scorecardresearch

Marakkar Malayalam Movie Review & Rating: കാഴ്ചയുടെ ഉത്സവമേളം തീർക്കുമ്പോഴും ആത്മാവ് നഷ്ടമായ ‘മരക്കാർ’; റിവ്യൂ

Marakkar Malayalam Movie Review & Rating: ചരിത്രത്തിൽ നിന്ന് ഒരു കഥാപാത്രത്തെ എടുത്ത് കഥ പറയുമ്പോൾ അതിന്റെ കഥാപരിസരങ്ങളോട് പുലർത്തേണ്ട താദാത്മ്യം പ്രാപിക്കൽ മരക്കാറിൽ പലയിടത്തും നഷ്ടമായിട്ടുണ്ട്

RatingRatingRatingRatingRating
marakkar, marakkar review, marakkar release, marakkar ott release date, marakkar review uae, marakkar rating, marakkar movie review, marakkar film review, Marakkar Lion of the Arabian Sea, Marakkar Lion of the Arabian Sea review, marakkar full movie download, Mohanlal

Marakkar Malayalam Movie Review & Rating: സിനിമാപ്രേമികൾ ഇത്രയേറെ കാത്തിരുന്ന മറ്റൊരു ചിത്രം ഒരുപക്ഷേ മലയാള സിനിമയിൽ മുൻപ് ഉണ്ടായി കാണില്ല. മലയാളത്തിൽ ഇതു വരെ നിർമ്മിച്ചതിൽ ഏറ്റവും വലിയ മുതൽമുടക്കുള്ളത് എന്ന് കരുതപ്പെടുന്ന, മലയാളത്തിന്റെ പ്രതിഭകൾക്കൊപ്പം തെന്നിന്ത്യൻ താരങ്ങളും വിദേശതാരങ്ങളും ഒരുപോലെ അണിനിരക്കുന്ന ചിത്രം. നിരവധി ഹിറ്റു ചിത്രങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രിയദർശനും ഇതിഹാസതാരം മോഹൻലാലും വീണ്ടും കൈകോർക്കുന്നു എന്നിങ്ങനെ, ‘ മരക്കാർ -അറബിക്കടലിന്റെ സിംഹം’ എന്ന ബ്രഹ്മാണ്ഡ ചിത്രം പ്രഖ്യാപിക്കപ്പെട്ടതു മുതൽ തന്നെ പ്രതീക്ഷകള്‍ വാനോളം എത്തിയിരുന്നു. കോവിഡ്‌ കൊണ്ട് വന്ന വലിയ ഇടവേള പക്ഷേ ചിത്രത്തിന്റെ റിലീസിന് കാലതാമസമുണ്ടാക്കി. ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ‘ മരക്കാർ ‘ ഒടുവില്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്, റിലീസ് ദിനത്തിലെ പ്രദർശനങ്ങളുടെ എണ്ണത്തിലും പ്രീ ബുക്കിംഗിലുമൊക്കെ റെക്കോർഡ് സൃഷ്ടിച്ചു കൊണ്ടാണ് ചിത്രത്തിന്റെ വരവ്.

കാഴ്ചയുടെയും കേൾവിയുടെയും തിയേറ്റർ ആരവങ്ങളുടെയും ഉത്സവം സ്വപ്നം കണ്ട സിനിമാപ്രേമികൾക്കു വേണ്ട ചേരുവകളെല്ലാം ചേർത്താണ് സംവിധായകൻ പ്രിയദർശൻ സിനിമ ഒരുക്കിയിരിക്കുന്നത്. ചരിത്രത്തിൽ കേട്ടു മറന്ന മരക്കാർ കുടുംബത്തിന്റെയും തലമുറകളുടെയും പോരാട്ടങ്ങളുടെയും ചെറുത്തുനിൽപ്പിന്റെയും കഥയാണ് ചിത്രം പറയുന്നത്.

