ഉണ്ണി മുകുന്ദൻ സിനിമകൾ ഇപ്പോൾ നേരിടുന്ന എല്ലാ വിമർശനങ്ങള്‍ക്കും സമൂഹ മാധ്യമ വാദ പ്രതിവാദങ്ങൾക്കുമുള്ള സാധ്യതകൾ തുറന്നിടുന്ന സിനിമയാണ് ഇന്ന് തിയേറ്ററുകളില്‍ എത്തിയ ‘മാളികപ്പുറം.’ ഈ വിവാദങ്ങൾക്ക് നെല്ലും പതിരും നൽകാനാണോ ‘മാളികപ്പുറം’ ആദ്യം മുതൽ അവസാനം വരെ ശ്രമിച്ചത് എന്ന് തോന്നും. കൗതുകമുണ്ടാക്കുന്ന പ്രമേയേത്തെയും സാധ്യതകൾ ഒരുപാടുണ്ടായിരുന്ന നിർമിതിയെയും പാതി വഴിയിൽ വിട്ട് ഈ സിനിമ ഏറിയും കുറഞ്ഞും ചർച്ചകളുടെ സാധ്യതയിലേക്ക് പോയതായി കാണാം.
നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ‘മാളികപ്പുറം,’ ശബരിമലയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ കഥയാണ്. ‘ഗന്ധർവ ക്ഷേത്രം,’ ‘ഞാൻ ഗന്ധർവ്വൻ,’ ‘നന്ദനം,’ ‘ആമേൻ’ പോലുള്ള സിനിമകൾ ഉപയോഗിച്ച മാജിക്കൽ റിയലിസത്തിന്‍റെ സാധ്യതകൾ സിനിമ ഭാഗികമായി പലയിടത്തും ഉപയോഗിക്കുന്നുണ്ട്. എട്ടു വയസുകാരിയുടെ സങ്കല്പങ്ങളിലൂടെ, ജീവിതത്തിലൂടെ ഒക്കെ കഥ വികസിക്കുന്നു. പൊതുവെ ഇപ്പോൾ അധികം കാണാത്ത അത്തരം സിനിമകളുടെ ഇടത്തിലേക്ക് കടന്നു വരാൻ സിനിമ ശ്രമിക്കുന്നുണ്ട്. പക്ഷേ അങ്ങോട്ടെത്താനുള്ള യാത്രയിൽ പ്രേക്ഷകരെ കൂടെ കൂട്ടാൻ പൂർണമായും ചിത്രത്തിനായില്ല.
എട്ടു വയസുകാരിയുടെ തോന്നലുകളിലൂടെ വളരെ ‘ലൈറ്റ് ഹാർട്ടഡ്’ ആയി നീങ്ങുന്ന രണ്ടാം പകുതി കണ്ട് ശീലിച്ച രീതിയാണെങ്കിലും ചിലയിടങ്ങളിലെങ്കിലും കാണാൻ രസമുണ്ടായിരുന്നു. പക്ഷേ അവിടേക്ക് എത്താനുള്ള ആദ്യ പകുതി അതിവൈകാരികത കൊണ്ടും യുക്തിരാഹിത്യങ്ങൾ കൊണ്ടും ചിലപ്പോഴെങ്കിലും രാഷ്ട്രീയ അജണ്ടകൾ ഉറപ്പിക്കാനുള്ള ശ്രമങ്ങൾ കൊണ്ടും മുഷിപ്പുണ്ടാക്കി. ചൂരൽ വടി കൊണ്ട് നടക്കുന്ന, മാർക്ക് കുറഞ്ഞ കുട്ടികളെ തല്ലി മുറിവേല്പിക്കുന്ന അദ്ധ്യാപകൻ സ്മാർട്ട് ക്ലാസ്സ് റൂമുകളിൽ ഒന്നര പതിറ്റാണ്ട് മുൻപെങ്കിലും അപ്രത്യക്ഷനായതാണ്. ഒരേ ക്ലാസിൽ പഠിക്കുന്ന കുട്ടിയെ
‘ഏട്ടൻ’ എന്ന് വിളിക്കുന്ന കുട്ടിയെയും സ്‌ക്രീനിൽ കണ്ടു.
