോ ഒന്നുമില്ലാതെ വളരെ സ്വാഭാവികമായി തന്നെ ചിത്രം കാഴ്ചക്കാരിൽ ചിരിയുണർത്തുന്നുണ്ട്. ചിരിയും ചിന്തയുമായി പ്രേക്ഷകരെ റിലാക്സ് ചെയ്യിപ്പിക്കുന്ന ‘മെമ്പർ രമേശനെ’ കാണാൻ ധൈര്യമായി ടിക്കറ്റെടുക്കാം.