വൈദേശിക ആധിപത്യത്തിനെതിരെ ഇന്ത്യയിൽ നിന്നുയർന്ന ആദ്യ പോരാട്ടങ്ങളിൽ ഒന്നാണ് മരക്കാരുടെ ചെറുത്തുനിൽപ്പ്. കാലക്രമേണ കുഞ്ഞാലി മരക്കാർ എന്ന് പുകൾപെറ്റ മുഹമ്മദലി മരക്കാറിന്റെ യൗവ്വന കാലത്തു നിന്നുമാണ് സംവിധായകൻ കഥ പറഞ്ഞു തുടങ്ങുന്നത്. നിഷ്കളങ്കനായ ആ ചെറുപ്പക്കാരൻ എങ്ങനെയാണ് പിന്നീട് കടലിൽ മായാജാലം കാണിക്കുന്ന പോരാളിയും കടൽക്കൊള്ളക്കാരനുമൊക്കെയായി മാറിയതെന്ന്, പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ഒരു ജനതയുടെ മനസ്സിൽ രാജാവിനും ദൈവത്തിലും മുകളിലുള്ള ഒരാളായി അയാൾ പ്രതിഷ്ഠിക്കപ്പെടുന്നത് എങ്ങനെയെന്നും.

Mohanlal Marakkar Malayalam Movie Review & Rating: തുടക്കം മുതൽ അവസാനസീനിൽ വരെ സമ്മാനിക്കുന്ന ദൃശ്യവിസ്മയമാണ് ചിത്രത്തിൽ പ്രേക്ഷകനെ കൊളുത്തിയിടുന്ന പ്രധാന ഘടകങ്ങളിലൊന്ന്. കടൽ ചൊരുക്കിനോട് പടവെട്ടുന്ന കുഞ്ഞാലിയേയും അറബിക്കടലിൽ ഗറില്ലാ യുദ്ധനയം പുറത്തെടുത്ത് പറങ്കിപ്പടയെ തുരത്തുന്ന മരക്കാർ സേനയുമൊക്കെ മിഴിവേറിയ കാഴ്ചകളായി സ്ക്രീനിൽ വിരിയുമ്പോൾ ഹോളിവുഡ് സിനിമക്കാഴ്ചയുടെ അനുഭൂതിയാണ് പ്രേക്ഷകന് ലഭിക്കുക.

സ്ക്രീനിൽ ഇന്ദ്രജാലം കാണിക്കുന്ന മോഹൻലാൽ മാജിക്കിന്റെ തനിയാവർത്തനങ്ങൾ ഇടയ്ക്ക് മിന്നിമറഞ്ഞു പോവുന്നുണ്ടെങ്കിലും ആദ്യാവസാനം ചിത്രത്തെ എൻഗേജിംഗ് ആക്കി മുന്നോട്ടുകൊണ്ടുപോവാൻ താരത്തിനു സാധിക്കുന്നില്ല. മരക്കാർ എന്ന കഥാപാത്രവുമായി വൈകാരികമായൊരു അടുപ്പം പ്രേക്ഷകരിൽ ഉണ്ടാക്കിയെടുക്കുന്നതിൽ സിനിമ പരാജയപ്പെടുന്നുണ്ട്, സ്ക്രിപ്റ്റിന്റെ ബലഹീനതയാണ് ഇതിനു കാരണമാവുന്നത്.

മരക്കാർ കാത്തുവയ്ക്കുന്ന സർപ്രൈസ് പ്രണവ് മോഹൻലാൽ എന്ന നടനാണ്. ഒരു നടനെന്ന രീതിയിൽ കുറച്ചുകൂടി പാകപ്പെട്ട ഒരു പ്രണവിനെയാണ് മരക്കാറിൽ കാണാനാവുക. കുഞ്ഞാലിയുടെ ചെറുപ്പകാലമൊക്കെ അസ്സലായി തന്നെ പ്രണവ് അവതരിപ്പിച്ചിട്ടുണ്ട്.

Mohanlal Marakkar Malayalam Movie Review & Rating

Mohanlal Marakkar Malayalam Movie Review & Rating

ചരിത്രത്തിൽ ധീരനായി വാഴ്ത്തപ്പെട്ട, ആയിരം കഥകളിൽ ആയിരം പരിവേഷം ചാർത്തപ്പെടുന്ന ഒരാളെ കുറിച്ച് ഒരു സിനിമ ഒരുക്കുക എന്നത് അത്ര എളുപ്പമല്ല, പ്രത്യേകിച്ചും വേണ്ടത്ര രേഖകൾ ലഭ്യമല്ലാത്ത സാഹചര്യം കൂടിയാവുമ്പോൾ. ചരിത്രം പറയാതെ പോയ ചില കോളങ്ങൾ പൂരിപ്പിക്കുക എന്നത് ചരിത്രാന്വേഷിയുടെ അല്ലെങ്കിൽ സംവിധായകന്റെ ഉത്തരവാദിത്വമായി മാറുകയാണ്.