അതിവൈകാരികമായ പല രംഗങ്ങളുടെയും ഭാരവും വളരെ കൂടുതലായിരുന്നു. കുട്ടിയുടെ അയ്യപ്പഭക്തി ഊട്ടിയുറപ്പിക്കാൻ ശ്രമിച്ച രംഗങ്ങൾ പലപ്പോഴും ഏച്ചുകെട്ടിയത് പോലെ അനുഭവപ്പെട്ടു. ആ സമയത്തെ സംഭാഷണങ്ങളിലും അടിമുടി കൃത്രിമത്വം നിറഞ്ഞു നിന്നു. കുട്ടികളെ സ്വാഭാവികമായി ഉപയോഗിക്കാൻ മലയാള സിനിമ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്ന തോന്നൽ കുട്ടികൾ തമ്മിലുള്ള പല സംഭാഷണളിലും പല സാഹചര്യങ്ങളിലും കടന്നു വന്നു. പ്രധാന കഥയിലേക്ക് എത്താനുള്ള സാധ്യതയായി സിനിമയുപയോഗിച്ച നാടകീയ രംഗങ്ങൾ പലപ്പോഴും സിനിമയുടെ രസം കെടുത്തി എന്ന് മാത്രമല്ല, പ്രേക്ഷകരും സിനിമയും തമ്മിലുള്ള ദൂരം കൂട്ടാൻ സഹായിക്കുകയും ചെയ്തു.
ദേവനന്ദ, ശ്രീപത് എന്നീ ബാലതാരങ്ങളാണ് ഉണ്ണി മുകുന്ദനൊപ്പം സിനിമയെ മുന്നോട്ട് നയിക്കുന്നത്. സംഭാഷണങ്ങളിലെ കൃത്രിമത്വമൊഴിച്ചു നിർത്തിയാൽ കുട്ടികളുടെ പ്രകടനം കാണാൻ കൗതുകമുണ്ട്. സൈജു കുറുപ്പ്, രമേശ് പിഷാരടി, രഞ്ജി പണിക്കർ, മനോജ് കേ ജയൻ, സമ്പത് റാം, ആൽഫി പഞ്ഞിക്കാരൻ, ടി ജി രവി തുടങ്ങിയ താരങ്ങൾ സിനിമയിലുണ്ട്. പക്ഷേ ഇവർക്കൊന്നും വലിയ രീതിയിൽ ഒന്നും ചെയ്യാനില്ല. രഞ്ജിൻ രാജിന്‍റെ സംഗീതം സിനിമക്ക് പ്രത്യേക താളം നൽകുന്നുണ്ട്.
സമൂഹ മാധ്യമങ്ങളിൽ സംഘി / സംഘി വിരുദ്ധ വാദ പ്രതിവാദങ്ങൾ വലിയ രീതിയിൽ നടക്കാറുണ്ട്. ഇതിൽ താല്പര്യമുള്ള വലിയൊരു വിഭാഗം ആളുകൾ ഉണ്ട്. സിനിമകളും പുസ്തകങ്ങളുമൊക്കെയാണ് ഇത്തരം നരേറ്റിവുകളിൽ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴി തെളിക്കാറുള്ളത്. അത്തരം ചർച്ചകൾക്ക് തിരയുന്നവർക്ക് ഒരുപാട് സാധ്യതകൾ ‘മാളികപ്പുറം’ തരുന്നുണ്ട്. അതിനപ്പുറം രണ്ടാം പകുതിയിലെ കുറച്ച് ഭാഗങ്ങൾ ഒഴിച്ചാൽ ക്രാഫ്റ്റ്, ആർട്ട് ഒന്നും സിനിമയിൽ അധികം കാണാനില്ല.