scorecardresearch
Latest News

Makal Movie Review & Rating: തിളക്കമാർന്ന പ്രകടനവുമായി നസ്‌ലനും ദേവികയും; ‘മകൾ’ റിവ്യൂ

Makal Movie Review & Rating: ദേവിക സഞ്ജയ്, നസ്‌ലൻ ഗഫൂർ എന്നിവരുടെ പ്രകടനമാണ് ‘മകളി’ൽ എടുത്തു പറയേണ്ടത്

RatingRatingRatingRatingRating
Makal, Makal review, Makal movie review

Jayaram and Meera Jasmine Starrer Makal Malayalam Movie Review & Rating: കുടുംബ ബന്ധങ്ങളും ഗ്രാമീണ ജീവിതവുമൊക്കെ പശ്ചാത്തലമാക്കി അതിമനോഹരമായ ചിത്രങ്ങൾ മലയാളത്തിനു സമ്മാനിച്ച സംവിധായകരിൽ ഒരാളാണ് സത്യൻ അന്തിക്കാട്. ജയറാം, മീര ജാസ്മിൻ തുടങ്ങിയ താരങ്ങൾക്ക് ഒപ്പം സത്യൻ അന്തിക്കാട് കൈകോർത്തപ്പോഴും മികച്ച ചിത്രങ്ങൾ മലയാളത്തിനു ലഭിച്ചിട്ടുണ്ട്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നൊരു ചിത്രമാണ് ‘മകൾ’. എന്നാൽ, പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊപ്പം ഉയരാൻ ‘മകൾ’ക്കു സാധിക്കുന്നില്ലെന്ന് നിരാശയോടെ പറയേണ്ടി വരും.

സത്യൻ അന്തിക്കാട് സിനിമകളുടെ സ്ഥിരം അച്ചിൽ വാർത്ത ചിത്രമാണ് ഇത്. മതമോ ജാതിയോ നോക്കാതെ ചെറുപ്രായത്തിൽ തന്നെ വിവാഹിതരായവരാണ് നന്ദനും (ജയറാം) ജൂലിയും (മീര ജാസ്മിൻ). ടീനേജുകാരിയായ ഏകമകൾ അപർണ (ദേവിക സഞ്ജയ്) പ്ലസ് ടു വിദ്യാർത്ഥിനിയാണ്. ഒന്നര പതിറ്റാണ്ടിലേറെയായി വിദേശത്ത് ജോലിചെയ്യുന്ന നന്ദൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം കഴിയാനായി നാട്ടിലേക്ക് വരികയാണ്.

അവധിക്കാലത്ത് അതിഥിയെ പോലെ വന്നുപോവുന്ന അച്ഛനും അമ്മ വളർത്തിയ മകളും ഒരു വീടിനകത്ത് കൂടുതൽ കാലം ഒന്നിച്ചു കഴിയേണ്ട സാഹചര്യം വന്നതോടെ അവർക്കിടയിൽ ചെറിയ പ്രശ്നങ്ങളും ആരംഭിക്കുകയാണ്. ടീനേജുകാരിയായ ഒരു മകളെ മനസ്സിലാക്കാനുള്ള നന്ദന്റെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളുമൊക്കെയാണ് മകൾ ചർച്ച ചെയ്യുന്നത്.

ജയറാം തന്നെ മുൻപു ചെയ്ത ഒരുപിടി അച്ഛൻ കഥാപാത്രങ്ങളോട് സാമ്യമുണ്ട് മകളിലെ നന്ദന്. ജയറാമിലെ നടന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല ചിത്രത്തിൽ. ഒരിടവേളയ്ക്ക് ശേഷം മീര ജാസ്മിൻ തിരികെയെത്തുന്ന ചിത്രം കൂടിയാണ് മകൾ. എന്നാൽ മീരയെ പോലൊരു അഭിനേത്രിയെ ആവശ്യപ്പെടുന്നത്ര കാമ്പുള്ള കഥാപാത്രമല്ല ജൂലി. പെർഫോമൻസ് കൊണ്ട് പ്രേക്ഷകരുടെ പ്രിയം കവരുന്നത് മകളായി എത്തിയ ദേവിക സഞ്ജയ് ആണ്. മകളുടെ കാമുക വേഷത്തിലെത്തുന്ന നസ്‌ലൻ ഗഫൂറാണ് സിനിമയ്ക്ക് ഫ്രഷ്നെസ്സ് സമ്മാനിക്കുന്ന പ്രകടനം കാഴ്ച വച്ച മറ്റൊരാൾ. വളരെ കുറച്ചു സീനുകളിൽ മാത്രം വന്നു പോവുന്ന ബാലാജി മനോഹറും തന്റെ സാന്നിധ്യം അടയാളപ്പെടുത്തുന്നുണ്ട്.

എസ് കുമാർ ഒരുക്കിയ ഫ്രെയിമുകൾ കാഴ്ചയെ സമ്പന്നമാക്കുന്നുണ്ട്. ഹരിനാരായണന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്. രാഹുൽ രാജിനെ പശ്ചാത്തല സംഗീതവും ചിത്രത്തോട് നീതി പുലർത്തുന്നുണ്ട്. ടെക്നിക്കൽ വശങ്ങളിൽ മികവു പുലർത്തുമ്പോഴും കാമ്പുള്ള ഒരു തിരക്കഥയുടെ അഭാവമാണ് ചിത്രത്തെ വിരസകാഴ്ചയായി ഒതുക്കുന്നത്. കണ്ടുപഴകിയ കഥാപരിസരങ്ങൾ തന്നെയാണ് ചിത്രത്തിലും കാണുന്നത്.

ടീനേജുകാരുടെ പ്രശ്നങ്ങളെ അഡ്രസ് ചെയ്യാൻ ചിത്രം ശ്രമിക്കുന്നുണ്ടെങ്കിലും അതിൽ പരാജയപ്പെട്ടുപോവുകയാണ്. ഏറെ ആഴത്തിൽ മനസ്സിലാക്കേണ്ടതും വിശദമായ പഠനം ആവശ്യപ്പെടുന്നതുമായ വിഷയങ്ങളാണ് ടീനേജുകാരുടെ പ്രശ്നങ്ങളും പാരന്റിംഗും. എന്നാൽ വളരെ ഉപരിപ്ലവമായാണ് ഈ വിഷയത്തെ തിരക്കഥാകൃത്ത് സമീപിച്ചിരിക്കുന്നത്. കൃത്യമായൊരു ലക്ഷ്യബോധമില്ലാതെ മുന്നോട്ടുപോവുന്ന കഥ ‘ക്രാഷ് ലാന്‍ഡിംഗ്’ ചെയ്തതു പോലെയാണ് ക്ലൈമാക്സ് അനുഭവപ്പെട്ടത്. മാറിയ ആസ്വാദക അഭിരുചിയെ തൃപ്തിപ്പെടുത്താൻ സത്യൻ അന്തിക്കാടിന്റെ ‘മകൾ’ക്കു കഴിയുമോ എന്നത് വരും ദിവസങ്ങളിൽ കണ്ടറിയാം.

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Makal malayalam movie review rating jayaram meera jasmine