തന്റെ ഭാവന കൊണ്ടാണ് പ്രിയദർശൻ ആ ഉത്തരവാദിത്വത്തെ മറികടന്നിരിക്കുന്നത്. ചരിത്രത്തിന്റെ കഥാവലംബല്ല മരക്കാർ, കേട്ടകഥകളിലും അപൂർണ്ണമായ ചരിത്രത്തിലും മയങ്ങുന്ന ഒരു ചരിത്രനായകനെ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിലും ഭാവനയിലും പുനരാവിഷ്കരിക്കുകയാണ് ‘മരക്കാറിൽ’ എന്ന് പ്രിയദർശൻ തന്നെ ഇക്കാര്യത്തിൽ മുൻകൂർ ജാമ്യം എടുത്തിട്ടുണ്ട്. എന്നിരുന്നാലും, ചരിത്രത്തിൽ നിന്ന് ഒരു കഥാപാത്രത്തെ എടുത്ത് കഥ പറയുമ്പോൾ അതിന്റെ കഥാപരിസരങ്ങളോട് പുലർത്തേണ്ട താദാത്മ്യം പ്രാപിക്കൽ ‘മരക്കാറിൽ’ പലയിടത്തും നഷ്ടമായിട്ടുണ്ട്.

ചിത്രത്തിന്റെ പ്രധാന പോരായ്മയായി തോന്നിയ ഒരു കാര്യം, ‘മരക്കാറിൽ’ ഉപയോഗിച്ചിരിക്കുന്ന ഭാഷയാണ്. ഒരു കാലഘട്ടത്തിന്റെ കഥ പറയുമ്പോൾ അവിടെ ഭാഷയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ആ ഭാഷ അതു പോലെ പുനരാവിഷ്കരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ; അച്ചടി ഭാഷ ഉപയോഗിക്കുന്നതു പോലും ഫലപ്രദമായൊരു ആശയവിനിമയ രീതിയായി പരിഗണിക്കാമെന്നിരിക്കെ മ’രക്കാറിലെ’ സംസാരഭാഷയുടെ കാര്യത്തിൽ അലക്ഷ്യമായ നിലപാടാണ് അണിയറപ്രവർത്തകർ കൈകൊണ്ടിരിക്കുന്നത് എന്നു പറയേണ്ടി വരും. 16-ാം നൂറ്റാണ്ടിലെ ജനതയുടെ കഥ പറയുമ്പോൾ അവിടെ ഉപയോഗിക്കപ്പെടുന്ന ഭാഷ 21-ാം നൂറ്റാണ്ടിനെ ഓർമ്മിപ്പിക്കുന്നു എന്നത് ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഭാഷയുടെ ഈ പരിമിതി കൊണ്ട് പല കഥാപാത്രങ്ങളെയും കഥാപാത്രങ്ങളായി കാണാൻ കഴിയാതെ പോവുന്നു. മുകേഷും ഇന്നസെന്റും മാമുക്കോയയുമടക്കമുള്ള ഭൂരിഭാഗം അഭിനേതാക്കളും അവരുടെ തനതായ പ്രാദേശിക ചായ്‌വുള്ള ഭാഷ തന്നെയാണ് സംസാരിക്കുന്നത്. ഭാഷ, വസ്ത്രരീതികൾ പോലുള്ള സൂക്ഷ്മാംശങ്ങളിലേക്ക് പോവാതെ ഉപരിവിപ്ലവമായി കഥ പറഞ്ഞു പോവുകയാണ് സംവിധായകൻ ഇവിടെ. ഈ ഉപരിവിപ്ലവമായ സമീപനം സിനിമയിൽ പലയിടത്തും കല്ലുകടിയാവുന്നുണ്ട്.

എന്തു കൊണ്ട് ‘മാസ്റ്റർ ക്രാഫ്റ്റ്മാനെന്ന്’ പ്രിയദർശൻ വിശേഷിപ്പിക്കപ്പെടുന്നു എന്നതിനുള്ള ഉത്തരം ‘മരക്കാറിന്റെ’ ഫ്രെയിമുകൾ പറയും. പ്രിയദർശനു മാത്രം സാധ്യമായ ആ കയ്യൊപ്പ് പലയിടങ്ങളിലും പ്രത്യക്ഷമായി തന്നെ കാണാം. തിരുവിന്റെ സിനിമോട്ടോഗ്രാഫിയ്ക്ക് ഒപ്പം ‘മരക്കാർ’ കാഴ്ചകളെയും ഫ്രെയിമിനെയും സമ്പന്നമാക്കുന്നതിൽ സാബു സിറിലിന്റെ കലാസംവിധാനത്തിനും നല്ലൊരു പങ്കുണ്ട്. കഥയ്ക്ക് പശ്ചാത്തലമാവുന്ന കാലഘട്ടത്തെ യുക്തിഭദ്രതയോടെ സാബു സിറിൽ പുനരാവിഷ്കരിച്ചിട്ടുണ്ട്. ചരിത്രത്തിനോട് എത്രത്തോളം ഈ പശ്ചാത്തലം നീതി പുലർത്തിയിട്ടുണ്ടെന്ന് പരിശോധിക്കാൻ കഴിയില്ലെങ്കിലും, സിനിമയുടെ ഡിസൈനിൽ മൊത്തത്തിൽ ഒരു ഏകതാനത കൊണ്ടു വരാൻ സാബു സിറിലിന് കഴിഞ്ഞിട്ടുണ്ട്.

ഗോള്‍ഡന്‍ ഏജ് ഹോളിവുഡ് മൂവികളുടെ ഒരു സ്വഭാവം സിനിമയ്ക്ക് സമ്മാനിക്കാൻ രാഹുൽ രാജിന്റെ പശ്ചാത്തലസംഗീതത്തിന് കഴിഞ്ഞിട്ടുണ്ട്. എവിടെയൊക്കയോ ‘ട്രോയ്’ പോലുള്ള സിനിമകളെ അനുസ്മരിപ്പിക്കുന്നുമുണ്ട് ‘മരക്കാർ.’ റോണി റാഫേലിന്റെ പാട്ടുകളും ചിത്രത്തിന് മൊത്തത്തിൽ ഒരു ഉണർവ്വ് സമ്മാനിക്കുന്നുണ്ട്. സിനിമയിലെ സംഘട്ടനരംഗങ്ങളാണ് എടുത്തു പറയേണ്ട മറ്റൊരു ഘടകം. കാസു നെട, സുമ്രെട് മൗൺഗുപ്ത്, ബി ത്യാഗരാജൻ എന്നിവരാണ് മരക്കാറിലെ സംഘട്ടനരംഗങ്ങൾക്ക് പിറകിൽ പ്രവർത്തിച്ചവർ. പ്രിയദർശന്റെ മകനായ സിദ്ധാർഥ് ആണ് ചിത്രത്തിന് വിഎഫ്എക്സ് ഒരുക്കിയിരിക്കുന്നത്.

ചൂണ്ടി കാണിക്കാൻ പോരായ്മകൾ ഉണ്ടെങ്കിലും തിയേറ്ററിന്റെ വലിയ സ്ക്രീനിൽ ഒരിക്കലെങ്കിലും കണ്ടറിഞ്ഞ് ആസ്വദിക്കേണ്ട ഒരു ചിത്രമാണ് ‘മരക്കാർ’. കാരണം സാങ്കേതിക മികവു കൊണ്ടും ട്രീറ്റ്മെന്റ് കൊണ്ടും ദൃശ്യ വിസ്മയം തീർത്ത ഇതുപോലൊരു ചിത്രം മലയാളത്തിൽ മുൻപ് ഉണ്ടായിട്ടില്ലെന്നതു തന്നെ.

‘ബാഹുബലി’യും ‘കെജിഎഫും’ ‘പത്മാവതും’ ഒക്കെ വിസ്മയത്തോടെ കണ്ട മലയാളി പ്രേക്ഷകർക്ക് അതേ ജനുസ്സിൽ പെട്ടൊരു ചിത്രം മലയാളത്തിലുമുണ്ടായി എന്ന് പറയാൻ ഇനി ‘മരക്കാർ’ ഉണ്ട്. മലയാള സിനിമയെ വലിയ ക്യാൻവാസിൽ സ്വപ്നങ്ങൾ കാണാൻ പ്രാപ്തരാക്കിയ ചിത്രം എന്ന രീതിയിൽ കൂടിയാവും ചിലപ്പോൾ ‘മരക്കാർ’ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുക.

Read more: ഒരിക്കലും മരക്കാറിന്റെ ഒടിടി റിലീസിന് ശ്രമിച്ചിരുന്നില്ല; രണ്ട് വർഷം കാത്തിരുന്നത് തിയേറ്റർ റിലീസിനായെന്ന് മോഹൻലാൽ

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Marakkar mohanlal movie review rating